April 27, 2025 |
Share on

ഡങ്കി റൂട്ട് വീണ്ടും വാർത്തകളിൽ; യുഎസിലെത്തിയ 42 ഇന്ത്യക്കാരെ കാണാതായിട്ട് 15 വർഷം

പഞ്ചാബ് സ്വദേശികളെയാണ് കാണാതായത്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസിലെത്തിയ അനധികൃത കുടിയേറ്റക്കാരെ വിലങ്ങുകൾ അണിയിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചത് മുതൽ ഡങ്കി റൂട്ടുകൾ വീണ്ടും സംസാര വിഷയമായിരുന്നു. 2010ൽ ഡങ്കി റൂട്ട് വഴി യു എസിലേക്ക് പോയ 42 യുവാക്കളെ കാണാതായിട്ട് 15 വർഷമാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പഞ്ചാബ് സ്വദേശികളെയാണ് കാണാതായതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഫത്തേഗഢ് സാഹിബിലെ തപ്രിയൻ ഗ്രാമത്തിൽ നിന്നുള്ള രവീന്ദർ സിംഗ് 2010 സെപ്റ്റംബർ 15 ന് യുഎസിലേക്ക് പോയതാണ്. എന്നാൽ അതിനുശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി ഡ്രൈവറായി ജോലി ചെയ്തിരുന്ന രവീന്ദർ സിംഗ് ജോലിക്കായി വിദേശത്തേക്ക് പോകാൻ ആഗ്രഹിച്ചു. അതിനായി പഞ്ച്കുലയിലെ ട്രാവൽ ഏജന്റുമാരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് 20 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും മെക്സിക്കോയിലേക്ക് വിമാനത്തിൽ കൊണ്ടുപോയി യുഎസിൽ എത്തിക്കാമെന്ന വാഗ്ദാനത്തിൽ 5 ലക്ഷം രൂപ അഡ്വാൻസായി നൽകുകയും ചെയ്തു. 10 ദിവസത്തിനുശേഷം രവീന്ദർ സിംഗ് ഗ്വാട്ടിമാലയിൽ എത്തിയെന്ന് വിവരം ലഭിച്ചു. ശേഷം ഏജന്റുമാർ ബാക്കി തുക ആവശ്യപ്പെട്ടു.
യുഎസിൽ എത്തിയാൽ മകൻ തങ്ങളെ ബന്ധപ്പെടുമെന്ന് പറഞ്ഞെങ്കിലും അതിനുശേഷം രവീന്ദർ സിങ്ങിൽ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കാണാതായവരിൽ ഒരാളായ വരീന്ദർ സിങ്ങിന്റെ പിതാവായ ജസ്വന്ത് സിംഗ് 2010 ൽ ഒരു ഹർജി ഫയൽ ചെയ്തു. ശേഷം ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് പഞ്ചാബ് പോലീസ് കേസ് അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു. 2013 ൽ സിംഗ് മറ്റൊരു ഹർജി ഫയൽ ചെയ്തു. 2023 ലാണ് ഹൈക്കോടതി അതിൽ വിധി പ്രസ്താവിച്ചത്. വാദം കേൾക്കുന്നതിനിടയിൽ, 100 ൽ അധികം യുവാക്കളെ കാണാനില്ലെന്ന് വെളിപ്പെടുത്തുകയും തുടർന്ന് കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.

2012 ജനുവരിയിൽ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ 102 പാസ്‌പോർട്ടുകൾ അടങ്ങിയ ഒരു ബാഗ് പിടിച്ചെടുത്തിരുന്നു. അവയിൽ ചിലത് കാണാതായ യുവാക്കളുടേതായിരുന്നുവെന്ന് തിരിച്ചറിയുകയും ചെയ്തു. യുവാക്കളെ ദോഹയിലേക്ക് കൊണ്ടുപോയതായി സംശയിച്ചിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കുന്ന ഇമിഗ്രേഷൻ രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Content Summary: Dunky Route is back in the news; 15 years since 42 Indians who came to US went missing

Tags:

Leave a Reply

Your email address will not be published. Required fields are marked *

×