പലസ്തീനുള്ള ധനസഹായം നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള ട്രംപിന്റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് അമേരിക്ക ഉള്‍പ്പെട്ട സമാധാന ചര്‍ച്ചയില്‍ നിന്ന് പലസ്തീന്‍ പിന്മാറിയിരുന്നു. എന്നാല്‍ സമാധാനചര്‍ച്ചയിലേയ്ക്ക് പലസ്തീന്‍ തിരിച്ചുവന്നാല്‍ മാത്രമേ ഇനി പലസ്തീന് സാമ്പത്തിക സഹായം നല്‍കൂ എന്നാണ് ട്രംപിന്റെ നിലപാട്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഏജന്‍സി UNRWAയ്ക്കുള്ള ഫണ്ട് നിര്‍ത്തുമെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാഡര്‍ നിക്കി ഹാലി ഭീഷണി മുഴക്കിയിരുന്നു.
പലസ്തീന് കോടിക്കണക്കിന് രൂപയുടെ ധനസഹായം നല്‍കിയിട്ടും അതിന്റെ യാതൊരു നന്ദിയും അവര്‍ അമേരിക്കയോട് കാണിക്കുന്നില്ലെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാസേനയ്ക്ക്് യുഎസ് ഫണ്ട് ലഭിക്കുന്നു. പലസ്തീന്‍ അതോറിറ്റി സേന, ഇസ്രയേല്‍ സൈന്യവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. 260 മില്യണ്‍ (26 കോടി) ഡോളറാണ് യുഎസ് പലസ്തീന് നല്‍കുന്നത്. ഇതില്‍ 50 മില്യണ്‍ (അഞ്ച് കോടി) ഡോളറാണ് സുരക്ഷാസേനയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. പലസ്തീന്റെ കാപട്യത്തിനെതിരായ ശക്തമായ പ്രസ്താവനയാണ് യുഎസ് പ്രസിഡന്റ് നടത്തിയിരിക്കുന്നതെന്ന് ഇസ്രയേല്‍ മന്ത്രി മിറി റെജേവ് അഭിപ്രായപ്പെട്ടു.
https://www.azhimukham.com/world-why-is-president-trump-planning-to-recognise-jerusalem-as-israels-capital-and-move-the-embassy-there/
ട്രംപ് ഭരണകൂടവുമായുള്ള എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിക്കണമെന്ന വികാരം പലസ്തീനില്‍ ശക്തമാകുന്നുണ്ട്. ഇതിന് പുറമെ യുഎസ് ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകളില്‍ നിന്ന് സഹായം സ്വീകരിക്കരുതെന്നും ആവശ്യമുയരുന്നു. ട്രംപ് ഗവണ്‍മെന്റ് സമാധാനപ്രക്രിയയെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന് പിഎല്‍ഒയിലെ (പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍) മുതിര്‍ന്ന നേതാവ് ഹനന്‍ അഷ്രാവി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതായും അഷ്രാവി ചൂണ്ടിക്കാട്ടി.
അതേസമയം യുഎസ് നയത്തിലോ ഫണ്ടിംഗിലോ എന്തെങ്കിലും മാറ്റം വന്നതായി തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് യുഎന്‍ഡബ്ല്യുആര്‍എ വക്താവ് ക്രിസ് ഗണ്‍സ് പറഞ്ഞു. ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നത്തിലെ സമാധാന ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഒരു പങ്കുമുണ്ടാവില്ലെന്ന് ഉറപ്പിക്കുകയാണ് ട്രംപെന്ന് അമേരിക്കയിലെ ലിബറല്‍ ജൂത ഗ്രൂപ്പിന്റെ ഭാഗമായ ജെറിമി ബെന്‍ അമി പറയുന്നു. ഫണ്ട് നിര്‍ത്തുമെന്ന ഭീഷണി ഇസ്രയേലിന്റെ സുരക്ഷേയേയും പുരോഗതിയേയും കൂടി ബാധിക്കുന്നതാണെന്നും അമി പറഞ്ഞു. പാകിസ്ഥാനെതിരെയും ട്രംപ് രംഗത്ത് വന്നിരുന്നു. ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാന്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ കൊടുത്തിട്ടും പാകിസ്ഥാന്‍ ഒന്നും ചെയ്തില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
https://www.azhimukham.com/foreign-jarusalem-again-attacked-by-trump/