ജറുസലേമിലെ പുണ്യസ്ഥലത്ത് സമാധാനം തകര്‍ത്ത് ഇസ്രയേല്‍

അല്‍- അഖ്സയില്‍ മുസ്ലിങ്ങള്‍ക്കും ജൂതര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനായി ആറ് പതിറ്റാണ്ടായി നിലനിന്നിരുന്ന കരാര്‍ തകര്‍ത്തിരിക്കുകയാണ്

Al-Aqsa -Jerusalem

ജെറുസലേമിലെ ഏറ്റവും തന്ത്രപ്രധാനമായ വിശുദ്ധസ്ഥലമായ അല്‍- അഖ്‌സയില്‍ മുസ്ലിങ്ങള്‍ക്കും ജൂതന്മാര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുന്നതിനായി ആറ് പതിറ്റാണ്ടായി നിലനിന്നിരുന്ന ഒരു കരാര്‍ തകര്‍ന്നതായി വിവരം. ഇസ്രയേല്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ജൂത തീവ്രവാദികളുടെ സമ്മര്‍ദ്ദമാണ് ഈ കരാര്‍ തകരാന്‍ കാരണമായി പറയുന്നത്.

അല്‍-അഖ്‌സയിലെ മുസ്ലീം കെയര്‍ ടേക്കര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണെന്നും, നൂറുകണക്കിന് മുസ്ലീങ്ങള്‍ക്ക് ആരാധന സ്ഥലത്തേക്ക് പ്രവേശനം വിലക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലിങ്ങളെ ഒഴിവാക്കിക്കൊണ്ട്, തീവ്ര ജൂത ഗ്രൂപ്പുകള്‍ ജറുസലേമിലെ വിശുദ്ധ സ്ഥലത്തേക്ക് കൂടുതലായി കടന്നുകയറുകയാണെന്നുമാണ് അവിടെ നിന്നുമുള്ള വിവരങ്ങള്‍. ഇത്തരം സാഹചര്യങ്ങള്‍ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അല്‍-അഖ്‌സ പള്ളിയിലെ ഒരു ഇമാമിനെ അറസ്റ്റ് ചെയ്തതും റമദാനിലെ ആദ്യത്തെ രാത്രിയില്‍ ഇസ്രയേല്‍ പോലീസ് പള്ളിക്കുള്ളില്‍ നടത്തിയ റെയ്ഡും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.

തീവ്രവലതുപക്ഷ നേതൃത്വത്തിന് കീഴിലുള്ള ജെറുസലേം പോലീസും ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ സേനയും നടത്തുന്ന ഈ നീക്കങ്ങള്‍ 1967-ലെ യുദ്ധത്തിന് ശേഷം നിലവില്‍ വന്ന ‘സ്റ്റാറ്റസ് ക്വോ’ കരാറിന്റെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. മുസ്ലീങ്ങള്‍ ‘അല്‍-ഹറം അല്‍-ഷരീഫ്’ എന്ന് വിളിക്കുന്ന ഈ വിശുദ്ധ സമുച്ചയത്തിനുള്ളില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമേ പ്രാര്‍ത്ഥനയ്ക്ക് അനുവാദമുള്ളൂ എന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ജൂതന്മാര്‍ ഇതിനെ ‘ടെമ്പിള്‍ മൗണ്ട്’ എന്നാണ് വിളിക്കുന്നത്. ചരിത്രപരമായി ഇത്തരം മാറ്റങ്ങള്‍ ജെറുസലേമിലും പലസ്തീന്‍ പ്രദേശങ്ങളിലും വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. 2000-ല്‍ ഏരിയല്‍ ഷാരോണ്‍ ഈ സ്ഥലം സന്ദര്‍ശിച്ചത് അഞ്ച് വര്‍ഷം നീണ്ടുനിന്ന രണ്ടാം ഇന്‍തിഫാദയ്ക്ക് തുടക്കമിട്ടിരുന്നു. 2023 ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ‘അല്‍-അഖ്‌സ ഫ്‌ലഡ്’ എന്നാണ് അവര്‍ പേരിട്ടിരുന്നത്. ഇത് ഇസ്രയേല്‍ അവിടെ നടത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള മറുപടിയായാണെന്നായിരുന്നു ഹമാസ് അവകാശപ്പെട്ടിരുന്നത്.

അല്‍-അഖ്‌സയെ ഒരു ‘സ്‌ഫോടക വസ്തു’ എന്നാണ് ജെറുസലേം അഭിഭാഷകനായ ഡാനിയല്‍ സീഡെമാന്‍ വിശേഷിപ്പിക്കുന്നത്. വിശുദ്ധ സ്ഥലത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി നേരിടുമ്പോഴെല്ലാം ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ഇത്തവണ റമദാന്‍ മാസത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഇറ്റാമര്‍ ബെന്‍-ഗ്വീര്‍ ദേശീയ സുരക്ഷാ മന്ത്രിയായതോടെയാണ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചത്. സമുച്ചയത്തില്‍ ഇസ്രയേല്‍ പതാക ഉയര്‍ത്തണമെന്നും അവിടെ ഒരു സിനഗോഗ് പണിയണമെന്നും അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ജൂതന്മാര്‍ക്ക് അവിടെ പ്രാര്‍ത്ഥിക്കാനും പാട്ടുപാടാനുമുള്ള അനുമതി നല്‍കിക്കൊണ്ട് കരാര്‍ ലംഘനങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കി.

റമദാനിന് മുന്നോടിയായി, അല്‍-അഖ്‌സയുടെ മേല്‍നോട്ടം വഹിക്കുന്ന ജോര്‍ദാന്‍ നിയമിത വഖഫ് ബോര്‍ഡിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. അഞ്ച് വഖഫ് ജീവനക്കാരെ വിചാരണ കൂടാതെ തടങ്കലില്‍ വെച്ചതായും 38 ജീവനക്കാര്‍ക്കും ആറ് ഇമാമുമാര്‍ക്കും പ്രവേശനം നിഷേധിച്ചതായും വഖഫ് വൃത്തങ്ങള്‍ അറിയിച്ചു. പള്ളിയിലെ അറ്റകുറ്റപ്പണികള്‍ തടസ്സപ്പെടുത്തുന്നതായും ആരാധകര്‍ക്കായി താല്‍ക്കാലിക ക്ലിനിക്കുകളോ തണലുകളോ ഒരുക്കാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. ശൗചാലയത്തിലേക്കുള്ള കടലാസുകള്‍ പോലും കൊണ്ടുപോകുന്നത് തടഞ്ഞതായി വഖഫ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു.

റമദാനിലെ ആദ്യ ആഴ്ചയില്‍ ജൂതന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായി സന്ദര്‍ശന സമയം പോലീസ് നീട്ടിനല്‍കിയത് മറ്റൊരു നിയമലംഘനമായി കാണുന്നു. തിങ്കളാഴ്ച അല്‍-അഖ്‌സ ഇമാം ഷെയ്ഖ് മുഹമ്മദ് അല്‍-അബ്ബാസിയെ പള്ളിമുറ്റത്ത് വെച്ച് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ നാനൂറോളം ഇസ്രയേല്‍ കുടിയേറ്റക്കാര്‍ സമുച്ചയത്തില്‍ പ്രവേശിക്കുകയും അവിടെ പാട്ടുപാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ ഇസ്രയേല്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒട്ടും വകവെക്കുന്നില്ലെന്നും ഗാസയിലും വെസ്റ്റ് ബാങ്കിലും അവര്‍ നടത്തുന്ന നീക്കങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസമാണ് ഇതിന് പിന്നിലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

Content Summary: Al-Aqsa: six-decade agreement on prayer at Jerusalem holy site collapses.

This post was last modified on February 21, 2026 9:16 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment