നിർമാതാവിന്റെ കയ്യിൽ പണമില്ലാത്തതിനാൽ ഹോട്ടലുകളിൽ പണയം കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് നടൻ നന്ദു പൊതുവാൾ. മലയാളിക്ക് സുപരിചിതമായ മുഖമാണ് നടൻ നന്ദു പൊതുവാളിന്റേത്. സിനിമയിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രം ഒതുങ്ങിപ്പോകാറുണ്ടെങ്കിലും ലഭിച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം 2 മോഹിനിയാട്ടം എന്ന ചിത്രത്തിലെ നന്ദു പൊതുവാളിന്റെ പ്രകടനം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ താൻ ആദ്യ കാലത്ത് സിനിമയിൽ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നന്ദു പൊതുവാൾ.
നിരവധി സിനിമകളിൽ സഹനടനായും പ്രൊഡക്ഷൻ കൺട്രോളറായും നന്ദു പൊതുവാൾ പ്രവർത്തിച്ചിട്ടുണ്ട്. പല സിനിമകളും കൃത്യസമയത്ത് തീർക്കാൻ സാധിക്കാത്ത സാഹചര്യം വന്നിട്ടുണ്ടെന്നും പല കാരണങ്ങൾ കൊണ്ട് നിന്നു പോയ പടങ്ങളുണ്ടായിട്ടുണ്ടെന്നും നന്ദു പറയുന്നു. ഹോട്ടലിൽ ബില്ല് കൊടുക്കാൻ പണമില്ലാതെ വന്ന സമയത്ത് താൻ ഇരുപത് ദിവസത്തോളം അവിടെ പണയം കിടക്കേണ്ടി വന്നിട്ടുണ്ടെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ നന്ദു പൊതുവാൾ പഞ്ഞു.
‘സിനിമകൾ കൃത്യസമയത്ത് തീർക്കാൻ പറ്റാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ആർട്ടിസ്റ്റ് ഡേറ്റിന്റെ പ്രശ്നം കൊണ്ട് തീരാതെ വരും. സാമ്പത്തിക പ്രശ്നം കൊണ്ട് തീരാതെ വരും. അത് കാരണം നിന്നുപോയ പടങ്ങളുണ്ട്. ലൊക്കേഷൻ വേണ്ടെന്ന് വച്ച് പിന്നീട് അത് നടക്കാതെ പോയ സിനിമകളുണ്ട്. എല്ലാം പ്ലാൻ ചെയ്ത് കറക്ട് ആയിട്ട് പോകുന്ന പടങ്ങളുണ്ട്. ചിലത് ആരംഭ ശൂരത്തത്തോടെ വന്നിട്ട് പത്താം ദിവസം പൂട്ടുന്ന പടങ്ങളുണ്ട്. ബാറ്റ കൊടുക്കാൻ കാശുണ്ടാവില്ല. ഹോട്ടലിൽ ബില്ല് കൊടുക്കാനില്ല. ആഹാരത്തിന് കാശില്ല. ഞാൻ പണയം കിടന്നിട്ടുണ്ട്. നിർമാതാവിന്റെ കയ്യിൽ കാശില്ലാത്തത് കൊണ്ട്, പാക്കപ്പായി എല്ലാവരും പോയിട്ടും ലോഡ്ജ്കാര് വിട്ടില്ല. സെറ്റിൽ ചെയ്യാൻ പൈസ ഇല്ല. ആരെങ്കിലുമൊക്കെ ഹോട്ടലിൽ പണയം കിടക്കും. ഞാൻ പത്ത് ഇരുപത് ദിവസം കിടന്നിട്ടുണ്ട്. അവസാനം അവർ തന്നെ പോകാൻ പറഞ്ഞു. ഈ നരകിക്കുന്നത് അവരും കാണുന്നതാണ്”, നന്ദു പൊതുവാൾ പറഞ്ഞു.