ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹവും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതാണ്. കേരളത്തില്‍ മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് പരസ്യമായിരുന്നു. ആ പോരാകട്ടെ സുപ്രീംകോടതി വരെ എത്തിയ ചരിത്രവുമുണ്ട്.
എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന് പകരമായി, ഗോവക്കാരനായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ എത്തിയിട്ടും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കല്ലുകടിയില്‍ മാറ്റമില്ല. പരിസ്ഥിതി ദിനാഘോഷ പരിപാടിയിലെ ഭാരതാംബയുടേതെന്ന് ആര്‍എസ്എസ് പറയുന്ന ചിത്രം വച്ചതോടെയാണ് അസാധാരണമായ തര്‍ക്കങ്ങളിലേക്ക് വഴിമാറിയത്. കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടേതെന്ന് പറയപ്പെടുന്ന ചിത്രം നീക്കം ചെയ്യണമെന്ന സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ ആവശ്യത്തോട് രാജ്ഭവന്‍ മുഖംതിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് പരിപാടിയിലും കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന തരത്തിലുള്ള ചിത്രം വെച്ചതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആശംസകള്‍ അറിയിച്ച ശേഷം പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണറുടെ ചുമതലകള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുന്നതിനായി പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ 10-ാം ക്ലാസിലെ സെക്കന്റ് ടേം പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ 11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും സാധിക്കുന്ന ഭാഗങ്ങളില്‍ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
ആര്‍ക്കുവേണ്ടിയാണ് ഗവര്‍ണര്‍മാര്‍?
ലോകജനസംഖ്യയുടെ 40% അധിവസിക്കുന്ന ഫെഡറല്‍ ഭരണ സമ്പ്രദായമുള്ള 25-ഓളം രാജ്യങ്ങള്‍ ലോകത്തുണ്ട്. ഇവയില്‍ ചിലതെല്ലാം ഏറെ വലുതും സങ്കീര്‍ണവുമായ ജനാധിപത്യ വ്യവസ്ഥകളാണ്- ഇന്ത്യ, യു.എസ്, ബ്രസീല്‍, ജര്‍മ്മനി, മെക്സിക്കൊ. ശക്തമായ പ്രാദേശിക സര്‍ക്കാരുകളുടെ പിന്‍ബലത്തില്‍ വികസിത രാജ്യങ്ങളുടെ കൂട്ടത്തിലും ഫെഡറല്‍ സര്‍ക്കാരുകളുണ്ട്. യു എസ് പോലെ മിക്ക ഫെഡറല്‍ രാജ്യങ്ങളിലും ദേശീയ സര്‍ക്കാര്‍, പ്രാദേശിക സര്‍ക്കാരിനെ ഭരണഘടനാപരമായി മേല്‍നോട്ടം നടത്താന്‍ തങ്ങളുടെ പ്രതിനിധിയെ അയയ്ക്കുന്ന പതിവില്ല.
എന്നാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലും രാജാവ് തലപ്പത്തുള്ള മറ്റ് ചില രാജ്യങ്ങളിലും ഗവര്‍ണര്‍മാരെ നിയമിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നും, ബ്രിട്ടന്റെയും ഓസ്ട്രേലിയയും കാനഡയും അടക്കം 15 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടേയും പരമോന്നത അധികാരി ബ്രിട്ടീഷ് രാജാവ്/രാജ്ഞിയാണ്. ഈ രാജ്യങ്ങളിലേക്ക് അവരിപ്പോഴും ഗവര്‍ണര്‍മാരെ അയയ്ക്കുകയും ചെയ്യുന്നു.
ചരിത്രപരമായി നോക്കിയാല്‍ ഫെഡറല്‍ ഭരണസംവിധാനമുള്ള മിക്ക രാജ്യങ്ങളും- മുമ്പ് വ്യത്യസ്ത പ്രദേശങ്ങളായിരുന്നവ- അമേരിക്കയിലെ 13 കോളനികള്‍, 26 സ്വിസ് കാന്റന്‍സ് (സംസ്ഥാനങ്ങള്‍), അല്ലെങ്കില്‍ നമ്മുടെ 562 നാട്ടുരാജ്യങ്ങള്‍ ഒന്നിച്ചു ഫെഡറല്‍ സര്‍ക്കാര്‍ രൂപവത്കരിച്ചതാണ്. പുതിയ രാജ്യത്തിലെ കേന്ദ്ര സര്‍ക്കാരിന് കുറച്ച് അധികാരങ്ങള്‍ വിട്ടുകൊടുത്തപ്പോളും ബാക്കി അധികാരങ്ങള്‍ ഇവ കൈവശം വെച്ചു. സൈനിക, നയതന്ത്ര അധികാരങ്ങള്‍ കൈവശം വെക്കുമ്പോഴും ഇന്ത്യയെപ്പോലൊരു രാജ്യത്തെ ഒന്നിച്ചു നിര്‍ത്തുമ്പോഴും അടുത്തൂണ്‍ പറ്റിയ ഉദ്യോഗസ്ഥരെയും, രാഷ്ട്രീയക്കാരെയും സായാഹ്ന സുഖജീവിതത്തിന് സംസ്ഥാനങ്ങളിലേക്ക് അയക്കുക എന്നതല്ല ശരി.
വാസ്തവത്തില്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെല്ലാം അധികാരം വികേന്ദ്രീകരിച്ചു നല്കുകയും കൂടുതല്‍ ഫെഡറല്‍ ഭരണരീതികള്‍ അവലംബിക്കുകയും ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഏകതാനമായ (unitary) ഭരണസമ്പ്രദായമുള്ള രാജ്യങ്ങള്‍ പോലും സ്പെയിന്‍, ബെല്‍ജിയം, ദക്ഷിണാഫ്രിക്ക പ്രാദേശിക സര്‍ക്കാരുകളെ കൂടുതല്‍ ശക്തമാക്കുന്ന ഫെഡറല്‍ ഘടനയിലേക്ക് നീങ്ങുകയാണ്.
ഗവര്‍ണര്‍മാരും, പാവകളും, കേന്ദ്രസര്‍ക്കാരും
കേന്ദ്രത്തില്‍ ഭരണം മാറുമ്പോള്‍ രാജ്ഭവനുകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ വടംവലിയുണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. 1977-ല്‍, സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഒരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഗവര്‍ണര്‍മാരെ മാറ്റല്‍ ആരംഭിച്ചത്. അന്ന് അതത്ര എളുപ്പമായിരുന്നില്ല. താത്ക്കാലിക രാഷ്ട്രപതിയായിരുന്ന ബി ഡി ജട്ടി, മൊറാര്‍ജി ദേശായി സര്‍ക്കാരിന്റെ ശുപാര്‍ശ ഒപ്പുവെക്കാതെ മടക്കി. മന്ത്രിസഭ അതേ ശുപാര്‍ശ വീണ്ടും സമര്‍പ്പിച്ചു. അങ്ങനെവന്നാല്‍ ഭരണഘടനാപരമായി രാഷ്ട്രപതിക്ക് ഒപ്പുവെക്കാതെ നിവൃത്തിയില്ല. എന്നാല്‍ സംസ്ഥാന മന്ത്രിസഭ രണ്ടാമതും ഒരു ശുപാര്‍ശ അയച്ചാല്‍ ഗവര്‍ണര്‍ക്കത് അനന്തമായി വൈകിക്കാം.
1980 ഒക്ടോബറില്‍ അന്നത്തെ തമിഴ്നാട് ഗവര്‍ണര്‍ പ്രഭുദാസ് പട്വാരിയെ ഇന്ദിരാഗാന്ധി പുറത്താക്കി. ഒരു വര്‍ഷത്തിനുശേഷം രാജസ്ഥാന്‍ ഗവര്‍ണര്‍ രഘുലാല്‍ തിലകിനും ഇതേ ഗതി നേരിട്ടു. ഈ രണ്ടിലും പുറത്താക്കലിന് പ്രത്യേകിച്ച് ഒരു കാരണവും പറഞ്ഞില്ല. ഈ സമ്പ്രദായം പിന്നെ സൗകര്യപൂര്‍വ്വം തുടര്‍ന്നു.
ഗവര്‍ണര്‍മാരെ മാറ്റുന്നതിലും തങ്ങള്‍ക്ക് താത്പര്യമുള്ളവരെ ആക്കുന്നതിലും മോദി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മികമായ ഒരവകാശവുമില്ല. വാജ്പേയ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ 2004-ലെ യു പി എ സര്‍ക്കാര്‍ വന്നപ്പോള്‍ കൈയോടെ നീക്കം ചെയ്തിരുന്നു. അന്ന് ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന എല്‍ കെ അദ്വാനി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചത്, ഗവര്‍ണര്‍മാരെ മാറ്റുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുന്ന പ്രവണതയാണെന്നായിരുന്നു. മോദി അധികാരത്തില്‍ വന്നപ്പോള്‍ ബി.ജെ.പി ചെയ്യുന്നതും, അദ്വാനി പറഞ്ഞ പ്രകാരം ജനാധിപത്യത്തെ അപകടത്തിലാക്കുന്ന കാര്യങ്ങളാണ്.
ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍
എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ഗവര്‍ണര്‍ വേണമെന്ന് ഭരണഘടനയുടെ 153-ആം ആര്‍ട്ടിക്കിള്‍ അനുശാസിക്കുന്നു. ആര്‍ട്ടിക്കിള്‍ 154 പ്രകാരം സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ഭരണ നിര്‍വഹണ- അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. രാഷ്ട്രപതി നേരിട്ടു ഗവര്‍ണരെ നിയമിക്കുമെന്ന് ആര്‍ടിക്കിള്‍ 155 വ്യക്തമാക്കുന്നു. ഗവര്‍ണരുടെ ഭരണകാലാവധി അഞ്ചു വര്‍ഷമാണ്. രാഷ്ട്രപതിയുടെ ഇഷ്ടാനുസരണമാണ് ഗവര്‍ണര്‍ക്ക് അധികാരത്തില്‍ തുടരാനാവുക. ഇന്ത്യന്‍ പൗരനായിരിക്കണമെന്നും, 35 വയസ് പൂര്‍ത്തിയായിരിക്കണമെന്നുമാണ് ഗവര്‍ണറാകാനുള്ള മാനദണ്ഡം.
ആര്‍ട്ടിക്കിള്‍ 168 അനുസരിച്ച് സംസ്ഥാന നിയമനിര്‍മാണ വിഭാഗം ഗവര്‍ണറും നിയമസഭയും ഉള്‍പ്പെട്ടതാണ്. രണ്ടു സഭകളുള്ള സംസ്ഥാനങ്ങളില്‍ സ്വാഭാവികമായും ഉപരിസഭയും ഇതിന്റെ ഭാഗമാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു സഭ മാത്രമേ ഉള്ളൂ.
തടവുപുള്ളികള്‍ക്ക് മാപ്പനുവദിക്കുക, ശിക്ഷയില്‍ ഇളവ് നല്‍കുക എന്നീ അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുള്ളതാണ് (ആര്‍ട്ടിക്കിള്‍ 161). ഇത് ഗവര്‍ണര്‍മാരും, സംസ്ഥാന സര്‍ക്കാരുകളും വ്യാപകമായി ദുരുപയോഗം ചെയ്യുന്നുമുണ്ട്.
ആര്‍ട്ടിക്കിള്‍ 164(1) അനുസരിച്ച്, ‘ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മറ്റ് മന്ത്രിമാരെയും. മന്ത്രിസഭ തുടരുന്നത് ഗവര്‍ണരുടെ താല്‍പര്യപ്രകാരമാണ്’.
ഭരണഘടനയുടെ ഭാഗം 6, അധ്യായം 3-ല്‍ ആര്‍ട്ടിക്കിള്‍ 196-ഉം 201-ഉം അടക്കം നിയമ നിര്‍മ്മാണപ്രക്രിയക്ക് കീഴില്‍ ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ വ്യക്തമാക്കുന്നു. ഗവര്‍ണര്‍മാരെ ആധുനിക ജനാധിപത്യത്തിലെ ഭയങ്കരന്‍മാരാക്കി മാറ്റുന്നത് ഇതാണ്. ബില്ലുകള്‍ അംഗീകരിക്കാനുള്ള ഗവര്‍ണരുടെ അധികാരങ്ങളെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കിള്‍ 200-ഉം 201-ഉം അതിനുള്ള സമയപരിധി വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ, ഗവര്‍ണര്‍ക്ക് ബില്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്യാം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭ അയയ്ക്കുന്ന ബില്ലിന്‍മേല്‍ അനന്തമായി അടയിരിക്കുകയുമാകാം.
ഇതിനെല്ലാം പുറമേയാണ് ആര്‍ട്ടിക്കിള്‍ 356 എന്ന ഭീകരന്‍. ഇതനുസരിച്ച് ഗവര്‍ണര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യാം. ”ഭരണഘടന സംരക്ഷിക്കാനും, കാത്തുസൂക്ഷിക്കാനുമാണ്” ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നടപടിക്കു ശുപാര്‍ശ ചെയ്യാവുന്നത് എന്നു ഭരണഘടന പറയുന്നെണ്ടെങ്കിലും പ്രായോഗികമായി കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകങ്ങളായാണ് ഇക്കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ പ്രവര്‍ത്തിക്കുക.
1959-ല്‍ കേരളത്തിലെ ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട കോണ്‍ഗ്രസിന്റെ നടപടിയാണ് ആര്‍ട്ടിക്കിള്‍ 356-നെ കുറിച്ചുള്ള വലിയ സംവാദങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നത് വെറും യാദൃശ്ചികതയല്ല.
മുന്നോട്ടുള്ള വഴി
ഗവര്‍ണര്‍മാരുടെ പങ്കിനെക്കുറിച്ച് പല സമിതികളും പരിശോധിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാന്‍ 1983-ല്‍ ജസ്റ്റിസ് സര്‍ക്കാരിയ കമ്മീഷനെ നിയോഗിച്ചു. 2001-ല്‍ എന്‍ ഡി എ സര്‍ക്കാര്‍ ഒരു ഭരണഘടനാ പുനരവലോകന കമ്മീഷനെ നിയമിച്ചു. ഇതിന്റെ ഭാഗമായി ജസ്റ്റിസ് ജീവന്‍ റെഡ്ഡിയും മറ്റുള്ളവരും ഇതേ വിഷയങ്ങള്‍ വിലയിരുത്തി.
ഗവര്‍ണര്‍മാരെ സംബന്ധിച്ച് സര്‍ക്കാരിയ കമ്മീഷന്റെ ശുപാര്‍ശകള്‍ പിന്നീട് റെഡ്ഡിയും അംഗീകരിച്ചു. ഗവര്‍ണര്‍ ഒരു പ്രമുഖ വ്യക്തിയായിരിക്കണം, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളായിരിക്കണം, നിയമനത്തിന് കുറച്ചുകാലത്തിന് മുമ്പെങ്കിലും സജീവ രാഷ്ട്രീയം വിട്ടിരിക്കണം, സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുമായി അടുത്ത ബന്ധം ഉണ്ടാകരുത്, സംസ്ഥാന മുഖ്യമന്ത്രി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കര്‍ എന്നിവരുമായി ആലോചിച്ചു മാത്രമേ നിയമിക്കാവൂ എന്നീ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിയ കമ്മീഷന്‍ മുന്നോട്ടു വെച്ചത്.
എന്നാല്‍, ഇത്തരം വൃദ്ധവിധേയന്‍മാരെ സംസ്ഥാനങ്ങളില്‍ കുടിപാര്‍പ്പിക്കുന്നതിന്റെ ഔചിത്യത്തെ അല്ലെങ്കില്‍ ഔചിത്യരാഹിത്യത്തെ ഒരു സമിതിയും ചോദ്യം ചെയ്തില്ല. സംസ്ഥാന സര്‍ക്കാരിന് മുകളില്‍ ഒരു ഭരണഘടനാ സംരക്ഷകനെയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ എന്തുകൊണ്ട് ജനങ്ങള്‍ക്ക് അയാളെ തെരഞ്ഞെടുത്തുകൂടാ? ചുരുങ്ങിയത് എം എല്‍ എമാര്‍ക്കും എം പിമാര്‍ക്കുമെങ്കിലും അതായിക്കൂടെ?
ഭരണഘടന സംരക്ഷിക്കാനാണോ ജീവിതത്തിന്റെ ശിഷ്ടകാലം സുഖവാസത്തിനുവരുന്ന അവശരാഷ്ട്രീയക്കാരേയും വിരമിച്ച ഉദ്യോഗസ്ഥരേയും സംസ്ഥാനങ്ങളിലേക്ക് നൂലില്‍ക്കെട്ടി ഇറക്കുന്നത്? കരാര്‍ ഇടനിലക്കാരുടെയും അനധികൃത അനുമതികളുടെയും പിന്‍താവളങ്ങളായി രാജ്ഭവനുകള്‍ മാറുന്നതെന്തുകൊണ്ടാണ്? രാജ്ഭവനുകള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള ഉപജാപങ്ങളുടെ ഉപശാലകളാവുന്നതെന്തുകൊണ്ടാണ്? നാം ഉള്‍പ്പെടുന്ന സാധാരണ സമ്മതിദായകനുള്ളതിനേക്കാള്‍ കൂടുതല്‍ പ്രതിബദ്ധത ഈ വൃദ്ധകേസരികള്‍ക്ക് ഭരണഘടനയോടുണ്ടെന്ന് ആരാണ് പറഞ്ഞത്? who is governors; what is the duties of a governor
Content Summary: who is governors; what is the duties of a governor