June 25, 2026 |
Share on

അന്ന് കുന്നത്തുനാട് എംഎൽഎ കുത്തിന് പിടിച്ച കളക്ടർ; ആരാണ് വോട്ട്ചോരിയെ പിന്തുണയ്ക്കുന്ന ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാ‍‍‌‌‍‍‌‌‌‍‍‍‌‍ർ ?

1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ

വോട്ട് ചോരി വിവാദത്തിൽ ഇന്ത്യ കത്തുകയാണ്. ജനാധിപത്യത്തിലൂന്നി പ്രവർത്തിക്കുന്ന ഇന്ത്യയെന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ അസ്ഥിത്വം കൂടിയാണ് ബിജെപി സർക്കാരിന്റെ വോട്ട് ക്രമക്കേടിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ കൃത്യമായ തെളിവുകൾ സമർപ്പിച്ചിട്ടും ആരോപിതർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ ആർഎസ്എസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വതന്ത്ര ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷർ സ്വീകരിച്ചത്. വോട്ടർപട്ടികയിലെ പിഴവുകൾക്ക് കാരണം ക്രമക്കേടിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ കൃത്യസമയത്ത് ആരോപണം ഉന്നയിക്കാത്തതാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദം. ഈ വാ​ദത്തെ തുടർന്ന് പാർലമെന്റിനകത്തും പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ്കുമാറിനെതിരെ പ്രതിഷേധങ്ങൾ ശക്തമാണ്.

ബിജെപിയുടെ ചൊൽപ്പടിയ്ക്ക് നിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനും കമ്മീഷണർക്കുമെതിരെ പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ ​തിരഞ്ഞെടുപ്പ് കമ്മീഷണറായ ​ഗ്യാനേഷ്കുമാറിന്റെ രാഷ്ട്രീയ താത്പര്യങ്ങളും ചർച്ചയാവുന്നുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിച്ചതിനെ തുടർന്നായിരുന്നു ​ഗ്യാനേഷ്കുമാർ ഇല​ക്ഷൻ കമ്മീഷണറായി നിയോ​ഗിക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ​ഗ്യാനേഷ്കുമാറിന്റെ പേരിന് അം​ഗീകാരം നൽകിയത്.

1964 ജനുവരി 27ന് ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഗ്യാനേഷ് കുമാറിന്റെ ജനനം. ഐ.ഐ.ടി. കാൺപൂരിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടി. 1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. കഴിഞ്ഞ ജനുവരിയിൽ സഹകരണ മന്ത്രാലയം സെക്രട്ടറിയായി അദ്ദേഹം വിരമിച്ചു. 2022 മെയ് മുതൽ അമിത് ഷായുടെ നേതൃത്വത്തിലുള്ള മന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്നു. അഞ്ച് വർഷം ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 മെയ് മുതൽ 2018 സെപ്റ്റംബർ വരെ ജോയിന്റ് സെക്രട്ടറിയായും തുടർന്ന് 2018 സെപ്റ്റംബർ മുതൽ 2021 ഏപ്രിൽ വരെ അഡീഷണൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 2019 ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ ജമ്മു & കശ്മീർ ഡെസ്‌കിന്റെ ചുമതല അഡീഷണൽ സെക്രട്ടറിയായിരുന്ന ​ഗ്യാനേഷ് കുമാറിനായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ അദ്ദേഹം അമിത് ഷായെ അനുഗമിച്ചിരുന്നു.

പാർലമെൻ്ററി ജനാധിപത്യ വ്യവസ്​ഥയെയും ഇന്ത്യയെന്ന ആശയത്തെത്തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാർ നീക്കങ്ങളുടെ ഭാഗമായി വേണം ഇലക്ഷൻ കമീഷൻ അടക്കമുള്ള ഭരണഘടനാ സംവിധാനങ്ങളുടെ മേലുള്ള കടന്നുകയറ്റത്തെ വിലയിരുത്താൻ. ഇപ്പോഴത്തെ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എറണാകുളം ജില്ലാ കളക്ടറായിരിക്കെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലാകെ ചർച്ചയാവുന്നുണ്ട്. എറണാകുളം കളക്ടറായിരിക്കെ ​ഗ്യാനേഷ്കുമാർ ചെയ്ത് കൂട്ടിയ പ്രവർത്തനങ്ങൾ അക്കമിട്ട് പറയുന്ന കമന്റുകളും ഈ പോസ്റ്റിന് താഴെ കാണാം. അനധികൃതമായി മണൽ ഖനനത്തിന് അനുമതി നൽകിയ ​ഗ്യാനേഷിന്റെ നടപടിയെ ചോദ്യം ചെയ്ത്കൊണ്ട് അന്നത്തെ കുന്നത്തുനാട് എംഎൽഎ ടി എച്ച് മുസ്തഫ അടിക്കാനോങ്ങിയത് കേരളം അങ്ങനെയൊന്നും മറക്കാൻ സാധ്യതയില്ല. അതിന് ശേഷം ​ഗ്യാനേഷ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത് 2006ലാണ്. അന്ന് ​ഗ്യാനേഷ് പൊതുമരാമത്ത് സെക്രട്ടറിയാണ്. കേരളത്തിലെ നാഷണൽ ഹൈവേയുടെ കരാർ ഏറ്റെടുത്തിരുന്ന മലേഷ്യൻ കമ്പനിയിലെ കരാറുകാരൻ ആത്മഹത്യ ചെയ്തതാണ് സംഭവം. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്റെ ബില്ല് പാസാക്കാതെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആത്മഹത്യാക്കുറിപ്പിലെഴുതിയിരുന്നു.

ഭരണഘടനാപരമായ നടപടിക്രമങ്ങൾ അട്ടിമറിച്ച് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടത്തുകളയുന്നതിനുള്ള വിജ്ഞാപനം തയ്യാറാക്കുന്നതിലും അത് രാഷ്ട്രപതിയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലും അമിത്ഷായുടെ വലംകൈയായി പ്രവർത്തിച്ചത് ഗ്യാനേഷ്കുമാറാണ്. ജമ്മു കാശ്മീർ പുനഃസംഘടനാ ബിൽ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചത് ഗ്യനേഷ്കുമാറാണ്. സുപ്രീംകോടതി വിധിയെതുടർന്ന് ബാബ്റി മസ്​ജിദ് തകർത്ത സ്​ഥലത്ത് ക്ഷേത്രം പണിയാനുള്ള രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുന്നതിലും നിർണ്ണായക പങ്കാണ് ഗ്യാനേഷ്കുമാർ വഹിച്ചിട്ടുള്ളത്.

തന്റെ സർവ്വീസ് കാലഘട്ടിത്തിലൂടനീളം ബിജെപിയുടെ ചൊൽപ്പടിയ്ക്ക് നിന്ന് ഒരു ഉദ്യോ​ഗസ്ഥനിൽ നിന്ന് മറ്റൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് പറയുമ്പോൾ എങ്ങനെ നിഷേധിക്കാൻ കഴിയും.

content summary: Election Commissioner Gyanesh Kumar, once a controversial Ernakulam Collector, now faces vote fraud allegations

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×