June 04, 2026 |

കാര്‍ട്ടൂണിസ്റ്റ് മന്ത്രിയോട് നീതികേട് ചെയ്തത് ആര്?; എന്താണ് ശരി? മുനീര്‍ പറഞ്ഞതോ? മലയാറ്റൂര്‍ എഴുതിയതോ?

ഒരുപക്ഷേ, മന്ത്രിയായ സി എച്ചിനെ പ്രീണിപ്പിക്കാന്‍ ഏതോ ഉദ്യോഗസ്ഥന്‍ നടത്തിയ ഇടപാട് ആകാം

കാര്‍ട്ടൂണിസ്റ്റ് പി.കെ.മന്ത്രിയെ ജോലിയില്‍ നിന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ ആയിരുന്നു അതിനു പിന്നില്‍ എന്നായിരുന്നു ഇതുവരെ കേരളം വിശ്വസിച്ചത്. എന്നാല്‍ ആ ചരിത്രം മാറ്റിവരയ്ക്കുകയാണ് സിഎച്ചിന്റെ മകനും മുന്‍ മന്ത്രിയുമായ ഡോ. എം.കെ.മുനീര്‍ എംഎല്‍എ. എന്നാല്‍ ആ മാറ്റി വരയില്‍ വിട്ടുപോയ ചില വസ്തുതകള്‍ ഉണ്ട്. ഇതെല്ലാം സത്യമാണെങ്കില്‍ പറയാന്‍ ബാക്കി വെച്ച ഒരു ചോദ്യമുണ്ട്. എങ്കില്‍ പിന്നെ ആരാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടെ ജോലികളയാന്‍ ശ്രമിച്ചത്? ആരാണ് മന്ത്രിയെ വേട്ടയാടിയത്?

ചരിത്രങ്ങള്‍ക്ക് തിരുത്ത് ആവശ്യമാണ്, ഒരു സംഭവത്തിന്റെ വസ്തുതകള്‍ ശരിയായി മനസിലാക്കി വരുമ്പോള്‍ കാലമേറെ കഴിഞ്ഞിരിക്കും. പക്ഷേ, തിരുത്തുമ്പോള്‍ വ്യക്തമായ രേഖകള്‍ അപ്പോഴും വേണം. പ്രത്യേകിച്ചും അത് വിവാദ വിഷയമായാല്‍. ശിക്ഷിക്കപ്പെട്ടവനും ശിക്ഷിച്ചവരുമൊക്കെ കാലയവനികയില്‍ മറഞ്ഞായിരിക്കും പലപ്പോഴും തിരുത്തല്‍ വാദം നടക്കുക. അത്തരത്തിലൊരു പുതിയ തിരുത്തല്‍ വാദമാണ് മുന്‍ മന്ത്രിയായ ഡോക്ടര്‍ എം.കെ. മുനീര്‍ നടത്തിയിരിക്കുന്നത്.

കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രി

തന്റെ പിതാവും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ വിദ്യാദ്യാസ മന്ത്രിയുമായ സി.എച്ച്. മുഹമ്മദ് കോയയുടെ വിവാദമായ കാര്‍ട്ടൂണ്‍ വരച്ച പി.കെ. മന്ത്രിയെ പിരിച്ച് വിട്ടു എന്ന സംഭവത്തില്‍ തന്റെ പിതാവ് സി.എച്ച് നിരപരാധിയായിരുന്നു എന്ന് പറയുന്നു.

ഡോ. മുനീറിന്റെ വാക്കുകള്‍- ഇങ്ങനെ -”തനിനിറം പ്രത്രത്തില്‍ അക്കാലത്ത് പി കെ മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ സ്ഥിരം ഉണ്ടാകും. പലപ്പോഴും ബാപ്പയെ വിമര്‍ശിച്ചു കാര്‍ട്ടൂണുകള്‍ വരും. മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനാല്‍ വിദ്യാഭ്യാസവകുപ്പ് വിശദീകരണം ചോദിച്ചിട്ടും തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാലാകും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്.

വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിനു ജോലി നഷ്ടമായി എന്ന വാര്‍ത്ത വന്നപ്പോഴാണ് ബാപ്പ ഇക്കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു. തന്നോട് ചോദിക്കാതെ എന്തിന് നടപടിയെടുത്തു എന്നും ഉടന്‍ തന്നെ മന്ത്രിയെ തിരികെയെടുക്കണമെന്നും നിര്‍ദേശം നല്‍കുന്നതു കേട്ടു.” ഇതാണ് ഡി.എച്ചിന്റെ മകനായ മുനീറിന്റെ തിരുത്തല്‍ വാദത്തിന്റെ പ്രസക്ത ഭാഗം. പിന്നീട് പി.കെ. മന്ത്രി അന്ന് ക്ലിഫ് ഹൗസില്‍ താമസിച്ചിരുന്ന സി. എച്ചിനെ കാണാന്‍ വരികയും അവര്‍ സൗഹാര്‍ദത്തില്‍ പിരിഞ്ഞതും മുനീര്‍ പറയുന്നുണ്ട്. (‘മന്ത്രിയും മന്ത്രിയും തമ്മില്‍’, മലയാള മനോരമ’ ഫെബ്രുവരി 15, 2026, ഞായറാഴ്ച) എന്നാല്‍ അദ്ദേഹം ഓര്‍ക്കാത്തതോ, നല്ലൊരു വായനക്കാരനായ ഡോ.. മുനീര്‍ വിട്ട്‌പോയതോ ആയ ചില കാര്യങ്ങളില്‍ നിന്ന് വേണം തുടങ്ങാന്‍.

മലയാള മനോരമ ഞായറാഴ്ച വന്ന ലേഖനം

‘കാര്‍ട്ടൂണ്‍ വരച്ചതിനു കേരളത്തില്‍ ജോലി നഷ്ടമായ ആദ്യ കാര്‍ട്ടൂണിസ്റ്റാവും ഒരുപക്ഷേ, പി.കെ – മന്ത്രി’ എന്ന ഈ ലേഖനത്തിലെ തുടക്കത്തിലെ വാചകം തന്നെ ആദ്യം തിരുത്തണം. കാരണം പി. കെ. മന്ത്രിയെ അദ്ധ്യാപക ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുക മാത്രമായിരുന്നു വകുപ്പ് ചെയ്തത്. അല്ലാതെ ജോലി കളയലല്ല.

ആരാണ് പി.കെ. മന്ത്രി ? ഈ കാര്‍ട്ടൂണ്‍ സംഭവം എന്താണ് ? അതറിയാന്‍ കുറച്ച് പിന്നോട്ട് പോകണം

ഇപ്പോള്‍ കേരളത്തില്‍ ‘രക്തരക്ഷസ്’ എന്ന പ്രശസ്തമായ നാടകം അവതരിപ്പിക്കുന്ന കലാനിലയം സ്ഥിരം നാടകവേദിയുടെ സ്ഥാപക ഉടമയായ തിരുവനന്തപുരത്തെ പാങ്ങോട്കാരന്‍ കൃഷ്ണന്‍ നായര്‍ എന്ന കലാനിലയം കൃഷ്ണന്‍ നായര്‍ ആറ് പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച മലയാള ദിനപത്രമാണ് ‘തനിനിറം’. 1965 ജൂണ്‍ 1 ന് കൃഷ്ണന്‍ നായര്‍ എഡിറ്ററായി തനിനിറം ദിനപത്രമായി തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. കെ.വി.എസ്. ഇളയത്, (പിന്നീട് കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരണമായ നാന, കേരള ശബ്ദം എഡിറ്റര്‍) ചേരി വിശ്വനാഥ്, കെ.ടി. സഖറിയ തുടങ്ങിയവരായിരുന്നു പത്രാധിപ സമിതിയിലെ പ്രമുഖര്‍.
സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പേരെടുത്ത തനിനിറം കോളിളക്കം സൃഷ്ടിച്ച മറിയക്കുട്ടി കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്തത് അന്ന് ഏറെ ജനശ്രദ്ധയാകര്‍ഷിച്ചതാണ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ടി.സി. രാഘവന്‍ വയസ്സ് തിരുത്തിയ വാര്‍ത്ത കൊടുത്ത ഏക പത്രം തനിനിറമായിരുന്നു. നിയമസഭാ സ്പീക്കര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് കേരള നിയമസഭ നോട്ടീസ് നല്‍കി വിളിച്ചുവരുത്തി ശാസിച്ച കേരളത്തിലെ ഏക ദിനപത്ര എഡിറ്ററാണ് തനിനിറം ഉടമ കലാനിലയം കൃഷ്ണന്‍ നായര്‍. അങ്ങനെ ചില വീരചരിത്രങ്ങളുള്ള ദിനപത്രമാണ് തനിനിറം. 1980 ല്‍ കലാനിലയം കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 1982 ല്‍ തനിനിറം പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പിന്നീട് മറ്റൊരാളുടെ ഉടമസ്ഥതയില്‍ തനിനിറം പ്രതൃക്ഷപ്പെട്ടു.

തനിനിറം ദിനപത്രത്തിൻ്റെ സ്ഥാപക ഉടമ എഡിറ്ററായ കലാനിലയം കൃഷ്ണൻ നായർ

പന്തളം ഗവണ്മെന്റ് ഹൈസ്‌കൂളിലെ ചിത്രരചനാ അദ്ധ്യാപകനായിരുന്ന പി. കെ. മന്ത്രി കുമാരന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് മന്ത്രി 1967 മുതലാണ് തനിനിറം പത്രത്തില്‍ കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങുന്നത്. ദേശാഭിമാനി, മാതൃഭൂമി, ജനയുഗം, മലയാളനാട്, അസാധു. നര്‍മ്മദ, മലയാളരാജ്യം, മനോരാജ്യം തുടങ്ങിയ ഒട്ടനവധി പ്രസിദ്ധീകരണങ്ങളില്‍ മന്ത്രി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ടെങ്കിലും തനിനിറത്തിലെ കാര്‍ട്ടൂണിസ്റ്റ് മന്ത്രി എന്നാണ് പലരും വിശേഷിപ്പിച്ചിരുന്നത്. മന്ത്രി വരച്ചിരുന്ന പാച്ചുവും കോവാലനും എന്ന കാര്‍ട്ടൂണ്‍ സ്ട്രിപ്പ്, അക്കാലത്ത് ടോംസിന്റെ ബോബനും മോളി പോലെ വന്‍ ജനപ്രീതി നേടിയിരുന്നു.

ഭരണത്തേയും ഭരണാധിപന്മാരേയും മാത്രമല്ല ഏതു ഉന്നതന്റേയും പ്രവര്‍ത്തനങ്ങളിലെ ന്യൂനതകളെ മുഖം നോക്കാതെ വിമര്‍ശിക്കുന്ന
തനിനിറം പത്രത്തെപ്പോലെതന്നെ, അതില്‍ പ്രസിദ്ധീകരിച്ച മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ ശക്തമായ വിമര്‍ശിക്കലിന്റേയും പരിഹസിക്കലിന്റേയും വേദിയായി മാറി. അത് രാഷ്ട്രീയ സാമൂഹ്യതലത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെയിരിക്കെ സി. അച്യുതമേനോന്‍ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദുകോയ ഗവണ്മെന്റ സ്‌കൂളുകളില്‍ അറബി ഭാഷ പഠിപ്പിക്കുവാനായി അദ്ധ്യാപകരെ നിയമിച്ചു.

സി.എച്ച്. മുഹമ്മദ് കോയ

കേരള നിയമസഭയില്‍ ഒരംഗം പറഞ്ഞ, കേവലം ഒരു തമാശയാണ് ആ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. 1970 മാര്‍ച്ച് മാസത്തിലെ നിയമസഭാ സമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പിനുവേണ്ടിയുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ചാവേളയില്‍ ആറന്മുള എം.എല്‍.എ. ആയിരുന്ന പി.എന്‍. ചന്ദ്രസേനന്‍ ഒരു തമാശയെന്നോണം ‘കവലകളിലും മറ്റും കുട നന്നാക്കാന്‍ ആളെ കിട്ടുന്നില്ല സാര്‍, അന്വേഷിച്ചപ്പോള്‍ അവരെല്ലാം അറബി മുന്‍ഷിമാരായി നിയമിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്’ എന്നു പറഞ്ഞു. അത് കേട്ടപാടെ സഭാതലമാകെ പൊട്ടിച്ചിരികൊണ്ടു നിറഞ്ഞു. ചര്‍ച്ച കഴിഞ്ഞ് നിയമസഭ പിരിയുകയും ചെയ്തു.

വളരെ പ്രാധാന്യത്തോടെ അത് കലാനിലയം കൃഷ്ണന്‍ നായര്‍ തനിനിറത്തില്‍ വാര്‍ത്തയാക്കി. മാത്രമല്ല മന്ത്രിയായ സി.എച്ച്. മുഹമ്മദുകോയ ഉള്‍പ്പെടെയുള്ളവരെ പരിഹസിച്ചുകൊണ്ട് പി.കെ. മന്ത്രിയുടെ കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചു. ആ വാര്‍ത്തയും കാര്‍ട്ടൂണുകളും കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടു.

1970 ജൂണില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക സംഘടനകള്‍ അവകാശങ്ങള്‍ ഉന്നയിച്ച് സംസ്ഥാന തലത്തില്‍ പണി മുടക്കാരംഭിച്ചു. അക്കാലത്ത് ‘തനിനിറം’ ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് മന്ത്രി സി.എച്ച് നെ വ്യക്തിപരമായി ആക്രമിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. വിദ്യാഭ്യാസ വകുപ്പില്‍ സി.എച്ച്. വരുത്തിയ പരിഷ്‌കാരങ്ങള്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ പി.കെ. മന്ത്രിയെക്കൂടി ബാധിച്ചതായിരുന്നു കാര്‍ട്ടൂണുകള്‍ക്ക് പിന്നിലെ പ്രേരകശക്തി.

പി.കെ. മന്ത്രി തനിനിറത്തിൽ വരച്ച ഒരു വിവാദ കാർട്ടൂൺ

ഈ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പോലീസിനെ നിയോഗിച്ചു. ഇത് വിഷയമാക്കി മന്ത്രി ഒരു കാര്‍ട്ടൂണ്‍ വരച്ചു. വളരെ വിവാദമായ ഈ കാര്‍ട്ടൂണ്‍ കേരളമൊട്ടാകെയുള്ള സ്‌കൂള്‍ ചുമരുകളില്‍ പോസ്റ്ററായി പ്രതൃക്ഷപ്പെട്ടു. നാട്ടില്‍ കുട നന്നാക്കുന്നവരെയെല്ലാം സി.എച്ച് മുഹമ്മദ് കോയ അറബി അദ്ധ്യാപകരാക്കിയെന്ന ആരോപണം ഉയര്‍ന്ന സമയമായിരുന്നു. ‘കുട നന്നാക്കാനാളില്ല, കുപ്പീം പാട്ടേം തകരവും വാങ്ങാനാളില്ല’ എന്ന് സി. എച്ചിനെ പരിഹസിച്ച് മുദ്രാവാക്യം ഉയര്‍ന്ന കാലം. ഇതിനെ വിഷയമാക്കിയും മന്ത്രി കാര്‍ട്ടൂണ്‍ വരച്ചു.

അതിന്റെ ഫലമായി സര്‍ക്കാര്‍ തനിനിറം പത്രത്തിനെതിരെ കേസ് എടുത്തു. കാര്‍ട്ടൂണ്‍ വരച്ച മന്ത്രിയെ അദ്ധ്യാപക സര്‍വ്വീസില്‍നിന്നും സസ്‌പെന്റും ചെയ്തു. സര്‍ക്കാര്‍ വേതനം പറ്റുന്ന പി.കെ. മന്ത്രിയെന്ന അദ്ധ്യാപകന്‍ പുറത്ത് പ്രസിദ്ധീകരണങ്ങളില്‍ വരച്ച് പ്രതിഫലം പറ്റുന്നു. അത് ചട്ടങ്ങള്‍ക്കെതിരാണെന്ന് കാണിച്ച് മന്ത്രിയെ സര്‍വീസില്‍ നിന്ന് അധികാരികള്‍ സസ്പെന്റ് ചെയ്തു. പിന്നീട് അത് വിജിലന്‍സ് കേസായി മാറിയതോടെ മന്ത്രിയുടെ ജോലി തെറിക്കുമെന്ന് ഉറപ്പായി.

തനിനിറം ദിനപത്രം

വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ ആഭ്യന്തര മന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയ എങ്ങനെയുള്ള വ്യക്തിയായിരുന്നു? അതുകൂടി അറിയണം.
കേരള രാഷ്ട്രീയ രംഗത്ത് മുതിര്‍ന്ന നേതാവായ പട്ടം താണുപിള്ളയേപ്പോലെ സംഹാരരുദ്രനോ, ഇ.എം.എസ്സിനെ പോലെ ഗൗരവക്കാരനോ അല്ല, സി.എച്ച് മുഹമ്മദ് കോയ. മാത്രമല്ല നല്ല നര്‍മ്മബോധക്കാരനുമായിരുന്നു. ചിരിക്കഥകളുടെ ഉസ്താദായ സി.എച്ച് തന്റെ പാര്‍ട്ടിയിലെ മന്ത്രിമാരെ പോലും പരിഹസിക്കാതെ വെറുതെ വിട്ടിരുന്നില്ല…

അവുക്കാദര്‍കുട്ടി നഹ മന്ത്രിയായ കാലം. അക്കാലത്ത് മന്ത്രിമന്ദിരങ്ങളില്‍ മന്ത്രിയുടെ പേരെഴുതി, ‘ഇന്‍/ഔട്ട്’ ബോര്‍ഡ് വയ്ക്കാറുണ്ട്. നഹയുടെ വീടിനു മുന്നില്‍ കണ്ട ബോര്‍ഡ് വായിച്ചശേഷം നഹയോട് സി.എച്ച്. പറഞ്ഞു:
‘നിങ്ങള്‍ക്ക് ഇന്‍ ഔട്ട് ബോര്‍ഡിന്റെ ആവശ്യമെന്ത്? ‘നഹ’ എന്നും ‘നഹി’ എന്ന് എഴുതിയാല്‍ പോരേ?’

താന്‍ പണ്ട് എഡിറ്ററായിരുന്ന ചന്ദ്രിക ദിനപത്രത്തില്‍ ഒരു വാര്‍ത്തയില്‍ ‘ബലാത്സംഘം’ എന്ന് അച്ചടിച്ചത് വായിച്ച സി.എച്ച്. അന്നത്തെ പത്രത്തിന്റെ ചുമതലക്കാരനായ വി.സി. അബൂബക്കറിന് സഹതപിച്ച് ഒരു കത്തെഴുതി ”നമ്മുടെ കുട്ടികള്‍ക്ക് ബലാത്സംഗം ചെയ്യാനെന്നല്ല, എഴുതാന്‍ പോലുമറിയില്ലല്ലോ?’
ഒരു മുന്‍പത്രലേഖകനായ സിഎച്ച് മന്ത്രിയായപ്പോള്‍ പത്രക്കാരേയും വെറുതെ വിട്ടിരുന്നില്ല.

ഒരു പത്രസമ്മേളനത്തില്‍ സി.എച്ചിനോട് ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യം: ‘സാറ് ഇന്ന് ഷേവ് ചെയ്തത് ശരിയായിട്ടില്ലല്ലോ?’
സി.എച്ചിന്റെ മറുപടി ‘ഷേവ് ചെയ്തു തരുന്നവരെല്ലാം പത്രക്കാരായി പോയതിനാല്‍ കിട്ടിയ ഒരാളെക്കൊണ്ടു ഷേവ് ചെയ്ത് ഇങ്ങോട്ടു വന്നതാണ്.’
സി.എച്ച്. മുഹമ്മദ് കോയയോട് ഒരിക്കല്‍ ചോദിച്ചു. ‘കേരളം കണ്ട മികച്ച മുഖ്യമന്ത്രി?: സി. അച്യുത മേനോന്‍ എന്താണദ്ദേഹത്തിന്റെ യോഗ്യത?’: ‘കൂട്ടു മന്ത്രിസഭയെ എങ്ങനെ നയിക്കണമെന്ന് അദ്ദേഹത്തിനറിയാം’
‘അപ്പോള്‍ ഇ.എം.എസ്സോ?’ ‘കൂട്ടു മന്ത്രിസഭയെ എങ്ങനെ പൊളിക്കണമെന്ന് അദ്ദേഹത്തിനറിയാം’

ഒരിക്കലും തമാശ പറയാത്ത രണ്ട് സമുന്നത നേതാക്കളാണ് ഇ. എം.എസ്സും, അച്യുത മേനോനും. അവരെ കുറിച്ച് നര്‍മം പറയാന്‍ ഒരു സി. എച്ചിനേ കഴിയൂ. ജീവിതത്തിലും രാഷ്ട്രീയത്തിലും നര്‍മം കാത്തുസൂക്ഷിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. ലാളിത്യം കൊണ്ടും നര്‍മ്മബോധം കൊണ്ടും ജനങ്ങള്‍ ഇഷ്ടപ്പെട്ട രാഷ്ട്രീയത്തില്‍ അപൂര്‍വമായ ഒരു ജനുസ്സായിരുന്നു സി.എച്ച്.

ഇത്തരം നര്‍മ്മബോധമുള്ള ഒരാള്‍ക്ക്, തന്നെ പരിഹസിക്കുന്ന കാര്‍ട്ടുണിനോട് അതൃപ്തി തോന്നാന്‍ പാടില്ലാത്തതാണ്. പക്ഷേ, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ തനിക്കെതിരെ വരയിലൂടെ വന്നപ്പോള്‍ സി.എച്ച്. സാധാരണ മനുഷ്യനായി പ്രതികരിച്ചു. ഈ പി.കെ മന്ത്രി വിഷയത്തില്‍ അധികാരമായി എടുക്കാന്‍ കഴിയുന്ന ഒരേ ഒരു കാര്യം മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന കെ.വി. രാമകൃഷ്ണ അയ്യര്‍ ഐ.എ.എസ് അദ്ദേഹത്തിന്റെ സര്‍വീസ് സ്റ്റോറിയില്‍ എഴുതിയതാണ്.

കെ.വി. രാമകൃഷ്ണ അയ്യരെന്ന സാക്ഷാല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍, അദേഹം കെ.എസ്.ആര്‍.ടി.സിയില്‍ ജനറല്‍ മാനേജരായിയിരിക്കെ മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായരുമായി ഏറ്റുമുട്ടി അവിടെ നിന്ന്.

സി.എച്ച് നെ പരിഹസിക്കുന്ന പി.കെ. മന്ത്രി തനിനിറം ദിനപത്രത്തിൽ വരച്ച വിവാദ കാർട്ടൂൺ

നിഷ്‌കാസനം ചെയ്യപ്പെട്ട് ആഭ്യന്തര വകുപ്പില്‍ വിജിലന്‍സ് സെക്രട്ടറിയായി സി.എച്ചിന്റെ കീഴില്‍ എത്തിയതാണ്. അന്ന് സസ്പെന്‍ഷനിലായിരുന്ന പി.കെ. മന്ത്രിയുടെ ഫയല്‍ അവസാന ഘട്ടത്തിലായിരുന്നു. മന്ത്രിയെ പിരിച്ച് വിടണമെന്ന ശക്തമായ ശുപാര്‍ശ ഫയലില്‍ രൂപം കൊണ്ട് കഴിഞ്ഞിരുന്നു. വകുപ്പു മന്ത്രിയായ സി എച്ചില്‍ നിന്ന് ഒരു പ്രഭാത ഭക്ഷണ ക്ഷണം കിട്ടിയ മലയാറ്റൂര്‍ ക്ലിഫ്ഹൗസില്‍ സി.എച്ചിനോടൊത്ത് ഭക്ഷണം കഴിക്കവേ മലയാറ്റൂര്‍, മന്ത്രിയുടെ കാര്യം പറഞ്ഞു.

സി.എച്ച് നീരസത്തോടെ പറഞ്ഞു, ‘രാമകൃഷ്ണനെന്തിനാ അയാളുടെ വക്കാലത്ത് പിടിക്കുന്നത്.’
മലയാറ്റൂര്‍ നയത്തില്‍ പറഞ്ഞു ‘മിനിസ്റ്റര്‍ക്ക് വിരോധമില്ലെങ്കില്‍ ഫയലില്‍ ഇന്നോളമുള്ള നോട്ടിനെതിരായ് മന്ത്രിക്കനുകൂലമായി എഴുതാന്‍ പോകുന്നു. മിനിസ്റ്റര്‍ക്ക് വിരോധമില്ലെങ്കില്‍’

സി എച്ച് പറഞ്ഞു, ‘എന്റെ വിരോധവും സമ്മതവും സെക്രട്ടറി എന്തിന് നോക്കുന്നു?’
‘നോക്കിയേ പറ്റൂ, കാര്‍ട്ടൂണിസ്റ്റ് മന്ത്രിക്കാവശ്യമായ തീരുമാനമാണല്ലോ എനിക്കാവശ്യം’ മലയാറ്റൂര്‍ പറഞ്ഞു.

ഡോ. എം.കെ. മുനീർ

സി എച്ച് ചിരിച്ചു ‘കാര്‍ട്ടൂണിസ്റ്റ് സെക്രട്ടറിയുടെ വര്‍ഗ്ഗസ്നേഹം’. എനിക്ക് ആ മന്ത്രിയോട് പ്രത്യേക വൈരാഗ്യമൊന്നുമില്ല. അതോടെ മലയാറ്റൂര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട് മലയാറ്റൂര്‍ എഴുതിയ ഫയല്‍ നോട്ടാണ് മന്ത്രിയുടെ ജോലി നഷ്ടമാവാതെ രക്ഷപ്പെടുത്തിയത്. സസ്പെന്‍ഷന്‍ പിന്‍വലിച്ച് പി.കെ. മന്ത്രി സര്‍വീസില്‍ കയറിയത് സി.എച്ചിന്റെ മഹാമനസ്‌കത ഒന്നു കൊണ്ടായിരുന്നു. മന്ത്രിക്കെതിരായി ഉത്തരവുണ്ടാകുമെന്നോ, ഇല്ലെന്നോ സി. എച്ച് പറയുകയുണ്ടായില്ല. എങ്കിലും മന്ത്രിക്ക് അപകടമൊന്നും ഉണ്ടാവുകയില്ലെന്നും അപ്പോള്‍ത്തന്നെ എനിക്കു ബോധ്യമായി. ഒരു കാര്‍ട്ടൂണിസ്റ്റു കൂടിയായ മലയാറ്റൂര്‍ ഇങ്ങനെ എഴുതി:
‘ഞാന്‍ രണ്ടരപ്പുറം വരുന്ന ഒരു നോട്ടെഴുതി. കാര്‍ട്ടൂണ്‍ കലയെപ്പറ്റിയും, വിശ്രുതരായ കാര്‍ട്ടൂണിസ്റ്റുകളെപ്പാറിയും, അവരുടെ പരിഹാസത്തിന്റെ അമ്പേറ്റിട്ടും ചിരിക്കുക മാത്രം ചെയ്ത ലോകനേതാക്കളെപ്പറ്റിയും, നെഹ് റു-ശങ്കര്‍ ബന്ധത്തെപ്പററിയുമെല്ലാം ഞാനെഴുതിയെന്നാണോര്‍മ്മ. ഇവിടെ നടന്നതെന്താണ്? സക്കാര്‍ജീവനക്കാരനായ മന്ത്രി കുറെ കാര്‍ട്ടൂണുകള്‍ വരച്ചു രാഷ്ട്രീയ കാര്‍ട്ടൂണുകള്‍… ഹോം മിനിസ്റ്ററെ കളിയാക്കുന്നവയാണ് പലതും. ഒരു കാര്‍ട്ടൂണിസ്റ്റിനു അനുവദിക്കപ്പെട്ടിട്ടുള്ള ലൈസന്‍സിനപ്പുറമൊന്നും മന്ത്രി കടന്നിട്ടില്ല. തികച്ചും സാങ്കേതികമായ അത്ഥത്തില്‍ മന്ത്രി ഏതെങ്കിലും ഡിപ്പാര്‍ട്ടുമെന്റല്‍ ചട്ടം ലംഘിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെട്ടാല്‍പ്പോലും ഒരു ‘സെന്‍സറി’നപ്പുറമൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല അങ്ങനെ നീണ്ടുപോയി എന്റെ നോട്ട്’
ഈ ഫയലില്‍ അവസാനയുത്തരവുണ്ടാകുന്നതിന് മുമ്പ് -ഞാന്‍ റവന്യൂ സെക്രട്ടറിയായി ചാജെടുത്തു. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയെ ജോലിയില്‍ പ്രവേശിപ്പിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത് സി. എച്ച് ന്റെ സന്മനസ്സുകൊണ്ടാണെന്ന് സമ്മതിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ‘വര്‍ഷങ്ങള്‍ക്കുശേഷമാണ് മലയാളനാട് പത്രാധിപര്‍ ശ്രീ എസ്. കെ. നായര്‍ മന്ത്രിയെ എനിക്കു പരിചയപ്പെടുത്തി തന്നത്. ആകെ മുന്നു തവണയോ നാലു തവണയോ മാത്രമേ മന്ത്രിയെ കണ്ടിട്ടുള്ള. അദ്ദേഹം രോഗശയ്യയിലായപ്പോള്‍ കാണാന്‍ മോഹിച്ചെങ്കിലും എന്തുകൊണ്ടോ അത് നടന്നില്ല. മന്ത്രിയുടെ അകാലനിര്യാണം, നമ്മുടെ കാര്‍ട്ടൂണ്‍ കലാരംഗത്തിന് വലിയ നഷ്ടമാണുണ്ടാക്കിയത്. (1984 ഡിസംബര്‍ 6 ന് പി.കെ. മന്ത്രി അന്തരിച്ചു).

ഇതാണ് പി.കെ. മന്ത്രി സംഭവം. മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്തതില്‍ പിതാവായ സി.എച്ചിന് അറിവില്ല എന്ന് മകന്‍ മുനീര്‍ പറയുന്നു. എന്നാല്‍ മലയാറ്റൂര്‍ എഴുതുന്നത് പി.കെ മന്ത്രിയെ പുറത്താക്കാനുള്ള ശക്തമായ ശുപാര്‍ശ വരെ ഫയലില്‍ രൂപം കൊണ്ടിരുന്നു എന്നാണ്. വരികള്‍ക്കിടയിലൂടെയല്ല, വരികളില്‍ തന്നെ മലയാറ്റൂര്‍ എഴുതിയ മറ്റൊരു കാര്യമുണ്ട്. അത് ഇങ്ങനെ:

‘ഒന്നു നോക്കിയാല്‍ മന്ത്രിയുടെ കാര്‍ട്ടൂണ്‍ രചന വിജിലന്‍സ് കേസ് ആക്കേണ്ട കാര്യമേയുണ്ടായിരുന്നില്ല. നടപടി സ്വീകരിക്കണമെങ്കില്‍ത്തന്നെ ഡിപ്പാര്‍ട്ടുമെന്റല്‍ ചട്ടങ്ങളനുസരിച്ച് നീങ്ങുകയായിരുന്നു, സാധാരണഗതിയില്‍ വേണ്ടതും. സര്‍ക്കാര്‍ അദ്ധ്യാപകനായിരുന്നതിനാല്‍ (എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍) എഡ്യൂക്കേഷന്‍ റൂള്‍സ് ആണ് പ്രസക്തം. ആ റൂളുകള്‍ ഉദ്ധരിക്കപ്പെട്ടിരുന്നു. പക്ഷേ, ആ റൂളുകള്‍ കൈകാര്യം ചെയ്യാന്‍ അര്‍ഹതയും ബാദ്ധ്യതയുമുള്ള ഡിപ്പാര്‍ട്ടുമെന്റല്‍ മേധാ വികളെ മറികടന്നു സംഗതി വിജിലന്‍സില്‍ കടന്നുകൂടിയത് സി. എച്ചിന്റെ ഇംഗിതം മൂലമാകാം. അല്ലെങ്കില്‍ അദ്ദേഹത്തെ പ്രീതിപ്പെടുത്താനായി ആരോ നടത്തിയ പ്രയോഗമാകാം. ഒന്നെനിക്ക് പറയാന്‍ കഴിയും. മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ സി. എഫ്.-നെ കുറേയൊക്കെ ക്ഷുഭിതനാക്കിയിരുന്നു. ”അതായത് സി. എച്ച് ന് സംഭവം മുഴുവന്‍ അറിയാമായിരുന്നു എന്ന് ചുരുക്കം. അപ്പോള്‍ ഏതാണ് ശരി? ആര് പറഞ്ഞതാണ് ശരി. ഡോ. മുനീര്‍ പറഞ്ഞതോ? മലയാറ്റൂര്‍ എഴുതിയതോ?
ഒരുപക്ഷേ, മന്ത്രിയായ സി എച്ചിനെ പ്രീണിപ്പിക്കാന്‍ ഏതോ ഉദ്യോഗസ്ഥന്‍ നടത്തിയ ഇടപാട് ആകാം ഈ നടപടിക്ക് പിന്നില്‍. തന്റെ വകുപ്പില്‍ മതം അടിസ്ഥാനമായുള്ള വിവാദങ്ങളോ, തന്റെ വകുപ്പില്‍ അടിച്ചേല്‍പ്പിക്കുന്ന അത്തരം നയമോ ഉണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി. എച്ച്. മുഹമ്മദ് കോയ എങ്കിലും വ്യക്തിപരമായി തന്നെ ആക്ഷേപിക്കുന്ന, അശ്ലീല ചുവയുള്ള കാര്‍ട്ടൂണുകള്‍ മന്ത്രി വരച്ചത് തനിനിറത്തില്‍ പ്രതൃക്ഷപ്പെട്ടത് ഡി എച്ചിനെ ഒരുപരിധി വരെ ക്ഷുഭിതനാക്കിയിരിക്കാം.

പി.കെ. മന്ത്രിയുടെ ഏറ്റവും പ്രശസ്തമായ കാർട്ടുൺ ‘പാച്ചുവും കോവാലനും’

മലയാറ്റൂര്‍ എഴുതിയത് അനുസരിച്ച് മന്ത്രിക്കെതിരെ സര്‍വീസ് നടപടിയായി ഒരു ശാസന അഥവാ താക്കീതില്‍ ഒതുങ്ങേണ്ട കാര്യം പി.കെ. മന്ത്രിയുടെ സസ്‌പെന്‍ഷനിലും, തുടര്‍ന്ന് ജോലി കളയാനുള്ള ശക്തമായ പ്രേരകശക്തിക്കും കാരണക്കാരന്‍ ആരാണ്? സി.എച്ച് അല്ല അപ്പോള്‍ പിന്നെ ആര്?
രണ്ട് വര്‍ഷം മുന്‍പ് ഒരു യഥാര്‍ത്ഥ സംഭവത്തിനെ ആസ്പദമാക്കി എടുത്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന മെഗാഹിറ്റ് ചിത്രം പുറത്ത് വന്നപ്പോള്‍ യഥാര്‍ത്ഥ സംഭവത്തില്‍ മലയാളി യുവാക്കളോട് അപകടസമയത്ത് പോലും അപമര്യാദയായി പെരുമാറിയ തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസുമായി പടനയിച്ച് തമിഴ്‌നാട്ടിലെക്ക് കേരളത്തില്‍ നിന്ന് ചിലര്‍ പോയിരുന്നു. ഡോക്ടര്‍ മുനീറിന്റെ തിരുത്തല്‍ ശരിയാണെങ്കില്‍ ഒരു കാര്‍ട്ടൂണിസ്റ്റിനെ, കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ വേട്ടയാടിയ അന്നത്തെ വകുപ്പ് ഉദ്യോസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പി. കെ മന്ത്രിയുടെ കാര്‍ട്ടൂണ്‍ സമാഹാരം ഇറക്കുന്ന ഈ വേളയിലെങ്കിലും അത് പുറത്ത് വരണം. വൈകിയാണെങ്കിലും അത് പി.കെ മന്ത്രിയോടുള്ള നീതി പുലര്‍ത്തല്‍ ആകും.

”കാര്‍ട്ടൂണിസ്റ്റുകളെ കമോണ്‍, കമോണ്‍ കാര്‍ട്ടൂണ്‍ അക്കാദമി”

Content Summary: Who did injustice to the Cartoonist P.K. Manthri?

Leave a Reply

Your email address will not be published. Required fields are marked *

×