January 15, 2025 |
Share on

ടി 20; അഫ്‌ഗാന്റെ വിജയങ്ങൾ അട്ടിമറികളല്ല പൊരുതിനേടിയതാണ്

കുഞ്ഞൻ ടീമിന്റെ വമ്പൻ വിജയം

കുഞ്ഞൻ ടീമുകൾ വമ്പൻമാരെ മലർത്തിയടിക്കുന്ന അട്ടിമറികളാക്കി ഇനി അഫ്ഗാൻ വിജയത്തെ ഒതുക്കാൻ സാധിക്കില്ല. കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടെയും ബലത്തിൽ പൊരുതി നേടിയ വിജയമാണ് ഓരോന്നും. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ വമ്പൻ ടീമുകളാണ് അഫ്ഗാന് മുന്നിൽ മുട്ടുകുത്തിയത്. 69 റൺസിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് അഫ്ഗാൻ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് മത്സരത്തിൽ ന്യൂസീലൻഡിന്റെ ഉരുക്ക് കോട്ടയെ തരിപ്പണമാക്കിക്കൊണ്ടായിരുന്നു വിജയത്തുടക്കം. ശ്രീലങ്കയുടെ തുടക്ക കാലഘട്ടത്തിനോട് സമാനമാണ് അഫ്ഗാന്റെ വിജയമെന്നും കപ്പടിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നും പറയുകയാണ് പ്രശസ്ത ക്രിക്കറ്റ് പരിശീലകനും മുൻ കേരള രഞ്ജി ട്രോഫി താരവുമായ പി ബാലചന്ദ്രൻ. afghanistan cricket 

അഫ്ഗാൻ ക്രിക്കറ്റിന്റെ ടി 20 വേൾഡ് കപ്പിലെ പ്രകടനം അത്രത്തോളം മഹത്തരമാണ് എന്നേ പറയാൻ സാധിക്കു. പക്ഷെ അഫ്ഗാന്റെ വിജയം ഒരിക്കലും അപ്രതീക്ഷിതം എന്ന് പറയാൻ സാധിക്കില്ല, അഫ്ഗാനിസ്ഥാൻ കടന്നു വന്ന സമയത്ത് ഇവരെ കാര്യമായ ശക്തിയായി ആരും കണ്ടിരുന്നില്ല. പക്ഷെ അവിടെ നിന്നുള്ള ഇവരുടെ വളർച്ച  ധ്രുതഗതിയിലായിരുന്നു, പ്രത്യേകിച്ച് ലിമിറ്റഡ് ഓവർ ടൂർണമെന്റുകളിൽ. അഫ്ഗാന് പക്ഷെ ടെസ്റ്റ് ക്രിക്കറ്റിൽ ഇത്ര കണ്ട് ശോഭിക്കാൻ സാധിക്കുമോയെന്ന് പറയാൻ സാധിക്കില്ല കാരണം, അതിനുതകുന്ന കളിക്കാർ ഒന്നും അഫ്ഗാൻ ടീമിലേക്ക് എത്തിയിട്ടില്ല. എന്നിരുന്നാലും ഏകദിന ടൂർണമെന്റുകളിലും ടി 20 മത്സരങ്ങളിലും അവർ വളരെ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതിന്റെ പ്രധാന കാരണം അഫ്ഗാൻ കളിക്കാരുടെ ശാരീരിക ക്ഷമതയാണ്. രണ്ടാമതായി ചെറിയ രാജ്യമായതുകൊണ്ടുതന്നെ അച്ചടക്കമുള്ള യൂണിറ്റാണ് അഫ്ഗാൻ ടീമിന്റേത്. അവരെ സംബന്ധിച്ച് ദേശീയ ടീമിന്റെ കൂടെ എന്നും പരിശീലിക്കുന്ന അവസ്ഥയാണ്. ഇന്ത്യൻ ടീമിലുള്ളവർ ക്യാമ്പിൽ വരുമ്പോൾ മാത്രമാണ് ഒന്നിച്ച് കളിക്കുന്നത് പക്ഷെ അഫ്ഗാൻ ടീമിന്റെ സ്ഥിതി അങ്ങനെയല്ല അവർ എല്ലാവരും ഒരേ സ്ഥലത്തുള്ളവരാണ്.

ശ്രീലങ്കയുടെ സുവർണ്ണ കാലഘട്ടത്തിൽ അവർക്കും തുണയായ ഘടകങ്ങളിൽ ഒന്ന് ഇതായിരുന്നു. അവരുടെ ക്രിക്കറ്റ് കൊളംബോ മാത്രം കേന്ദ്രീകരിച്ചായിരുന്നു അക്കാലത്ത് എല്ലാ കളിക്കാരും  ഒന്നിച്ച് നിന്ന് കളിക്കുന്ന സമ്പ്രദായം അവിടെയുണ്ടായിരുന്നു. ശ്രീലങ്കയുടെ ഒരു കൂട്ടം നല്ല കളിക്കാർ പിൻ വാങ്ങുകയും അതിനനുസരിച്ചുളള പകരക്കാർ വരാതിരിക്കുകയും ഒപ്പം സംഘടന പ്രശ്നങ്ങളും കൂടിയായതോടെ ശ്രീലങ്കൻ ക്രിക്കറ്റ് തകർന്നു എന്ന് പറയണ്ട അവസ്ഥയാണ്. അന്നത്തെ ശ്രീലങ്കയുടെ സ്ഥിതിയാണ് ഇന്നത്തെ അഫ്ഗാന്. സമാനമായ രീതിയിൽ അക്കാലത്ത് ശ്രീലങ്ക ലോക ചാമ്പ്യൻസ് ആയ സമയത്തും ഇതേ ചർച്ചകൾ ഉണ്ടായിരുന്നു. ഏകദേശം ഈ ഒരു ട്രാക്കിലാണ്‌ അഫ്ഗാനുള്ളത്.

ഒരു അട്ടിമറി കൂടി നടത്തിയാൽ അഫ്ഗാൻ ഫൈനൽ കളിക്കും. പക്ഷെ ഇനി അട്ടിമറി എന്ന വാക്ക് ഉപയോഗിക്കാൻ കഴിയില്ല. കാരണം ഒട്ടും പ്രതീക്ഷിക്കാതെ ഒരു ടീം വിജയം കയ്യിലൊതുക്കുമ്പോഴാണ് അട്ടിമറിയാകുന്നത്. കാരണം ഓരോ മത്സരവും അവർ കളിച്ച് ജയിച്ചതാണ്. ഇന്ത്യയോട് തോറ്റ മത്സരത്തിൽ പോലും പല സമയത്തും അഫ്ഗാന് മേൽ കൈയുണ്ടായിരുന്നു. അഫ്ഗാൻ കളിക്കാരുടെ ശാരീരിക ക്ഷമത എടുത്ത് പറയേണ്ട ഒന്നാണ്, ശാരീരികക്ഷമത കുറഞ്ഞ ഒരു ഫീൽഡർ പോലും അഫ്ഗാൻ ടീമിൽ ഇല്ല. ഇന്ത്യൻ ടീം ഇപ്പോഴുള്ളത്രയും ശാരീരിക ക്ഷമത പ്രകടപ്പിക്കാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകൾ ആകുന്നതേയുള്ളു. പക്ഷെ അഫ്ഗാൻ ടീം അന്തരാഷ്ട്ര ക്രിക്കറ്റിൽ വന്ന കാലയളവിൽ തന്നെ അവരുടെ ഫീൽഡിങ്ങിലെ മികവ് എടുത്ത് പറയേണ്ട ഒന്നാണ്, ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ അവരെ സഹായിക്കുന്ന ഘടകവും അത് തന്നെയാണ്. അഫ്ഗാൻ കളിക്കാർ ആരും ട്രൈനിംഗിലൂടെ മാത്രം ശാരീരിക ക്ഷമത നേടിയവരല്ല ജന്മനാ കായിക ക്ഷമത കൂടിയവരാണ്, അവരുടെ ശരീര ഭാഷയിൽ നിന്ന് തന്നെ ഇക്കാര്യം മനസിലാക്കാൻ സാധിക്കും.

Post Thumbnail
വേഗത, ലൈൻ, കൃത്യത, ഭയാനകം - മാൽക്കം മാർഷൽ പരിപൂർണ ഫാസ്റ്റ് ബൗളർ.വായിക്കുക

ടീം ക്യാപ്റ്റന്റെ കയ്യിൽ ഭദ്രം

ഒരു ചെറിയ ടീമിന് എപ്പോഴും വിജയങ്ങൾ കയ്യെത്തിപിടിക്കാനുളള ആർത്തിയുണ്ടാകും. തങ്ങൾ ഇനിയും വളരേണ്ട ടീം ആണെന്ന ബോധ്യം ഓരോ കളിക്കാർക്കുണ്ടാകും, അതെല്ലാ രീതിയിലും പ്രകടമാക്കുകയും ചെയ്യും. പക്ഷെ, ഒരു വലിയ ടീമിനെ സംബന്ധിച്ചിടത്തോളം അവർക്ക് ഓരോ മത്സരങ്ങളും നിലനിൽക്കൽ കൂടിയാണ്. ഒരു സൂപ്പർ താരം ടീമിലുണ്ടെങ്കിൽ ആ വ്യക്തിയുടെ ചിറകിലേറി വിജയത്തിലേക്ക് കുതിക്കുന്ന രീതി എല്ലാ കളികളിലും കാണാൻ സാധിക്കും ഈ രീതിയിൽ നോക്കുമ്പോൾ അഫ്ഗാൻ ടീമിനെ സംബന്ധിച്ച് റഷീദ് ഖാൻ ഒരു വരദാനമാണ്.
ഷെയ്ൻ വോണിന്റെ കാലത്തിന് ശേഷം ഇത്രയും നിയന്ത്രണത്തോടെ ലെഗ് സ്പിൻ ബൗൾ ചെയ്യാൻ സാധിക്കുന്ന ഒരു ബൗളർ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ഐപിഎൽ ഫ്രാഞ്ചൈസി ടൂർണമെന്റുകൾ തുടങ്ങിയവയിൽ എല്ലാം അസാധാരണ കഴിവ് തെളിയിച്ച വ്യക്തിയാണ് റഷീദ് ഖാൻ.

ഇത്രയും അനുഭവസമ്പത്തിനുടമയാണെങ്കിൽ പോലും റഷീദ് ഖാൻ  വളരെ എളിമയുള്ള വ്യക്തികൂടിയാണ്, അത് അദ്ദേഹം തന്റെ സഹ കളിക്കാരുമായി ഇടപഴകുന്ന രീതിയിൽ നിന്ന് തന്നെ വ്യക്തമാണ്. കൂടെയുള്ളവരെ പ്രചോദിപ്പിക്കാനുളള വൈഭവം റഷീദ് ഖാനിലുണ്ട് എന്നത് തീർച്ചയാണ്. ഇത്തരമൊരു ക്യാപ്റ്റന്റെ സാന്നിധ്യം എടുത്ത് പറയേണ്ട ഒന്നാണ് കാരണം തന്റെ ടീം പുറകോട്ട് പോയി എന്ന് മനസിലാക്കുന്ന നിമിഷം മുതൽ തന്റെ കഴിവ് മുഴുവൻ എടുത്ത് അത് തിരികെ പിടിക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ട്, അതുകൊണ്ട് തന്നെ ടീമിന് ഒന്നടങ്കം ക്യാപ്റ്റനെ നൂറ് ശതമാനം വിശ്വാസമാണ്. ബംഗ്ലാദേശുമായി നടന്ന അവസാന മത്സരത്തിൽ തന്റെ ബൗളറുടെ അടുത്ത് ചെന്ന് പുറത്ത് തട്ടുകയും ചിരിച്ച് സംസാരിക്കുകയും ചെയ്ത റഷീദ് ഖാനെ എല്ലാവരും കണ്ടതാണ്, അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ നല്ല വ്യക്തിത്തതിന്റെ സൂചനയാണ് ഇതെല്ലാം ടീമിന്റെ പ്രകടനത്തെ സഹായിക്കും.

അഫ്ഗാൻ ടീമിന്റെ മറ്റൊരു ശക്തി അവരുടെ ഓപ്പണിങ് കളിക്കാരാണ്, ഇത് ഓരോ മത്സരത്തിലും ഒരു നല്ല തുടക്കം ലഭിക്കാൻ ടീമിനെ സഹായിക്കുന്നുണ്ട്. മത്സരത്തിൽ നല്ല ആരംഭം ലഭിക്കുക
എന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്, ഇന്ത്യ പോലും നല്ലൊരു തുടക്കം ലഭിക്കാതെ വിഷമിക്കുന്നത് ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ കാണുന്നതാണ്. രോഹിത് ശർമ്മ അപാരമായൊരു ഇന്നിംഗ്സ് കളിച്ചു എന്നത് മാറ്റി നിർത്തിയാൽ പൊതുവെ ഓപ്പണർ മാർ കഷ്ടപ്പെടുന്ന ഒരു ടൂർണമെന്റ് ആയിരുന്നു ഇത്. അതേസമയം, അഫ്‌ഗാന്റെ ഓപ്പണർ മാർ ടീമിന് ഒരു നല്ല തുടക്കം കൊടുക്കുന്നതിൽ വിജയിക്കുകയും ചെയ്തിരുന്നുവെന്നത് ടീമിന്റെ മികവിന്റെ ഒരു കാരണമാണ്.

റഷീദ് ഖാൻ എന്ന ബൗളറെ മാത്രം ആശ്രയിക്കുന്നു എന്ന് തോന്നൽ ഉളവാക്കിയിരുന്നെങ്കിലും
പിന്നീട് നബി എന്ന ബൗളറും , ഫസൽഹഖ് ഫാറൂഖി എന്ന ഫാസ്റ്റ് ബൗളറും ടീമിന് വലിയ നേട്ടങ്ങൾ നൽകിയിരുന്നു. ഇതോടെ സ്പിൻ ബൗളിംഗ് മാത്രമല്ല ഫാസ്റ്റ് ബൗളിങ്ങിലും പുറകോട്ട് അല്ല എന്ന് തെളിയിച്ചിരുന്നു. ഇതിന്റെയെല്ലാം ആകെ തുകയാണ് അഫ്ഗാൻ ടീമിന്റെ പ്രകടനം ഇത്ര മികച്ചതായത്. നല്ല ക്യാപ്റ്റൻ, മികച്ച ബൗളിംഗ് ലൈൻ അപ്പും ഫീൽഡിങ് സപ്പോർട്, ഒരു പോരായ്മ എന്ന് പറയാനുള്ളത് മധ്യ നിര ബാറ്റിംഗ് ആണ്. ഒരു പക്ഷെ അഫ്‌ഗാന്റെ യാത്ര ഫൈനൽ വരെ എത്തിയാലും അത്ഭുതപ്പെടാനില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

Post Thumbnail
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അരാജകത്വത്തെ പരിഹസിച്ച് ​ഗൗതം ​ഗംഭീർവായിക്കുക

content summary; afghanistan cricket team winning records

×