June 03, 2026 |
Share on

‘സൽപ്പേരിന് കളങ്കം വരുത്തി’ വായ്പ നൽകിയവർക്കെതിര മാനനഷ്ടക്കേസിനൊരുങ്ങി ബൈജൂസ്

1.2 ബില്യൺ ഡോളർ വായ്പയിൽ നിന്ന് 533 മില്യൺ ഡോളർ മറച്ചുവെച്ച് കൈക്കലാക്കി

എഡ്യൂടെക് സ്ഥാപനമായ ബൈജൂസിന് വായ്പ നൽകിയവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി സ്ഥാപകൻ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും. തങ്ങളുടെ സൽപ്പേരിന് കോട്ടം വരുത്തി എന്നാരോപിച്ചാണ് ഗ്ലാസ് ട്രസ്റ്റ് ഉൾപ്പെടെയുള്ള വായ്പദാതാക്കളിൽ നിന്ന് 250 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും നിയമനടപടിക്ക് ഒരുങ്ങുന്നത്.120 കോടി ഡോളർ വായ്പയെടുത്തിട്ട് തിരിച്ചടയ്ക്കാത്തതിന്റെ പേരിലാണ് ബൈജൂസിനെതിരെ ഗ്ലാസ് ട്രസ്റ്റ് വായ്പാദാതാക്കൾക്ക് വേണ്ടി കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള കോടതികളിൽ കേസ് ഫയൽ ചെയ്യാനാണ് ബൈജു രവീന്ദ്രന്റെയും ദിവ്യ ഗോകുൽനാഥിന്റെയും തീരുമാനം. അതേസമയം, ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിൽ ഡയറക്ടറായിരുന്ന റിജു രവീന്ദ്രൻ, ഗ്ലാസ് ട്രസ്റ്റിനെ കമ്പനിയുടെ കടക്കാരുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു.

ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥിനും വേണ്ടി ഹാജരായ അഭിഭാഷകൻ ജെ മൈക്കൽ മക്‌നട്ട് നൽകിയ പ്രസ്താവനയിൽ, തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിനും സ്ഥാപനങ്ങൾക്കും നഷ്ടം വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബൈജൂസിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി. ബൈജൂസിന്റെ യുഎസ് ഉപകമ്പനിയായ ആൽഫ, ഗ്ലാസ് ട്രസ്റ്റ്, അവരുടെ അഭിഭാഷകർ എന്നിവരുടെ കോടതിയിലെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ബിജൂസിന്റെ യു.എസ്. ഉപകമ്പനിയായ ആൽഫയും ഇന്ത്യയിലെ മാതൃസ്ഥാപനമായ തിങ്ക് & ലേണും നിലവിൽ വെവ്വേറെ ബാങ്ക്‌റപ്റ്റ്‌സി നടപടികൾ നേരിടുകയാണ്. മറ്റ് രാജ്യങ്ങളിലും ഈ കക്ഷികൾക്കെതിരെ കൂടുതൽ കേസുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മക്‌നട്ട് അറിയിച്ചു. ബൈജൂസിന്റെ സ്ഥാപകരിൽ ചിലർ അല്ലെങ്കിൽ എല്ലാവരും ചേർന്ന് ഫയൽ ചെയ്യുന്ന ഈ കേസുകളിൽ, കുറഞ്ഞത് 250 കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഗ്ലാസ് ട്രസ്റ്റ് പ്രതികരിച്ചിട്ടില്ല.

ഗ്ലാസ് ട്രസ്റ്റ് യുഎസിലെ പാപ്പരത്വ കോടതിയിൽ ബൈജു രവീന്ദ്രൻ, ദിവ്യ ഗോകുൽനാഥ്, മുൻ ചീഫ് സ്ട്രാറ്റജി ഓഫീസർ അനിത കിഷോർ എന്നിവർക്കെതിരെ കേസ് നൽകിയിരുന്നു. ബൈജൂസ് ആൽഫ എടുത്ത 120 കോടി ഡോളർ വായ്പയിൽ നിന്ന് 53.3 കോടി ഡോളർ ഇവർ തട്ടിച്ചുവെന്നതാണ് ഗ്ലാസ് ട്രസ്റ്റ് ആരോപിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആ നിർദ്ദേശം പാലിക്കുന്നതിൽ രവീന്ദ്രൻ പരാജയപ്പെട്ടു. ഇതിനെ തുടർന്ന് ജൂലൈ 7-ന് കോടതി അദ്ദേഹത്തിനെതിരെ സിവിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുത്തു.

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, യുഎസ് കോടതിയുടെ സിവിൽ കോടതിയലക്ഷ്യ ഉത്തരവിനെക്കുറിച്ച് ബൈജു രവീന്ദ്രന് അറിയാമായിരുന്നു. ഈ വിധി പുനഃപരിശോധിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടതിനാലാണ് ഈ ഉത്തരവുണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇതേ അമേരിക്കൻ കേസിൽ ദിവ്യ ഗോകുൽനാഥും കക്ഷിയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നടപടികളെടുക്കാൻ യുഎസ് കോടതിക്ക് അധികാരമില്ലെന്നും എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും അവർ പ്രസ്താവനയിൽ പറയുന്നു.

കമ്പനിയുടെ ആസ്തികൾ വഞ്ചനാപരമായ രീതിയിൽ കൈമാറ്റം ചെയ്തതിനെതിരെ ബൈജു രവീന്ദ്രൻ, ദിവ്യ ഗോകുൽനാഥ്, റിജു രവീന്ദ്രൻ എന്നിവർക്കെതിരെ ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ (എൻ.സി.എൽ.റ്റി) കേസുകൾ ഫയൽ ചെയ്തു. അവർ നഷ്ടപരിഹാരം നൽകണമെന്നാണ് ഈ കേസുകളിലെ ആവശ്യം. ഒരു സ്ഥാപനം സാമ്പത്തികമായി തകരുമ്പോൾ, അതിന്റെ ആസ്തികൾ കൈകാര്യം ചെയ്യാനായി നിയോഗിക്കുന്ന വിദഗ്ദ്ധനാണ് ഇൻസോൾവൻസി റെസല്യൂഷൻ പ്രൊഫഷണൽ. ഇവർക്ക് ഇ.വൈ എന്ന അന്താരാഷ്ട്ര സ്ഥാപനത്തിന്റെ പിന്തുണയുണ്ട്.

ഇൻസോൾവൻസി ആൻഡ് ബാങ്ക്രപ്‌സി കോഡ് എന്ന നിയമത്തിലെ ഒരു വ്യവസ്ഥയാണ് ഈ കേസുകളിൽ ഉപയോഗിച്ചത്. ഈ നിയമം വഴി, ഒരു കമ്പനിയുടെ മുൻ മാനേജ്‌മെന്റ് നടത്തിയ ചില ഇടപാടുകൾ നിയമപരമായി റദ്ദാക്കാൻ സാധിക്കും. ഈ വിവരങ്ങൾ ജൂണിൽ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

content summary: Defamation: Byju’s prepares to file a case against the lenders

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×