June 26, 2026 |

സ്വകാര്യത പണയം വെച്ചുള്ള വായ്പ; മരണക്കെണിയാകുന്ന ലോണ്‍ ആപ്പുകള്‍

വിരല്‍ത്തുമ്പില്‍ പണം ലഭ്യമാകുമെന്ന വാഗ്ദാനം ചതിക്കുഴിയാണെന്ന് പലരും തിരിച്ചറിയുന്നില്ല

ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ മുതലെടുത്ത് രാജ്യത്ത് വേരുറപ്പിച്ച ‘ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍’ ഇന്ന് പല കുടുംബങ്ങളുടെയും ഉറക്കം കെടുത്തുന്ന കൊലയാളി ആപ്പുകളായി മാറിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് വേഗത്തിലുള്ള പരിഹാരമെന്ന വ്യാജേനയാണ് ഈ ലോണ്‍ ആപ്പുകള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. അനായാസം വായ്പ ലഭിക്കുമെന്ന പ്രലോഭനത്തില്‍ വീഴുന്നവര്‍ ചെന്നെത്തുന്നതോ ആത്മഹത്യയുടെ വക്കിലേക്കാണ്.

ബാങ്കുകളിലെ സങ്കീര്‍ണമായ നടപടിക്രമങ്ങളോ ക്രെഡിറ്റ് സ്‌കോര്‍ പരിശോധനകളോ ഇല്ലാതെതന്നെ, വിരല്‍ത്തുമ്പില്‍ പണം ലഭ്യമാകുമെന്ന വാഗ്ദാനം ചതിക്കുഴിയാണെന്ന് പലരും തിരിച്ചറിയുന്നില്ല. ആകര്‍ഷകമായ പരസ്യങ്ങള്‍ക്ക് പിന്നില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ചൂഷണം ചെയ്യാന്‍ കൃത്യമായി ആസൂത്രണം ചെയ്ത ഒരു ഡിജിറ്റല്‍ കെണിയാണ് ഒളിഞ്ഞിരിക്കുന്നത് എന്നതാണ് നടുക്കുന്ന യാഥാര്‍ത്ഥ്യം.

സാധാരണ ബാങ്കിംഗ് സേവനങ്ങള്‍ അപ്രാപ്യമായ സാധാരണക്കാരെയാണ് ഇത്തരം തട്ടിപ്പ് കമ്പനികള്‍ പ്രധാനമായും ഇരയാക്കുന്നത്. ഡിജിറ്റല്‍ വായ്പാ മേഖലയിലെ നിയമപരമായ പഴുതുകളും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും മുതലെടുത്ത്, നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ ലോണ്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധയായ സുമ സണ്ണി അഴിമുഖത്തോട് പ്രതികരിച്ചു.

”ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് കൃത്യമായ രേഖകളും മികച്ച ക്രെഡിറ്റ് സ്‌കോറും അത്യാവശ്യമാണെന്നിരിക്കെ, യാതൊരു നിബന്ധനകളുമില്ലാതെ അതിവേഗം പണം ലഭ്യമാക്കുമെന്നതാണ് ലോണ്‍ ആപ്പുകളുടെ പ്രധാന ആകര്‍ഷണം. എന്നാല്‍, ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ സ്വകാര്യത ഗുരുതരമായ ഭീഷണിയിലാകുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതോടെ നമ്മുടെ ഫോണിലെ ഫോട്ടോകളും കോണ്‍ടാക്ട് നമ്പറുകളുമെല്ലാം ലഭ്യമാകുന്നതിനുള്ള അനുമതി കൂടി അവര്‍ നേടിയെടുക്കുന്നു. വായ്പ തിരിച്ചടവ് മുടങ്ങുന്ന ഘട്ടത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ഒരു ചതിക്കൂട്ടായാണ് ഈ വിവരങ്ങള്‍ ഇവര്‍ മുന്‍കൂട്ടി കൈക്കലാക്കുന്നത്” സുമ സണ്ണി കൂട്ടിച്ചേര്‍ത്തു.

അപേക്ഷകന്റെ ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങളും സെല്‍ഫിയും ശേഖരിച്ചുകൊണ്ടാണ് ഇത്തരം ആപ്പുകള്‍ വായ്പ അനുവദിക്കുന്നത്. എന്നാല്‍ തിരിച്ചടവ് നേരിയ തോതില്‍ വൈകിയാല്‍ പോലും റിക്കവറി ഏജന്റുമാരുടെ ക്രൂരമായ പീഡനമുറകളാണ് ഇരകളെ കാത്തിരിക്കുന്നത്. ഇതിനായി വായ്പയെടുത്തവരുടെ ഫോണില്‍ നിന്ന് ചോര്‍ത്തിയെടുത്ത സ്വകാര്യ ചിത്രങ്ങളും കോണ്‍ടാക്റ്റ് ലിസ്റ്റും അവര്‍ ആയുധമാക്കുന്നു. വായ്പയെടുത്ത വ്യക്തിയെ ‘വഞ്ചകന്‍’ എന്ന് മുദ്രകുത്തി ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചും, സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തി ഇരകളെ മാനസികമായി തകര്‍ക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ഭയാനകമായ അനുഭവങ്ങളാണ് ചതിക്കുഴിയില്‍ പെട്ടവര്‍ പങ്കുവെക്കുന്നത്.

ലോണ്‍ ആപ്പുകളില്‍ നിന്ന് പണം അക്കൗണ്ടിലെത്തുന്ന നിമിഷം മുതല്‍ ഉപയോക്താവിന്റെ സമാധാനവും നഷ്ടപ്പെടുന്നു. വായ്പ നല്‍കുന്ന ഘട്ടത്തില്‍ മറച്ചുവെക്കുന്ന അമിത പലിശനിരക്കുകളും പ്രോസസിംഗ് ഫീസുകളും കാരണം, തിരിച്ചടയ്ക്കാന്‍ കഴിയാത്തവിധം വ്യക്തികള്‍ കടക്കെണിയില്‍ അകപ്പെടും. തിരിച്ചടവ് നേരിയ തോതില്‍ വൈകിയാല്‍ പോലും വായ്പാ ഏജന്റുമാരുടെ ക്രൂരമായ മാനസികപീഡനം ആരംഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് തന്നെ ഫോണിലെ വിവരങ്ങളിലേക്ക് പ്രവേശനം നേടുന്ന ഈ ആപ്പുകള്‍, സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താവിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയയ്ക്കുമെന്ന ഭീഷണികൂടി ഉയരുന്നതോടെ, ഈ വായ്പാ ചതിക്കുഴി വ്യക്തി ജീവിതത്തെ തന്നെ പാടെ തകര്‍ക്കുന്നു.

ആപ്പുകള്‍ വഴി ലോണ്‍ നല്‍കാന്‍ ആര്‍ബിഐയുടെ അനുമതി ഇല്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളെ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് ഇത്തരം ആപ്പുകളുടെ പ്രവര്‍ത്തനം. വായ്പകള്‍ക്ക് ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള 26% പലിശ പരിധി മറികടന്ന്, ഈ ആപ്പുകള്‍, പലപ്പോഴും നൂറ് ശതമാനത്തിലേറെ വരുന്ന കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. പല ആപ്പുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സുരക്ഷാ കവചം ഒരുക്കാനാണ്. തിരിച്ചടവ് അല്പം വൈകിയാല്‍ പോലും ഭീമമായ പിഴപ്പലിശ ചുമത്തുന്നതിനൊപ്പം ഭീഷണിപ്പെടുത്തുക എന്നതും ഇവരുടെ സ്ഥിരം തന്ത്രമാണ്.

ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനം നിയമപരമായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ ഷൈജുമോന്‍ അഴിമുഖത്തോട് പ്രതികരിച്ചു. ”യാതൊരുവിധ ഈടുമില്ലാതെ വായ്പകള്‍ ലഭ്യമാകുന്നത് സാധാരണക്കാരെ എളുപ്പത്തില്‍ ഈ കെണിയില്‍ വീഴ്ത്തുന്നു. ഇത് നിയമപ്രകാരം നിയന്ത്രിക്കേണ്ടതാണ്. റിസര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ നിന്നുകൊണ്ട് മാത്രമേ പൊതുവേ ലോണുകള്‍ക്ക് അനുമതിയുള്ളൂ. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്” സാമ്പത്തിക വിദഗ്ധര്‍ ഷൈജുമോന്‍ അഴിമുഖത്തോട് പറഞ്ഞു.

ആര്‍ബിഐയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമേ ധനകാര്യ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ. പക്ഷേ ഇവിടെ ഇപ്പോള്‍ വ്യാപകമായ ലോണ്‍ ആപ്പുകളില്‍ ഭൂരിഭാഗവും ഇത്തരം നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

”പലപ്പോഴും ഇത്തരം ലോണ്‍ ആപ്പുകള്‍ ഉപഭോക്താവിലേക്ക് നേരിട്ട് മെസേജ് വഴി എത്തുകയാണ് പതിവ്. പതിനായിരവും ഇരുപതിനായിരവുമൊക്കെ ലോണ്‍ അനുവദിക്കാമെന്ന സന്ദേശത്തിലും കോളിലും സാധാരണക്കാരന്‍ വീഴുന്നു. തിരിച്ചടവ് വൈകുന്ന ഘട്ടത്തില്‍, ഉപഭോക്താവിനെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ മോശക്കാരനായി ചിത്രീകരിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്,” ഷൈജുമോന്‍ വ്യക്തമാക്കി.

Content Summary: Instant loan app scams: how digital lenders trap victims in debt cycles

രാജേശ്വരി പി ആര്‍

രാജേശ്വരി പി ആര്‍

അഴിമുഖം ചീഫ് സബ് എഡിറ്റര്‍

More Posts

Leave a Reply

Your email address will not be published. Required fields are marked *

×