July 14, 2026 |
Avatar
അമർനാഥ്‌
Share on

എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രചരണം; രണ്ട് തവണ ജയിച്ച ഒരു കൊലയാളി കമ്മ്യൂണിസ്റ്റ് എം.എല്‍.എ

ഭരണിക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ അറിയാത്തവരില്ലാതെയായി

നാടകകൃത്തും എഴുത്തുകാരനുമായ തോപ്പില്‍ ഭാസി രണ്ടു തവണ എം.എല്‍.എ. സ്ഥാനത്തേക്ക് മത്സരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഭാസിക്കെതിരെ പ്രചരണത്തിന് വന്നത്. അസാധ്യമെന്ന് കരുതിയ, രണ്ടു തവണയും ഭാസ്‌ക്കര പിള്ള എന്ന തോപ്പില്‍ ഭാസി ചരിത്ര വിജയം കുറിച്ചു.

1954 ലെ തിരുകൊച്ചി – അസംബ്ലി തിരഞ്ഞെടുപ്പില്‍ ഭരണിക്കാവ് നിയോജക മണ്ഡലത്തില്‍ മുഴങ്ങിക്കേട്ട കോണ്‍ഗ്രസുകാരുടെ ഒരു മുദ്രാവാക്യം ആരും ശ്രദ്ധിക്കുന്നതായിരുന്നു.
‘കൊലയാളി കമ്മ്യൂണിസ്റ്റിന് വോട്ടില്ല’.
ആ മണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി ഒരു കൊലക്കേസ് പ്രതിയായി ജാമ്യത്തില്‍ ഇറങ്ങിയ വ്യക്തിയാണ്. നാമനിര്‍ദ്ദേശപത്രിക കൊടുക്കുമ്പോഴും കേസിന്റെ വിചാരണ കോടതിയില്‍ നടക്കുകയാണ്.

ഭാസ്കരപിള്ളയെന്ന തോപ്പിൽ ഭാസി

ആ കമ്യൂണിസ്റ്റ് സ്ഥാര്‍ത്ഥിയുടെ പേര് കെ. ഭാസ്‌കര പിള്ള. കേരളം മുഴുവന്‍ അറിയപ്പെട്ടത് തോപ്പില്‍ ഭാസിയെന്ന പേരില്‍. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന ചരിത്രം സൃഷ്ടിച്ച നാടകത്തിന്റെ രചയിതാവായി ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ആളായിരുന്നു തോപ്പില്‍ ഭാസി. പുരോഗമന എഴുത്തുകാരന്‍, നാടകത്ത്, അക്കാലത്തെ സജീവ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍. എന്നാല്‍ പ്രമാദമായ ശൂരനാട് കൊലക്കേസിലെ പ്രതിയും.

1949 ഡിസംബര്‍ 31ന് ശൂരനാട്ടെ സര്‍ക്കാര്‍ കുളത്തില്‍ മീന്‍ പിടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അന്വേഷിക്കാനെത്തിയ അടൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറേയും മൂന്ന് പോലീസുകാരെയും ആയുധധാരികളായ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് അക്കാലത്തെ ഏറ്റവും ശ്രദ്ധ നേടിയ, കോളിക്കമുണ്ടാക്കിയ ശൂരനാട് കൊലക്കേസ്. പുതുപ്പള്ളി രാഘവന്‍, തോപ്പില്‍ ഭാസി, ശങ്കരനാരായണന്‍ തമ്പി (പിന്നീട് നിയമസഭാ സ്പീക്കര്‍), എന്നിവരടക്കം 26 കമ്മ്യൂണിസ്റ്റുകാര്‍ ഇതില്‍ പ്രതികളായിരുന്നു.

എം.എൻ. ഗോവിന്ദൻ നായർ

1952 ല്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയക്കൊടി പാറിച്ച മണ്ഡലമായിരുന്നു ഭരണിക്കാവ്. എംഎന്‍ തന്നെ താല്‍പ്പര്യമെടുത്താണ് തോപ്പില്‍ ഭാസിയെ മത്സരിക്കാന്‍ കൊണ്ടുവന്നത്. ദ്വയാംഗ മണ്ഡലമായതിനാല്‍ സംവരണ സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി പാര്‍ട്ടി നിറുത്തിയിരുന്നു. സഖാവ്. കെ.കെ. കോയ്ക്കല്‍.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തോപ്പില്‍ ഭാസി ഒരു പഴയ ആസ്റ്റിന്‍ കാറ് വാങ്ങി. കാറെന്ന് പറഞ്ഞാല്‍ ഒരു കോഴിക്കൂട് പോലെയുള്ള ഒരു തുരുമ്പെടുത്ത കാറ്. ഡ്രൈവര്‍ കം- മെക്കാനിക്കായി തഴവയിലുള്ള ഡ്രൈവര്‍ ചെല്ലപ്പന്‍. കാറിന്റെ ടോപ്പില്‍ വലിയ ഒരു ചെങ്കൊടി കെട്ടി പാറിച്ചാണ് യാത്ര. മുന്‍ സീറ്റില്‍ ചെല്ലപ്പനും പണിയായുധങ്ങളും. പിന്നില്‍ സ്ഥാനാര്‍ത്ഥിയും രണ്ട് സഹപ്രവര്‍ത്തകരും. പ്രചാരണം തുടങ്ങി. കാറ് ഇടയ്ക്കിടെ പണിമുടക്കി നിന്നു പോകും. അപ്പോള്‍ സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ ഭാസി കാറിന് പുറത്തിറങ്ങും. റോഡിനിരുവശമുള്ള കടകളിലും, വീടുകളിലും കേറി വോട്ട് ചോദിക്കും. അതിനിടെ വോട്ടര്‍മാര്‍ കാറ് തള്ളി ശരിയാക്കും. ഇത് ഇങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ ജനസമ്പര്‍ക്കം കൂടി. ഭരണിക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ അറിയാത്തവരില്ലാതെയായി. കാറ് അതോടെ പ്രശസ്തമായി. കാറിന് ഏതോ രസികന്‍ വോട്ടര്‍ ഒരു പേരിട്ടു, ‘കല്യാണി’. ആ പേരിന് കാരണം കാറിനോടുള്ള സഹകരണവും അനുകമ്പയും. ആ കാറ് വോട്ടര്‍മാരുടെ സഹകരണം കൊണ്ടാണ് അധികവും ഓടുന്നത്. തള്ളുന്നത് വോട്ടര്‍മാരാണല്ലോ. എതിര്‍ സ്ഥാനാര്‍ത്ഥി പുഷ്പത്തടം രാഘവന്റേത് പുത്തന്‍ കാറായിരുന്നു. അതിനാല്‍ തോപ്പില്‍ ഭാസിയും പഴഞ്ചന്‍ കാറും വോട്ടര്‍മാരുടെ സഹതാപം നേടി.

സംഗീതത്തില്‍ കല്യാണിയെന്ന് പേരുള്ള രാഗമുണ്ട്. ഒരു ബിയറിന്റെ പേര് കല്യാണിയെന്നാണ്. എന്നാല്‍ ഈ കാറിനും ആ നല്ല പേരിരിക്കട്ടെയെന്ന് കല്യാണിയെന്ന് പേരിട്ട രസികന്‍ വിചാരിച്ചു കാണും. ഏതായാലും കല്യാണി പ്രശസ്തയായി. അകലെ നിന്ന് കാറ് വരുമ്പോള്‍ ആളുകള്‍ പറയാന്‍ തുടങ്ങി ദേ, കല്യാണി വരുന്നു. സ്ഥാനാര്‍ത്ഥിയുടെ പേരല്ല നാട്ടുകാര്‍ പറയുന്നത്. പകരം കാറിന്റെ പേര്…
കല്യാണി പക്ഷേ ചരിത്രം സൃഷ്ടിക്കാന്‍ പോകുന്നെന്ന് വോട്ടര്‍മാര്‍ അപ്പോള്‍ കരുതിയില്ല.

ജവഹര്‍ ലാല്‍ നെഹ്‌റു

ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു പ്രചരണത്തിനായി കേരളത്തില്‍ വന്നു. പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു കാറില്‍ വള്ളികുന്നത്തെ പ്രസംഗം കഴിഞ്ഞു ഭരണിക്കാവില്‍ പ്രസംഗിക്കാനായി വരികയാണ്. ഒപ്പമുള്ള പോലീസ് വ്യൂഹം വഴിയിലെ വാഹനങ്ങളെല്ലാം തടഞ്ഞിട്ട് പ്രധാനമന്ത്രിയുടെ വാഹനത്തിന് വഴിയൊരുക്കുകയാണ്. ഭരണിക്കാവിലേക്ക് വരികയായിരുന്ന തോപ്പിഭാസി തന്റെ ഡ്രൈവറോട് പറഞ്ഞു:
”പോലിസ് വന്ന് പറഞ്ഞാല്‍ നമ്മുടെ കാറ് മാറ്റിയിടരുത്”
രാവിലെ തന്നെ അല്‍പ്പം വീര്യം അകത്താക്കിയ ഡ്രൈവര്‍ ചെല്ലപ്പന് അതോടെ വീര്യം കൂടി. അയാള്‍ പറഞ്ഞു
”അത് ഞാനേറ്റു”
അടുത്ത ഇംഗ്ഷനിലെത്തിയപ്പോള്‍, ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കാറ് തടഞ്ഞു. ഡ്രൈവര്‍ ചെല്ലപ്പന്‍, മറ്റൊരു വാഹനത്തിനും പോകാന്‍ പറ്റാത്ത തരത്തില്‍ കാറ് റോഡില്‍ വിലങ്ങനെയിട്ടു.
പോലീസുദ്യോഗസ്ഥന്‍ കാറ് മാറ്റാന്‍ പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങാതെ തന്നെ തോപ്പില്‍ ഭാസി പറഞ്ഞു ”ഞാന്‍ സ്ഥാനാര്‍ത്ഥിയാണ് കാറ് മാറ്റാന്‍ സാധ്യമല്ല”
പ്രധാന മന്ത്രിയാണ് വരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ തോപ്പില്‍ ഭാസി പറഞ്ഞു: ”ഈ നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ കാറ് മാറ്റാന്‍ പ്രധാനമന്ത്രിക്കും അധികാരമില്ല”
തര്‍ക്കം മൂത്തതോടെ ആള് കൂടി. കമ്മ്യൂണിസ്റ്റ് അനുഭാവികളായ വോട്ടര്‍മാര്‍ ഏക സ്വരത്തില്‍ പോലീസിനെ എതിര്‍ത്തു. ‘സ്ഥാനാര്‍ത്ഥിയുടെ കാര്‍ തടഞ്ഞു വെയ്ക്കാന്‍ പാടില്ല’. കാറ് മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുഭാവികളും രംഗത്ത് വന്നു.

അപ്പോഴേക്കും സൈറണ്‍ മുഴങ്ങിക്കൊണ്ട് പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനം ഇരച്ചെത്തി. കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ തോപ്പില്‍ ഭാസിക്ക് സിന്ദാബാദ് വിളിച്ചു. കോണ്‍ഗ്രസുകാര്‍ നെഹ്‌റുവിനും. ആകെ ബഹളമായി.
പ്രധാനമന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് വിവരം തിരക്കി. കാര്യമറിഞ്ഞ അയാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
നെഹ്‌റു പറഞ്ഞു ‘ഞാന്‍ പ്രധാനമന്ത്രിയെന്ന നിലയിലല്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാണ് ഇവിടെ പ്രചരണത്തിന് വന്നിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ഥിക്ക് ഒരു തടസ്സവും ഉണ്ടാക്കാന്‍ പാടില്ല’.

മന്നത്തു പത്മനാഭൻ

ഉടനെ പോലീസ് ഉദ്യോഗസ്ഥന്മാര്‍ വന്ന് സ്ഥാനാര്‍ത്ഥിയുടെ കാറിന് പോകാമെന്നറിയിച്ചു. ചെല്ലപ്പന്‍ പറഞ്ഞു: ‘പോകാന്‍ പറഞ്ഞാല്‍ എങ്ങനെ പോകും’? കാറ് സ്റ്റാര്‍ട്ടാകണമെങ്കില്‍ തള്ളണം. അങ്ങനെ പോലീസും വോട്ടര്‍മാരും കൂടി തള്ളിയപ്പോള്‍ കാറ് സ്റ്റാര്‍ട്ടായി.

ജവഹര്‍ലാല്‍ നെഹ്‌റു അടുത്ത പ്രസംഗവേദിയിലേക്ക് യാത്ര തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രിയുടെ കാറിന് പൈലറ്റ് കല്യാണിയായിരുന്നു. അതൊരു ചരിത്രം സൃഷ്ടിച്ച യാത്രയായി. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വഴി തെളിച്ച് ഒരു കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയുടെ കാര്‍.

ഭരണിക്കാവില്‍ പ്രസംഗിച്ച ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു:
‘പ്രമാദമായ ഒരു കൊലക്കേസില്‍ ജാമ്യം കിട്ടിയ ഒരാളാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥിയെന്ന് ഞാനറിയുന്നു. കോടതിയുടെ വിധി വരുന്നതു വരെ ഈ സ്ഥാനാര്‍ത്ഥി കുറ്റവാളിയല്ലെന്ന് നമുക്ക് തീരുമാനിക്കാന്‍ വയ്യ. ഇതുകൂടി കണക്കിലെടുത്ത് വോട്ട് ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ ഭരണിക്കാവായിരുന്നു കേരളത്തില്‍ നെഹ്‌റു ഏറ്റവും അധികം സമയം പ്രസംഗിച്ച മണ്ഡലം.

സാഹചര്യങ്ങള്‍ അനുകൂലമായതിനാലും, ഈഴവ ഭൂരിപക്ഷമണ്ഡലമായതിനാലും കോണ്‍ഗ്രസുകാര്‍ ജയം ഉറപ്പാക്കിയ ഭരണിക്കാവില്‍, ഫലം വന്നപ്പോള്‍ 39,254 വോട്ടുകള്‍ നേടിയ തോപ്പില്‍ ഭാസി ചരിത്ര വിജയം സൃഷ്ടിച്ചു.

തോപ്പിൽ ഭാസിയുടെ ഓർമ്മക്കുറിപ്പ്

എന്നാല്‍ നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ തോപ്പില്‍ ഭാസിക്ക് എം.എല്‍.എ പദവി ഒട്ടും പിടിച്ചില്ല. 1954-ല്‍ നിയമസഭയില്‍ അംഗമായിരിക്കുമ്പോള്‍ത്തന്നെ ആ സ്ഥാനം ഞാന്‍ വെറുത്തു. അതേപ്പറ്റി ‘ഒളിവിലെ ഓര്‍മ്മകളി’ ല്‍ ഞാന്‍ എഴുതിയിട്ടുണ്ട്.

*നിയമസഭയിലെ പ്രവര്‍ത്തനം എനിക്കിഷ്ടമാണ്. എന്നാല്‍, തൊഴിലാളി രംഗത്തും കാര്‍ഷികരംഗത്തും (കലാരംഗത്തും) പ്രവര്‍ത്തിക്കുന്ന വരെന്നപോലെ നിയമസഭയില്‍ പ്രവര്‍ത്തിക്കുന്നവരേയും നോക്കിക്കാണുവാന്‍ ആളുകള്‍ തയ്യാറാവാത്തിടത്തോളം എമ്മെല്ലേ കിരീടം എനിക്കു വേണ്ടാ. ഒരു വ്യക്തിയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ‘ഫല സിദ്ധി’ യാണ് എമ്മെല്ലേ സ്ഥാനപ്രാപ്തിയില്‍ സാധാരണജനങ്ങളും ഒരുവലിയ പരിധിവരെ പാര്‍ട്ടിയും കാണുന്നത്. കുഴപ്പങ്ങള്‍ ഞാനുള്‍പ്പെട്ട വര്‍ഗ്ഗക്കാര്‍ – എമ്മെല്ലേ സ്ഥാനാര്‍ത്ഥികള്‍ – വരുത്തിവച്ചതുതന്നെ.’

1957 ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നു. സംസ്ഥാനത്തെ ആദ്യത്തെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുകയാണ്. കെ.പി.എ.സി. നാടകക്യാമ്പിലായ തോപ്പില്‍ ഭാസിക്ക് ഒരു അടിയന്തര സന്ദേശം എത്തി. ഉടനെ സ്റ്റേറ്റ് കമ്മറ്റി ഓഫീസില്‍ എത്തുക, എം.എന്നെ കാണുക. തോപ്പില്‍ ഭാസിക്ക് കാര്യം പിടികിട്ടി. തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ്. ഒരിക്കലും താന്‍ വഴങ്ങില്ല എന്ന് ഉറപ്പിച്ച്. ഭാസി എം.എന്‍ ന് മുന്നിലെത്തി. കാര്യം ഊഹിച്ച് മനസ്സിലാക്കിയ തോപ്പില്‍ ഭാസി ‘എന്നെ വിഷമിപ്പിക്കല്ലേ’ എന്ന് അഡ്വാന്‍സായി മൂന്ന് മുഴം മുന്‍പിലെറിഞ്ഞ്. ഭാസി പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായരുടെ മുന്നില്‍ ഇരുന്നു.

എം.എന്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു. ‘തനിക്ക് എം.എല്‍.എ സ്ഥാനത്തോടല്ലേ അലര്‍ജി ഉള്ളൂ? താന്‍ എം.എല്‍.എ ആകേണ്ടാ. ഒരുവിധത്തിലും ആവുകയുമില്ല. പാര്‍ട്ടി പ്രവര്‍ത്തനം ഒട്ടുമില്ലാത്ത ഒരു നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി ഉണ്ടാക്കുവാന്‍ വേണ്ടി ഇയാള്‍ക്ക് മത്സരിച്ച് തോല്‍ക്കരുതോ?’ പറയുന്ന കാര്യത്തിന് എതിര്‍വാദം വരാതെ പഴുതടയ്ക്കുവാനുള്ള എം.എന്നിന്റെ കഴിവു പ്രസിദ്ധമാണല്ലോ. അദ്ദേഹം തുടര്‍ന്നു പറഞ്ഞു ‘കെട്ടിവയ്ക്കുന്ന രൂപ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് ആ തുക ഞങ്ങള്‍ തരും. ജനുവരി 29-ാം തീയതിക്ക് മുമ്പ് നോമിനേഷന്‍ കൊടുക്കണം.’ പിന്നെ തോപ്പില്‍ ഭാസി ഒന്നും പറയാതെ കീഴടങ്ങി. എംഎന്‍ നോട് പത്ത് മിനിറ്റ് സംസാരിച്ചാല്‍ ആരും കമ്യൂണിസ്റ്റാവും എന്ന് പത്രപ്രവര്‍ത്തകനായ പവനന്‍ എഴുതിയത് വെറുതെയല്ല.

തോപ്പിൽ ഭാസിയുടെ ഏറ്റവും പ്രശസ്തമായ നാടകം

‘ആ മഹത്തായ നിയോജക മണ്ഡലം ഏതാണ്?’ തോപ്പില്‍ ഭാസി ചോദിച്ചു. എംഎന്‍ ചിരിച്ചുകൊണ്ടുതന്നെ പറഞ്ഞു ”പത്തനംതിട്ട: ക്രിസ്ത്യാനികള്‍ വന്‍ഭൂരിപക്ഷമാണ്, അവരുടെ ഇടയില്‍ വന്‍സ്വാധീനമുള്ള എന്‍ ജി ചാക്കോയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി. പിന്നെ ഭൂരിപക്ഷമുള്ളത് കരയോഗം നായന്മാര്‍ക്കാണ്.’
നായര്‍ സ്ത്രീകള്‍ കമ്മ്യൂണിസ്റ്റുകാരായ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കണമെന്ന് മന്നത്തുപത്മനാഭന്‍ ആഹ്വാനം ചെയ്തതിനെ പരിഹസിച്ച് ഒരു ലേഖനം തോപ്പില്‍ ഭാസി അക്കാലത്ത് കേരളകൗമുദി പത്രത്തില്‍ എഴുതിയിരുന്നു.

‘തോപ്പില്‍ ഭാസി മന്നത്തിനെ കളിയാക്കി തോപ്പില്‍ ഭാസിയുടേതും എമ്മെന്റെയും പി.കെ.വിയുടേയും പി.ഗോവിന്ദപ്പിള്ളയുടെയും പുനലൂര്‍ രാജഗോപാലന്‍നായരുടേയും മറ്റും ഭാര്യമാര്‍ മന്നത്തിന്റെ ആഹ്വാനമനുസരിച്ച് അവരുടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് നിറവയറോടെ മന്നത്തിന്റെ അടുത്തേക്ക് പോകുന്നതായുള്ള ഒരു ഹാസ്യലേഖനമായിരുന്നു അത്. കൂടാതെ തോപ്പില്‍ ഭാസിയുടെ നാടകങ്ങളില്‍ കരയോഗം നായരെ ഹാസ്യകഥാപാത്രമാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ നായര്‍ പ്രമാണി കേശവന്‍ നായര്‍, ‘മുടിയനായ പുത്രനി’ ലെ കരയോഗം സെക്രട്ടറി തുടങ്ങിയവര്‍ ചിത്രീകരിച്ചത് വേറെയും നായരുടെ നമ്പര്‍വണ്‍ ശത്രുവായിരിക്കുകയല്ലേ? നായരുടെ തല്ലുകിട്ടാതെ സൂക്ഷിച്ചുകൊള്ളണം.!’ പത്തനംതിട്ടയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്ന തോപ്പില്‍ ഭാസിയുടെ മനസ്സിലെ ചിന്ത ഇതൊക്കെയായിരുന്നു.

ജനുവരി 29-ാം തീയതി പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ തോപ്പില്‍ ദാസിയെന്ന ഭാസ്‌ക്കര പിള്ള നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി ഒരു ഓഫീസ് കിട്ടാന്‍ തന്നെ സ്ഥാനാര്‍ത്ഥിയായ തോപ്പില്‍ ഭാസി വിഷമിച്ചു. കമ്യൂണിസ്റ്റ് കാരനല്ലേ, പോരെങ്കില്‍ വരത്തനും. ഒടുവില്‍ ക്രിസ്ത്യാനിയായ ചായക്കടക്കാരി പറഞ്ഞു.
‘ചായക്കടയുടെ തൊട്ടുള്ള എന്റെ ആടിനെ കെട്ടുന്ന ചായിപ്പ് എടുത്തോ, നിങ്ങള്‍ അത് ആപ്പീസാക്കിക്കോ,’
‘പ്രമാണിമാര്‍ വന്നു പറയുകയോ, പള്ളീലച്ചന്‍ വിളിപ്പിച്ച് ഞങ്ങളെ ഇറക്കിവിടാന്‍ പറയുകയോ ചെയ്താലോ?’. സഥലത്തെ പ്രമാണിമാരെ കുറിച്ച് നന്നായി അറിയാവുന്ന സഖാക്കള്‍ സംശയം ഉന്നയിച്ചു.

തന്റേടിയായ ആ സ്ത്രീ പറഞ്ഞു:
”ഒരച്ചനും പ്രമാണിയും എന്നോടു പറയാന്‍ വരില്ല. പറഞ്ഞാല്‍ ഞാന്‍ കേള്‍ക്കുകേം ഇല്ല. ചായിപ്പ് തൂത്തു വൃത്തിയാക്കിത്തരാം. മുമ്പില്‍ കൊടി കെട്ടിക്കോ.”
ആദ്യ ദിവസം തന്നെ പത്തനംതിട്ടയിലെ മുസ്ലീ റാവുത്തര്‍മാര്‍, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ തടിച്ചുകൂടി. കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥി തോപ്പില്‍ ഭാസിക്ക് ഒരുജ്ജ്വല സ്വീകരണം നല്‍കി. ആരും സംഘടിപ്പിക്കാതെയുള്ള ആ സ്വീകരണം പാര്‍ട്ടിക്കാര്‍ക്കും സ്ഥാനാര്‍ത്ഥിക്കും ആവേശം പകരുന്നതായിരുന്നു.

നിയോജക മണ്ഡലത്തില്‍ ആദ്യ ഓട്ടപ്രദക്ഷിണം നടത്തിയതോടെ ഒരു കാര്യം തോപ്പില്‍ ഭാസിക്ക് മനസ്സിലായി. സംഗതി എം.എന്‍. പറഞ്ഞതുപോലെയല്ല കലാശിക്കാന്‍ പോകുന്നതെന്ന്. സ്വയംസംഘടിതരായ തൊഴിലാളികളും കര്‍ഷകരും സ്ഥാനാര്‍ത്ഥിയായ ഭാസിയെ സ്വീകരിക്കുവാന്‍ അണിനിരന്നിരുന്നു.

തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ, വയലാർ രാമവർമ്മ

തന്റെ മണ്ഡലത്തില്‍ ഇലക്ഷന്‍ സംഘടനയുണ്ടാക്കാന്‍ തോപ്പില്‍ ഭാസി രാപകല്‍ഭേദമില്ലാതെ പ്രവര്‍ത്തിച്ചു. അത്യാവശ്യഘട്ടത്തില്‍ നാടകത്തില്‍ അഭിനയിക്കുവാനും പോകും. പ്രചരണത്തിന് പോകുമ്പോള്‍ ഒരു ജീപ്പിന്റെ മുന്നിലിരുന്നായിരുന്നു ഉറക്കം. പഴയ മിലിട്ടറി ജീപ്പിന്റെ മുന്‍സീറ്റില്‍ ഇരുന്നുറങ്ങുന്നതിന്റെ അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ സ്ഥാനാര്‍ത്ഥി പുറത്തേക്കു വീഴാതിരിക്കുവാന്‍ ജീപ്പില്‍ ഒരു കമ്പി ഇടീച്ചു. സാധാരണക്കാരായ ക്രിസ്ത്യാനികള്‍ പള്ളിയുടെ അഭിപ്രായം തള്ളിക്കളഞ്ഞ് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി നിരത്തിലിറങ്ങി.

അതിനിടയില്‍ പത്തനംതിട്ടയിലെ കരയോഗം നായന്മാര്‍ ഒരു പ്രതിസന്ധിയിലായി. കാരണം, എന്‍.എസ്.എസും, കോണ്‍ഗ്രസ്സും സീറ്റ് വിഭജനത്തിലുള്ള തര്‍ക്കം മൂത്ത് തെറ്റിപ്പിരിഞ്ഞു. അതോടെ ജയിക്കാന്‍ സാധ്യതയുള്ളിടത്ത് എന്‍.എസ്.എസ്. സ്ഥാനാര്‍ത്ഥികളെ നിറുത്തണമെന്നും, സാദ്ധ്യതയില്ലാത്തിടത്ത് ഏതു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാലും വേണ്ടില്ല, നായരെ ജയിപ്പിക്കണമെന്നും ക്രിസ്ത്യാനിയെ ഒരു കാരണവശാലും ജയിപ്പിക്കരുതെന്നും ചങ്ങനാശ്ശേരിയില്‍ മന്നത്തുപത്മനാഭന്‍ പ്രഖ്യാപനം നടത്തി.’ അതനുസരിച്ച് പത്തനംതിട്ട നിയോജകമണ്ഡലത്തിലെ നായന്മാര്‍ തോപ്പില്‍ ഭാസിക്ക് വോട്ടു ചെയ്യണം.

എന്‍.എസ്.എസ്സിനെ സ്ഥിരമായി എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തോപ്പില്‍ ഭാസിക്ക് എങ്ങനെ അവര്‍ വോട്ടു ചെയ്യും? കരയോഗക്കാര്‍ക്ക് ക്രിസ്ത്യാനി കോണ്‍ഗ്രസുകാരനായ സ്ഥാനാര്‍ത്ഥി എന്‍.ജി. ചാക്കോയ്ക്കും വോട്ടു ചെയ്യാനും പറ്റില്ല. ഇതാണു പ്രതിസന്ധി. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പത്തനംതിട്ടയിലെ എന്‍.എസ്.എസ് നേതാക്കള്‍ മന്നത്തിനെ തന്നെ പത്തനംതിട്ടയില്‍ വരുത്തി. തെരഞ്ഞടുപ്പ് നിയോജകമണ്ഡലത്തില്‍പെട്ട കോന്നിയില്‍ പ്രമുഖ എന്‍.എസ്.എസ് നേതാവായ മക്കപ്പുഴ വാസുദേവന്‍ പിള്ളയുടെ വീട്ടിലാണ് അദ്ദേഹം എത്തിയത്.

കോന്നി ആനകളുടെ സങ്കേതമാണ്. കാട്ടാനകളെ മെരുക്കിയെടുക്കുന്ന ആനക്കൂട് കോന്നിയിലാണ്. നിയോജകമണ്ഡലത്തിന്റെ പ്രത്യേകതകളെപ്പറ്റി പറയുന്നതിനിടയില്‍ എം.എന്‍ തോപ്പില്‍ ഭാസിയാട് പറഞ്ഞിരുന്നു – ‘കോന്നിയില്‍ നല്ല താപ്പാന’ കളുണ്ട്. അതിലും വലിയ ‘താപ്പാന’ കളാണ് അവിടുത്തെ നായര്‍ പ്രമാണികള്‍’. അവരാണ് മന്നത്തെ വിളിച്ച് വരുത്തി പ്രതിസന്ധി തരണം ചെയ്യാന്‍ സമ്മേളിച്ചത്.

പത്തനംതിട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ സത്യന്റെ അച്ഛന്‍ പത്തനംതിട്ടയിലെ ഈ നായര്‍ പ്രമാണികളില്‍ ഒരാളാണ്. മകന്റെ സുഹൃത്തായതിനാല്‍ മന്നത്തിന്റെ സാന്നിധ്യത്തിലുള്ള കൂടിയാലോചനയ്ക്കിടയില്‍ തോപ്പില്‍ ഭാസിക്കാണ് വോട്ടു ചെയ്യേണ്ടതെന്ന് അയാള്‍ വാദിച്ചു. മറ്റു ചില പ്രമാണിമാര്‍ അതിനെ ശക്തിയായി എതിര്‍ത്തു വാദിച്ചു. അവരുടെ വാദം തോപ്പില്‍ ഭാസി ‘സാദാ കമ്മ്യൂണിസ്റ്റ്’ നായരല്ല’ എന്നതുതന്നെ.

വാദങ്ങളെല്ലാം കേട്ടുകൊണ്ടു നിശ്ശബ്ദനായിരുന്ന മന്നം അവസാനം ചോദിച്ചു. ”ആരെങ്കിലും നമ്മേ സമീപിച്ചിട്ടുണ്ടോ?”

‘പല തവണ എന്‍.ജി.ചാക്കോ സമീപിച്ചെന്നും കരയോഗമന്ദിരങ്ങള്‍ പണിയുവാന്‍ പണം തരാമെന്ന് ‘ഓഫര്‍’ ഉണ്ടെന്നും കോണ്‍ഗ്രസിന് വേണ്ടി അനുകൂലിക്കുന്നവര്‍ മന്നത്തിനോട് പറഞ്ഞു.’

തോപ്പില്‍ഭാസി നമ്മെ സമീപിക്കാത്തത് നമ്മള്‍ വോട്ടു ചെയ്യുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണെന്ന് സത്യന്റെ അച്ഛന്‍ പറഞ്ഞു.
”എന്നാല്‍ അയാള്‍ വന്നു പറയട്ടെ പിന്നീട് തീരുമാനിക്കാം.’ എന്നായി മന്നം.

സത്യന്റെ അച്ഛന്‍ സ്ഥലത്തെ കരയോഗം സെക്രട്ടറിയേയും കൂട്ടി പത്തനംതിട്ടയിലുള്ള തോപ്പില്‍ ഭാസിയുടെ ഇലക്ഷന്‍ കേന്ദ്ര ഓഫീസിലെത്തി. സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണദ്ദേഹം കയറിവന്നത്. ‘ഭാസീ, നിങ്ങളുടെ ജയം ഉറപ്പായി മൂപ്പില് മക്കപ്പുഴ വന്നിട്ടുണ്ട്. എന്‍.എസ്.എസ്.ഭാസിക്കു വോട്ടു ചെയ്യുവാന്‍ ഇന്നു തീരുമാനമെടുക്കും. ഭാസി ഇപ്പോള്‍ത്തന്നെ വന്ന് മൂപ്പിലേ ഒന്നു കാണണം.’ അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തേയും കൂടെ വന്ന ആളേയും ആദരിച്ചിരുത്തിയിട്ട് തോപ്പില്‍ ഭാസി പറഞ്ഞു: ”മന്നത്തെ കാണുവാന്‍ ഞാന്‍ വരികയില്ല. ഞാനൊരു കമ്മ്യൂണിസ്റ്റു കാരനല്ലേ?’ എന്‍.എസ്.എസ്സിന്റെ സഹായം ഞാന്‍ അപേക്ഷിക്കുകയില്ല”

”സഹായം, അപേക്ഷിക്കേണ്ടാ. മൂപ്പിലേനെ ഒന്നു കണ്ടുകൂടേ?’ എന്നായി സത്യന്റെ പിതാവ്.
‘ഈയവസരത്തില്‍ കാണുകയില്ലെന്ന്” തോപ്പില്‍ ഭാസി തീര്‍ത്തു പറഞ്ഞു.

‘മൂപ്പര്‍ക്ക് ഭാസിയെ ഒന്നു കാണണമെന്നുണ്ട്.’ അയാള്‍ വീണ്ടും ശ്രമിച്ചു. തോപ്പില്‍ ഭാസി പറഞ്ഞു. ‘അദ്ദേഹത്തിന് എന്നെ കാണണമെന്നുണ്ടെങ്കില്‍ ഇങ്ങോട്ടു വരാം. ഞാനീ ഓഫീസില്‍ത്തന്നെ അഞ്ച് മണി വരെ കാണും’
സത്യന്റെ അച്ഛന്റെ കൂടെ വന്ന കരയോഗം സെക്രട്ടറി നായര്‍ പ്രമുഖന്റെ മുഖം ചുവന്നു. സര്‍വ നായന്മാരും ആദരിക്കുന്ന, സമുദായാചാര്യനായ മന്നത്തു പത്മനാഭന്‍ പാര്‍ട്ടിയോഫീസില്‍ വരണമെന്നു പറഞ്ഞതുപോലുള്ള ഒരു നിഷേധമുണ്ടോ? അയാള്‍ ദേഷ്യത്തോടെ പുറത്തേക്കിറങ്ങിപ്പോയി.

സത്യന്റെ അച്ഛനും കരയോഗം സെക്രട്ടറിയും തിരിച്ചുചെന്നപ്പോള്‍ ശ്രീ മന്നം മൃഷ്ടാന്നഭോജനവും കഴിച്ച് ചാരുകസേരയില്‍ മലര്‍ന്നു കിടക്കുകയായിരുന്നു. പത്തനംതിട്ടയിലെ നായര്‍ പ്രമാണിമാരെല്ലാം അവിടെയുണ്ട്. അവര്‍ മന്നത്തിനെ താണു വണങ്ങി പുല്‍പ്പായകളില്‍ ഇരിക്കുന്നു. മറ്റുള്ളവര്‍ ഓച്ചാനിച്ച് വായും പൊത്തി അവിടവിടെ നില്‍ക്കുന്നു.

കരയോഗം സെക്രട്ടറി എന്നോടുള്ള രോഷം ഉള്ളിലൊതുക്കി വിനയത്തോടെ മന്നത്തോട് പറഞ്ഞു: ‘നായന്മാരുടെ ഒറ്റ വോട്ടും തോപ്പില്‍ ഭാസിക്കു കൊടുക്കുവാന്‍ പാടില്ല. അവനെ തോല്പിക്കണം!’

മന്നം അലസഭാവത്തില്‍ ചോദിച്ചു: ‘പ്രത്യേകിച്ച് എന്തുണ്ടായി’

സെക്രട്ടറി എന്നെ കാണാന്‍ വന്ന വിവരവും ഞാന്‍ പറഞ്ഞ ‘ധിക്കാര’ വും അല്പം മേമ്പൊടിചേര്‍ത്ത് അവതരിപ്പിച്ചു. സത്യന്റെ അച്ഛന്‍ മൗനിയായി. അവിടെ കൂടിയ കരയോഗം പ്രമാണിമാരടക്കമുള്ള നായന്മാര്‍ ഇതുകേട്ട് രോഷം കൊണ്ട് ജ്വലിച്ചു. മന്നമാകട്ടെ നിര്‍വ്വികാരനെന്നപോലെ ഒന്നും പറയാതെ അതേ കിടപ്പു കിടന്നു.

അവിടെ കൂടിയ നായര്‍പട കമ്മ്യൂണിസ്റ്റ് നായരുടെ ‘ധിക്കാര’ ത്തെപ്പറ്റി രോഷാകുലനായി സംസാരിക്കുകയും എന്നെ തോല്പിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്തു. ഒരു പ്രമുഖന്‍ ആവേശം കേറി പറഞ്ഞു
‘തോപ്പില്‍ ഭാസിയോ? -അവന്‍ നായരാണെന്നാരു പറഞ്ഞു?അവന്‍ മാപ്പിളയ്ക്കുണ്ടായവനായിരിക്കും!’

അത് കേട്ടപാടെ, മന്നം കസേരയില്‍ നിവര്‍ന്നിരുന്നിട്ടു പറഞ്ഞു: ‘തോപ്പില്‍ ഭാസി ! അവനാണ് തന്തയ്ക്കു പിറന്ന നായര്‍. അവനെ ജയിപ്പിക്കണം’ എന്നിട്ട് പറഞ്ഞു. മന്നം തുടര്‍ന്നു പറഞ്ഞു. ‘എങ്ങനെയും ജയിക്കാന്‍വേണ്ടി അവന്‍ അവന്റെ തത്വം വിട്ട് നമ്മുടെ അടുത്തു വന്നില്ലല്ലോ’
അത് കേട്ട് .’തിരുവായ്ക്ക് എതിര്‍വാ’ യില്ലാത്ത അവിടെ നിന്ന നായര്‍പട ചമ്മിപ്പോയി.

ഒരു കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ മന്നം പറഞ്ഞ ന്യായത്തില്‍ ആത്മാര്‍ത്ഥത ലവലേശമില്ലെന്നു വ്യക്തം. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ തത്വാധിഷ്ഠിതമായ നിലപാടിനെ ‘നായര്‍ മഹത്ത്വ’ മായി വളച്ചൊടിച്ചെടുത്തു. മന്നത്തെ സംബന്ധിച്ചിടത്തോളം അന്നത്തെ രാഷ്ട്രീയം ക്രിസ്ത്യാനികളായ കോണ്‍ഗ്രസ്സുകാരെ തോല്പ്പിക്കുകയെന്നതായിരുന്നു. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ നിയമസഭയില്‍ എത്തുന്ന നായര്‍ എംഎല്‍എ മാരുടെ മൊത്തം എണ്ണം പറഞ്ഞ് രാജ്യത്ത് നായര്‍ക്കുള്ള സ്വാധീനം എടുത്തുകാട്ടി കോണ്‍ഗ്രസ്സില്‍ കൂടുതല്‍ പദവി നായര്‍ സമുദായത്തിനു നേടിയെടുക്കുകയെന്നതായിരുന്നു മന്നത്തിന്റെ ലക്ഷ്യം. അതാണ് മന്നത്തു പത്മനാഭന്റെ കൂര്‍മ്മ ബുദ്ധി.

ആ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍ തോല്ക്കാന്‍ നിന്നുപോയ ഭാസ്‌ക്കര പിള്ളയെന്ന തോപ്പില്‍ ഭാസി എണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചു (29,001 വോട്ട് നേടി) കോണ്‍ഗ്രസ്സിലെ എതിര്‍ സ്ഥാനാര്‍ത്ഥി എന്‍.ജി ചാക്കോനെയാണ് ഭാസി തോല്‍പ്പിച്ചത്. ഒരു എം.എല്‍.എയുടെ ഭൂരിപക്ഷത്തോടെയാണ് അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം സൃഷ്ടിച്ച മന്ത്രിസഭ രൂപീകരിച്ചതെന്നുള്ളതുകൊണ്ട് തോപ്പില്‍ ഭാസിയുടെ വിജയം ഒരിക്കല്‍ കൂടി ചരിത്രവിജയമായി’.

Content Summary: The incredible story of Thoppil Bhasi’s election wins

Leave a Reply

Your email address will not be published. Required fields are marked *

×