വഖഫ് വിഷയത്തില്‍ ബിജെപി ശ്രമിക്കുന്നത് തമ്മിലടിപ്പിക്കാന്‍; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷ

നിലവിൽ മുസ്ലീം സംഘടനകളും രണ്ട് ചേരിയായി തിരിഞ്ഞാണ് മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കുന്നത്

മുനമ്പം വിഷയത്തിൽ ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയമായി എങ്ങനെ ലാഭമുണ്ടാക്കാം എന്ന ചിന്ത മാത്രമാണെന്ന് അഡ്വക്കേറ്റ് സി ഷുക്കൂർ. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആത്മാർഥമായ ചിന്തയോടെ ആരും ഇതിൽ ഇടപെടുന്നില്ലെന്നാണ് പുറത്തു നിന്ന് നോക്കിക്കാണുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് ഷക്കൂർ അഴിമുഖത്തോട് പ്രതികരിച്ചു. ഇതിലെ അടിസ്ഥാന പ്രശ്‌നം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് അവകാശപ്പെടുകയാണ്. ഇത്തരത്തിൽ അവകാശവാദം ഉണ്ടായാൽ 1995ലെയും 2013ലെയും വഖഫ് നിയമപ്രകാരം ഭൂമി വഖഫിന്റേതല്ലെന്ന് തെളിയിക്കേണ്ടത് മുനമ്പത്ത് താമസിക്കുന്ന ആളുകൾക്കാണ്. ഇപ്പോൾ ഈ ആവശ്യം വഖഫ് ബോർഡിൽ ഉന്നയിച്ച് വഖഫ് ട്രൈബ്യൂണലിൽ എത്തി, ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ട്രൈബ്യൂണൽ ആണ്. എന്നാൽ, ഈ തീരുമാനമെടുക്കുന്ന ഘട്ടത്തിൽ ഫറൂഖ് കോളേജ് തങ്ങളുടെ നിലപാടിൽ നിന്നും വ്യതിചലിച്ചു. ട്രൈബ്യൂണലിന് മുൻപ് വരുന്ന ഘട്ടങ്ങളിലെല്ലാം ഫറൂഖ് കോളേജ് വ്യക്തമാക്കിയിരുന്നത് ഇത് വഖഫ് ഭൂമിയാണ് എന്നതായിരുന്നു. സത്യത്തിൽ കേസിലെ ഒന്നാം പ്രതി സ്ഥലം വിറ്റ ഫറൂഖ് കോളേജ് മാനേജ്‌മെന്റാണ്. എന്നാൽ, ഇപ്പോൾ ഫറൂഖ് കോളേജ് മാനേജ്‌മെന്റിനെ ആരും പ്രതി സ്ഥാനത്ത് കാണുകയോ കുറ്റം ആരോപിക്കുകയോ ചെയ്യുന്നില്ല. അവർ ലളിതമായി കേസിൽ നിന്ന് ഒഴിവാവുകയാണ്. അഡ്വക്കേറ്റ് ഷുക്കൂർ വ്യക്തമാക്കി.

നിലവിൽ മുസ്ലീം സംഘടനകളും രണ്ട് ചേരിയായി തിരിഞ്ഞാണ് മുനമ്പം വിഷയത്തിൽ തീരുമാനമെടുക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറയുന്നവർ ഒരു ഭാഗത്തും, വഖഫ് ഭൂമി അല്ലെന്ന് പറയുന്നവർ മറ്റൊരു ഭാഗത്തുമാണ്. ഇത്തരത്തിൽ കെട്ടുപിണഞ്ഞ് കിടക്കുന്ന സംഗതി ഇതിലുണ്ട്, അത്ര പെട്ടെന്ന് പരിഹാരം കണ്ടെത്താൻ കഴിയുന്ന വിഷയമായി മുനമ്പത്തെ വിഷയത്തെ കാണാൻ കഴിയില്ല. ഈ ഭൂമി വഖഫ് ആണെന്നും തിരിച്ചു പിടിക്കണമെന്നും തീരുമാനിച്ചത് ലീഗ് നേതാവ് ശ്രീ പാണക്കാട് റഷീദലി തങ്ങൾ ചെയർമാൻ ആയിരുന്ന വഖഫ് ബോർഡാണ്. വഖഫ് ബോർഡിൽ അംഗങ്ങൾ ആയി തുടരുന്ന ലീഗ് നേതാക്കളാണ് ശ്രീ മായിൻ ഹാജിയും അഡ്വ പി വി സൈനുദ്ദീനും, ഈ രണ്ടു ലീഗു നേതാക്കളും പറയുന്നതു മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്നു തന്നെയാണ്. എന്നാൽ ഇപ്പോൾ ചില മുസ്ലീം ലീ​ഗ് അനുയായികൾ ഇത് വഖഫ് ഭൂമിയല്ല എന്ന ആരോപണവുമായും രം​ഗത്തെത്തുന്നുണ്ട്. അഡ്വക്കേറ്റ് ഷുക്കൂർ പറഞ്ഞു.

ഇത്തരത്തിൽ സർക്കാരിന് മുൻപിൽ മുനമ്പത്തെ പ്രശ്നം അൽപം സങ്കീർണമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനുള്ള നിയമ സാധ്യതകൾ പരിശോധിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ നിയമിക്കുന്നത്. 600ലധികം ആളുകളാണ് നിലവിൽ മുനമ്പത്ത് വീടുവച്ച് താമസിക്കുന്നത്. അവരുടെ ആവശ്യം ഒരിക്കലും അവിടെ നിന്ന് ഇറക്കിവിടുന്ന അവസ്ഥ ഉണ്ടാവരുത് എന്നതാണ്. ആധാരം എല്ലാ കാലത്തേക്കും ശാശ്വതമായി ലഭിക്കുക എന്നതാണ് പ്രധാന കാര്യം. ഒരു വസ്തുവിന്റെ അവകാശം നമ്മുടെ കയ്യിൽ ഉണ്ടെങ്കിൽ അത് കൈമാറാനുള്ള അവകാശം, പണയപ്പെടുത്താനുള്ള അവകാശം, ദാനം ചെയ്യാനുള്ള അവകാശം, ഉടമസ്ഥന്റെ കാലശേഷം അനന്തരാവകാശികൾക്ക് കൈമാറ്റം ചെയ്യാനുള്ള അവകാശം എന്നിവ നമുക്ക് ഉണ്ടായിരിക്കണം, എങ്കിൽ മാത്രമെ പൂർണമായും അത് നമ്മുടെ സ്ഥലമാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയുകയുള്ളു. നിലവിൽ മുനമ്പത്തിലെ ആളുകൾക്ക് കൈവശാവകാശം സർക്കാർ പതിച്ച് നൽകിയിട്ടുണ്ട്. എന്നാൽ അത് ശാശ്വതമായ പരിഹാരമല്ല. ഇത്തരം പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന് പഠിക്കാനും തീരുമാനമെടുക്കാനുമാണ് കമ്മീഷനെ നിയമിച്ചിട്ടുള്ളതെന്നും അതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, അതിൽ എനിക്ക് പോസിറ്റീവായ പ്രതീക്ഷയുമുണ്ട് അഡ്വക്കേറ്റ് ഷുക്കൂർ വ്യക്തമാക്കി.

ഈ വിഷയത്തിൽ എല്ലാ കാലത്തും ബിജെപി എടുക്കുന്ന നിലപാട് പരസ്പരം തമ്മിലടിപ്പിക്കുക എന്നതാണ്. കേരളത്തിൽ കൃസ്ത്യാനികളയും മുസ്ലീം വിഭാ​ഗത്തെയും തമ്മിലടിപ്പിക്കുക എന്നതാണ് ആത്യന്തികമായി ഇവരുടെ ലക്ഷ്യം. എന്നാൽ വഖഫ് എന്നത് പരമ്പരാ​ഗതമായി നിലനിൽക്കുന്ന ഒന്നാണ്. നമ്മുടെ റോഡുകളും പാലങ്ങളും സംരക്ഷിക്കുന്നത് പോലെ വഖഫിന്റെ സ്ഥലങ്ങൾ സംരക്ഷിക്കുക എന്നത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ നിലവിൽ മുസ്ലീം സമുദായത്തെ അപരവത്കരിക്കുന്ന രീതിയാണ് ബിജെപിയുടെ ഭാ​ഗത്തു നിന്ന് ഉണ്ടാകുന്നത്, ഇത് വളരെ അപകടമുള്ള കാര്യമാണ്. ഇത് മുനമ്പത്തെ ആളുകൾക്ക് മനസിലാക്കിക്കൊടുക്കാൻ കിരൺ റിജുജുവിന്റെ ഇന്നലത്തെ പ്രസ്താവന കൊണ്ട് കഴിഞ്ഞു എന്ന് വേണം മനസിലാക്കാൻ. ഷുക്കൂർ പറഞ്ഞു.

ഇക്കാര്യത്തിൽ വളരെ ബാലിശമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ഈ വസ്തു വിൽക്കുന്നത് ഒരു മുൻ കെപിസിസി സെക്രട്ടറിയാണ്. വസ്തുവിന്റെ പവർ ഓഫ് അറ്റോണി ഫറൂഖ് കോളേജിൽ നിന്ന് വാങ്ങി വിൽക്കുന്നയാൾ കെപിസിസി സെക്രട്ടറിയാണെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മുനമ്പത്തെ ഭൂമി അവിടുത്തെ ആളുകൾക്ക് വിട്ടു നൽകാമെന്ന നിലപാട് സർക്കാരെടുത്താൽ, അപ്പോൾ സർക്കാർ മുസ്ലീം വി​രോധികളാകും. ഇത്തരത്തിലൊരു പട്ടം സർക്കാരിന് ചാർത്തിക്കൊടുക്കുക എന്നതാണ് വിട്ടുകൊടുക്കു എന്ന് മാത്രം പറയുന്നവരുടെ ലക്ഷ്യം. ഇപ്പോൾ സർക്കാരെടുക്കുന്ന നിലപാടുകൾ, പരിഹാര മാർ​ഗങ്ങൾ എന്നിവയെല്ലാം നിയമപരമായി കൃത്യമാണ്. ഇനി മുനമ്പത്തെ ആളുകൾക്ക് പകരം ഭൂമി നൽകണമെന്ന് വാദിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്, എന്നാൽ അത്തരത്തിൽ പകരം നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമല്ല. ഈ ഭൂമി വിൽക്കുന്നത് ഫറൂഖ് കോളേജാണ്, ആ കാലത്ത് ആരാണോ അതിനുത്തരവാദികളായത് അവരോടാണ് പകരം ഭൂമി ചോദിക്കേണ്ടത്. അത്തരത്തിൽ അല്ലാതെ ​ഗവൺമെന്റ് മറ്റൊരു ഭൂമി വാങ്ങി നൽകുക എന്നത് പ്രായോ​ഗികമായി നടക്കുന്ന കാര്യമല്ല. അഡ്വക്കേറ്റ് ഷുക്കൂർ കൂട്ടിച്ചേർത്തു.

content summary; BJP appears to be attempting to create division over the Waqf issue; we remain hopeful in the government’s actions. Adv. C Shukkur reacting on Wapf land issue in Munambam

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment