June 26, 2026 |
Avatar
അമർനാഥ്‌
Share on

മലയാറ്റൂര്‍ എതിര്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു; ഇലക്ഷനില്‍ നിന്ന് പിന്‍മാറിയാല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറാക്കാം

കെട്ടിവയ്ക്കാനുള്ള പണം കൂടാതെ ഒരു പഴയ കാറും ഇളയിടം മലയാറ്റൂരിന് നല്‍കി

ആലുവ, തോട്ടുവാക്കാരനായ കെ. വി. രാമകൃഷ്ണ അയ്യരെന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1954 ല്‍ തിരു-കൊച്ചി അസംബ്ലിയില്‍ പെരുമ്പാവൂരില്‍ നിന്ന് കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച കഥയാണിത്. സഹപാഠിയും പുല്ലുവഴിയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റുകാരനുമായ പി. ഗോവിന്ദ പിള്ളയുടെ നിര്‍ബന്ധത്തിലാണ് ആലുവയില്‍ മുന്‍സിഫ് കോടതിയില്‍ വക്കീല്‍പ്പണി ചെയ്തിരുന്ന മലയാറ്റൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. 1952 ലെ തിരഞ്ഞെടുപ്പില്‍ പി.ജി. പെരുമ്പാവൂരില്‍ മത്സരിച്ചപ്പോള്‍ മലയാറ്റൂരായിരുന്നു അദേഹത്തിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ്. അച്യുത മേനോനൊക്കെ വിയോജിച്ചിട്ടും പി.ജി മലയാറ്റൂരിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

പെരുമ്പാവൂരിലെ പ്രമാണിയും ബസ്സുടമയുമായ ശ്രീധരന്‍ ഇളയിടമായിരുന്നു മലയാറ്റൂരിന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കിയത്. പാര്‍ട്ടിയംഗമല്ലാത്തതിനാല്‍ ചിഹ്നം ‘ആനപ്പെട്ടി’. എതിര്‍സ്ഥാനാര്‍ഥി കെ. പി. ഉറുമീസിനോട് (പിന്നീട് ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍) ഇളയിടത്തിന് എന്തോ രസക്കേടുണ്ടായിരുന്നു. അതുകൊണ്ടാണ് സഹായിയായി അദ്ദേഹം ‘മലയാറ്റൂറിന് വേണ്ടി രംഗപ്രവേശം ചെയ്തതെന്ന് നാട്ടില്‍ കഥ പരന്നു. കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് കൂടാതെ, ഒരു പഴയ കാറും ഇളയിടം മലയാറ്റൂരിന് നല്‍കി. ഇളയിടത്തിന്റെ ബസ്സുകളില്‍ കമ്യൂണിസ്ററ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും തിരഞ്ഞെടുപ്പുകാലത്ത് ഫ്രീ ടിക്കറ്റായിരുന്നു. മലയാറ്റൂരിന് വേണ്ടി വന്ന പ്രവര്‍ത്തകര്‍ക്കെല്ലാം സൗജന്യഭക്ഷണവും കിട്ടിപ്പോന്നു. പെരുമ്പാവൂരില്‍ നാരായണപിള്ളയുടെ ‘അരുണാ’ ഹോട്ടലില്‍ കാലടിയില്‍ കുഞ്ഞാലിയുടെ ടീ ഷോപ്പില്‍, ഭരതന്റെ വീട്ടില്‍, ചൊവ്വരയില്‍ മേത്തര്‍ കുടുംബത്തിലെ ചെറുപ്പക്കാരായ അനുഭാവികളുടെ ഭവനങ്ങളില്‍ അങ്ങനെ പലേടത്തും. പെരുമ്പാവൂരിലെ പ്രശസ്തമായ ‘മൂക്കണഞ്ചേരി’ കുടുംബത്തില്‍ നിന്നും പണവും പെട്രോളും വരെ മലയാറ്റൂരിന് ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് കിട്ടി.

മലയാറ്റൂർ രാമകൃഷ്ണൻ എന്ന കെ.വി. രാമകൃഷ്ണ അയ്യർ

മലയാറ്റൂരിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചത് പി. ജി. യാണ്. (1954ന് മുമ്പ് നടന്ന പെരുമ്പാവൂര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പി ജി യും ചീ. ഇ. ഏജന്റ് മലയാറ്റൂരായിരുന്നു.) ഇലക്ഷന്‍ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചത് പി ജി യും എ.പി കുര്യനുമായിരുന്നു. പ്രവര്‍ത്തനം ഒട്ടും മോശമായിരുന്നില്ല. പണം കുറവായിരുന്നെങ്കിലും കാര്യങ്ങള്‍ ഉഷാറായിത്തന്നെ മുന്നോട്ടുപോയി. ഒരു കുഴപ്പം മാത്രമുണ്ടായിരുന്നു – ഇത് പി ജി മത്സരിച്ച മുന്‍ പെരുമ്പാവൂര്‍ നിയോജകമണ്ഡലമാ യിരുന്നില്ല. പുതുതായുണ്ടായ നിയോജക മണ്ഡല പുനഃസംഘടനയില്‍ നിയോജകമണ്ഡലത്തിന്റ ഭൂമിശാസ്ത്രം ആകെ മാറ്റിമറിഞ്ഞിരുന്നു.

കോടനാടും കൂവപ്പടിയും ചേരാനല്ലൂരും മറ്റും വേറെ നിയോജക മണ്ഡലമായി ! പകരം വന്നിരിക്കുന്നത് കാലടി, മഞ്ഞപ്ര, മാണിക്യമംഗലം, ചൊവ്വര തുടങ്ങിയ പഞ്ചായത്തുകള്‍. ഈ പുതിയ പ്രദേശങ്ങളില്‍ പാര്‍ട്ടിക്കും, പി.ജി ക്കും മലയാറ്റൂരിനും വലിയ വേരോട്ടം അന്നില്ലായിരുന്നു. അവിടെയെല്ലാം അഭിമന്യുവിനെപ്പോലെ ഒറ്റക്ക് പ്രചരണം നടത്തി യുദ്ധം ചെയ്തത് എ പി. കുര്യനായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ഒട്ടും ‘മാന്യത’ കല്പിക്കപ്പെടാത്ത കാലമായിരുന്നു അത്. മഞ്ഞപ്രയും മാണിക്യമംഗലവും അന്ന് തീര്‍ത്തും കമ്യൂണിസ്റ്റു വിരുദ്ധരായിരുന്ന കത്തോലിക്കരുടെ ശക്തികേന്ദ്രങ്ങളായിരുന്നു.

പി. ഗോവിന്ദ പിള്ള

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബാലികേറാ മലയായ മഞ്ഞപ്രയില്‍ പി. ജി. യും കുഞ്ഞാലിയും ഭരതനും ഇടപ്പള്ളി ശിവനും അരുണാ നാരായണപിള്ളയും പി. കെ. ഇബ്രാഹിംകുട്ടിയും സ്ഥാനാര്‍ത്ഥിയായ മലയാറ്റൂരും ചെന്നുപറ്റിയത് ശ്രീധരന്‍ ഇളയിടം നല്‍കിയ പഴയ കാറില്‍. കാര്‍ നിറുത്തിയശേഷം ഒട്ടൊരു വഴി നടക്കണം -ഇടവഴിയിലൂടെ വേണം യോഗസ്ഥലമായ വെളിമ്പറമ്പിലെത്താന്‍. കാറിന്റെ ‘ഡിക്കി’യില്‍ നിന്നും ചീഫ് ഇലക്ഷന്‍ ഏജന്റും സ്ഥാനാര്‍ഥിയും സഹായികളും മൈക്ക് സെററിന്റെ വിവിധ ഭാഗങ്ങളും ബാറ്ററിയും പുറത്തെടുക്കുന്നു. യോഗസ്ഥലത്തോട്ട് നടക്കുന്നു.

പി. ജി ഒരു കൈയില്‍ മൈക്കിന്റെ തണ്ടും മറുകൈയില്‍ ചൊങ്കൊടിയും പിടിച്ചിരുന്നു. സ്ഥാനാര്‍ത്ഥി മലയാറ്റൂര്‍ രാമകൃഷ്ണനും പ്രവര്‍ത്തകരും പിന്നില്‍ നടക്കുന്നു. അപ്പോള്‍ വരുന്നു ദാ, വഴിക്കരികിലുള്ള ചാരായഷാപ്പില്‍നിന്നും കല്ലേറ്. തുടര്‍ന്ന് ചാണകമേറ്. എറ് മുര്‍ച്ഛിച്ചപ്പോള്‍ യോഗം നടത്താനാകാതെ ഞങ്ങള്‍ പിന്തിരിഞ്ഞു, വോട്ടില്ലെങ്കില്‍ വേണ്ട, കല്ലേറ് വേണ്ടേ, വേണ്ട. സ്ഥാനാര്‍ത്ഥിയും സംഘവും ഓടി രക്ഷപ്പെട്ടു. കാറിലേക്കുള്ള സംഘത്തിന്റെ മടക്കയാത്ര യഥാര്‍ത്ഥത്തില്‍ ഒരു ഓട്ടമായിരുന്നു. കാര്‍ സ്‌ററാര്‍ട്ടാകുന്നില്ല അതിന്റെ പെട്രോള്‍ ടാങ്കില്‍ കമ്യൂണിസ്റ്റ് വിരുദ്ധഗുണ്ടകള്‍ ഉപ്പ് നിക്ഷേപിച്ചിരുന്നു.

നാമനിദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസത്തിനു നാലുനാള്‍ മുമ്പ് ഒരു പോലീസുദ്യോഗസ്ഥന്‍ മലയാറ്റൂരിനെ കാണാന്‍ വന്നു- ഒരു എസ് പി. പി. രാമകൃഷ്ണയ്യര്‍. അയാള്‍ പറഞ്ഞു: ”മുന്‍സിപ്പല്‍ കമ്മീഷണര്‍മാരുടെ സെലക്ഷന്‍ ലിസ്റ്റ് തയ്യാറായിക്കഴിഞ്ഞു. ഒന്നാം റാങ്ക് നിങ്ങള്‍ക്കാണ്. പക്ഷേ, നോമിനേഷന്‍ പേപ്പര്‍ പിന്‍വലിച്ചാലേ നിയമനം കിട്ടു അതുകൊണ്ടു…’
മലയാറ്റൂര്‍ രാമകൃഷ്ണന്‍ പൊട്ടിത്തെറിച്ചു. ഞാന്‍ പറഞ്ഞു: ”മിസ്റ്റര്‍ ഉറുമിസിനോട് പിന്‍വാങ്ങാന്‍ പറയൂ. ഞാന്‍ അദ്ദേഹത്തെ റിസര്‍വ് ബാങ്ക് ഗവണ്ണറാക്കാം.”

വോട്ടെണ്ണല്‍ നടന്നത് ആലുവാ കൊട്ടാരത്തില്‍ വച്ചാണ്. മഞ്ഞപ്ര, മാണിക്യമംഗലം മണ്ഡലങ്ങള്‍ എണ്ണുന്നതുവരെ ആനപ്പെട്ടിക്കാരനായ മലയാറ്റൂരിനായിരുന്നു ലീഡ്. ആ പെട്ടികള്‍ തുറന്നെണ്ണിയപ്പോള്‍ ഉറുമീസ് മുന്നിലായി. കമ്യൂണിസ്റ്റ് സ്വതന്ത്രന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ സുന്ദരമായി തോറ്റു . മലയാറ്റൂരിനേക്കാള്‍ ആയിരത്തി ഇരുന്നൂറോളം വോട്ട് നേടി കെ.പി. ഉറുമീസ് വിജയിച്ചു.

ആനപ്പെട്ടിക്കും സൈക്കിൾ പ്പെട്ടിക്കും വോട്ട് ചെയ്യുക പഴയ കാല തെരഞ്ഞെടുപ്പ് പോസ്റ്റർ

അസംബ്ലി തെരഞ്ഞെടുപ്പില്‍ ജയിച്ച പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യമുന്നണിയാണു ജയിച്ചത്. താണുപിള്ളസാര്‍ ജയിച്ചു. ഐക്യമുണി ജയിച്ചു.

ഈ ഘട്ടത്തില്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍മാരുടെ നിയമനം നടന്നു. രണ്ടു തൊട്ട് ഏഴു വരെ റാങ്ക് നേടിയ അപേക്ഷകര്‍ ജോലി നേടി. ഒന്നാം റാങ്കുകാരനായ കെ.വി. രാമകൃഷ്ണ അയ്യര്‍ എന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍ ആ ലിസ്റ്റില്‍ നിന്ന് ഔട്ട്!

കേരള കൗമുദി ദിനപത്രത്തിന്റെ പത്രാധിപര്‍ ശ്രീ കെ. സുകുമാരന്‍ ഈ അനീതിക്കെതിരെ പ്രതിഷേധിച്ചു. കേരള കൗമുദി ലേഖകര്‍ താണുപിള്ളസാറിനോടു ചോദിച്ചു തുടങ്ങി ‘മലയാറ്റൂര്‍ രാമകൃഷ്ണന്റെ നിയമനക്കാര്യമെന്തായി? മുഖ്യ മന്ത്രിയായ പട്ടം താണുപിള്ള പൊട്ടിത്തെറിച്ചു. അപ്പോഴാണ് പട്ടത്തിന്റെ പ്രശസ്തമായ ഡയലോഗ് പിറന്നത്.

പട്ടം താണു പിള്ള

‘മലയാറ്റൂര്‍ രാമകൃഷ്ണനല്ല. വൈകുണ്ഠം പരമേശ്വരനായാലും കമ്യൂണിസ്റ്റ്കാരെ സര്‍ക്കാര്‍ സവീസില്‍ കടത്തിവിടാന്‍ ഉദ്ദേശമില്ല’

Content Summary: Political biography of Malayattoor Ramakrishnan: the 1954 Perumbavoor assembly election

Leave a Reply

Your email address will not be published. Required fields are marked *

×