മലയാള സിനിമ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ പൾസർ സുനിയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി വി പുറത്തുവിട്ടിരുന്നു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദീലീപാണെന്നും ഒന്നരക്കോടി രൂപ പ്രതിഫലമായി വാഗ്ദാനം ചെയ്തെന്നുമായിരുന്നു പൾസർ സുനിയുടെ വെളിപ്പെടുത്തൽ. റിപ്പോർട്ടർ ടി വി നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് വിവരങ്ങൾ പുറത്തുവന്നത്.
എന്താണ് നടിയെ ആക്രമിച്ച കേസ്?
2017 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി വാഹനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ നടിയെ ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. അക്രമി സംഘം നടിയുമായി ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങുകയായിരുന്നു. ശേഷം വാഹനത്തിൽ നിന്നും രക്ഷപ്പെട്ട നടി ആദ്യം അഭയം തേടിയത് സംവിധായകൻ ലാലിന്റെ വീട്ടിലായിരുന്നു. ലാലിന്റെ സിനിമയുടെ ഡബ്ബിങ്ങിന് വേണ്ടിയായിരുന്നു നടി എറണാകുളത്തേക്ക് വന്നത്. തുടർന്ന് സ്ഥലത്തെ എംഎൽഎ ആയിരുന്ന പി.ടി തോമസിനെ വിവരമറിയിക്കുകയും അന്ന് തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഫെബ്രുവരി 18 ന് കാറിന്റെ ഡ്രൈവറായിരുന്ന മാർട്ടിൻ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊട്ടടുത്ത ദിവസം കേസിൽ പ്രതികളായ വടിവാൾ സലീം, പ്രദീപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവറായ സുനിൽ കുമാറാണ് (പൾസർ സുനി) കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് മനസിലായതോടെ സുനിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏഴ് പ്രതികളാണ് ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത്.
ഫെബ്രുവരി 23നാണ് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ അറസ്റ്റ് ചെയ്യുന്നത്. എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. പൾസർ സുനി അറസ്റ്റിലായി മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടെടുത്തു. എന്നാൽ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെത്താനായില്ല.
തുടക്കത്തിൽ പരസ്പര വിരുദ്ധമായി മൊഴി നൽകിയിരുന്ന പൾസർ സുനി, സഹതടവുകാരോട് നടത്തിയ വെളിപ്പെടുത്തലുകളും ജയിലിൽ വെച്ച് ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതുമാണ് ദിലീപിലേക്ക് കേസന്വേഷണം നീളാനുള്ള കാരണം. 2017 ജൂൺ 28ന് ദിലീപ്, നാദിർഷ എന്നിവരെ പോലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ ചോദ്യം ചെയ്തു. ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യമുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കേസിൽ 90 ദിവസം ദിലീപിന് ആലുവ സബ് ജയിലിൽ കഴിയേണ്ടി വന്നു. 2024ലാണ് കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്.
കേസിൽ ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് 2019 നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ വിചാരണ നീണ്ടുപോവുകയും 2022 ഫെബ്രുവരി 16ന് വിധി പറയണമെന്നാവുകയും ചെയ്തു. കേസിൽ ചില നിർണായക സാക്ഷികൾ കൂറുമാറുകയും ചെയ്തു. ജഡ്ജിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രണ്ട് പ്രോസിക്യൂട്ടർമാർ രാജിവെച്ചു.
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് തനിക്ക് വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്തെത്തിയിരുന്നു. എന്നാൽ അത് കോടതി തള്ളുകയും പകരം പകരം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി 2019 ഡിസംബർ 11 ലെ കോടതി നടപടികളിലൂടെ നൽകുകയും ചെയ്തു. വിചാരണക്കോടതിയുടെയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെയും പരിഗണനയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചുവെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകി. എന്നാൽ ഇതിൽ യാതൊരു അന്വേഷണവും നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2024 ഡിസംബറിൽ നടി രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു.
കേസിന്റെ നിലവിലെ അവസ്ഥ
നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അവസാന ഘട്ടത്തിലാണ്. കേസിൽ നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പ്രതികളാണുള്ളത്. കേസിലെ പ്രോസിക്യൂഷൻ വാദം പൂർത്തിയാവുകയും പ്രതിഭാഗത്തിന്റെ വാദം ആരംഭിക്കുകയും ചെയ്തു. വിചാരണ 2025 ഏപ്രിൽ മാസം 11ാം തീയതിക്ക് മുൻപ് പൂർത്തിയാക്കണമെന്നാണ് വിചാരണ കോടതിയുടെ ഉത്തരവ്.
ഇനിയും കാലതാമസം അനുവദിക്കില്ലെന്നും മധ്യവേനലവധിക്ക് മുമ്പ് വിചാരണ പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷനോടും പ്രതിഭാഗത്തോടും വിചാരണ കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്തിമവാദം പൂര്‍ത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും. വിചാരണ കോടതിയില്‍ എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ നടക്കുന്നത്. അവധിക്കാല സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Content Summary: Actress attack case; Pulsar Suni’s revelations pose problems for Dileep? What is the current status ?