നടിയെ ആക്രമിച്ച കേസ്: വിധി കാത്ത് കേരളം

സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി ഇന്ന് വിധി പറയുന്നത്

നടിയെ ആക്രമിച്ച കേസില്‍ വിധി ഉടന്‍. നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളാണ് കേസില്‍ ഉള്ളത്. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ കോടതി ഇന്ന് വിധി പറയുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് 11 മണിക്കാണ് കേസില്‍ വിധി പറയുക. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

പള്‍സര്‍ സുനി എന്ന് വിളിപ്പേരുള്ള സുനില്‍ എസ്, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജീഷ്, സലിം എച്ച്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനില്‍ കുമാര്‍, ശരത് ജി നായര്‍ എന്നിവരാണ് കേസിലെ ഒന്ന മുതല്‍ 10 വരെയുള്ള പ്രതികള്‍. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ പ്രതികളെ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും.

കേസിലെ ഒന്നാം പ്രതി ക്രിമിനല്‍ സംഘത്തിന്റെ തലവനും ഡ്രൈവറുമായ പള്‍സര്‍ സുനിയാണ്. ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ മുമ്പും പ്രതിയാണ്. സിനിമാ രംഗത്ത് നിരവധി പ്രമുഖരുടെ ഡ്രൈവറായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആയിരുന്നു സംഭവ ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. ക്വട്ടേഷന്‍ സംഘത്തിന് കൃത്യം നിര്‍വഹിക്കാനുള്ള ഒത്താശ ഇയാള്‍ നല്‍കിയെന്നാണ് കേസ്.

മൂന്നാം പ്രതിയായ തമ്മനം മണി പള്‍സര്‍ സുനിയുടെ സുഹൃത്താണ്. ഇയാളും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. നാലാം പ്രതി ക്വട്ടേഷന്‍ ഗുണ്ടയായ വിപി വിജീഷ് ആണ്. ഇയാളും സംഭവത്തില്‍ പങ്കെടുത്തുവെന്നാണ് കേസ്. അഞ്ചാംപ്രതി വടിവാള്‍ സലിം എന്ന എച്ച് സലിം. ക്വട്ടേഷന്‍ ഗുണ്ട, ഗൂഢാലോചന എന്നിവയില്‍ പങ്കാളിയാണ്.

ആറാം പ്രതി പ്രദീപ്. കുറ്റകൃത്യം നടന്ന ടെമ്പോ ട്രാവലറില്‍ ഇടയ്ക്ക് വന്നു കയറി. ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കാളിയാണ്. ഏഴാം പ്രതി ചാര്‍ലി തോമസ്. ഇയാള്‍ പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കി.

എട്ടാം പ്രതിയാണ് പി ഗോപാലകൃഷ്ണന്‍ എന്ന നടന്‍ ദിലീപ്. അതിജീവിതയ്‌ക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ പ്രധാന സൂത്രധാരന്‍ ആണ് ദിലീപ് എന്നാണ് കേസ്. കൃത്യം നടത്താന്‍ ഗൂഢാലോചന നടത്തി പ്രതികള്‍ക്ക് പ്രതിഫലം നല്‍കി എന്നാണ് കേസില്‍ പറയുന്നത്.

ഒമ്പതാം പ്രതി മേസ്തിരി സനില്‍ എന്ന സനില്‍ കുമാര്‍. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ് കേസ്. ഒളിവിലിരിക്കെ നാദിര്‍ഷയുമായും അപ്പുണ്ണിയുമായും സംസാരിക്കാന്‍ സഹായം നല്‍കി.

പത്താം പ്രതി ശരത് ജി നായര്‍ നടന്‍ ദിലീപിന്റെ സുഹൃത്തും ഹോട്ടല്‍ വ്യവസായിയുമാണ്. ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് കേസ്. ദിലീപ് തന്‍റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ഓഫീസിൽ നിന്ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് പോവുകയായിരുന്നു. അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ നിന്ന് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് അഭിഭാഷകര്‍ക്കൊപ്പം ദിലീപ് കോടതിയിൽ പ്രവേശിക്കുകയായിരുന്നു.

കേസിന്റെ വിധി പറയാനുള്ള തയ്യാറെടുപ്പുകള്‍ക്കായി കഴിഞ്ഞയാഴ്ച അവസാന രണ്ട് പ്രവൃത്തി ദിനങ്ങളില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് അവധിയിലായിരുന്നു. പൊതു അവധിയായ ഇന്നലെ പോലും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാര്‍ കോടതിയില്‍ എത്തിയിരുന്നു.

content summary: Actress Assault Case: Kerala Awaits the Verdict

This post was last modified on December 8, 2025 10:51 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment