ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം, പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരുടെ ജീവനെടുത്ത ദുരന്തത്തിന് പിന്നാലെ അദ്ദേഹം നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കശ്മീരിനെ പാകിസ്ഥാന്റെ ‘കഴുത്തിലെ സിര’ എന്ന് വിശേഷിപ്പിച്ച് കൊണ്ട് അസിം മുനീര്‍ ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ (Two-nation theory) ആവര്‍ത്തിച്ചത് അക്രമങ്ങള്‍ക്ക് പ്രേരണയായെന്ന് വിലയിരുത്തപ്പെടുന്നു.
പാക് സൈനിക മേധാവി അസിം മുനീറിന്റെ വര്‍ഗീയവും തീവ്രവാദപരവുമായ പ്രസ്താവനകളെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പഹല്‍ഗാം ആക്രമണവുമായാണ് ബന്ധിപ്പിക്കുന്നത്. ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് ആക്രമണം ശക്തമാക്കാന്‍ അസിം മുനീറിന്റെ വാക്കുകള്‍ രഹസ്യ സൂചനയായി (Dog Whistle) വര്‍ത്തിച്ചുവെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
അസിം മുനീറിനെതിരെ പാക് സൈനിക ക്യാമ്പിനുള്ളില്‍ ഭിന്നത രൂക്ഷമായതിന്റെ സൂചനകള്‍ ശക്തമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനോ പുറത്താക്കാനോ സാധ്യതയുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ആഭ്യന്തര അസ്വാരസ്യങ്ങളുടെ ആക്കം കൂട്ടുന്നു.
ഇതിനിടയിലാണ് മുന്‍ പാക് സൈനിക ഉദ്യോഗസ്ഥനായ മേജര്‍ ആദില്‍ രാജയുടെ ഞെട്ടിക്കുന്ന ആരോപണം. മുനീറിന്റെ ലക്ഷ്യങ്ങളെ മുന്‍ സൈനിക ഭരണാധികാരി സിയാ-ഉള്‍-ഹഖിന്റെ അധികാരമോഹങ്ങളോട് താരതമ്യം ചെയ്ത രാജ, വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മുനീര്‍ തന്നെയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതെന്നും പരസ്യമായി ആരോപിച്ചു.

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം, ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും സൈനിക നടപടിയുണ്ടായാല്‍ അതിന് ‘കൃത്യവും വേഗത്തിലുള്ളതുമായ തിരിച്ചടി’ നല്‍കുമെന്ന അസിം മുനീറിന്റെ മുന്നറിയിപ്പ്, ഇരു ആണവശക്തികള്‍ക്കുമിടയിലെ സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിച്ചിരിക്കുകയാണ്.
1986 ല്‍ സൈനിക ജീവിതം ആരംഭിച്ച ആസിം മുനീര്‍ മംഗളയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ നിന്നാണ് ബിരുദം നേടിയത്. ബ്രിഗേഡിയറായി നോര്‍ത്തേണ്‍ ഏരിയസ് ഫോഴ്സിനെ നയിച്ച അദ്ദേഹം, പാകിസ്ഥാനിലെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സികളായ മിലിട്ടറി ഇന്റലിജന്‍സിന്റെയും (2016-2018) ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സിന്റെയും (2018-2019) തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇടപെടലിനെത്തുടര്‍ന്ന് ഐ.എസ്.ഐ. ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുനീറിനെ നീക്കം ചെയ്തിരുന്നു. തുടര്‍ന്ന്, പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാല കോര്‍പ്സ് കമാന്‍ഡറായി നിയമിതനായി. പിന്നീട് റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തിന്റെ ചുമതലക്കാരനായി. 2018 സെപ്റ്റംബറില്‍ ലഫ്റ്റനന്റ് ജനറലായ അദ്ദേഹം, ജനറല്‍ ഖമര്‍ ജാവേദ് ബാജ്വക്ക് ശേഷം ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ജനറലാണ്.
സൈനിക രംഗത്തെ മികവിന് മുനീര്‍ ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ കരസ്ഥമാക്കിയിട്ടുണ്ട്. അതുകൂടാതെ, പാകിസ്ഥാനില്‍ സിവിലിയന്‍മാര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ‘ഹിലാല്‍-ഇ-ഇംതിയാസ്’ 2018-ല്‍ അദ്ദേഹത്തെ തേടിയെത്തി.
നിലവിലെ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വയുടെ ആറ് വര്‍ഷത്തെ കാലാവധി 2022 നവംബര്‍ 29-ന് അവസാനിക്കുമ്പോള്‍, മുനീര്‍ രാജ്യത്തിന്റെ 17-ാമത് സൈനിക മേധാവിയായി ചുമതലയേല്‍ക്കാനിരിക്കുകയാണ്. എന്നാല്‍, പാകിസ്ഥാന്‍ സായുധ സേനയുടെ പരമോന്നത കമാന്‍ഡറായ പ്രസിഡന്റ് ആരിഫ് ആല്‍വിയുടെ അംഗീകാരം ഈ നിയമനത്തിന് അനിവാര്യമായിരുന്നു. ആല്‍വി, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ.) അംഗമാണ് എന്നതും ഈ നിയമനത്തെ രാഷ്ട്രീയമായി ശ്രദ്ധേയമാക്കി.
Content Summary: The warmongering Army Chief of Pakistan; who is Asim Munir?