June 03, 2026 |
Share on

‘അന്ന് ദർബാർ ഹാൾ ​ഗ്രൗണ്ടിലുയർന്ന മഞ്ജുവിന്റെ ചോദ്യത്തിനുള്ള ഉത്തരമാകുമോ ഡിസംബർ 8ലെ വിധി’

പ്രമുഖ നടി കൊച്ചിയിൽ അതിക്രൂരമായ ആക്രമണത്തിനിരയായ ദിവസമായിരുന്നു അത്

നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണ കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി ജോർജാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്.

മലയാളസിനിമയെ സംബന്ധിച്ച് ഏറ്റവും സംഭവബഹുലമായ വർഷമായിട്ടായിരുന്നു 2017നെ അടയാളപ്പെടുത്തിയത്. 2017നെ മലയാളസിനിമ അടയാളപ്പെടുത്തുന്നത് ഫെബ്രുവരി 19ലെ ആ അസ്വഭാവിക സംഭവത്തിലൂടെയായിരിക്കും. പ്രമുഖ നടി കൊച്ചിയിൽ അതിക്രൂരമായ ആക്രമണത്തിനിരയായ ദിവസമായിരുന്നു അത്. സിനിമാ ചിത്രീകരണം പൂർത്തിയാക്കി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

വാർത്താ മാധ്യമങ്ങളിലെല്ലാം ആ വാർത്ത ആഘോഷിക്കപ്പെട്ടു. നടിയാരെന്നും, പിന്നിലാരാണെന്നുമുള്ള ചർച്ചകളും സജീവമായിരുന്നു. ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചി ദർബാർ ഹാളിൽ അന്നൊരു പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയിൽ ഉയർന്നുക്കേട്ട ഒരൊറ്റ പ്രസ്താവന അതായിരുന്നു ആ കേസിലെ വഴിത്തിരിവ്, കേസിനെ മുന്നോട്ട് നയിച്ചത് ആ വാക്കുകളായിരുന്നു.

നടിയെ ആക്രമിച്ച കേസിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. നടിയെ വീട്ടിൽ പോയി കണ്ടതിന് ശേഷമായിരുന്നു മഞ്ജു ഇങ്ങനെ പറഞ്ഞത്. അപ്പോൾ ആ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണ് അതായിരുന്നു പിന്നീട് വന്ന ചോദ്യം. അധികം വൈകാതെ അതിനുള്ള ഉത്തരവും ലഭിച്ചു. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ്.

2017 ഫെബ്രുവരി 17ന് അർദ്ധരാത്രിയിൽ കൊച്ചിയിൽ ദേശീയപാതയിൽ വച്ച് നടിയുടെ കാർ ആക്രമിച്ച സംഘം നടിയെ ഉപദ്രവിക്കുകയും അപകീർത്തികരമായ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ സംഭവസമയത്ത് കാർ ഓടിച്ചിരുന്ന മാർട്ടിൻ ആന്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 19ന് മാർട്ടിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരും അറസ്റ്റിലായി. അന്നുതന്നെ നടിയെ ആക്രമിക്കാൻ ഉപയോഗിച്ച വാൻ തമ്മനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അതിന്റെ തൊട്ടടുത്ത ദിവസം പ്രതികളിലൊരാളായ മണികണ്ഠനെ പാലക്കാട് കെഎസ്ആർടിസി ബസിൽ നിന്നും പിടികൂടി.

ഫെബ്രുവരി 23ന് കീഴടങ്ങാനായി എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ സുനിൽകുമാറിനെയും വിജീഷിനെയും ബലപ്രയോഗത്തിലൂടെ പോലീസ് പിടികൂടി, ഇരുവരെയും റിമാൻഡ് ചെയ്തു. ഒരു സ്ത്രീയുടെ ക്വട്ടേഷനാണ് ഇതെന്ന് സുനി നടിയോട് പറഞ്ഞതായി ആക്രമണത്തിന് ശേഷം നടി അഭയം തേടിയ സംവിധായകനും നടനുമായ ലാൽ വെളിപ്പെടുത്തുകയുണ്ടായി. നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചത് പോലീസിനെ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവും സംഘടിപ്പിച്ചു.

പ്രതി പൾസർ സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഉപേക്ഷിച്ചെന്ന് പറഞ്ഞ വെണ്ണലയിലെ ഓടയും, കോയമ്പത്തൂരിലെ ഒളിത്താവളങ്ങളിലും തെളിവെടുപ്പ് നടന്നു. ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് എറിഞ്ഞതായി സുനി വെളിപ്പെടുത്തിയതിനെ തുടർന്ന് നാവികസേനയുടെ സഹായത്തോടെ തിരച്ചിൽ നടത്തി.

കേസിൽ പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു. ഏഴ് പ്രതികളും 165 സാക്ഷികളുമാണ് ആദ്യ കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

2017 ജൂൺ 24ന് നടന്ന ഒരു സംഭവം കേസിൻ്റെ ഗതി മാറ്റിമറിച്ചു. കേസുമായി ബന്ധപ്പെട്ട് പൾസർ സുനി ബ്ലാക്ക്‌മെയിലിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് നടൻ ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകി. വിഷ്ണു എന്നൊരാൾ വിളിച്ച് ഒന്നര കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. എന്നാൽ, അതേ ദിവസം തന്നെ ദിലീപിന് സുനി എഴുതിയ കത്ത് മാധ്യമങ്ങൾ പുറത്തുവിട്ടു. ദിലീപിൻ്റെ പരാതി ദുരുദ്ദേശപരമാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയും, ദിലീപിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ സുനിൽകുമാർ വന്നതിന് തെളിവ് ലഭിക്കുകയും ചെയ്തതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്.

ജൂലൈ 10-ന് രാവിലെ മുതൽ പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് ദിലീപിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ പതിനൊന്നാം പ്രതിയായി ഉൾപ്പെടുത്തിയ ദിലീപിനെതിരെ ഐടി നിയം അനുസരിച്ചുള്ള രണ്ട് വകുപ്പുകൾ ഉൾപ്പെടെ മൊത്തം പതിനൊന്ന് വകുപ്പുകളാണ് ചേർത്തത്. പൾസർ സുനിയ്ക്ക് ഒന്നര കോടി രൂപ വാഗ്ദാനം ചെയ്ത് നടിയെ ബലാത്സംഗം ചെയ്യാനും അതിൻ്റെ ദൃശ്യങ്ങൾ പകർത്താനും ദിലീപ് ക്വട്ടേഷൻ നൽകിയെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. പ്രോസിക്യൂഷൻ്റെ വാദങ്ങൾ അംഗീകരിച്ച് ഹൈക്കോടതി ദിലീപിന് ജാമ്യം നിഷേധിക്കുകയും ചെയ്തു. 88 ദിവസത്തെ ജയിൽവാസത്തിന് ശേഷം ദിലീപ് ജാമ്യം നേടി പുറത്തിറങ്ങി.

തുടർന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ഉൾപ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകൾ കേസിൽ തുടരന്വേഷണത്തിന് വഴിയൊരുക്കി. കേസിൽ ദിലീപ് എട്ടാം പ്രതിയായി വിചാരണ നേരിട്ടു. വിചാരണ നടപടികൾക്ക് വേണ്ടത്ര വേഗതയുണ്ടായില്ലെന്നും പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും ഇടപെടലുകൾ കാരണം വിചാരണ ദീർഘിച്ചതായും ആരോപണമുയർന്നിരുന്നു. ഒടുവിൽ, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മുമ്പാകെ നടന്ന വിചാരണയിൽ 261 സാക്ഷികളെ വിസ്തരിക്കുകയും 1700ൽ അധികം രേഖകൾ പരിഗണിക്കുകയും ചെയ്തു. വിചാരണ നടപടികൾ ഇൻ-ക്യാമറ ആയിരുന്നു.

വിചാരണ നടപടികൾ പൂർത്തിയായ ഈ നിർണായക ഘട്ടത്തിൽ, കേസിൽ 2025 ഡിസംബർ 8ന് വിധി പ്രഖ്യാപനം നടത്തും. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ, വിചാരണ നേരിട്ട എല്ലാ പ്രതികളും നിലവിൽ ജാമ്യത്തിലാണ്. മലയാള സിനിമയുടെ ചരിത്രത്തിലും കേരളത്തിൻ്റെ നിയമ രംഗത്തും ഒരു നിർണ്ണായക ഏടായി ഈ കേസ് അടയാളപ്പെടുത്തും.

content summary: Will the final verdict on December 7th deliver justice after seven years of fighting in the sexual abuse case involving Dileep?

Leave a Reply

Your email address will not be published. Required fields are marked *

×