‘പി എം ശ്രീയുടെ വര്‍ഗീയ അജണ്ടയില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വീണു’

അജണ്ട എൻഇപി വഴി നടപ്പിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം

pm shri and v sivankutty

കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാ​ഗമായുള്ള പി എം ശ്രീ പദ്ധതിയോട് ചേർന്ന് പ്രവർത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ശക്തമായ വിമർശിച്ച് കൊണ്ടാണ് സിപിഐയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എഐഎസ്എഫ് രം​ഗത്തു വന്നിരിക്കുന്നത്.

രാജ്യത്തിന് മുന്നിൽ മാതൃകയായി ഫാസിസ്റ്റ് വൽക്കരണത്തിനെതിരെ സമരം ശക്തമാക്കേണ്ടുന്ന ഈ സമയത്ത് ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാരും വിദ്യാഭ്യാസ മന്ത്രിയും ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത് ശരിയായില്ലെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റെ് ബിബിൻ എബ്രാഹം അഴിമുഖത്തോട് പറഞ്ഞു.

നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പി എം ശ്രീ പദ്ധതിയ്ക്ക് പിന്നിൽ പൂർണ്ണമായി ഒളിഞ്ഞിരിക്കുന്നത് വർ​ഗീയ അജണ്ടയാണ്. ഈ അജണ്ട എൻഇപി വഴി നടപ്പിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാ​ഗവും സംസ്ഥാന ഭാരവാഹിയുമായിരുന്ന ഒരാളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി. അങ്ങനെയുള്ള ഒരാൾ കേരളത്തിലെ ലക്ഷകണക്കിന് വിദ്യാർത്ഥികളെ പറഞ്ഞു പറ്റിച്ച് അജണ്ട നടപ്പിലാക്കാൻ നേതൃത്വം കൊടുത്തത് നിർഭാ​ഗ്യകരമായ സംഭവമാണെന്ന് ബിബിൻ കൂട്ടിച്ചേർത്തു.

പി എം ശ്രീ പ​ദ്ധതി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നത് കൊണ്ടുള്ള അനന്തരഫലങ്ങൾ മുൻകൂട്ടി കണ്ടുക്കൊണ്ടാണ് എ ഐ എസ് എഫ് നിലപാട് അറിയിച്ചിട്ടുള്ളത്. ഏതെങ്കിലും പ്രത്യേക താത്പര്യത്തിന്റെ പുറത്തല്ല ഈ നടപടിയെ എതിർക്കുന്നത്, ഇതിന്റെ എല്ലാ വശങ്ങളും മുൻകൂട്ടി വിലയിരുത്തിയിട്ടുണ്ട്. സംഘപരിവാർ അജണ്ട കൃത്യമായി മനസിലാക്കിയിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് മുന്നിൽ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

മുമ്പ് ഇത്തരത്തിലുള്ള വഞ്ചനാപരമായ നിലപാട് ഇടതുപക്ഷം സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഇന്ന് കാണുന്ന നിലയിലേക്ക് മെച്ചപ്പെടുത്തുന്നതിന് ഇടതുപക്ഷം നല്ല രീതിയിൽ പരിശ്രമിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്ന കാലഘട്ടത്തിൽ നിന്ന് കൂടുതൽ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചത് വലിയ ശ്രമഫലങ്ങളുടെ ഭാ​ഗമായാണ്. അത് ഇടതുപക്ഷ സർക്കാരിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്.

പിഎം ശ്രീ പദ്ധതി വരുന്നത് വഴി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രണ്ട് തട്ടായി തിരിയും. ഇതോടെ പി എം ശ്രീയുടെ ഭാ​ഗമായിരിക്കുന്ന സ്കൂളുകളെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളെന്നുമുള്ള തരത്തിലേക്ക് വിദ്യാലയങ്ങൾ വിഭജിക്കപ്പെടും. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പരിണിതഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തകർച്ചയായിരിക്കും.

പി എം ശ്രീയോ അതിൽ നിന്നോ ലഭിക്കുന്ന ഫണ്ടോ അല്ല ഇവിടെ എഐഎസ്എഫിന്റെ മുന്നിലുള്ള പ്രശ്നം. ഇവിടെ പ്രധാന പ്രശ്നം എസ്.എസ്.കെ വഴി ലഭിക്കാനുള്ള ഫണ്ട് കേന്ദ്രം പി എം ശ്രീയുടെ പേര് പറഞ്ഞ് തടഞ്ഞു വച്ചിരിക്കയാണ്. ഇങ്ങനത്തെ ഒരു സാഹചര്യത്തിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളൊക്കെ സ്വീകരിച്ചിരിക്കുന്ന മാതൃകാപരമായ സമീപനം വേണമെങ്കിൽ നമുക്കും സ്വീകരിക്കാം. ഭീഷണിപ്പെടുത്തിയും വിരട്ടിയും നൽകുന്ന തുക ഞങ്ങൾക്ക് വേണ്ടെന്ന് തമിഴ്നാട് ഉൾപ്പെടെ സ്വീകരിച്ചിട്ടുള്ള നിലപാടാണ്. അങ്ങനെ നിലപാടെടുത്ത് പോകുന്ന് സാഹചര്യത്തിൽ കേരളം പോലുള്ള പുരോ​ഗമന സംസ്ഥാനം, വിദ്യാഭ്യാസ മേഖലയിലെ മാതൃകാ മോ‍ഡലെന്ന് ചൂണ്ടിക്കാണിക്കുന്ന സംസ്ഥാനത്ത് പി എം ശ്രീ പോലുള്ള ഒരു പദ്ധതി നടപ്പിലാക്കാൻ സമ്മതം മൂളിയത് കേന്ദ്ര സർക്കാരിന്റെ അജണ്ടകൾക്ക് കീഴ്പ്പെടുന്നതിന് തുല്യമാണ്. അതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്തിരിക്കുന്നത്.

ആർഎസ്എസ് അജണ്ടയുടെ ഭാ​ഗമാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല. അത് എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് ചോദിച്ചാൽ എൻഇപി വഴിയാണ് നടപ്പിലാക്കുന്നത്. 2020ലെ കോവിഡ് കാലഘട്ടത്തിൽ ഈ രാജ്യത്തിന്റെ പാർലമെന്റിൽ ഒരു ചർച്ചയ്ക്ക് പോലും വിധേയമാക്കാതെ, ആ അവസരം ഒരു സുവർണ്ണാവസരമായി കണ്ട് പുതിയ ഒരു വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 34 വർഷങ്ങൾക്ക് ശേഷമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ പരിഷ്കരണം കൊണ്ടുവരുന്നത്. ഒരു കേന്ദ്രത്തിലും ചർച്ചയ്ക്ക് വയ്ക്കാതെയാണ് ഈ പരിഷ്കരണം കൊണ്ടുവന്നത്.

2019 ജൂൺ മാസം എൻഇപിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സർവ്വകലാശാലയിൽ നടന്ന സെമിനാറിൽ പങ്കെടുത്ത ഡോ കസ്തൂരിരം​ഗൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതുകളിൽ നിന്ന് പോയിട്ടില്ല. ഞാൻ സംസാരിച്ച് കഴിഞ്ഞാൽ ഇതിനെക്കുറിച്ച് തിരികെ എന്നോട് ചോദ്യങ്ങൾ ചോദിക്കരുതെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ആ വാക്കുകളിൽ തന്നെയുണ്ട് പിന്നിലൊളിഞ്ഞിരിക്കുന്ന അപകടം. എൻഇപി ഇവിടെ നടപ്പിലാവില്ലെന്ന് കണ്ടപ്പോൾ പി എം ശ്രീ വഴി സർക്കാരിനെ സമ്മർദ്ദത്തിലാക്കി നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആ നീക്കത്തിൽ മന്ത്രി ശിവൻകുട്ടി വീണു.

ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത് മുട്ടുക്കുത്തി യാചിക്കുന്നതിനേക്കാൾ നല്ലത് നിവർന്ന് നിന്നു മരിക്കണമെന്നുള്ളതാണ്. അങ്ങനെ നമ്മൾ കണ്ടു വളർന്ന ഒരു ശീലത്തെയാണ് ഫാസിസ്റ്റ് സർക്കാരിന് മുന്നിൽ അടിയറവ് വയ്ക്കുന്നത് വളരെ അപമാനകരമാണെന്ന് ബിബിൻ പറയുന്നു.

content summary: AISF stated that they planned to advance the communal agenda through the PM Shri scheme, and the Education Minister was misled into supporting it

This post was last modified on October 24, 2025 2:56 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment