മുസ്ലിം വിരോധം കൊണ്ട് കുപ്രസിദ്ധി നേടിയ അഡ്വ. കൃഷ്ണരാജിനെ ഹൈക്കോടതിയിലെ സ്റ്റാന്റിംഗ് കൗൺസിലാക്കി നിയമിച്ചിരിക്കയാണ് വഴിക്കടവ് പഞ്ചായത്തിലെ ലീഗ്-കോൺഗ്രസ് ഭരണസമിതി. ഈ നടപടി വിവാദമായെങ്കിലും തീവ്ര ഹിന്ദുത്വ വാദത്തിന്റെ വക്താവായ കൃഷ്ണരാജിനെ തിരഞ്ഞെടുത്ത പഞ്ചായത്തിന്റെ നടപടിയെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് നടത്തിയത്. ഇതിന് പുറമേ കൃഷ്ണരാജിന്റെ നെറ്റിയിൽ കുറിയുണ്ടോ കൈയിൽ ചരടുണ്ടോ എന്നൊന്നും അന്ന് നോക്കിയിരുന്നില്ലെന്നും ഇപ്പോഴാണ് ഇയാൾ സംഘിയാണെന്നുള്ള കാര്യം ഞങ്ങൾ പോലും അറിയുന്നത്. പ്രൊഫൈലോ ബയോഡാറ്റയോ നോക്കിയിട്ടല്ല വക്കീലിനെ നിയമിച്ചതെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. കൃഷ്ണരാജിനെ പോലെ വർഗീയ പ്രചരണം നടത്തുന്ന ഒരു വ്യക്തിയെ സ്റ്റാൻഡിങ് കൗൺസിലായി തിരഞ്ഞെടുത്ത നടപടിയെ ചോദ്യം ചെയ്യുന്നതിനൊപ്പം തന്നെ ആരാണ് കൃഷ്ണരാജെന്ന ചോദ്യങ്ങളുമുയരുന്നുണ്ട്.
സമൂഹ്യമാധ്യമങ്ങൾ വഴി മതസ്പർധയും വിദ്വേഷ പ്രചരണവും നടത്തുന്ന തീവ്ര ഹിന്ദുത്വവാദികളിൽ പ്രധാനിയാണ് അഡ്വക്കേറ്റ് കൃഷ്ണരാജ്. സമീപ വർഷങ്ങളിൽ ഇയാളുടെ വ്യക്തിഗത ഫേസ്ബുക്ക് അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുന്ന പോസ്റ്റുകൾ തന്നെ ഇക്കാര്യത്തിന് തെളിവാണ്. ഹിന്ദുത്വവാദിയായ താൻ ഒരു മതത്തിനും എതിരല്ലെന്നും, താനൊരു സംഘപരിവാർ അനുകൂലിയല്ലെന്നും വാദിക്കുന്ന കൃഷ്ണരാജിന്റെ പല പോസ്റ്റുകളിലും മുസ്ലിം വിരുദ്ധത നിറഞ്ഞു നിൽക്കുന്നത് കാണാം. മലപ്പുറത്തിന്റെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ച് പറയുമ്പോൾ മലപ്പുറമെന്ന പേര് പരാമർശിക്കാതെ മിനി പാകിസ്ഥാനെന്നാണ് പല പോസ്റ്റുകളിലും ഇയാൾ കുറിച്ചിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ തന്റെ വർഗീയ തന്ത്രം കൃത്യമായി പ്രയോഗിക്കാൻ കൃഷ്ണരാജ് മറന്നില്ല. ഇരു രാജ്യങ്ങൾക്കിടയിലും സംഘർഷം ശക്തമാവുകയും യുദ്ധ സൂചന നൽകുകയും ചെയ്ത സാഹചര്യത്തിൽ സംഘർഷത്തിന്റെ തീവ്രത കണക്കിലെടുക്കാതെ പലതരത്തിൽ വിദ്വേഷം പടർത്താൻ കൃഷ്ണരാജ് ശ്രമിച്ചിരുന്നതായി പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. ക്രിസ്ത്യൻ സംഘടനയായ കാസക്ക് വേണ്ടി സുപ്രീം കോടതിയിൽ വഖഫ് കേസിൽ വക്കാലത്ത് ഇട്ടതും അഡ്വ. കൃഷ്ണരാജാണന്ന് കാര്യവും ശ്രദ്ധേയമാണ്.
സംഘപരിവാർ അനൂകൂലിയല്ലാത്ത, കൃഷ്ണരാജിന്റെ ഭാഷയിൽ പറഞ്ഞാൽ തീവ്ര ഹിന്ദുത്വവാദി മാത്രമായ ഇയാളെ എന്നാൽ എമ്പുരാനും പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ മതവും അസ്വസ്ഥനാക്കിയിട്ടുണ്ട്. ആ അമർഷവും പ്രചരിക്കാൻ മറന്നിട്ടില്ല. സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും തൃപ്പൂണിത്തുറ പൂർണ്ണതൃയീശ ക്ഷേത്രത്തിലെത്തിയതിനെ വിമർശിച്ച് കൊണ്ട് കൃഷ്ണരാജ് കുറിച്ചത് ഇങ്ങനെയായിരുന്നു.
”സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം”. ഈ പോസ്റ്റിന് മറുപടി നൽകി കൊണ്ട് നടൻ വിനായകനടക്കം നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു.
2022ൽ താടിവെച്ച കെഎസ്ആർടിസി ഡ്രൈവർ മതപരമായ വസ്ത്രം ധരിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ കൃഷ്ണരാജ് വ്യാജ പ്രചാരണം നടത്തിയിരുന്നു. ഈ ചിത്രം പങ്കുവെച്ച കൃഷ്ണരാജ് മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കുറിപ്പെഴുതുകയായിരുന്നു ‘കെഎസ്ആർടിസി ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് സർവീസ് നടത്തുന്നു.’ എന്നായിരുന്നു കൃഷ്ണരാജിന്റെ പരാമർശം. മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി എച്ച് അഷ്റഫിന്റെ ഫോട്ടോയാണ് വിദ്വേഷ പ്രചരണത്തിനായി കൃഷ്ണരാജ് ഉപയോഗിച്ചത്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അഡ്വ. കൃഷ്ണരാജിനെതിരെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു. ആ കേസ് ഇപ്പോഴും നിലവിലുണ്ട്.
അക്കമിട്ട് പറയാൻ ഇത്രയേറെ സംഭവങ്ങളും തെളിവായി ചൂണ്ടിക്കാണിക്കാൻ ടിയാന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകളും മുന്നിലുള്ളപ്പോൾ പ്രൊഫൈലോ ബയോഡാറ്റയോ നോക്കിയിട്ടല്ല വക്കീലിനെ നിയമിച്ചതെന്നുമാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദത്തിൽ എന്ത് കഴമ്പാണുള്ളത്.
content summary: Advocate Krishnaraj, a staunch Hindutva supporter known for spreading anti-Muslim rhetoric