നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമാരംഗത്തും പൊതുസമൂഹത്തിലും സംഭവബഹുലമായ പല കാര്യങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. മാധ്യമസ്വാതന്ത്ര്യത്തെ വിലക്കുന്നതിലേക്ക് പോലും കാര്യങ്ങളെത്തിയിരുന്നു എന്നതും കേസിന്റെ നാള്‍വഴികളില്‍ ശ്രദ്ധേയമായ ഒന്നാണ്. 2020 സെപ്റ്റംബറില്‍, കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപ്, തനിക്കെതിരെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗമിക്കവേ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ‘ഗാഗ് ഓര്‍ഡര്‍’ ജനാധിപത്യ സമൂഹത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം പുറപ്പെടുവിച്ച ഈ ഉത്തരവ്, അതിജീവിതയുടെ നീതിക്കും മാധ്യമ സ്വാതന്ത്ര്യത്തിനും മേലേറ്റ പ്രഹരമായിരുന്നു.
ദിലീപിന്റെ പരാതിയെ തുടര്‍ന്ന് പരാമര്‍ശിക്കപ്പെട്ട പത്ത് മാധ്യമസ്ഥാപനങ്ങള്‍ക്ക് നോട്ടീസയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കേസില്‍ നടനെതിരെ മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിപ്പറഞ്ഞ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകന്‍ വഴി ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. ഇത്
റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമങ്ങള്‍ക്കെതിരെയായിരുന്നു ദിലീപിന്റെ നീക്കം.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ കോടതിയുടെ ഉത്തരവനുസരിച്ച് രഹസ്യ വിചാരണ (in-camera trial) ആയിട്ടാണ് നടത്തിയിരുന്നത്. ഈ രഹസ്യ സ്വഭാവം മാധ്യമങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ചാണ് ദിലീപ് പ്രധാനമായും കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ രഹസ്യമായിരിക്കെ, സാക്ഷിമൊഴികള്‍ അടക്കമുള്ള കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അത് വിചാരണയെ സ്വാധീനിക്കുമെന്നും ദിലീപ് ആരോപിച്ചു.
ഹര്‍ജിയെത്തുടര്‍ന്ന് വിചാരണക്കോടതിയിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും, ഈ വിലക്ക് ലംഘിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
2022-ല്‍ മാധ്യമങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് പിന്നീട് പല തവണ ഹൈക്കോടതിയെ സമീപിച്ചു. മാധ്യമങ്ങള്‍ക്കെതിരെ എടുത്ത കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെളിപ്പെടുത്തലിലൂടെ നിര്‍ണ്ണായകമായ തെളിവുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. എന്നിട്ടും മാധ്യമ വിചാരണ തടയണമെന്ന പ്രതികളുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചാനലിനെതിരെ കേസെടുത്തു.
കേസിന്റെ തുടക്കം മുതല്‍ തന്നെ മാധ്യമങ്ങളുടെ ചോദ്യങ്ങളെയും കണ്ടെത്തലുകളെയും ഇല്ലാതാക്കാന്‍ പ്രതി ശ്രമിച്ചിരുന്നു എന്നത് വ്യക്തമാണ്. പണവും സ്വാധീനവുമുള്ള ക്രിമിനലുകള്‍ നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുമ്പോള്‍, അന്വേഷണ ഏജന്‍സികളെ സത്യത്തിലേക്ക് നയിക്കാനും സാമൂഹ്യനീതി ഉറപ്പാക്കാനും മാധ്യമങ്ങളുടെ അന്വേഷണാത്മക റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും അനിവാര്യമാണ്.
Content Summary: Actress attack case; dileep against media