June 15, 2026 |

‘സർവകലാശാലകളിലെ സർക്കാരിന്റെ അധികാരം ​ഗവർണർ ​അം​ഗീകരിക്കണം, സ്ഥിരം വിസിമാരില്ലാത്തതിന് കാരണം ചാൻസലറുടെ യുക്തിയില്ലാത്ത വാശിയെന്ന് അഡ്വ. സി ഷുക്കൂർ

സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് ​ഗവർണർ പ്രവർത്തിക്കുന്നത്

കേരള സർവകലാശാല രജിസ്ട്രാർ സസ്പെൻഷനെ തുടർന്നുണ്ടായ പ്രതിഷേധം കത്തിക്കയറുമ്പോൾ ​ഗവർണറുടെ അധികാരപരിധിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുകയാണ്. ​ഗവർണറുടെ വിദ്യാർത്ഥി വിരുദ്ധ നടപടികളിൽ സഹികെട്ട വിദ്യാർത്ഥികളുടെ അമർഷമാണ് ഇന്ന് കേരള സർവകലാശാല ആസ്ഥാനം സംഘർഷഭരിതമായ അവസ്ഥയിൽ എത്തിനിൽക്കുന്നത്. അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളിൽ ​ഗവർണർ മൗനം പാലിക്കുകയാണ്.

വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിന്റെ താൽപര്യമാണ് ​ഗവർണർ പരി​ഗണിക്കേണ്ടതെന്നും നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ബിൽ അം​ഗീകരിക്കാത്തത് മര്യാദകേടാണെന്നും അഭിഭാഷകനായ സി. ഷുക്കൂർ അഴിമുഖത്തോട് പ്രതികരിച്ചു. ​ഗവർണറുടെ യുക്തിയില്ലാത്ത വാശിയാണ് സംസ്ഥാനത്ത് സ്ഥിരം വിസിമാരില്ലാത്തതിന് കാരണമെന്നും അഡ്വക്കേറ്റ് ഷുക്കൂർ കൂട്ടിച്ചേർത്തു.

‘കേരളം രൂപീകൃതമാകുന്നതിന് മുൻപുള്ള സർവകലാശാലയാണ് കേരള സർവകലാശാല. അതിന് ശേഷമാണ് കൊച്ചിൻ യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി തുടങ്ങിയവയെല്ലാം വരുന്നത്. എല്ലാ യൂണിവേഴ്സിറ്റികളും നിലവിൽ വരുന്നത് കേരള നിയമസഭ പാസാക്കുന്ന ഓരോ യൂണിവേഴ്സിറ്റികൾക്കുമുള്ള യൂണിവേഴ്സിറ്റി ആക്ട് പ്രകാരമാണ്. ആക്ട് പ്രകാരമാണ് ചാൻസലറിനെയും പ്രോ ചാൻസലറിനെയും വൈസ് ചാൻസലറിനെയും തീരുമാനിക്കുന്നത്.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉന്നത നിലവാരം പുലർത്തുന്ന ആളായിരിക്കണമെന്നാണ് ​ഗവർണറെക്കുറിച്ച് ഭരണഘടനയിൽ പറയുന്നത്. സംസ്ഥാന സർക്കാരിന്റെ ഫണ്ടോട് കൂടിയാണ് സർവകലാശാല പ്രവർത്തിക്കുന്നതെങ്കിലും സർവകലാശാലയ്ക്ക് സ്വയംഭരണാവകാശമുണ്ട്. എന്നാൽ ആ സ്വയംഭരണാവകാശം സംസ്ഥാന സർക്കാരിന്റെ പോളിസി നടപ്പാക്കുന്ന ഉത്തരവാദിത്തം കൂടി ഉൾപ്പെട്ടതാണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും അധികാരത്തിലെത്തുന്ന സർക്കാർ ഉന്നത വിദ്യാഭ്യാസ രം​ഗത്ത് എന്തൊക്കെയാണ് ചെയ്യാൻ കഴിയുന്നതെന്ന് കൃത്യമായി അറിയിക്കാറുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ മന്ത്രിയാണ് പ്രോ ചാൻസലറായി എല്ലാ സർവകലാശാലകളിലും ഉണ്ടാവുക. സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങൾ നടപ്പിലാക്കുന്നത് സർവകലാശാലകളിലൂടെയാണ്. സർവകലാശാലകളിലെടുക്കുന്ന തീരുമാനങ്ങൾ സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികളെയും ബാധിക്കുന്ന കാര്യമാണ്. കോഴ്സും കരിക്കുലവും തീരുമാനിക്കുന്നത് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ്. അവ മതേതരത്വത്തിന് അനുകൂലമായ രീതിയിലാകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

നിലവിൽ ഇന്ത്യയുടെ ചരിത്രത്തെ തിരുത്തുന്ന രീതിയിൽ പാഠപുസ്തകങ്ങളിലുടനീളം മാറ്റങ്ങൾ വരുത്തുകയാണ്. മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണകൂടമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗവും അതുപോലെയായിരിക്കണം.

പണ്ട് മുതൽ തന്നെയുള്ള സർവകലാശാല ആക്ട് പ്രകാരം ​ഗവർണർമാരെയാണ് ചാൻസലർമാരായി നിയമിക്കുന്നത്. വൈസ് ചാൻസലർ നിയമനത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന പേരുകളിൽ നിന്ന് സംസ്ഥാന സർക്കാരിന് താൽപര്യമുള്ളയൊരാളെ തിരഞ്ഞെടുക്കുകയാണ് ​ഗവർണർ ചെയ്യേണ്ടത്. അതിൽ യുജിസി നോമിനിയും സംസ്ഥാന സർക്കാർ നോമിനിയുമുണ്ടാകും. അങ്ങനെയൊരു സെർച്ച് കമ്മിറ്റിയാണ് വിസിമാരെ നിശ്ചയിക്കുന്നത്. ആ പാനലാണ് ​ഗവർണർക്ക് കൊടുക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പേരുകളിലൊരാളെ അം​ഗീകരിക്കുക എന്നത് മാത്രമാണ് ​ചാൻസലറായ ​ഗവർണർ ചെയ്യേണ്ടത്.

സംസ്ഥാന സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങൾക്ക് വിരുദ്ധമായി നിൽക്കുന്നൊരാൾ വൈസ് ചാൻസലറായാൽ അത് ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കാൻ സാധ്യതയുണ്ട്. സർവകലാശാലയുടെ ചീഫ് എക്സിക്യൂട്ടീവിന് തുല്യമായ ഒരാളാണ് വിസി എന്ന് പറയുന്നത്. എല്ലാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമാണ് വിസിയെ നിയമിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാൻ ​ഗവർണറായിരുന്ന സമയത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്ര​ഗത്ഭനായ ഒരു അക്കാഡമീഷ്യനെ സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ​ഗവർണർ ആ വ്യക്തിയെ നിയമിക്കാതെ സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി ഒരാളെ നിയമിക്കുകയായിരുന്നു. അത് സംഘർഷത്തിലേക്ക് പോകുന്ന അവസ്ഥയിൽ വരെയായി. അങ്ങനെയാണ് ​ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റുന്നതിന് വേണ്ടി യൂണിവേഴ്സിറ്റി ആക്ട് ഭേദ​ഗതി ചെയ്യാൻ നിയമസഭയിൽ പ്രമേയം പാസാക്കിയത്. നിയമസഭയിൽ ഒരു നിയമം പാസായി കഴിഞ്ഞാൽ അത് നിയമമാകണമെങ്കിൽ ​ഗവർണർ ഒപ്പിടണം. അതേസമയം, ​ഗവർണർ അത് ഒപ്പിടാതെ രാഷ്ട്രപതിക്കയക്കുകയാണ് ചെയ്തത്. മറ്റ് പല നിയമങ്ങളോടൊപ്പം അത് നടപ്പാക്കാതെ കിടക്കുകയും ചെയ്തു. സംസ്ഥാന നിയമസഭ പിൻവലിച്ച ഒരു അധികാരത്തിന്റെ പുറത്താണ് ​ഗവർണർ ഇപ്പോൾ നിൽക്കുന്നത്. യൂണിവേഴ്സിറ്റികളുടെ ഭരണം തന്നെ ഇപ്പോൾ സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പരീക്ഷ കൃത്യസമയത്ത് നടക്കുക, വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ നൽകണം, അധ്യാപകരുടെ പ്രശ്നങ്ങൾ ഇവയെല്ലാം ഇതുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. സർവകലാശാല എന്ന് പറയുന്നത് നിസാരമായ ഒന്നല്ലല്ലോ? ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ പല സർവകലാശാലകളുമുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിദ്യാർത്ഥികൾ പഠിക്കാനായി എത്തുകയാണ്.

സംഘപരിവാർ ആശയങ്ങൾ പിന്തുടരുന്ന ഇന്ത്യയിലെ പല സർവകലാശാലകളും വലിയ രീതിയിലുള്ള തകർച്ചയാണ് നേരിടുന്നത്. അതിനെതിരെ നിൽക്കുന്ന ഒരു സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിൽ വിള്ളൽ വീഴ്ത്താനുള്ള സംഘപരിവാറിന്റെ അജണ്ടയാണ് ​ഗവണർമാരുടെ കടുംപിടിത്തം എന്നാണ് എനിക്ക് തോന്നുന്നത്. സ്റ്റേറ്റ് അസംബ്ലി നൽകിയ അധികാരമാണ് ​ഗവണറുടെ ചാൻസലർ പദവി. അതേ സ്റ്റേറ്റ് അസംബ്ലി തന്നെ അധികാരം പിൻവലിക്കാനുള്ള തീരുമാനമെടുത്താൽ അതിനെതിരെ നിൽക്കാൻ യാതൊരു കാരണവും ​ഗവർണർക്കില്ല. ​ഗവർണർ വിസിയായി നിയമിച്ച പലരും ആർഎസ്എസിന്റെ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് അവരുടെ അജണ്ട വ്യക്തമാക്കുകയും ചെയ്തതാണ്.

കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ താൽപര്യമുള്ളയാളെ മാറ്റി ഹിന്ദുത്വരാഷ്ട്രീയത്തോട് താൽപര്യമുള്ളയാളെ നിയമിക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട്. കേരള നിയമസഭയുടെ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള സമരമാണ് ഇപ്പോൾ ​ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സ്വയംഭരണാവകാശത്തെ തിരിച്ചു പിടിക്കാനുള്ള സമരാണത്. സമരം ഒരിക്കലും മോശമല്ല, സമരം കൊണ്ട് തന്നെയാണ് ഇവിടെ എല്ലാം നേടിയത്. പ്രതികരണ മനോഭാവമുള്ള നിലപാടുള്ള ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് നമ്മൾ സമരം ചെയ്യുന്നത്.

സ്റ്റേറ്റിൻ്റെ ഫണ്ടിങ്ങിൽ നടത്തുന്ന യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനുണ്ട്. അവരോടുള്ള മര്യാദ ഗവർണർ പാലിച്ചില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരും. സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ലാത്തതിന് കാരണവും അത് തന്നെയാണ്. സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായാണ് ​ഗവർണർ പ്രവർത്തിക്കുന്നത്. അത് തീർത്തും തെറ്റായ കാര്യമാണ്’, അഡ്വക്കേറ്റ് സി. ഷൂക്കൂർ അഴിമുഖത്തോട് പറഞ്ഞു.

ഗവർണർക്കെതിരെയുള്ള പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ. രാജ്‌ഭവന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ റാലിയും അക്രമാസക്തമായതായാണ് റിപ്പോർട്ട്.
റാലി പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുകയും തുടർന്ന്  പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. എന്നാൽ പിരിഞ്ഞു പോകാതെ എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി തുടരുകയാണ്.

Content Summary: SFI protest against Kerala Governor; ‘Governor have to accept government’s authority over  universities’

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×