June 26, 2026 |
Avatar
അമർനാഥ്‌
Share on

ഒളിവില്‍ ഇരുന്ന് ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥി, ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം.എല്‍.എ; ഇ ഗോപാലകൃഷ്ണ മേനോന്‍ എന്ന ചരിത്ര പുരുഷന്‍

പിന്നെ, ആദ്യത്തെ കമ്യൂണിസ്റ്റ് നിയമസഭാംഗം

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം.എല്‍.എ. എന്ന ബഹുമതി 1949ല്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ജയിച്ച ഇ ഗോപാലകൃഷ്ണ മേനോനാണ്. ഇന്ത്യയില്‍ തന്നെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ഇ. ഗോപാലകൃഷ്ണ മേനോനാണ്. ആ രാഷ്ട്രീയ ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ.

1945 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യമായി ഇന്ത്യയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാര്‍ത്ഥികളെ നിറുത്തി മത്സരിക്കുന്നത്. 42 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധനം നീങ്ങിയതിന് ശേഷം, രണ്ടാം ലോകമഹായുദ്ധം തീരാറായ ഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യം തിരഞ്ഞെടുപ്പ് നടത്തിയത് കൊച്ചി മഹാരാജ്യത്തായിരുന്നു. പ്രായപൂര്‍ത്തി വോട്ടവകാശം നടപ്പില്‍വരാത്ത അക്കാലത്ത് പത്താം ക്ലാസ്സ് പാസ്സായവര്‍ക്കും ഭൂനികുതി നല്‍കുന്നവര്‍ക്കും മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ വോട്ടു ചെയ്യാനോ അവകാശമുണ്ടായിരുന്നുള്ളൂ.

ഇ. ഗോപാലകൃഷ്ണ മേനോൻ

തൃശൂര്‍ വടക്ക്, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍ മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും പ്രജാമണ്ഡലത്തെ പിന്തുണയ്ക്കാനും പാര്‍ട്ടി തീരുമാനിച്ചു.

നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇടപെടുകയില്ലെന്ന ഹരിപുര കോണ്‍ഗ്രസിന്റെ തീരുമാന പ്രകാരം പലനാട്ടുരാജ്യങ്ങളിലും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചതുപോലെ കൊച്ചിയിലെ കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ക്കനുസരിച്ച് വൃക്തമായും ഗാന്ധിജിയുടെ നേതൃത്വം അംഗീകരിച്ചും രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് കൊച്ചി പ്രജാമണ്ഡലം. പ്രജാമണ്ഡലത്തിന്റെ സ്ഥാപകരില്‍ പ്രമുഖനായ, കൊച്ചിയിലെ പഴയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളായ വി.ആര്‍.കൃഷ്ണനെഴുത്തച്ഛന്‍, എസ്. നീലകണ്ഠരയ്യര്‍, സി. കുട്ടന്‍നായര്‍ എന്നിവരായിരുന്നു ഇതിന്റെ നേതാക്കള്‍.

അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് പിന്നീട് കമ്മ്യൂണിസ്റ്റുകാരനായി മാറിയ ഇ. ഗോപാലകൃഷ്ണമേനോന്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ, 11 വയസ്സുള്ളപ്പോള്‍ ഖദര്‍ ധരിച്ച് കോണ്‍ഗ്രസ്സുകാരനായി തന്റെ നാടായ കൊടുങ്ങല്ലൂരിലെ കള്ള് ഷാപ്പ് പിക്കറ്റിംഗില്‍ പങ്കെടുത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അന്നത്തെ കോണ്‍ഗ്രസ്സിന്റെ പ്രധാന അങ്കങ്ങളിലൊന്നായിരുന്നു മദ്യവര്‍ജ്ജനവും വിദേശ വസ്ത്ര ബഹിഷ്‌ക്കരണവും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു. വക്കീലായിരുന്ന സി. അച്യുതമേനോനും, ഈ ഗോപാലകൃഷ്ണ മേനോനും.

കെ കെ. വാര്യർ (കീരൻ)

1945 ജനുവരി 21-ന്‍ തൃശൂര്‍ ലേബര്‍ കോര്‍ണറില്‍ വെച്ച് വൈകുന്നേരം 6.30-ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഖാവ് സി. അച്ചുതമേനോന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം നടന്നു. പ്രജാമണ്ഡലം നേതാക്കളായ സി. കുട്ടന്‍നായര്‍, വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, തൃശ്ശൂരിലെ പൗരപ്രധാനികള്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ ഒരുവന്‍ ജനക്കൂട്ടം കേള്‍ക്കാനെത്തി. തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സഖാവ് കെ.കെ. വാരിയര്‍ ഇപ്രകാരം പ്രസംഗിച്ചു:

”കഴിഞ്ഞ ഏഴ് കൊല്ലത്തോളമായി കൊച്ചി നിയമസഭകൊണ്ട് നാട്ടുകാര്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഡോക്ടര്‍ എ.ആര്‍. മേനോന്‍ മന്ത്രിയായി ഗ്രാമോദ്ധാരണമാണെന്നു പറഞ്ഞു കുറെ കോഴികളെ വളര്‍ത്തി. അതു യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. ടി.കെ. നായര്‍ മന്ത്രിയായി. കുറെ കൊള്ളിക്കിഴങ്ങു നട്ടു. മന്ത്രിമാരെ കൊണ്ടാവട്ടെ മറ്റു നിയമസഭാ സാമാജികന്മാരെ കൊണ്ടാവട്ടെ യാതൊരു നേട്ടവും ജനങ്ങള്‍ക്കുണ്ടായിട്ടില്ലെന്നു മാത്രമല്ല, പലപ്പോഴും ദ്രോഹം ഉണ്ടായിട്ടുണ്ടുതാനും. ജനകീയ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ പല നടപടികളിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. നെല്ലു വില കൂട്ടണമെന്നു നിയമസഭ പാസാക്കിയ പ്രമേയം ഇതിനൊരു ഉദാഹരണമാണ്.

ഇതുവരേയുള്ള അനുഭവങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഇന്ന് അധികമാളുകളും പറയുന്നത്, എന്തിനാണീ നിയമസഭ? ചില വ്യക്തികള്‍ക്കു ഗവണ്മെന്റിലും നാഷണല്‍ വാര്‍ഫ്രണ്ടിലും ഉദ്യോഗം കിട്ടാനുള്ള ഒരു ഉപാധി മാത്രമല്ലേ? വോട്ടുകൊടുക്കണമെങ്കില്‍ രൂപ കിട്ടണം എന്നാണ്.

ഇന്നു കൊച്ചിയിലെ കോണ്‍ഗ്രസുകാരുടെ പ്രാതിനിധ്യം വഹിക്കുന്ന പ്രജാമണ്ഡലം മാത്രമാണ് തിരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഇടപെടുവാന്‍ കഴിവുള്ള ഏകസ്ഥാപനം. തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ഏതൊരു വഴിയില്‍ കൂടിയാണ് നയിക്കേണ്ടത് എന്നതിനൊരു മാതൃക കാണിക്കാന്‍ മാത്രമാണ് രണ്ട് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളെ ഞങ്ങള്‍ നിര്‍ത്തിയിട്ടുള്ളത്. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ പണം കൊടുത്ത് വോട്ടു വാങ്ങിക്കാന്‍ തയ്യാറല്ല. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ എല്ലാ വോട്ടര്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു.”(ദേശാഭിമാനി, 1945 ജനുവരി 28)

വി. വിശ്വനാഥ മേനോൻ

പ്രജാമണ്ഡലവും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും ഒരുമിച്ച് സഖ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും പ്രജാമണ്ഡലത്തിനകത്തെ പിന്‍തിരിപ്പന്മാര്‍ അതിനെ എതിര്‍ത്തു. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായ ഗോപാലകൃഷ്ണമേനോനും സി. അച്യുതമേനോനും മണ്ഡലത്തിനുവേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ചവരും ജയില്‍വാസം അനുഭവിച്ചവരുമാണ്. എന്നിട്ടും അവരെ മുന്നണി സ്ഥാനാര്‍ത്ഥികളായി കാണാന്‍ കൊച്ചി പ്രജാമണ്ഡലക്കാര്‍ക്ക് കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പ്രചരണത്തില്‍ മുന്നിട്ടുനിന്നത് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായിരുന്നു. തെരഞ്ഞെടുപ്പിന്റെ മൊത്തം
ചുമതല കെ.കെ. വാരിയര്‍ക്കായിരുന്നു. സി. അച്ചുതമേനോനേയും ഇ. ഗോപാല കൃഷ്ണമേനോനേയും അവരുടെ രാഷ്ട്രീയ പശ്ചാത്തലങ്ങളേയും വിശദീകരിച്ചുകൊണ്ട് കീരന്‍ എന്ന പേരില്‍ കെ.കെ. വാര്യര്‍ ദേശാഭിമാനിയില്‍ കനപ്പെട്ട ലേഖനങ്ങള്‍ എഴുതി.

തിരഞ്ഞെടുപ്പില്‍ ചിഹ്നങ്ങള്‍ അക്കാലത്ത് അനുവദിക്കപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പിന് ഓരോ സ്ഥാനാര്‍ത്ഥിക്കും വോട്ടു ചെയ്യുന്നതിന് ഓരോ നിറത്തിലുള്ള പെട്ടിക ളാണ്. അതിനു മുമ്പ് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അച്ചടിച്ചിട്ടുള്ള ബാലറ്റ് പേപ്പറിനു നേരെ ഗുണിത ചിഹ്നം രേഖപ്പെടുത്തി വോട്ടു ചെയ്യുകയാണ് രീതി.

ആ തിരഞ്ഞെടുപ്പിലെ അനുഭവങ്ങളെക്കുറിച്ച് സ.:ഇ. ഗോപാലകൃഷ്ണ മേനോന്‍ എഴുതുന്നു: മിക്കവാറും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. പാര്‍ട്ടി എന്ന നിലയ്ക്ക് പ്രജാമണ്ഡലത്തിന് അവര്‍ ആവശ്യപ്പെട്ട എല്ലാ സ്ഥലത്തും മഞ്ഞപ്പെട്ടി അനുവദിക്കപ്പെട്ടു. മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് അംഗീകരിക്കപ്പെട്ട ഏതെങ്കിലും നിറം ആവശ്യപ്പെടാം എന്നായിരുന്നു വ്യവസ്ഥ. ഒരു മണ്ഡലത്തില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഒരേ നിറത്തിലുള്ള പെട്ടി ആവശ്യപ്പെട്ടാല്‍ നറുക്കിട്ടു തീരുമാനിക്കുന്ന നടപടിയായിരുന്നു. സി. അച്യുതമേനോനും ഞാനും ചുവപ്പു നിറമുള്ള പെട്ടിയാണ് ആവശ്യപ്പെട്ടത്. ചുവപ്പു പെട്ടിക്ക് തൃശൂര് മറ്റു ആവശ്യക്കാരില്ലാതിരുന്നതുകൊണ്ട് അച്യുതമേനോന് അതു കിട്ടി. എന്നാല്‍ കൊടുങ്ങല്ലൂര്‍ ഒരു സ്വതന്ത്രസ്ഥ സ്ഥാനാര്‍ത്ഥിയും ചുവപ്പു പെട്ടി ആവശ്യപ്പെട്ടിരുന്നു. അവസാനം നറുക്കിട്ടപ്പോള്‍ ചുവപ്പ് അയാള്‍ക്കും കറുപ്പ് എനിക്കും കിട്ടി. നമ്മുടെ സഖാക്കള്‍ക്കെല്ലാം അത് വലിയ നിരാശയ്ക്ക് കാരണമായി. ചുവപ്പു കിട്ടിയില്ല എന്നതിനേക്കാളും ദുഃഖം അനുശോചനത്തിന്റേയും പ്രതിഷേധത്തിന്റേയും മറ്റും ചിഹ്നമായ കറുപ്പ് കിട്ടിയതിലായിരുന്നു. ചുവപ്പു കിട്ടിയ ആള്‍ പിന്നീട് പിന്‍വലിഞ്ഞ് പോയെങ്കിലും എനിക്കു കറുപ്പു പെട്ടി സ്വീകരിക്കുകയേ നിര്‍വ്വാഹമുണ്ടായുള്ളൂ. തമിഴ്‌നാട്ടില്‍ നിന്ന് പി. ജീവാനന്ദം, തിരുവിതാംകൂറില്‍ നിന്ന്
പി.ടി പുന്നൂസ്, നിയോജകമണ്ഡലത്തില്‍ സ്ഥിരമായി നിന്നു പ്രവര്‍ത്തിക്കാന്‍ സഖാവ് ജോര്‍ജ്ജ് ചടയം മുറി, സഖാവ് ഇ.കെ. ഇമ്പിച്ചിബാവ തുടങ്ങിയ പലരുമുണ്ടായിരുന്നു”.

കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി

”പാര്‍ട്ടിക്ക് കറുത്ത പെട്ടിയാണ് കിട്ടിയത് എന്നതില്‍ സഖാക്കള്‍ക്ക് വളരെ മ്ലാനതയുണ്ടെന്ന് ജീവാനന്ദം മനസ്സിലാക്കിയിരുന്നു. തന്റെ പ്രസംഗത്തില്‍ കറുപ്പു പെട്ടിയുടെ മാഹാത്മ്യത്തേയും ഗുണഗണങ്ങളേയും പറ്റി പതിനഞ്ച് മിനിറ്റുനേരത്തെ വാക്ക് പ്രവാഹമായിരുന്നു. ‘കണ്ണിന്‍ കൃഷ്ണമണിയെ, അഞ്ജന കണ്ണനെ, കാര്‍ക്കൊണ്ടലെ, അരുമയാന കറുപ്പുപെട്ടിയെ കൃഷ്ണമണി പോലെ കാപ്പാ ത്തുങ്കോ..”

”ഇങ്ങനെ കറുപ്പു നിറം മറ്റേത് നിറത്തേക്കാളും മേന്മയേറിയതാണെന്ന് പുരാണേതിഹാസങ്ങളില്‍ നിന്നെല്ലാം ഉദ്ധരിച്ചുകൊണ്ടുള്ള ജീവാനന്ദത്തിന്റെ പ്രസംഗം കേട്ടാല്‍ ആരും തലകുലുക്കി അത് അംഗീകരിച്ചുപോകും.”

വിഷമം ഉള്ളില്‍ ഒതുക്കിക്കൊണ്ടും സഖാക്കള്‍ അടുത്ത ദിവസം പെട്ടിയില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടും ചുണ്ണാമ്പുകൊണ്ട് ഓരോ സ്ഥലത്തും പാര്‍ട്ടി സഖാക്കള്‍ മുന്‍കൈ എടുത്ത് ചില്ലറ പൈസ പിരിച്ചുണ്ടാക്കി ചുണ്ണാമ്പ്, ടാറ് എന്നിവ വാങ്ങി അവര്‍ തന്നെ ചുമരെഴുത്ത് നടത്തുകയാണ് ചെയ്തത്.

കൊടുങ്ങലൂരില്‍ പ്രജാമണ്ഡലത്തിന്റെ സ്ഥാനാര്‍ത്ഥി കെ. ഗംഗാധര മേനോനും സ്വതന്ത്രനായി എം.കെ. വര്‍ഗീസും മത്സരിക്കാനുണ്ടായിരുന്നു. മുസ്ലീം സംവരണ സീറ്റിനു കൊടുങ്ങല്ലൂരിലെ ഒരു പ്രമുഖ മുസ്ലിം കുടുംബാംഗമായ, പി. കെ. അഷ്റഫും പ്രജാമണ്ഡലലം സ്ഥാനാര്‍ത്ഥിയായി മൊയ്തീനും മത്സരരംഗത്തുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചില സമ്മര്‍ദ്ദങ്ങളും പ്രലോഭനങ്ങളും പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥി മൊയ്തീനെ പിന്‍വലിച്ചതോടെ അഷ്റഫ് എതിരില്ലാതെ ജയിച്ചു.

സി. അച്യുത മേനോൻ

എന്നാല്‍ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രജാമണ്ഡലത്തിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും കിട്ടിയില്ല. മാത്രവുമല്ല, ക്വിറ്റ് ഇന്ത്യാ സമരത്തെ വഞ്ചിച്ചവരെന്നും ബ്രിട്ടീഷ് ഒറ്റുകാരെന്നും കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ തൃശൂരും കൊടുങ്ങല്ലൂരും പ്രചാരം അഴിച്ചുവിട്ടു. മുഖവാഗ്മിയായ ചൊവ്വര പരമേശ്വരന്‍ പ്രജാമണ്ഡലത്തുകാരന് വേണ്ടി പ്രസംഗിക്കാന്‍ വന്നു. ‘അയ്യങ്കാവു മൈതാനത്തിന്റെ മണല്‍ത്തരികളെ പോലും പുളകംകൊള്ളിച്ച ധീരമായ പാരമ്പര്യമുള്ള പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിക്ക് നിങ്ങള്‍ വോട്ടു ചെയ്യണം’ ചൊവ്വര തന്റെ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

ഫലം പ്രഖ്യാപിച്ചപ്പോള്‍, പാര്‍ട്ടിക്കാരെ നിരാശപ്പെടുത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ രണ്ടുപേരും തോറ്റു. തൃശൂര്‍ മണ്ഡലത്തില്‍ പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയും കൊടുങ്ങല്ലൂര് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് ജയിച്ചത്. എന്നാലും അത്ര മോശമല്ലാത്ത വോട്ട് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കിട്ടി. ഗോപാലകൃഷ്ണ മേനോനും പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥി ഗംഗാധരമേനോനും കിട്ടിയ വോട്ടുകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് 825 വോട്ടും പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥി ഗംഗാധരമേനോന് 856 വോട്ടും ലഭിച്ചു. 1100 വോട്ടു നേടിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശ്രീ. എം. കെ. വര്‍ഗീസ് വിജയിച്ചു. ശ്രീ. വര്‍ഗ്ഗീസ് പൊതുയോഗങ്ങളോ പ്രകടനപരമായ പ്രചരണങ്ങളോ ഒന്നും നടത്തിയിരുന്നില്ല. പകരം പണം വാരിക്കോരി ചിലവഴിച്ചു; വോട്ടു വാങ്ങി ജയിച്ചു. ധനവാനായ വര്‍ഗീസ് ഓരോ വില്ലേജിലും ഏതാനും നാട്ടുപ്രമാണിമാരെ തിരഞ്ഞെടുപ്പ് ഏജന്റുമാരായി നിശ്ചയിച്ച് ധാരാളം പണം അവരെ ഏല്പിച്ചു, അതിന് ഫലം കിട്ടുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടിന്റെ അടിസ്ഥാനത്തില്‍ അഖിലേന്ത്യാ വ്യാപകമായി ലോക്‌സഭയിലേക്കും, സംസ്ഥാന നിയമസഭയിലേക്കും ആദ്യമായി തിരഞ്ഞെടുപ്പ് നടത്തുന്നത് 1951 അവസാനത്തിലാണ്. എന്നാല്‍ തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളില്‍ 1948 ല്‍ സ്വാതന്ത്യ പ്രാപ്തിക്ക് തൊട്ടുപിന്നാലെ തന്നെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയും പുതിയ മന്ത്രിസഭകള്‍ അധികാരമേല്‍ക്കുകയും ചെയ്തു.

1949 ല്‍ തിരുകൊച്ചി സംയോജനത്തിന് മുന്‍പ് കൊച്ചി നിയമസഭയിലേക്ക് കൊടുങ്ങല്ലൂരില്‍ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നു. പലതു കൊണ്ടും സവിശേഷതയുള്ളതായിരുന്നു ആ തിരഞ്ഞെടുപ്പ്.

1943 ലെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കല്‍ക്കത്താതീസിസിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേരെ സാര്‍വ്വത്രികമായ ആക്രമണം കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള്‍ അഴിച്ചുവിട്ടിരുന്ന കാലഘട്ടമായിരുന്നു അത്. പാര്‍ട്ടിയുടെ പ്രധാനപ്രവര്‍ത്തകരെല്ലാം ഒളിവില്‍ പോയി. പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അവരെല്ലാം. പോലീസ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരുടെയും നേരെ കടുത്ത മര്‍ദ്ദനമാണ് നടത്തിവന്നത്.

ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂരില്‍ നിന്നും ജയിച്ച പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് 1949 ജൂണ്‍ മാസത്തില്‍ ഉപതിരഞ്ഞെടുപ്പുണ്ടായത്. ആ ഉപതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഗോപാല കൃഷ്ണമേനോനെ പാര്‍ട്ടി തീരുമാനിച്ചു. മുന്‍പ് തിരഞ്ഞെടുപ്പില്‍ ജയിച്ച ശ്രീ: സി.യു. നാരായണന്‍ പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിയായും കെ.സി.കെ. എം മേത്തര്‍ (പി.എസ്.പി). സ്ഥാനാര്‍ത്ഥിയായും മത്സരരംഗത്ത് വന്നു. കൊച്ചിയിലേയും, മലബാറിലേയും മന്ത്രിമാരടക്കം പ്രധാനികള്‍ പ്രജാമണ്ഡലം സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചരണം നടത്തി. പ്രചരണത്തിന്റെ കാര്യത്തില്‍ കെ. എസ്. പി-ക്കാരും മോശമായിരുന്നില്ല. പ്രഗല്‍ഭനായ നേതാവും തീപ്പൊരി പ്രാസംഗികനുമായ മത്തായി മാഞ്ഞൂരാന്‍, എം. പി. മേനോന്‍ (പിന്നീട് ഹൈക്കോടതി ജഡ്ജി) തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രചരണം നടത്തി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പൊതുയോഗങ്ങളില്‍ പ്രസംഗിക്കാന്‍ ആകെ ഉണ്ടായിരുന്നത് അന്നു കരുവന്നൂരില്‍ ഒരു ബീഡിത്തൊഴിലാളിയായിരുന്ന എം എം. അബ്ദുള്ളയായിരുന്നു. പിന്നെ ലോകോളേജ് വിദ്യാത്ഥിയായിരുന്ന സഖാവ് അമ്പാടി വിശ്വനാഥമേനോന്‍ (പിന്നീട് കേരള ധനകാര്യമന്ത്രി).

”കൊടുങ്ങല്ലൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായിക്കഴിഞ്ഞിരുന്നു. അവിടെ അനവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. കണയന്നൂരെ ക്ഷീണം തീര്‍ക്കാന്‍ ഞങ്ങള്‍ ആഞ്ഞുപിടിക്കുകയായിരുന്നു. ലോറന്‍സ് എത്തിയിരുന്നില്ല. ദിവസങ്ങളോളം കൊടുങ്ങല്ലൂരില്‍ ക്യാമ്പ് ചെയ്ത് എല്ലാ മുക്കിലും മൂലയിലും ഞാന്‍ പ്രസംഗിച്ചു. വാറന്റ് ഉണ്ടായിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗോപാല കൃഷ്ണമേനോന്‍ ഒളിവിലായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ അഭാവം കോട്ടമുണ്ടാക്കാതിരിക്കാന്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനമായിരുന്നു ഞങ്ങളുടേത്. തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിന്റെ ബാഡ്ജുകളും സ്ലിപ്പുകളുമേ കാണാനുണ്ടായിരുന്നുള്ളൂ. കെ.എ രാജന്റെ സഹോദരന്‍ ബേബിയടക്കം കോണ്‍ഗ്രസ്സ് ബാഡ്ജ് ധരിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചത്.’ (കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍: ആത്മകഥ,വി. വിശ്വനാഥ മേനോന്‍, 2009)

വാറന്റ് ഉള്ളതിനാല്‍ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ മേനോന്‍ കൊടുങ്ങല്ലൂരില്‍ കര്‍ഷകത്തൊഴിലാളി വീടുകളില്‍ ഒളിവില്‍ താമസിച്ചുകൊണ്ട് രാത്രികാലങ്ങളില്‍ ചകിരിത്തൊഴിലാളികളുടെയും ചെറുകൃഷിക്കാരുടെയും രഹസ്യമായി കൂടുന്ന പ്രവര്‍ത്തകയോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സഹായിച്ചു. പാര്‍ട്ടിക്കുവേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കുവാന്‍ ഏറ്റവും അടിത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കാണെങ്കില്‍ പലതരത്തിലുള്ള ഭീഷണികളും നേരിടേണ്ടതായും വന്നു. എന്നാലും ഒരു ജീവന്മരണപോരാട്ടമെന്ന നിലയില്‍ എല്ലാവരും ആ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ഏറ്റെടുത്തുകൊണ്ട് വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി ജീവിച്ചിരിപ്പില്ലെന്നും അയാള്‍ക്ക് വോട്ടുചെയ്താല്‍ പോലീസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുമെന്നുമെല്ലാം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ വീടുതോറും നടന്നു പ്രചരണം നടത്തി.

പോളിങ്ങ് കഴിഞ്ഞു പിറ്റേദിവസം വോട്ടെണ്ണല്‍ തൃശൂരില്‍ വച്ചായിരുന്നു. എനിക്കുവേണ്ടി വോട്ടെണ്ണലില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂരിലെ ഒരു പഴയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ജോണ്‍ വൈദ്യര്‍ മാത്രമാണ് പോയത്. കോണ്‍ഗ്രസ്സുകാര്‍ക്ക് അവര്‍ വിജയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല.

അന്ന് കൊടുങ്ങല്ലൂര്‍ പുഴയ്ക്ക് പാലമുണ്ടായിരുന്നില്ല. തൃശൂര്‍ക്ക് പോകാന്‍ പുല്ലൂറ്റില്‍ നിന്ന് വഞ്ചിയില്‍ കടത്തു കടക്കണം. കോണ്‍ഗ്രസുകാര്‍ വിജയശ്രീലാളിതനായി വരുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ വഞ്ചികള്‍ അലങ്കരിച്ച് ത്രിവര്‍ണ്ണ പതാകകള്‍ നാട്ടി മാലകളും ബൊക്കെയുമെല്ലാമായി പുഴവക്കത്ത് തയ്യാറായി നിന്നു. കമ്പുകളില്‍ ഓലപ്പടക്കങ്ങളും മാലപ്പടക്കങ്ങളും എല്ലാം കെട്ടിവച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കുറെ മാറി ഒരു സ്ഥലത്ത് നിന്നു.

സ്ഥാനാര്‍ത്ഥിയായ ഗോപാലകൃഷ്ണ മേനോന്‍ ഒരു ചെറിയ കൃഷിക്കാരന്റെ വീട്ടിലെ മുറിയില്‍ രഹസ്യമായി ഇരിക്കുകയായിരുന്നു. ഒളിവിലാണല്ലോ. വൈകിട്ട് അഞ്ച് മണിയായപ്പോള്‍ ഒരു ഹര്‍ഷാരവത്തിന്റെ ഇരമ്പല്‍. നിമിഷങ്ങള്‍ക്കകം ആ വീട്ടുകാരന്‍ ഓടിക്കിതച്ചുവന്നു, തൊണ്ട ഇടറി പറഞ്ഞൊപ്പിച്ചു. ‘നമ്മള്‍ ജയിച്ചു സഖാവെ, നമ്മള്‍ ജയിച്ചു.
‘എന്റെ ജീവിതത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. മൈതാനത്ത് നിന്നുയര്‍ന്നു ഹര്‍ഷാരവം കേട്ട് ആ ഇരുണ്ട മുറിവിട്ട്, എന്റെ പേര്‍ വിളിച്ചുപറഞ്ഞു ആവേശം കൊള്ളുന്ന ആ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അത്യധികമായ ആഗ്രഹം ആ അവസരത്തില്‍ എനിക്കുണ്ടായി.’ ഗോപാലകൃഷ്ണന്‍ തന്റെ അനുഭവകുറിപ്പായ ”മായാത്ത ഓര്‍മ്മകള്‍ ”ളില്‍ (1984) എഴുതി.

*അങ്ങനെ കൊടുങ്ങല്ലൂരിലെ അദ്ധ്വാനിക്കുന്നവരും പാവപ്പെട്ടവരുമായ ജനങ്ങള്‍ 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടോടുകൂടി കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എം. എല്‍. എ. എന്ന ബഹുമതി എനിക്ക് നല്‍കി. ഇന്ത്യയില്‍ തന്നെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യത്തിനുശേഷം നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയായി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും ഇ. ഗോപാല കൃഷ്ണ മേനോനാണ്. അതിന് ഒരു വര്‍ഷം മുന്‍പ് തിരുവിതാംകൂറില്‍ 1948-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സഖാക്കള്‍ ടി. വി. തോമസ്, പി.ടി പുന്നൂസ്, കെ.ആര്‍. ഗൗരി തുടങ്ങിയ നേതാക്കള്‍ മത്സരിച്ചെങ്കിലും ആരും ജയിക്കുകയുണ്ടായില്ല.

കൊച്ചി നിയമസഭയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടതെങ്കിലും അധികം വൈകാതെ തിരുകൊച്ചി സംയോജനം നടന്നതുകൊണ്ട് ഗോപാലകൃഷ്ണ മേനോന്‍ തിരുകൊച്ചിയിലെ എം. എല്‍. എ. ആയി. പക്ഷെ, നിയമസഭയില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. കല്‍ക്കത്താ തീസിസിന്റെ ആഹ്വാനമനുസരിച്ച് സായുധ വിപ്ലവത്തിനും ജനങ്ങളെ സജ്ജമാക്കാന്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന് എങ്ങനെ നിയമസഭയില്‍ പങ്കെടുക്കാനാണ്?

ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എം.എല്‍.എ യുടെ വിജയമാഘോഷിക്കാന്‍ എറണാകുളം മുഴുവന്‍ വിശ്വനാഥ മേനോനും പാര്‍ട്ടിക്കാരും മെഗാഫോണില്‍ വിളിച്ചുപറഞ്ഞു ‘ഗോപാലകൃഷ്ണ മേനോനെതിരെയുള്ള വാറന്റ് പിന്‍വലിക്കുക’, ‘അസംബ്ലിയില്‍ പങ്കെടുപ്പിക്കുക’ എന്നീ മുദ്രാവാക്യങ്ങളാണ് അവര്‍ വിളിച്ചിരുന്നത്. ആ പ്രകടനം എറണാകുളത്തെ ഒരു ചരിത്ര സംഭവമായി മാറി.

‘ബൂര്‍ഷ്വാ നിയമസഭയില്‍പ്പോയി എന്തു സാധിക്കാനാണ്? അതായിരുന്നു അന്ന് പാര്‍ട്ടിയുടെ ചിന്താഗതി. അന്ന് തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി. കെ. നാരായണപിള്ളയ്ക്ക് ഒളിവില്‍ നിന്നും ഗോപാലകൃഷ്ണ മേനോന്‍ ഒരു കത്തെഴുതി. എന്റെ പേരിലുള്ള വാറണ്ട് പിന്‍വലിച്ച നിയമസഭയില്‍ പങ്കെടുക്കാന്‍ സൗകര്യം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

1950 മെയ് മാസത്തില്‍ ഒളിവില്‍ കഴിയവെ ഗോപാലകൃഷ്ണ മേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കമ്മ്യൂണിസ്റ്റുകാരുടെ നേരെയുള്ള പോലീസിന്റ മര്‍ദനമുറകള്‍ ഭീകരമാവുകയും പാര്‍ട്ടിയും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബഹുജന സംഘടനകളും നിരോധിക്കപ്പെടുകയും ചെയ്ത ഒരു കാലമായിരുന്നു അത്. മേനോന്റെ കൂടെ സഖാക്കള്‍ കെ. കെ. വാരിയര്‍, ജോര്‍ജ്ജ് ചടയംമുറി, സി. ജനാര്‍ദ്ദനന്‍ എന്നിവരും അറസ്റ്റിലായി.

ഇ. ഗോപാലകൃഷ്ണ മേനോൻ്റെ അനുഭവക്കുറിപ്പുകൾ

ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന ചെയ്തുവെന്നായിരുന്നു അവരുടെ മേല്‍ ചുമത്തപ്പെട്ടിരുന്ന കുറ്റം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷത്തോളം അവര്‍ കിടന്നു. ഒടുവില്‍ 1951 മാര്‍ച്ച് മാസത്തില്‍ തിരുകൊച്ചി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഗോപാലകൃഷ്ണ മേനോന്‍ മോചിപ്പിക്കപ്പെട്ടു.

ജയിലില്‍നിന്നു പുറത്തുവന്ന ഗോപാല കൃഷ്ണ മേനോന്‍ അടുത്തദിവസം തന്നെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു. ”എന്റെ ആദ്യത്തെ തിരുവനന്തപുരം സന്ദര്‍ശനമായിരുന്നു അത്. നിയമസഭാ മന്ദിരത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനു സ്പീക്കറുടെ സമീപത്തേയ്ക്ക് നടന്നുനീങ്ങിയ എന്നെ കൗതുകപൂര്‍വ്വവും തെല്ലൊരു അത്ഭുതത്തോടുകൂടിയും പല മെമ്പര്‍മാരും നോക്കുന്നത് എനിക്കു കാണാമായിരുന്നു. പിന്നീട് അവരുമായി സൗഹൃദസംഭാഷണം നടത്തുന്നതിനിടയില്‍ അവര്‍ പറഞ്ഞത് ”എന്തും ചെയ്യാന്‍ മടിക്കാത്ത ഭീകരനായ ഒരു മനുഷ്യനായിരിക്കും നിയമസഭയില്‍ പുതുതായി കയറിവരുന്നത് എന്നാണ് അവര്‍ കരുതിയതില്‍ നിന്നെല്ലാം ഞാന്‍ ആകൃതിയിലും പ്രകൃതിയിലും തികച്ചും വ്യത്യസ്തനായി കണ്ടതും അവരെ അത്ഭുതപ്പെടുത്തിയെന്നു”മാണ്.

കുറെ കാര്യവിവരവും അറിവുമുള്ളവനായി കരുതപ്പെടേണ്ട ആളുകള്‍ തന്നെ അക്കാലത്തും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും പാര്‍ട്ടി പ്രവര്‍ത്തകരേയും കുറിച്ച് വച്ചുപുലര്‍ത്തുന്ന ധാരണകള്‍ എത്രമാത്രം അബദ്ധജടിലമാണു എന്നോർത്തു ഞാന്‍ അന്നു വിസ്മയിച്ചുപോയിട്ടുണ്ട് .” (മായാത്ത ഓര്‍മ്മകള്‍ 1984).

നിയമസഭയില്‍, പ്രതിപക്ഷ നിരയില്‍ ഏറ്റവും ഒടുവിലത്തെ ഇരിപ്പിടമായിരുന്നു ഏക കമ്മ്യൂണിസ്റ്റ് എം.എല്‍.എ, ഇ ഗോപാല കൃഷ്ണ മേനോന്റേത്. പിന്നീട് 1957 ലെ ആദ്യ കമ്മൂണിസ്റ്റ് മന്ത്രിസഭയിലും കൊടുങ്ങല്ലൂരില്‍ നിന്ന് ജയിച്ച് ഇ ഗോപാല കൃഷ്ണ മേനോന്‍ അംഗമായി. 1996 സെപ്റ്റംബര്‍ 8-ന് ഗോപാലകൃഷ്ണ മേനോന്‍ അന്തരിച്ചു.

Content Summary: Who is the first communist MLA; the historic rise of E. Gopalakrishna Menon in 1949

Leave a Reply

Your email address will not be published. Required fields are marked *

×