എയ്ഡഡ് സ്കൂളുകളോ കൊള്ള സ്ഥാപനങ്ങളോ? സ്വപ്നജോലിക്ക് നൽകേണ്ടി വരുന്നത് ലക്ഷങ്ങൾ

മാനേജ്‌മെന്റിന് തോന്നുന്ന പണം വാങ്ങി നിയമനം നടത്താമെന്നത് ഒരു അലിഖിത നിയമമാണ്

ഏറെ പ്രതീക്ഷയോടെയാണ് രമ്യ (പേര് യഥാർത്ഥമല്ല) രാവിലെ ഉണർന്നത്. എറണാകുളത്തെ ഒരു അർധ സർക്കാർ സ്‌കൂളിലെ അധ്യാപക നിയമനത്തിനുള്ള അഭിമുഖമാണ്. എത്രയോ വർഷത്തെ പഠനത്തിനും കഷ്ടപ്പാടിനുമൊടുവിൽ ഒരു ജോലി. എന്നാൽ സ്കൂളിലെത്തി അഭിമുഖത്തിന് മുൻപ് പ്യൂൺ ഒരു ഫോം തന്നിട്ട് പൂരിപ്പിച്ച് ഏൽപ്പിക്കാൻ പറഞ്ഞു. അതിലെ കോളങ്ങൾ ഓരോന്നും വായിച്ച അവർക്ക് അതിയായ ദേഷ്യവും സങ്കടവും തോന്നി. വ്യക്തിഗത വിവരങ്ങൾക്ക് പുറമെ ആ സ്‌കൂളിൽ അധ്യാപികയാവുന്നതിന് എത്ര രൂപ ഫണ്ട് നൽകുമെന്ന ഒരു ചോദ്യം കൂടി അതിലുണ്ടായിരുന്നു. ഇത്ര ലാഘവത്തോടെ കൈക്കൂലി ചോദിക്കാൻ മാനേജ്‌മെന്റിന് അധികാരമുണ്ടോ എന്ന് തോന്നാതിരുന്നില്ല. എങ്കിലും അവർക്ക് മുഷിപ്പ് തോന്നണ്ട എന്ന് കരുതി ഒരു 50 ലക്ഷം എഴുതി. കൊടുക്കാൻ കഴിയില്ലെങ്കിലും അത് കണ്ട് അൽപ നേരത്തേക്ക് മാനേജ്‌മെന്റിന് സന്തോഷിക്കാമല്ലോ…

കേരളത്തിൽ അർധ സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ദുരവസ്ഥ ഇന്നും, ഇന്നലെയും തുടങ്ങിയതല്ല. ശമ്പളം കിട്ടാതെയും പാതി ശമ്പളത്തിലുമെല്ലാം ജോലി ചെയ്യുന്ന 16,000 അധ്യാപകരാണുള്ളത്. അർധ സർക്കാർ സ്‌കൂൾ, കോളേജുകളിലെ അധ്യാപക നിയമനം പൂർണമായും മാനേജ്‌മെന്റുകളുടെ കൈകളിലാണ്. സർക്കാർ ശമ്പളം നൽകുന്ന മാനേജ്‌മെന്റിന് കീഴിൽ വരുന്ന സ്ഥാപനങ്ങളാണ് അർധ സർക്കാർ സ്ഥാപനങ്ങൾ. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ കഴുത്തറപ്പൻ പണപ്പിരിവ് തുടങ്ങിയത് ഈ അടുത്ത കാലത്തല്ല.

അർധ സർക്കാർ സ്ഥാപനങ്ങളിലെ അധ്യാപകരാകുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് ഒരു സ്വപ്‌നം മാത്രമായി ഒതുങ്ങാറാണ് പലപ്പോഴും. അർധ സർക്കാർ സ്‌കൂളുകളിൽ പ്രൈമറി ക്ലാസിലെ ടീച്ചർമാർ പോലും നൽകേണ്ടി വരുന്നത് 30, 40 ലക്ഷം രൂപയോളമാണ്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റിന് തോന്നുന്ന പണം വാങ്ങി നിയമനം നടത്താമെന്നത് ഒരു അലിഖിത നിയമമാണ്.

ബിരുദാന്തര ബിരുദാനന്തരവും എം എഡും നെറ്റ് പരീക്ഷയും ജയിച്ച് വരുന്ന അധ്യാപകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും കഴിവിനുമപ്പുറം പണത്തിന് പ്രാധാന്യം നൽകുന്നത് കണ്ട് നിൽക്കേണ്ടി വരികയാണ്. സാമ്പത്തികമായി വളരെ മോശം സാഹചര്യത്തിലൂടെ കടന്ന് പോകുന്നവർ ഒരു ജോലി എന്ന സ്വപ്‌നം നിറവേറ്റുന്നതിന് ആകെയുള്ള വീടും വസ്തുവും വരെ പണയം വയ്ക്കുന്ന സാഹചര്യമുണ്ട്.

കേരളത്തിന്റെ പലഭാഗങ്ങളിലുമുള്ള പ്രശസ്തമായ അർധ സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ശ്രീ നാരായണ (എസ്എൻ) കോളേജുകളും സ്‌കൂളുകളും. എസ്എൻ കോളേജിലെ ജേർണലിസം ഡിപ്പാർട്ട്‌മെന്റിൽ അധ്യാപക നിയമനത്തിന് മനേജ്‌മെന്റ് ചോദിക്കുന്നത് 75 ലക്ഷം രൂപയാണ്. 75 ലക്ഷം എന്നത് സാധാരണക്കാരന് താങ്ങാവുന്നതിലും വലിയ തുകയാണ്. എസ്എൻ ട്രസ്റ്റിന് കീഴിൽ തന്നെ വരുന്ന വൈക്കം ആശ്രമം സ്‌കൂളിൽ ഹൈസ്കൂളിൽ വിഭാഗത്തിൽ അധ്യാപക നിയമനത്തിന് മാനേജ്‌മെന്റ് വാങ്ങുന്നത് 45 ലക്ഷം രൂപയാണെന്ന് അധ്യാപിക അഴിമുഖത്തോട് പറഞ്ഞു.

കേരളത്തിൽ 70 ശതമാനം എയ്ഡഡ് കോളേജുകളുള്ള ക്രിസ്ത്യൻ മാനേജ്മെന്റുകൾ അധ്യാപക നിയമനത്തിന് വാങ്ങുന്നത് വളരെ വലിയ തുകയാണ്. എൻഎസ്എസ് കോളേജുകളിൽ കാലങ്ങൾക്ക് മുൻപ് കോളേജ് അധ്യാപക നിയമനത്തിന് 80 ലക്ഷമാണ് ആവിശ്യപ്പെട്ടിരുന്നതെന്ന് ഐഡന്റിറ്റി വ്യക്തമാക്കാൻ താല്പര്യം ഇല്ലാത്ത ഒരു ഉദ്യോഗാർഥി അഴിമുഖത്തോട് പ്രതികരിച്ചു. എന്നാൽ ഇപ്പോൾ ഇതിലും വലിയ തുക നൽകി ജോലിയിൽ പ്രവേശിച്ച അധ്യാപകർ അത് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല.

കേരളത്തിലെ നാല് യൂണിവേഴ്സിറ്റികളിലായി 49 അർധ സർക്കാർ കോളേജുകളാണുള്ളത്. കേരള യൂണിവേഴ്സിറ്റിയിൽ 15, എംജി യൂണിവേഴ്സിറ്റിയിൽ 10, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 10, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 14 എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിൽ മാത്രം 7277 എയ്ഡഡ് സ്കൂളുകളുമുണ്ട്.

വിവിധ ക്രിസ്ത്യൻ സഭകൾ, നായർ സർവീസ് സൊസൈറ്റി, മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റി, എസ്എൻഡിപി, വിവിധ ദേവസ്വം ബോർഡുകൾ, ചില സ്വകാര്യ മാനേജ്മെന്റുകൾ, തുടങ്ങിയവയാണ് കേരളത്തിലെ എയ്ഡഡ് മേഖല കയ്യടക്കി വാഴുന്നത്. ക്രിസ്ത്യൻ സഭകളാണ് 70% വിദ്യാലയങ്ങൾ കയ്യാളുന്നവർ. കേരളത്തിലെ പ്രബല സമുദായങ്ങളുടെ കയ്യിലാണ് എയ്ഡൻ വിദ്യാലയങ്ങൾ നിലനിൽക്കുന്നത്. നവോത്ഥാനന്തരം കേരളത്തിൽ ശക്തിപ്പെട്ട സാമുദായിക സങ്കുചിത്വത്തിന്റെ നേർചിത്രം ഇത്തരം വിദ്യാലയങ്ങളുടെ സ്റ്റാഫ് റൂമുകളിൽ വ്യക്തമാണ്. ഓരോ എയ്ഡഡ് സ്റ്റാഫ് റൂമുകളും ഓരോ ജാതി കോളനികളാണ്. ഭൂപരിഷ്കരണം നടപ്പാക്കിയപ്പോൾ ദളിതർക്ക് ദളിതർ മാത്രം തിങ്ങിപ്പാർക്കുന്ന ജാതി കോളനി ലഭിച്ചതുപോലെ. വിദ്യാഭ്യാസ ബില്ല് അഭിജാതർക്ക് കൊടുത്ത ജാതി കോളനികൾ തന്നെയാണ് കേരളത്തിലെ എയിഡഡ് സ്റ്റാഫ് റൂമുകൾ.

കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റ് പെറുക്കിയും അർധ സർക്കാർ സ്‌കൂളിലും കോളേജിലും പണം നൽകി ജോലി നേടുന്നവരെ എന്നിട്ടും നിയമനം ശെരിപ്പെടുത്താതെ കഷ്ടത്തിലാക്കുകയാണ് മാനേജ്‌മെന്റുകൾ. എയ്ഡഡ് സ്കൂളുകളിൽ നിയമനത്തിനുള്ള അധികാരം മാനേജ്‌മെന്റിനാണ്, എന്നാൽ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്നത് തെറ്റല്ലാതെയാവുന്നില്ല.

ഇത് വലിയ തുക വാങ്ങുന്ന അർധ സർക്കാർ സ്‌കൂളുകളുടെയും കോളേജുകളുടെയും ചെറിയ വിവരങ്ങൾ മാത്രമാണ്. എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്നതിനും മുകളിൽ കേരളത്തിൽ കോഴ നടക്കുന്ന മേഖലയാണ് അർധ സർക്കാർ കോളേജുകളും സ്‌കൂളുകളും. എയ്ഡഡ് സ്‌കൂളുകളിലും കോളേജുകളിലും അധ്യാപക നിയമനത്തിന് വലിയ തുക കൈക്കൂലി നൽകണമെന്നത് പരസ്യമായ രഹസ്യമാണ്.

Content Summary: Aided schools or predatory institutions?; Aided schools are demanding high fees for job opportunities
Aided schools high fees  

This post was last modified on February 23, 2025 9:43 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment