June 26, 2026 |

അഹമ്മദാബാദ് എയര്‍ ഇന്ത്യ ദുരന്തം: വിമാനക്കമ്പിനിക്കും എഞ്ചിന്‍ നിര്‍മ്മാതാക്കള്‍ക്കും പ്രാഥമിക റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചിറ്റ്

ഇന്ധന സ്വിച്ച് ഓഫായിരുന്നത് അപകട കാരണം

260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം എഞ്ചിനിലേയ്ക്കുള്ള ഇന്ധനത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കോക്പിറ്റിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ‘കട്ട് ഓഫ്’ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ബോയിങ് വിമാന കമ്പിനിക്കോ എഞ്ചിന്‍ നിര്‍മ്മാതാക്കളായ ജി.ഇ എയറോസപേയ്സിനോ അപകടത്തില്‍ ഉത്തരവാദിത്തമില്ലാതാകും. കൃത്യം ഒരു മാസം മുമ്പ്, ജൂണ്‍ പന്ത്രണ്ടിനാണ് എയര്‍ ഇന്ത്യയുടെ എ.ഐ 171 അഹമ്മദാബാദ് വിമാനത്താവളത്തിന് പരിസരത്തുള്ള ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീണത്. രാജ്യത്തെ ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നായ ഈ അപകടത്തില്‍ 241 വിമാനയാത്രക്കാരും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 19 പരിസരവാസികളും മരിച്ചു. ലണ്ടനിലേയ്ക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീം ലൈനറാണ് അപകടത്തില്‍ പെട്ടത്.

അന്തരാഷ്ട്ര വ്യോമയാന നിയമമനുസരിച്ച്, അപകടം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണം. ഇതനുസരിച്ച് ഇന്ത്യയുടെ വിമാനാപകട അന്വേഷണ ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടിലാണ് അമേരിക്കന്‍ കുത്തക കമ്പിനികളായ ബോയിങ്ങിനും ജി.ഇ എയറോസ്പേയ്സിനും അപകടത്തില്‍ പ്രാഥമിക ഉത്തരവാദിത്തമില്ല എന്ന് സൂചിപ്പിക്കുന്നത്. ‘വിമാനം പറന്നുയര്‍ന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണികഴിഞ്ഞ് 38 മിനുട്ടും 42 സെക്കന്റും (08.08.42 യു.റ്റി.സി-യൂണിവേഴ്സല്‍ കോര്‍ഡിനേറ്റഡ് റ്റെം) എത്തിയപ്പോള്‍ 180 നോട്സ് വേഗതയിലെത്തി. പെട്ടന്ന് തന്നെ ഒന്നാമത്തെ എഞ്ചിനിലേയ്ക്കും രണ്ടാമത്തെ എഞ്ചിനിലേയ്ക്കുമുള്ള ഇന്ധനത്തിന്റെ സ്വിച്ചുകള്‍ ഒരു സെക്കന്റിന്റെ ഇടവേളയില്‍ ‘റണ്‍’ എന്നതില്‍ നിന്ന് ‘സ്വിച്ച് ഓഫ്’ പൊസിഷനിലേയ്ക്ക് മാറി. എഞ്ചിനുകളായ എന്‍ വണ്‍, എന്‍ റ്റു എന്നിവ ഇന്ധനം നിലച്ചതോടെ ടേക്ക് ഓഫ് വേഗതയില്‍ നിന്ന് താഴേയ്ക്ക് പോയി’

വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ കടക്കുന്നതിന് മുമ്പ് തന്നെ വിമാനം താഴാനാരംഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കോക്പിറ്റിലെ വോയ്സ് റിക്കോര്‍ഡറില്‍ പൈലറ്റുമാരില്‍ ഒരാള്‍ മറ്റേ ആളോട് എന്തിനാണ് ഇന്ധനത്തിന്റെ സ്വിച്ച് ഓഫ് ചെയ്തത് എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ താന്‍ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല എന്ന് മറ്റേ പൈലറ്റ് പറയുന്നതും കേള്‍ക്കാം-റിപ്പോര്‍ട്ട് പറയുന്നു. വിമാനത്തിന്റെ ക്യാപ്റ്റനാണോ, ഫസ്റ്റ് ഓഫീസറാണോ ഈ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ആരാണ് ‘മെയ്ദേ, മെയ്ദേ, മെയ്ദേ’ എന്ന സഹായാഭ്യര്‍ത്ഥന നടത്തിയത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. 15,638 മണിക്കൂറുകളുടെ വിപുലമായ വ്യോമയാന അനുഭവസമ്പത്തുള്ള ആളായിരുന്നു ഈ വിമാനത്തിന്റെ കമാന്‍ഡിങ് പൈലറ്റ്, 56 കാരനായ, സുമീത് സബര്‍വാള്‍. എയര്‍ ഇന്ത്യയുടെ പരിശീലകന്‍ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സഹവൈമാനികനായ ക്ലീവ് കുന്ദറിനും 3403 മണിക്കൂറുകളുടെ അനുഭവസമ്പത്തുണ്ടായിരുന്നു.

എങ്ങനെയാണ് വിമാന ഇന്ധനത്തിന്റെ സ്വിച്ച് കട്ട് ഓഫ് പൊസിഷനിലേയ്ക്ക് മാറിയത് എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. യു.എസ് വ്യോമ സുരക്ഷാ വിദഗ്ദ്ധനായ ജോണ്‍ കോക്സ് ‘ഗാര്‍ഡിയന്‍’ പത്രത്തോട് പറയുന്നത് അബദ്ധവശാലോ യാദൃശ്ചികമായോ ഇന്ധനത്തിന്റെ സ്വിച്ച് ഓഫ് ഓഫ് ആകില്ല എന്നാണ്. ‘കൈയ്യോ കാലോ തട്ടിയാല്‍ നീങ്ങുന്നതല്ല ഈ സ്വിച്ചുകള്‍’-അദ്ദേഹം പറയുന്നു. ഇന്ധനത്തിന്റെ ‘കട്ട് ഓഫ്’ മോഡിലേയ്ക്ക് സ്വിച്ച് മാറ്റിയാല്‍ ഉടനടി എഞ്ചിന്റെ പ്രവര്‍ത്തനം നിലയ്ക്കും. സാധാരണഗതിയില്‍ വിമാനം എയര്‍പോര്‍ട്ടിന്റെ ഗേറ്റുകളിലെത്തുമ്പോള്‍ മാത്രമോ എഞ്ചിന്‍ തീപിടുത്തം പോലത്തെ അടിയന്തിര സാഹചര്യങ്ങളിലോ ആണ് ഈ സ്വിച്ച് ഓഫ് ചെയ്യുക. ഇത്തരത്തില്‍ എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായിരുന്നോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമല്ല.

സാധാരണഗതിയില്‍ പൈലറ്റുമാര്‍ക്ക് മാത്രമേ ആ സ്വിച്ച് നീക്കാനാകൂ, പക്ഷേ എന്തിനാകും അത് ചെയ്തത് എന്നതാണ് ചോദ്യം- അമേരിക്കന്‍ വ്യോമഗതാഗത വിദദ്ധനായ ആന്റണി ബ്രിക്ഹൗസ് ഗാര്‍ഡിയനോട് പറയുന്നു. ഒരു സ്വിച്ചില്‍ നിന്ന് മറ്റൊരു സ്വിച്ചിലേയ്ക്ക് എത്താനുള്ള ഏകദേശം ഒരു സെക്കന്‍ഡിന്റെ വ്യത്യാസം രണ്ട് സ്വിച്ചുകള്‍ ഓഫ് ആയതിന് ഇടയിലുണ്ട്. വിമാനം വേഗതയാര്‍ജ്ജിച്ചുകൊണ്ടിരിക്കേ ഒരിക്കലും ഒരു പൈലറ്റ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്യില്ല എന്നാണ് എല്ലാ വിദഗ്ദ്ധരും പറയുന്നത്. വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ആകുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും വിമാനത്തിന്റെ താഴേയ്ക്കുള്ള പതനത്തിനെ തടയാനായില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

Content Summary: Ahmedabad Air India plane crash: clean chit given to airline and engine manufacturers in preliminary report

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×