കേരളത്തിലെ എഐ ക്യാമറ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളുടെ മുനയൊടിച്ച് കൊണ്ടാണ് ഹൈക്കോടതി കോൺഗ്രസ് നേതാക്കളുടെ ഹർജി ഇപ്പോൾ തള്ളിയിരിക്കുന്നത്. പൊതുസമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ആരോപണങ്ങളിലാണ് ഈ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ നിരത്തുകളിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറകൾ സ്ഥാപിക്കാനുള്ള ‘സേഫ് കേരള’ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പദ്ധതിയിൽ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു.
മാധ്യമങ്ങൾ ഏറ്റെടുത്തതോടെ, ദിവസങ്ങളോളം ഈ ആരോപണങ്ങൾ പ്രധാന ചർച്ചാവിഷയമായി.
അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങൾ ശക്തമായതോടെയാണ്, കോൺഗ്രസ് നേതാക്കൾ നിയമവഴിയിലേക്ക് കടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ഭരണാനുമതികൾ റദ്ദാക്കണമെന്നും, കോടതിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മാത്രമല്ല, അഴിമതിക്ക് തങ്ങളുടെ കൈവശം വ്യക്തമായ തെളിവുകളുണ്ടെന്ന് പൊതുവേദികളിൽ ആവർത്തിച്ചു. എന്നാൽ, കോടതി വിധി മറ്റൊന്നായിരുന്നു.
ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ, അഴിമതി ആരോപണങ്ങൾ തെളിയിക്കുന്ന ഒരു വസ്തുതാപരമായ തെളിവും ഹർജിക്കാർക്ക് ഹാജരാക്കാൻ സാധിച്ചില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, അവയ്ക്ക് നിയമപരമായി സാധുതയില്ലെന്ന് വ്യക്തമാക്കി.
ആരോപണങ്ങൾ മാധ്യമങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും, കോടതിയിൽ തെളിയിക്കാൻ സാധിക്കുന്നതല്ലെന്നും വിധിയിലൂടെ വ്യക്തമായി. ഇതോടെ, പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇടപെടാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ഹൈക്കോടതി ഹർജി തള്ളി.
സർക്കാർ 2020 ഏപ്രിൽ 27-ന് പദ്ധതിക്കായി നൽകിയ ഭരണാനുമതിയും, സേഫ് കേരള പദ്ധതിക്ക് സമഗ്ര ഭരണാനുമതി നൽകിയ 2023 ഏപ്രിൽ 18-ലെ ഉത്തരവും റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
അന്വേഷണം പൂർത്തിയാകുന്നതുവരെ ക്യാമറകളുടെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാർക്ക് പണം നൽകാവൂ എന്ന് കോടതി ആദ്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് കരാറുകാർക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് കോടതി അനുമതി നൽകുകയായിരുന്നു. 2023 ൽ സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിയത്.
ജനമധ്യത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ സാധിക്കാതെ പോയത് കോൺഗ്രസ് നേതാക്കൾക്ക് വലിയ തിരിച്ചടിയാണ്. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അവ നിയമപരമായി നിലനിൽക്കുന്നതാണെന്ന് കൂടി ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ വിധി ഓർമ്മിപ്പിക്കുന്നത്.
content summary: AI Camera Corruption Allegations, High Court Dismisses Plea
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.