നടി സുകന്യ നൽകിയ മാനനഷ്ടക്കേസിൽ സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച് മദ്രാസ് ഹൈക്കോടതി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് സണ്‍ ടിവി
സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഇപ്പോൾ കോടതി വിധി വന്നിരിക്കുന്നത്.
1996 ഏപ്രിൽ സണ്‍ടിവി സംപ്രേക്ഷണം ചെയ്ത വീരപ്പന്റെ അഭിമുഖത്തിൽ നടിയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയിരുന്നു.
1996 ഏപ്രില്‍ 17 ന് സണ്‍ടിവിയില്‍ നക്കീരന്‍ എഡിറ്റര്‍ ആര്‍ ആര്‍ ഗോപാല്‍ വീരപ്പനുമായി നടത്തിയ അഭിമുഖം സണ്‍ടിവി ‘നേരുക്കുനേര്‍’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംപ്രേക്ഷണം ചെയ്തിരുന്നു. അഭിമുഖത്തില്‍ സുകന്യക്ക് പിവി നരസിംഹ റാവുവിന്റെ മകനുമായി അവിഹിത ബന്ധമുണ്ടെന്നും അതു വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നും വീരപ്പന്‍ ആരോപിച്ചു. ഇത് എഡിറ്റ് ചെയ്ത് ഒഴിവാക്കാതെയാണ് സൺ ടിവി അഭിമുഖം സംപ്രേഷണം ചെയ്തത്. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണം തന്റെ സല്‍പ്പേരിനെയും തൊഴിലിനെയും വ്യക്തിജീവിതത്തെയും ബാധിച്ചതായും മാനസികാഘാതമുണ്ടാക്കിയതായും ചൂണ്ടിക്കാട്ടി സുകന്യ കോടതിയെ സമീപിക്കുകയായിരുന്നു.ഇതിനെതിരെ സുകന്യ നല്‍കിയ മാനനഷ്ടക്കേസില്‍ 2015 ല്‍ വിചാരണകേകോടതി അനുകൂല ഉത്തരവിറക്കിയിരുന്നു. അതിനെതിരെ സണ്‍ടിവി നെറ്റ്‌വര്‍ക്ക് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കെ. കുമരേഷ് വിധി പ്രഖ്യാപിച്ചത്.
അഭിമുഖം തങ്ങളുടെതല്ലെന്നും നക്കീരന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്യുകമാത്രമാണ് ചെയ്തതെന്നും സണ്‍ടിവി വാദിച്ചു. എന്നാല്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനു മുന്‍പ് അത് എഡിറ്റു ചെയ്യാനും അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനും മാറ്റം വരുത്താനുമുള്ള പൂര്‍ണ അധികാരം സണ്‍ടിവിക്ക് ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി വാദം തള്ളി. എഡിറ്റോറിയല്‍ നിയന്ത്രണമുള്ളതിനാല്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി പറഞ്ഞു. വിവരങ്ങളുടെ സത്യാവസ്ഥ സുകന്യയോടോ മറ്റ് കേന്ദങ്ങളോടോ അന്വഷിക്കാന്‍ ചാനല്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിമുഖം വിവാദമായതിനു പിറകേ തമിഴ് മാഗസിനിലൂടെ സുകന്യയോട് ക്ഷമാപണം നടത്തിയിരുന്നുവെന്നും സണ്‍ടിവി കോടതിയെ അറിയിച്ചു. എന്നാല്‍ സ്വന്തം ചാനലിലൂടെ ചെയ്ത തെറ്റിന് മറ്റൊരു മാധ്യമത്തിലൂടെ നടത്തിയ ക്ഷമാപണം അംഗീകരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. തെറ്റായ വാര്‍ത്ത കണ്ട അതേ പ്രേക്ഷകരിലേക്ക് ക്ഷമാപണം എത്തണമെങ്കില്‍ അതേ ചാനലിലൂടെതന്നെ ക്ഷമ പറയണമായിരുന്നുവെന്നും അതിലെ വീഴ്ച ചാനലിന്റെ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നതെന്നും കോടതി വിധിയില്‍ പറയുന്നു.
This post was last modified on June 8, 2026 2:36 pm
Leave a Comment