June 26, 2026 |

ലോകത്തിലെ ആദ്യത്തെ നാലുകെട്ടുകള്‍

നടുമുറ്റം തന്നെയാണ് സുമേരിയന്‍ വീടിന്റെ ഹൃദയം

ലോകത്തിലെ ഏറ്റവും ആദ്യത്തെ നാലുകെട്ട് ആരായിരിക്കും പണിതിരിക്കുക? എത്ര പഴയതായിരിക്കും അവ? ചിന്തിച്ചാല്‍ എത്ര പുറകിലോട്ടു പോകാമെന്നാണ് നിങ്ങള്‍ കരുതുന്നത്? എന്നാല്‍ പറയാം. ചുരുങ്ങിയത് ഒരു അയ്യായിരം വര്‍ഷങ്ങള്‍! നെറ്റി ചുളിക്കണ്ട. സത്യമാണ്. ഇനി ചിത്രം നോക്കൂ. അത്തരമൊരു വീടിന്റെ പ്ലാന്‍ വരച്ചതാണ് അതില്‍ കാണുന്നത്. പേപ്പറോ മഷിയോ ഒന്നുമില്ലാതിരുന്ന കാലത്ത് കളിമണ്‍ ഫലകത്തില്‍ പ്രത്യേകം എഴുത്താണികള്‍ ഉപയോഗിച്ച് അമര്‍ത്തി വരച്ചാണവര്‍ എഴുത്തും വരയും നടത്തിയിരുന്നത്. മെസപ്പൊട്ടേമിയയില്‍ അതായത് ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളുടെ കരകളിലായി പൊതുയുഗത്തിനു മൂവ്വായിരം കൊല്ലങ്ങള്‍ക്കു മുമ്പേ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്നേക്കു അയ്യായിരം കൊല്ലങ്ങള്‍ക്കു മുമ്പേ താമസിച്ചിരുന്ന സുമേരിയര്‍ എന്ന കൂട്ടരാണ് ഈ അത്ഭുതങ്ങള്‍ നടത്തിയത്.

plan of the Sumerian

സുമേരിയൻ നാലുകെട്ടിന്റെ പ്ലാൻ വരച്ച കളിമൺഫലകം

സുമേരിയക്കാരുടെ നാലുകെട്ടുകളുടെ അവശിഷ്ടങ്ങളും മറ്റും ഇന്ന് ഇഷ്ടംപോലെ ഉദ്ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. പ്രധാനമായും പുരാതന നഗരങ്ങളായിരുന്ന ഊര്‍, ഉറൂക്ക്, നിപ്പൂര്‍, ടെല്‍ അസ്മാര്‍ (പഴയ പേര് എഷുന്ന) എന്നിവിടങ്ങളിലായിരുന്നു ബി സി ഇ 3000 മുതല്‍ 1000 വരെയുള്ള കാലത്ത് ഈ നാലുകെട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വളരെ ആധുനികമെന്നു തോന്നിപ്പിക്കുന്ന ഗാര്‍ഹികരൂപകല്പനയും നഗരാസൂത്രണവും അവിടെ കാണാന്‍ കഴിഞ്ഞു. വീടുകള്‍ പ്രധാനമായും കളിമണ്‍ ഇഷ്ടികകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അക്കാലത്തെ സുമേരിയരുടെ സാമൂഹിക, പാരിസ്ഥിതിക, സാംസ്‌കാരികാവശ്യങ്ങളെ തൃപ്തിപ്പെടുത്തും വിധമാണ് അതിന്റെ രൂപകല്പന.

മിക്കവാറും എല്ലാ സുമേരിയന്‍ വീടുകള്‍ക്കും നടുവില്‍ തുറന്ന ഒരു നടുമുറ്റം ഉണ്ട്. അതിനു ചുറ്റുമാണ് മുറികള്‍. ബി സി ഇ 2100-1800 വരേയുള്ള കാലത്ത് ഉറൂക്കിലെ വീടുകളില്‍ ഈ രൂപകല്പനയുടെ ഏറ്റവും ഉന്നതമായ ആവിഷ്‌കാരങ്ങള്‍ കാണാന്‍ കഴിയും. നടുമുറ്റം തന്നെയാണ് സുമേരിയന്‍ വീടിന്റെ ഹൃദയം. അവിടെ മേല്‍ക്കൂരയില്ല. അതുകൊണ്ടുതന്നെ വെളിച്ചം വേണ്ടത്ര. വായുസഞ്ചാരവും മികച്ചത്. കുടുംബ പരിപാടികള്‍ക്ക് ഏറ്റവും അനുയോജ്യവും. കുടുംബത്തിന്റെ സാമൂഹികസ്ഥാനവും ധനശേഷിയും അനുസരിച്ച് നടുമുറ്റത്തിന് 110 മുതല്‍ 510 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഈ നടുമുറ്റങ്ങള്‍ക്കുണ്ടാവും.

Sumerian house plan

1. സ്വീകരണമുറി 2.നടുമുറ്റം 3. ഗോവണി 4. ശൗചാലയം 5. അടുക്കള 6. ആരാധനാമുറി 7. അതിഥി മുറി

നടുമുറ്റങ്ങള്‍ പലപ്പോഴും ചുട്ട ഇഷ്ടിക വിരിച്ചതോ, കളിമണ്ണു മെഴുകിയതോ ആവാം. എല്ലായിടത്തും വെള്ളവും അധികജലവും ഒഴുകിപ്പോകാനുള്ള ചാലുകളുമുണ്ടാവും. സര്‍ ലിയനാര്‍ഡ് വൂളി എന്ന ചരിത്രഗവേഷകന്‍ ഊറില്‍ നടത്തിയ ഉദ്ഖനനങ്ങളില്‍ ഈ ഓവുകള്‍ ഭൂമിക്കടിയിലുള്ള കളിമണ്‍ കുഴലുകളുമായി ബന്ധിപ്പിച്ചതാണെന്നു കണ്ടെത്തിയത്രെ. പരിസരശുചിത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം!

നടുമുറ്റത്തിനു പലവിധ ഉപയോഗങ്ങളുണ്ട്. പ്രധാനമായും പാചകം, ഒത്തുചേരല്‍, ചെറിയതോതിലുള്ള കരകൗശല പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കൊക്കെ വേണ്ടി നടുമുറ്റത്തെ ഉപയോഗിച്ചിരുന്നു. കുഴിച്ചെടുക്കുന്നതിനിടെ ഇവിടെ വലിയ നെരിപ്പോടുകളും അടുപ്പുകളും കരിഞ്ഞ പാടുകളും കാണാനിടയായതു ഇതു തെളിയിക്കുന്നുണ്ട്. എഴുത്തുപലകകള്‍, ഭരണികള്‍, എന്നിവയും കാണാം നടുമുറ്റത്ത്.

Sumerian house historical evidence

സുമേരിയൻ നാലുകെട്ട് ചരിത്രത്തെളിവുകളിൽ നിന്ന് വരച്ചെടുത്തത്

വീടിനു പുറത്തുനിന്നു നോക്കിയാല്‍ ചതുരത്തിലാണ് ആകൃതി. വാതിലുകളും ഇടനാഴികളുമുണ്ടാവും ഇടയിലെല്ലാം. സാധാരണക്കാരുടെ വീടുകളില്‍ മൂന്നോ നാലോ മുറികളാണ് പതിവ്. സമ്പന്നരുടേയും ഉന്നതരുടേയും ഭവനങ്ങളില്‍ അതു പത്തോ പന്ത്രണ്ടോ ആവാം. പൊതുവെ കിടക്കാനും, സാധനങ്ങള്‍ സൂക്ഷിക്കാനുമാണ് മുറികള്‍. പലയിടത്തും ആരാധനാമുറികളും കാണുകയുണ്ടായി. നന്ന, ഇനന്ന എന്നീ പൂര്‍വ്വികദൈവങ്ങളേയും വീടിനുള്ളില്‍ ആരാധിക്കാറുണ്ട്. വലിയ വീടുകളില്‍ വളരെ അലങ്കാരങ്ങളോടു കൂടിയ സ്വീകരണമുറിയുമുണ്ടാവും. അതിഥിമുറി വേറേയും. ചുമര്‍ പലയിടത്തും തേച്ചതാണ്.

തെരുവില്‍ നിന്ന് ഒരൊറ്റ പ്രവേശനവഴിയേ വീട്ടിലേക്കു കാണൂ. അകത്തേക്കു കടക്കുന്നതിനു മുമ്പ് മിക്കവാറും ഒരു അറയോ, അല്ലെങ്കില്‍ വഴിയില്‍ ഒരു ഒടിവോ, വളവോ കാണും. അതായത്, പുറത്തുനിന്നു വരുന്ന ഒരു അപരിചിതന് ഒരിക്കലും നടുമുറ്റം കാണാനാവുകയില്ല എന്നു സ്പഷ്ടം. വാതിലുകള്‍ മരം അല്ലെങ്കില്‍ മുള ഉപയോഗിച്ചുണ്ടാക്കിയതാണ്. ഈ വാതിലുകള്‍ക്ക് കളിമണ്‍ വിജാഗിരികള്‍, അല്ലെങ്കില്‍ കല്ലിലെ കുഴിക്കുമീതെ തിരിയുന്ന സംവിധാനങ്ങള്‍ എന്നിവ സാധാരണമാണ്.

The city of Ur

ഊർ നഗരം

പലവീടുകളും ബഹുനിലക്കെട്ടിടങ്ങളാണ് എന്നത് അതിശയിപ്പിക്കും. സമ്പന്നര്‍ നിശ്ചയമായും ഇരുനിലക്കാര്‍ തന്നെ. ഒരു മീറ്റര്‍ വീതിയുള്ള ഭിത്തികളും ഗോവണികളുമുള്ള വീടുകള്‍ ഊറിലും നിപ്പൂറിലും ഉദ്ഖനനം ചെയ്യപ്പെട്ടിട്ടുണ്ട്. മേല്‍ക്കൂരകള്‍ പൊതുവെ പരന്നതായിരുന്നു. മരപ്പാളികള്‍ ഉപയോഗിച്ചായിരുന്നു അതിന്റെ നിര്‍മ്മാണം. അതിനു മുകളില്‍ മുളപ്പായകള്‍ വിരിച്ച് കളിമണ്ണുകൊണ്ടു തേയ്ക്കും. നല്ലപോലെ തണുപ്പ് അകത്തേക്കു പകരുന്ന നിര്‍മ്മാണരീതിയാണത്. ജലാംശം വളരെ കുറഞ്ഞ മെസപ്പൊട്ടേമിയന്‍ കാലാവസ്ഥയ്ക്കു തീര്‍ത്തും യോജിച്ചത്. സായാഹ്നങ്ങളില്‍ മേല്‍ക്കൂരകള്‍ക്കു മുകളിലും കുടുംബാംഗങ്ങള്‍ ഒത്തുചേരുമായിരുന്നുവത്രെ.

സുമേരിയന്‍ ഇഷ്ടികകള്‍ കളിമണ്ണും വൈക്കോലും ചേര്‍ത്ത് ഉണക്കിയോ ചുട്ടോ ആണ് ഉപയാഗിച്ചിരുന്നത്. വെള്ളം തട്ടുന്ന ഇടങ്ങളിലാണ് കൂടുതലും ചുട്ട ഇഷ്ടികകള്‍ ഉപയോഗിച്ചിരുന്നത്. തറ പണിയാന്‍ കല്ലുകളും കളിമണ്ണും തന്നെ. ഭിത്തികളില്‍ ഇടയ്ക്ക് മരത്തടികളിട്ട് ശക്തികൂട്ടിയതായും കാണാം. പൊതുവെ വീടുകള്‍ തെരുവില്‍ നിന്നല്പം ഉയര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്.

നഗരങ്ങളെ മൊത്തമെടുത്താല്‍ വലിയ വീടുകള്‍ ആരാധനാലയങ്ങള്‍ക്കും കച്ചവടകേന്ദ്രങ്ങള്‍ക്കും അടുത്തായിരുന്നു എന്നു കാണാം. മികച്ചതും സൗകര്യപൂര്‍വ്വവുമായ സ്ഥലങ്ങള്‍ സമ്പത്തും അധികാരവും ഉള്ളവര്‍ കൈയടക്കുന്നു എന്ന്.

A ziggurat in Ur

ഊറിലെ ഒരു സിഗുറാറ്റ്

വീടിനുള്ളില്‍നിന്നു കിട്ടിയ കളിമണ്‍പലകകളില്‍ വീടിന്റെ നിര്‍മ്മാണം, അതിര്‍ത്തി, അവകാശം, എന്നിവയുടെ കൃത്യമായ രേഖകള്‍ കാണാനായി. അത്തരമൊന്നിന്റെ ചിത്രം ഇവിടെ ചേര്‍ത്തിട്ടുണ്ട്. വീടുണ്ടാക്കിയത് എങ്ങനെയെന്നു വിശദീകരിക്കുന്ന ലിഖിതങ്ങളുമുണ്ട് അക്കൂട്ടത്തില്‍. ഊറില്‍ നിന്നു കണ്ടെടുത്ത നാമ്മു നിയമാവലിയില്‍ വീടുകള്‍ക്കു നാശനഷ്ടം വരുത്തുകയോ, അതിക്രമിച്ചു കയറുകയോ ചെയ്തവര്‍ക്കുള്ള ശിക്ഷയും വിവരിച്ചിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് അഞ്ചു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് സുമേരിയര്‍ അവരുടെ ഗാര്‍ഹികപരിസരം എത്രമാത്രം സ്വകാര്യവും പ്രധാനവുമായി കണ്ടിരുന്നു എന്നതാണ്.

സുമേരിയന്‍ സമൂഹത്തിന്റെ ഒരു ചെറുപതിപ്പായിരുന്നു ഓരോ വീടും. പരിസ്ഥിതിബോധം, സാമൂഹ്യഘടന, സാംസ്‌കാരികരീതികള്‍ ഇവയല്ലാം അതില്‍ പ്രതിഫലിച്ചു കാണാം. എങ്കിലും ഈ വീടുകള്‍ക്കു ധാരാളം വെല്ലുവിളികളും ഉണ്ടായിരുന്നു. കളിമണ്‍ വീടുകള്‍ക്ക് കാലക്രമേണ ശോഷണങ്ങള്‍ക്കു വിധേയമാവും. അറ്റക്കുറ്റപ്പണികള്‍ സാധാരണമാണ്.

എന്തായാലും, അയ്യായിരം വര്‍ഷം പഴക്കമുള്ള ഈ നാലുകെട്ടുകള്‍ സുമേരിയന്‍ കര്‍മ്മകുശലതയേയും ഗാര്‍ഹികഘടനയേയും നമുക്കു മുന്നില്‍ വരച്ചിടുകയാണ്. പ്രാചീന ആര്‍ക്കിടെക്ചര്‍ രീതികളുടെ വിസ്മയദൃഷ്ടാന്തമാണ് സുമേരിയന്‍ ഭവനങ്ങള്‍ എന്നു സംശയലേശമെന്യ പറയാം. മെസൊപ്പൊട്ടേമിയയിലും പരിസരത്തും പിന്നീടുള്ള കാലത്തുയര്‍ന്നു വന്ന വിവിധ സംസ്‌കാരങ്ങളിലെല്ലാം തന്നെ അവരുടെ ഭവനരീതികളില്‍ സുമേരിയരുടെ പിന്തുടര്‍ച്ചകള്‍ കാണാന്‍ കഴിയും. ആ പ്രാചീനരെ ബഹുമാനത്തോടെയല്ലാതെ നമുക്കു സ്മരിക്കാന്‍ വയ്യ.

Ruins of a Sumerian house

സുമേരിയൻ വീടിന്റെ അവശിഷ്ടം

ഇതിനോടൊപ്പം തന്നെ വേണം സുമേരിയന്‍ നഗരങ്ങള്‍ എത്ര മനോഹരവും കിറുകൃത്യവുമായാണ് ആസൂത്രണം ചെയ്യപ്പെട്ടിരുന്നത് എന്നതും മനസ്സിലാക്കാന്‍. മനുഷ്യചരിത്രത്തിന്റെ ആദ്യനാഗരികപാഠങ്ങള്‍ സുമേരിയരുടെ വകയായിരുന്നു എന്നതും മറക്കരുത്. ഉറൂക്ക് നഗരത്തിനു ചുറ്റുമായി ഗില്‍ഗമേഷ് നിര്‍മ്മിച്ചു എന്നു കരുതുന്ന പത്തു കിലൊമീറ്ററോളം വരുന്ന കോട്ടമതിലുകള്‍, നദിയുമായി ബന്ധിപ്പിക്കപ്പെട്ട സങ്കീര്‍ണ്ണമായ ജലവിതരണ/ അഴുക്കുചാല്‍ ശൃംഖലകള്‍, വിസ്തൃതമായ നഗരഭരണസംവിധാനങ്ങള്‍, വമ്പന്‍ സിഗുറാറ്റുകള്‍, എന്നിവയൊക്കെ ഇതിനൊപ്പമുണ്ടായിരുന്നു എന്നും ഓര്‍ക്കണം. നിശ്ചയമായും വളരെ പരിഷ്‌കൃതരായ നാഗരികരായിരുന്നു സുമേരിയര്‍ എന്നതിനു സംശയമില്ല. The world’s first Nalukettu, Sumerian house plans

Content Summary: The world’s first Nalukettu, Sumerian house plans

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×