കേരളത്തില്‍ സിപിഎമ്മുമായുള്ള പോരാട്ടം തുടരുമെന്ന് അണികള്‍ക്ക് സൂചനയും ആത്മവിശ്വാസം നല്‍കുന്നതിനും ദേശീയ തലത്തില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളാണ് സംസ്ഥാനത്തെ ബി.ജെ.പിയെന്ന വാദം പ്രചരിപ്പിക്കാനുമാണ് താരതമ്യേന അപ്രശസ്തനായ സി.സദാനന്ദന് രാജ്യസഭാംഗത്വം നല്‍കിയതെന്ന് സംഘടനവൃത്തങ്ങള്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുസമൂഹത്തിന് അത്രയൊന്നും പരിചയമില്ലാത്ത ഒരാളെ രാഷ്ട്രപതി രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കുന്നത്. പൊതുവേ സമൂഹത്തില്‍ ഏതെങ്കിലും നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുക. ബി.ജെ.പി ഭരണകാലത്ത് ഇതിന് മുമ്പ് കേരളത്തില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ സുരേഷ് ഗോപിയും പി.ടി.ഉഷയുമാണ്.
2024-ല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വിചാരിച്ചത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ബി.ജെ.പിക്ക് കഴിയാത്തതും വിവിധ സംസ്ഥാനങ്ങളിലെ ചേരിപ്പോരും നിമിത്തം സംസ്ഥാനതലത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ആര്‍.എസ്.എസ് വീണ്ടും ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായുള്ള നടപടികളുടെ ഭാഗമാണ് സി.സദാനന്ദന്റെ രാജ്യസഭ നാമനിര്‍ദ്ദേശവുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ആര്‍.എസ്.എസിന്റെ താത്പര്യപ്രകാരം പഴയ തലമുറയിലെ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ സംഘടനയില്‍ കൂടുതല്‍ പ്രാമാണിത്വം നല്‍കി. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ എന്നിങ്ങനെ വടക്കന്‍ കേരളത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാക്കളെ സംഘടന പുനക്രമീകരണത്തില്‍ അവഗണിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ വടക്കന്‍ കേരളത്തിലെ ബി.ജെ.പിയുടെ അണികളുടെ താത്പര്യവും പ്രധാന്യവും പാര്‍ട്ടി കണക്കലെടുക്കുന്നതിന്റെ തെളിവായാണ് സി.സദാനന്ദന്റെ നാമനിര്‍ദ്ദേശം. സി.പി.എമ്മിനെ കായികമായി കടന്നാക്രമിച്ച് ബി.ജെ.പി/ആര്‍.എസ്.എസ് അണികള്‍ക്കിടയില്‍ വീരപരിവേഷം ലഭിച്ചിട്ടുള്ള ആളാണ് സദാനന്ദന്‍.
അതേ സമയം കേരളത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസ് പ്രവര്‍ത്തകരേയും സി.പി.എം കായികമായി ആക്രമിക്കുകയാണ് എന്ന് ബി.ജെ.പി ദേശീയ തലത്തില്‍ നടത്തുന്ന പ്രചരണത്തിന് സി.സദാനന്ദന്റെ സാന്നിധ്യം സഹായിക്കുകയും ചെയ്യും. തൊണ്ണൂറുകളില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കാലുകള്‍ നഷ്ടപ്പെട്ട സദാനന്ദന്‍ ഇനി മുതല്‍ ബി.ജെ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശ്രദ്ധയോടെ അവതരിപ്പിക്കുന്ന ‘അക്രമ രാഷ്ട്രീയത്തിന്റെ ഇര’യായി മാറും. കേരളത്തില്‍ ബി.ജെ.പിക്ക് നേരെ സി.പി.എമ്മും മുസ്ലീങ്ങളും ആക്രമണം നടത്തുകയാണ് എന്ന് ചിത്ര പ്രദര്‍ശനങ്ങള്‍ അടക്കമുള്ള പ്രചരണ പരിപാടികള്‍ നേരത്തേ ബി.ജെ.പി സംഘടിപ്പിച്ചിരുന്നു.
അതേസമയം തികച്ചും അപ്രശസ്തനായ ഒരാളെ രാഷ്ട്രപതി വഴി നാമനിര്‍ദ്ദേശം ചെയ്യിച്ചത് പുതിയതും അസാധാരണവുമായ ഒരു കീഴ്വഴക്കത്തിന്റെ ആരംഭമാണെന്ന് പലരും ചൂണ്ടിക്കാണിച്ചു. 1952 മുതല്‍ 149 പേര്‍ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ സി.സദാനന്ദനല്ലാത്ത എല്ലാവരും തന്നെ സ്വന്തം പ്രദേശങ്ങള്‍ക്കപ്പുറത്ത് കല, രാഷ്ട്രീയം, കായികം, സംസ്‌കാരികം, സാമൂഹ്യസേവനം, പാണ്ഡിത്യം, പ്രൊഫഷണല്‍ വൈദഗ്ദ്ധ്യം എന്നിങ്ങനെയുള്ള മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതാകും. അല്ലാഡി കൃഷ്ണസ്വാമി അയ്യരും സത്യേന്ദ്ര നാഥ് ബോസും പ്രഥ്വിരാജ് കപൂറും ജെ.എം.കുമാരപ്പയും രുഗ്മിണി ദേവി അരുണ്ഡേലും അടക്കമുള്ള അക്കാലത്തെ ഏറ്റവും വിഖ്യതരായ ആളുകളാണ് ആദ്യമായി, 1952 ഏപ്രില്‍ മൂന്നിന് രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത്.
1959 ഓഗസ്റ്റ് 25ന് രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സര്‍ദാര്‍ കെ.എം.പണിക്കരാണ് ഈ പദവിയില്‍ കേരളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ട ആദ്യത്തെയാള്‍. 1968-ല്‍ മഹാകവി ജി.ശങ്കരകുറുപ്പിനേയും രാജ്യസഭയിലേയ്ക്ക് രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. കാര്‍ട്ടൂണിസ്റ്റ് അബു എഹ്രബാം, ഡോ. കസ്തൂരി രംഗന്‍, ഡോ. എംഎസ് സ്വാമിനാഥന്‍ എന്നിവരും കേരളത്തില്‍ നിന്നും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യപ്പെട്ട് മുന്‍കാലങ്ങളില്‍ രാജ്യസഭയില്‍ എത്തിയതാണ്. ഹബീബ് തന്‍വീര്‍, നര്‍ഗീസ്, ഖുശ്വന്ത് സിംഗ്, സാലിം അലി, അമൃതപ്രീതം, എം.എഫ്.ഹുസൈന്‍, ആര്‍.കെ.നാരായണന്‍, രവിശങ്കര്‍, വൈജയന്തിമാല, കുല്‍ദീപ് നയ്യാര്‍, മൃണാള്‍സെന്‍, കപില വാത്സ്യായനന്‍, രാംജേഠ് മലാനി, ശ്യാംബെനഗല്‍, എം.എസ് സ്വാമിനാഥന്‍, ജാവേദ് അക്തര്‍, രേഖ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ പ്രമുഖര്‍ രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടു.
1999-ല്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ എ.ബി.വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോഴും സൂക്ഷ്മതയോടെയാണ് രാജ്യസഭാ നാമനിര്‍ദ്ദേശം അവര്‍ കൈകാര്യം ചെയ്തത്. നാനാജി ദേശ്മുഖ്, ലതാമങ്കേഷ്‌കര്‍, ഫാലി.എസ്.നരിമാന്‍, ചോ രാമസ്വാമി, ഹേമമാലിനി, റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്‍, കെ.കസ്തൂരിരംഗന്‍, പത്മഭൂഷണ്‍ നേടിയ സാമൂഹ്യപ്രവര്‍ത്തകനായ നാരായണ്‍ സിംഗ് മനാകലാവോ, മറ്റൊരു പത്മഭൂഷണ്‍ ജേതാവും അക്കാദമിക് പണ്ഡിതനുമായ വിദ്യ നിവാസ് മിശ്ര, മുതിര്‍ന്ന ജേണലിസ്റ്റ് ചന്ദന്‍ മിത്ര, ഗുസ്തി താരം ദാര സിംഗ് എന്നിവരായിരുന്നു ബി.ജെ.പി അക്കാലത്ത് രാഷ്ട്രപതി വഴി രാജ്യസഭയില്‍ എത്തിച്ചവര്‍.
2014-ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷവും തങ്ങളുടെ മേഖലകളില്‍ പ്രമുഖരായവര്‍ തന്നെയാണ് രാഷ്ട്രപതിയുടെ നിര്‍ദ്ദേശ പ്രകാരം രാജ്യസഭയില്‍ എത്തിയത്. ക്രിക്കറ്റര്‍ നവജ്യോത് സിദ്ദു, ദേവ് സംസ്‌കൃതി സര്‍വ്വകലാശാല ചാന്‍സിലര്‍ പ്രണവ് പാണ്ഡ്യ, പ്രമുഖ ജേണലിസ്റ്റ് സ്വപന്‍ ദാസ്ഗുപ്ത, പത്മവിഭൂഷന്‍ ജേതാവായ ശില്പി രഘുനാഥ് മഹാപാത്ര, നടി രൂപാഗാംഗുലി, ഛത്രപതി ശിവജിയുടെ പിന്‍മുറക്കാരന്‍ സംബാജി രാജെ, സുരേഷ് ഗോപി, സുബ്രഹ്‌മണ്യം സ്വാമി, ബോക്സര്‍ മേരി കോം, ഗായിക സൊനാല്‍ മാന്‍സിങ്, യു.പിയിലെ ദളിത് നേതാവായ രാം ശകല്‍, ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ ജീവചരിത്ര രചയിതാവ് രാകേഷ് സിന്‍ഹ, പ്രമുഖ അഭിഭാഷകനായ മഹേഷ് ജേത് മലാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്, പി.ടി.ഉഷ, ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ അധിപന്‍ വീരേന്ദ്ര ഹെഗ്ഗഡേ, ഇളയരാജ, ബാഹുബലി, ബജ്രംഗി ഭായ്ജാന്‍, ആര്‍.ആര്‍.ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് കെ.വി.രാജേന്ദ്ര പ്രസാദ്, ജമ്മുകശ്മരിലെ ഗുജ്ജര്‍ നേതാവ് ഗുലാം അലി ഖട്ടാന, ചണ്ഡീഗഡ് സര്‍വ്വകലാശാല ചാന്‍സിലര്‍ സത്നം സിങ്ങ് സന്ദു, എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ സുധാ മൂര്‍ത്തി തുടങ്ങിയവരാണ് ഇതിന് മുന്‍പുള്ള കാലങ്ങളില്‍ 2014-ന് ശേഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍.
സി.സദാനന്ദനൊപ്പം പരിഗണിക്കപ്പെട്ട ഉജ്ജ്വല്‍ നിഗം (വിഖ്യാത പ്രോസിക്യൂഷന്‍ അഭിഭാഷകന്‍), ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല (റിട്ടയേഡ് ഐ.എഫ്.എസ്), മീനാക്ഷി ജെയ്ന്‍ (ഐ.സി.എച്ച്.ആര്‍ അംഗം, രാഷ്ട്രതന്ത്രജ്ഞ, എഴുത്തുകാരി, പത്മശ്രീ ജേതാവ്) തുടങ്ങിയവരും അവരവരുടെ മേഖലകളില്‍ ശ്രദ്ധനേടിയവരാണ്. BJP leader C Sadanandan; an unknown face among those nominated to Rajya Sabha
Content Summary; BJP leader C Sadanandan; an unknown face among those nominated to Rajya Sabha
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.