June 13, 2026 |

അന്ന് ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ പത്മത്തെ പിന്നെ കാണുന്നത് പാലത്തിനടിയില്‍ അസ്ഥികളായി

; അച്ഛൻ കമ്യൂണിസ്റ്റായതിനാല്‍ പൊലീസ് കേസ് എടുത്തില്ല;ധര്‍മസ്ഥലയിലെ മലയാളി പെണ്‍കുട്ടിയുടെ തിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന കഥ

വീരേന്ദ്ര ഹെ​ഗഡെ ഭരിക്കുന്ന സാമ്രാജ്യത്തെ വിറപ്പിച്ച വെളിപ്പെടുത്തലായിരുന്നു ധർമ്മസ്ഥലയിലെ ശുചീകരണ തൊഴിലാളി നടത്തിയത്. അജ്ഞാതനായ ആ ശുചീകരണ തൊഴിലാളി പറഞ്ഞ കാലത്തിനും മുമ്പേ ധര്‍മസ്ഥലയുടെ മണ്ണില്‍ പൂണ്ടുപോയ ജീവിതങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പേരിന് മാത്രം പൊലീസ് സ്റ്റേഷനുള്ള ധർമ്മസ്ഥലയിൽ ആദ്യം രജിസ്റ്റർ ചെയ്യപ്പെട്ട കേസ് പത്മലത തിരോധാനം ആയിരുന്നു. അന്നാ കേസ് എങ്ങും എത്താതെ പോയി.

ഹെഗഡെയുടെ രാഷ്ട്രീയ ചരിത്രവും ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങളും വീണ്ടും ചർച്ചയാവുമ്പോൾ,  39 വർഷം മുമ്പ് തനിക്ക് നഷ്ടമായ അനിയത്തിയ്ക്കും ആ വേദനയിൽ ഇപ്പോഴും കഴിയുന്ന കുടുംബത്തിനും നീതി തേടി രം​ഗത്തു വന്നിരിക്കുകയാണ്, പത്മലതയുടെ സഹോദരി ഇന്ദ്രവതി. പത്മലത കേസ് പിന്നീട് പൊലീസ് എഴുതി തള്ളുകയായിരുന്നു. ഇപ്പോള്‍ സിപിഎമ്മിന്റെ പിന്തുണയോടെ കുടുബം ആ കേസ് വീണ്ടും പുനരന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ദ്രവതിയ്ക്കും കുടുംബത്തിനും പത്മലത ഇന്നും നോവാണ്.

എന്നെക്കാൾ ഇളയതായിരുന്നു പത്മം. അവളെ കാണാതാവുന്ന സമയത്ത് അവൾക്ക് 17ഉം എനിക്ക് 21ഉം വയസുമായിരുന്നു പ്രായം ഇന്ദ്രവതി തന്റെ ഓർമ്മയിൽ നിന്ന് അനിയത്തിയെ ഓർത്തെടുത്തു കൊണ്ട് പറ‍ഞ്ഞു തുടങ്ങി. ഞങ്ങൾ അഞ്ച് മക്കളായിരുന്നു. നാലാമത്തെ മകളായിരുന്നു പത്മലത. 1956ലാണ് അച്ഛന്റെ കുടുംബം ധർമ്മസ്ഥലയിലെത്തിയത്. ചങ്ങനാശേരിയാണ് അച്ഛന്റെ സ്വദേശം.

ധർമ്മസ്ഥലയിലെ എസ്ഡിഎം കോളേജിലെ വിദ്യാർത്ഥിയായിരുന്നു അവൾ. 1986 ഡിസംബ‌‍ർ 22ാം തീയതി രാവിലെ കോളേജിൽ പോയ അവൾ ധർമ്മസ്ഥലയിലെ ബസ് സ്റ്റോപ്പിൽ വന്ന് പതിവ് പോലെയിറങ്ങി. ധർമ്മസ്ഥല വരെയേ അന്ന് ബസ് സർവ്വീസുളളൂ അവിടെ നിന്ന് രണ്ട് മൈലോളം പോരണം ഞങ്ങളുടെ വീട്ടിലേക്ക്. ജീപ്പുകളെയാണ് ഞങ്ങൾ യാത്രകൾക്കായി ആശ്രയിച്ചിരുന്നത്. ജീപ്പില്ലാത്ത പക്ഷം കൂട്ടം കൂടി നടന്നാണ് ഇവർ വീട്ടിലേക്കെത്തിയിരുന്നത്. കൂട്ടുകാർക്കൊപ്പം അന്ന് ബസ് സ്റ്റാന്റിൽ വന്നിറങ്ങിയെന്ന് പറയുന്ന പത്മത്തെ പിന്നെ ഞങ്ങൾ കണ്ടിട്ടില്ല.

പത്മത്തെ കാണാതായി ദിവസങ്ങൾ കഴിഞ്ഞാണ് ഹെ​ഗഡെയുടെ അനിയനും കോളേജ് പ്രിൻസിപ്പളും ചേർന്ന് അവളെ കാറിൽ കയറ്റി കൊണ്ടുപോയ വിവരം ഞങ്ങൾ അറിയുന്നത്. ഈ സംശയങ്ങളെല്ലാം മുൻനിർത്തിക്കൊണ്ട് അച്ഛൻ അന്ന് പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കേസെടുക്കാനും പരാതി സ്വീകരിക്കാനും അവർ തയ്യാറായില്ല. അച്ഛന്റെ കമ്മ്യൂണിസ്റ്റ് പശ്ചാത്തലമായിരുന്നു അവർക്ക് പ്രശ്നം.

ഈ പ്രദേശം മുഴുവൻ അന്ന് കാടായിരുന്നു. മക്കളിൽ ആരെങ്കിലും പതിവു സമയവും കഴിഞ്ഞ് വീട്ടിലെത്തിയില്ലെങ്കിൽ അച്ഛൻ അപ്പോഴെ തിരക്കി പോകും. അച്ഛൻ പത്മത്തേയും തിരക്കി അന്ന് പോയി. പലരോടും ചോ​ദിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു ലഭിച്ച മറുപടി. ബസ് കണ്ടടക്ടറാണ് ബസിൽ പത്മം ഉണ്ടായിരുന്നുവെന്ന് ആദ്യം പറയുന്നത്.

താലൂക്ക് കേന്ദ്രത്തിലാണ് അന്ന് പരാതികൾ നൽകിയിരുന്നത്. പരാതിയുമായി ആദ്യം ചെന്നപ്പോൾ നിന്റെ മകൾ ആരുടെയെങ്കിലും കൂടെ ഓടി പോയതായിരിക്കുമെന്നാണ് അവർ പറഞ്ഞ മറുപടി. അന്ന് ബൽത്തങ്കടിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന വിഷ്ണു മൂർത്തി ഭട്ട് സ്വന്തം കൈപ്പടയിൽ പരാതിയെഴുതി. അച്ഛനേയും കൂട്ടി പോയി ഇവരെല്ലാം ചേർന്ന് പരാതി നൽകി.

പരാതി നൽകി മാസങ്ങളോളം അച്ഛൻ താലൂക്ക് ഓഫീസിൽ കയറിയിറങ്ങി ഫലമുണ്ടായില്ല. അങ്ങനെ രണ്ട് മാസങ്ങൾക്ക് ശേഷം 1987 ഫെബ്രുവരി 17ാം തീയതി മരിയൻപുഴ പാലത്തിന് അടിയിൽ നിന്ന് അവളുടെ അസ്ഥികൾ ലഭിച്ചു. കൈകളും കാലുകളും ബന്ധിച്ചിരുന്നു. കൈയിലെ വാച്ചും ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഭാ​ഗങ്ങളും വച്ചാണ് അത് പത്മലതയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നത്. 2019ൽ അച്ഛൻ മരണപ്പെടുന്നത് വരെ ഇത് അച്ഛനൊരു വേദനയായിരുന്നു. ആ വേദനകളും പേറിയാണ് അമ്മ ഇപ്പോഴും ജീവിക്കുന്നത്.

കോൺ​ഗ്രസ് ബിജെപിയെന്നല്ല ഏത് പാർട്ടി ധർമ്മസ്ഥല ഭരിക്കണമെങ്കിലും അതിന് ഹെ​ഗഡെയുടെ സമ്മതം വേണം. ഇപ്പോൾ ധർമ്മസ്ഥല ഭരിക്കുന്നത് ബിജെപിയാണ് ഹെ​ഗഡെ പറയാതെ ഒരു തലമുടി നാരിഴ പോലും അവിടെ അനങ്ങില്ല.

അച്ഛൻ ഒരു ടാപ്പിം​ഗ് തൊഴിലാളിയായിരുന്നു. സൈക്കിളിലാണ് അന്ന് പണിയ്ക്ക് പോയിരുന്നത്. ആ സമയത്തെല്ലാം അച്ഛനെ വണ്ടിയിടിപ്പിച്ച് കൊല്ലാനുള്ള ശ്രമങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. ഇത് പല തവണ ആവർത്തിച്ചപ്പോൾ സൈക്കിൾ ഒഴിവാക്കി ജീപ്പിൽ മാത്രമായി അച്ഛന്റെ യാത്ര. അങ്ങനെ ഒരു ദിവസം ബസു കാത്തു നിൽക്കെ അയൽവാസി അച്ഛനെ കൊല്ലാനായി കഴുത്തിൽ തോർത്തിട്ട് മുറുക്കി. ശബ്ദം കേട്ട് ഞാനും അമ്മയും ഓടിയെത്തിയപ്പോഴേക്കും ഇയാൾ അവിടെ നിന്ന് ഓടി പോയിരുന്നു. ഒന്നുങ്കിൽ അച്ഛനെ കൊല്ലുക, ഇനി അച്ഛൻ പ്രതികരിച്ചാൽ ആ കേസിൽ അച്ഛനെ കുടുക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പിന്നീട് ഞങ്ങൾ അറിഞ്ഞു.

അന്ന് വരെ ധർമ്മസ്ഥലയിലെ കൊലപാതകങ്ങളെല്ലാം രഹസ്യങ്ങളായിരുന്നു. പത്മലത കേസ് വന്നതോടെ ഇത്തരത്തിലുള്ള മറ്റു കേസുകളും പുറത്തുവരാൻ തുടങ്ങി. അന്നത്തെ ഹോം മിനിസ്റ്ററടക്കം ഞങ്ങളുടെ വീട്ടിൽ വന്ന് കൂടെയുണ്ടാവുമെന്ന് ഉറപ്പ് നൽകി. കേസ് അന്വേഷണം സിഐഡിയ്ക്ക് കൈമാറി. കേസന്വേഷണം ശരിയായ ദിശയിലായിരുന്നു. കുറ്റവാളികളെ പിടിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പായി. എന്നാൽ അന്ന് അവിടുത്തെ എംഎൽഎ മുഖേന ആ ഉദ്യോ​ഗസ്ഥനെ സ്ഥലം മാറ്റി. പിന്നീട് വന്ന ഉദ്യോ​ഗസ്ഥൻ ഒരിക്കലും തെളിയിക്കാൻ പറ്റാത്ത കേസെന്ന് റിപ്പോർട്ട് നൽകിയാണ് ഈ കേസ് അവസാനിപ്പിച്ചത്.

അച്ഛന് പാർട്ടിയുടെ ശക്തമായ പിന്തുണയുണ്ടായിരുന്നത് കൊണ്ട് മാത്രമാണ് അന്ന് പിടിച്ച് നിൽക്കാൻ കഴിഞ്ഞത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പോലും ഹെ​ഗഡയെ എതിരിടാൻ ആർക്കും കഴിയില്ല. അത്തരമൊരു കാലത്ത് മകൾക്ക് വേണ്ടി അച്ഛൻ പോരാടി നിന്നെങ്കിൽ അത് ചെറിയ കാര്യമല്ല.

ഹെ​ഗഡെ എന്ന സർവ്വാധികാരി നിയമിക്കുന്നവരാണ് ധർമ്മസ്ഥലയിലെ അധികാരികൾ. തിരഞ്ഞെടുപ്പിന് നിൽക്കുന്നവർ ഹെ​ഗഡെയുടെ അനുമതി വാങ്ങണം. തിരഞ്ഞെടുപ്പിനെ നേരിടാൻ തുടങ്ങിയ അച്ഛനെ പല തവണ അവർ വീട്ടിലേക്ക് വിളിച്ചു. അച്ഛൻ പോയില്ല. ഹെ​ഗഡെയെ എതിർക്കുന്ന ആരെങ്കിലും ആ പടി കയറിയാൽ ജീവനോടെ തിരികെയെത്തിയ ചരിത്രമില്ല. ആ തിരഞ്ഞെടുപ്പിൽ നിസാര വോട്ടുകൾക്ക് തോറ്റെങ്കിലും പാർട്ടിയ്ക്ക് നാട്ടിലൊരു സ്വാധീനമുണ്ടാക്കി എടുക്കാൻ കഴിഞ്ഞു. ധർമ്മസ്ഥലയിൽ നിന്ന് കുറച്ച് ദൂരെ മാറി വെളിയാറിൽ മലക്കുടിയർ വിഭാ​ഗത്തിലെ കുറച്ചു കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ ഹെ​ഗഡെ നടത്തിയ ശ്രമത്തെ അന്ന് പാർട്ടി തടുത്തിരുന്നു. അതും വിരോധത്തിന് കാരണമായി. കാലാന്തരത്തിൽ അവരിൽ പലരും സ്ഥലം വിട്ടുനൽകി.

പ്രശ്നങ്ങൾ വഷളായതോടെ ഞങ്ങൾ പെൺമക്കളെ അച്ഛൻ വീട്ടിൽ നിന്ന് പുറത്തുവിടാതായി. എന്റെ നേരെ ഇളയവൾ അന്ന് മണിപ്പാലിൽ നഴ്സിം​ഗ് പ‍ഠിക്കുകയായിരുന്നു. അവളെ വീട്ടിലേക്ക് വരുത്തുക പോലും ചെയ്തിരുന്നില്ല അച്ഛൻ. ഇളയവൾ പത്താം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് അവളെ സ്കൂളിൽ വിടുന്നതും തിരികെ വിളിക്കുന്നതുമെല്ലാം അച്ഛൻ തന്നെയായി. ഇപ്പോൾ നടക്കുന്ന അതേ പോരാട്ടമാണ് അന്നും പാർട്ടി നടത്തിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട ഇന്നലെ പോയി എസ്ഐടിയ്ക്ക് പരാതി നൽകിയിരുന്നു. കേസ് പുനരന്വേഷിക്കണം. അനിയത്തിയുടെ ബോഡി അന്ന് അച്ഛന്റെ നിർദ്ദേശപ്രകാരം മറവ് ചെയ്യുകയാണുണ്ടായത്. എന്നെങ്കിലും കേസ് അന്വേഷിക്കുമെന്നും അന്ന് തെളിവായി ഇത് വേണ്ടി വരുമെന്നും അച്ഛന് അറിയാമായിരുന്നു. അന്നും ഇന്നും പിന്തുണയുമായി പാർട്ടി ഞങ്ങൾക്കൊപ്പമുണ്ട്. എങ്ങനെയെങ്കിലും ഈ കേസ് തെളിയിക്കണെമെന്ന നിലപാടിലാണ് അവർ.

കേസിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടോയെന്ന ചോദ്യത്തിന് ഉദ്യോ​ഗസ്ഥന്മാർ അവരുടെ കർത്തവ്യം കൃത്യമായി നടപ്പിലാക്കിയാൽ തെളിയിക്കാൻ പറ്റാത്ത ഒരു കേസുമില്ല ഈ ലോകത്തെന്ന് ഇന്ദ്രവതി മറുപടി പറഞ്ഞു. നമുക്ക് ചിന്തിക്കാൻ കഴിയാത്ത സാമ്രാജ്യമാണ് ഹെ​ഗഡെ പടുത്തുയർത്തിയിരിക്കുന്നത്. ആ സാമ്രാജ്യത്തെ ചെറുത്ത് നിൽക്കാൻ എന്റെ അച്ഛനും, അച്ഛൻ പിന്തുടർന്ന പ്രസ്ഥാനത്തിനും കഴിഞ്ഞു. ഇന്നും ആ പോരാട്ടം തുടരുന്നു.

അമ്മ ഇപ്പോഴുമുണ്ട്, 86 വയസാണ്. ഓർമ്മയൊക്കെ മങ്ങി തുടങ്ങി പത്മത്തിന്റെ കേസ് വീണ്ടും ചർച്ചയായപ്പോൾ അമ്മ പഴയതൊക്കെ ഓർത്തെടുക്കുന്നത് പോലെ തോന്നി. എന്റെ കുഞ്ഞ് തനിയെ എങ്ങും പോകില്ലെന്ന് അമ്മ ഇടയ്ക്ക് പിറുപുറുക്കുന്നത് കേൾക്കാം..

content summary: Pathamala case in Dharmasthala, Indravathy, her sister, claimed that the police refused to take action due to their father’s communist affiliations

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×