ചവറ്റുകൊട്ടയില്‍ നിന്നു തിരിച്ചുവന്ന ആദിഭൂഖണ്ഡം

നൂറുകൊല്ലങ്ങള്‍ക്കു മുമ്പ് ഭൂഖണ്ഡചലനങ്ങളെ ആദ്യമായി മനസ്സിലാക്കിയ, അതിനെക്കുറിച്ച് സംസാരിച്ച ആല്‍ഫ്രഡ് വേഗെനര്‍ പക്ഷെ, മരിക്കുന്നതുവരേയും അംഗീകരിക്കപ്പെടാതെ പോയി

1912 ജനുവരി 6. ഫ്രാങ്ക്ഫര്‍ട്ട് നഗരത്തില്‍ ജര്‍മ്മന്‍ ജിയോളജിക്കല്‍ സൊസൈറ്റിയുടെ സമ്മേളനം നടക്കുകയാണ്. യൂറോപ്പിലെ പ്രമുഖ ഭൂശാസ്ത്രജ്ഞന്മാരെല്ലാം സന്നിഹിതരായിട്ടുണ്ട്. അന്നാണ് മുപ്പത്തിരണ്ടു വയസുള്ള ആല്‍ഫ്രഡ് വേഗെനര്‍ എന്നയാള്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഒരു പ്രബന്ധം അവതരിപ്പിക്കുന്നത്. അതു കേട്ടിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത്രയും അശാസ്ത്രീയമായ ഒരു വാദം വേറെയില്ലായിരുന്നു. പലരും എഴുന്നേറ്റു നിന്ന് പരസ്യമായിത്തന്നെ വേഗെനറെ കളിയാക്കി. അസംബന്ധം എന്നു പറഞ്ഞവര്‍ ധാരാളം. മര്യാദ കൊണ്ടൊന്നു മാത്രം ആരും കൂക്കി വിളിച്ചില്ല.

എന്തായിരുന്നു ഭൗമവൈജ്ഞാനികരെ ഇത്രയും പ്രകോപിപ്പിച്ച സംഗതി?

വേഗെനറിന്റെ ആദ്യഗവേഷണങ്ങള്‍ ജ്യോതിശാസ്ത്രത്തിലായിരുന്നു. അതിലായിരുന്നു പിഎച് ഡിയും. ബര്‍ലിന്‍ സര്‍വ്വകലാശാലയില്‍ നിന്ന്. എന്നാല്‍ വേഗെനറുടെ ശാസ്ത്രതാല്പര്യങ്ങളാകട്ടെ വൈവിധ്യമാര്‍ന്നതും. ഭൗമഭൗതികം, അന്തരീക്ഷവിജ്ഞാനം, കാലാവസ്ഥാശാസ്ത്രം, എന്നിവ അതില്‍ ചിലതുമാത്രം. അന്തരീക്ഷത്തിലെ കാറ്റിന്റെ ഗതിയറിയാന്‍ ആദ്യമായി ബലൂണുകളെ ഉപയോഗിച്ചതും ഇതേ വേഗെനര്‍ തന്നെ. ഉത്തരധ്രുവത്തിലെ കാറ്റിനെ പറ്റി പഠിക്കാന്‍ ഗ്രീന്‍ലാന്റിലേക്കു പോകുന്നതായിരുന്നു അദ്ദേഹത്തിനു ഏറ്റവും ഹരമുള്ള സംഗതി. കൊടുംമഞ്ഞില്‍ ഒറ്റയ്ക്കു താമസിച്ച് അനേകം പഠനങ്ങള്‍ അദ്ദേഹം നടത്തി.

എന്നാല്‍ ഇതൊന്നുമായിരുന്നില്ല, 1912-ലെ പ്രബന്ധത്തില്‍ അദ്ദേഹം അവതരിപ്പിച്ചത്. തീര്‍ത്തും വ്യത്യസ്തമായ ഒന്ന്. അതിലേക്കദ്ദേഹം എത്തിയതിനു കാരണമുണ്ടായിരുന്നു. സര്‍വ്വകലാശാലയിലെ ലൈബ്രറിയിലിരുന്നു വായിക്കുന്നതിനിടയിലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരുകരകളിലുമുള്ള സസ്യങ്ങളുടേയും മൃഗങ്ങളുടേയും ഫോസിലുകളുടെ ഒരു പഠനം അദ്ദേഹത്തിന്റെ കണ്ണില്‍പെടുന്നത്. അറ്റ്‌ലാന്റിക്കിനിരുവശത്തും അവ തമ്മില്‍ അത്ഭുതകരമായ സാമ്യമുണ്ടെന്നായിരുന്നു അതിലെ സൂചന. താല്പര്യത്തോടെ കൂടുതല്‍ വായന അദ്ദേഹം ആ വിഷയത്തില്‍ നടത്തി. പിന്നാലെ ചില ഗവേഷണങ്ങളും. ഒരു ജിഗ്‌സോ പസിലിലെ കട്ടകളെ കൃത്യമായി ചേര്‍ത്തു വെയ്ക്കാനാവുന്നതു പോലെ തെക്കനമേരിക്കയേയും ആഫ്രിക്കയേയും അടുപ്പിച്ചു വെയ്ക്കാനാവുമെന്ന് ഒരമ്പരപ്പോടെ അദ്ദേഹം കണ്ടു. പിന്നെ ആവേശമായി. കൂടുതല്‍ പഠനങ്ങള്‍. ഗവേഷണങ്ങള്‍. അതു മറ്റു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള അത്ഭുതകരമായ ചേര്‍പ്പ് വേഗെനറിനു മുമ്പില്‍ തെളിഞ്ഞുവന്നു. ഇതെല്ലാം ഒരു കാലത്ത് ഒരൊറ്റ ഭൂഖണ്ഡമായിരുന്നിരിക്കണം. കാലക്രമേണ അതില്‍ നിന്നു പിളര്‍ന്നു മാറിയതാവണം ഇന്നത്തെ ഭൂഖണ്ഡങ്ങള്‍.

1912 ജനുവരി ആറിനു ആല്‍ഫ്രഡ് വേഗെനര്‍ അവതരിപ്പിച്ച സാങ്കല്പികസിദ്ധാന്തം അതായിരുന്നു. ആ പ്രാചീനഭൂഖണ്ഡത്തെ ഉര്‍കോണ്ടിനന്റ് എന്നാണ് വേഗെനര്‍ പേരിട്ടത്. ആദിഭൂഖണ്ഡം എന്നയര്‍ത്ഥത്തില്‍. അക്കാലത്ത്, ലോകത്തിലുള്ള ശാസ്ത്രജ്ഞരെല്ലാം വിശ്വസിച്ചിരുന്നത് ഭൂഖണ്ഡങ്ങളെ തമ്മില്‍ ഒരു കാലത്ത് ബന്ധിച്ചിരുന്ന കരപ്പാലങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ്. വീതി കുറഞ്ഞ ഈ കരപ്രദേശങ്ങള്‍ പിന്നീടെപ്പോഴോ കടലിനടിയിലായിപ്പോവുകയായിരുന്നുവത്രെ. മിക്കവരും ഉറച്ചു വിശ്വസിച്ചിരുന്ന ഈ സിദ്ധാന്തത്തെ പാടെ എതിര്‍ത്ത വേഗെനറെ ശാസ്ത്രലോകം പരിഹസിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ. വേഗെനര്‍ പക്ഷെ, ഇതൊന്നും കാര്യമാക്കിയില്ല. അദ്ദേഹം നേരെ ഗ്രീന്‍ലാന്റിലേക്കു കപ്പല്‍ കയറി. തന്റെ പ്രിയപ്പെട്ട പരീക്ഷണങ്ങളില്‍ മുഴുകാന്‍.

ആല്‍ഫ്രഡ് വേഗെനറുടെ അനുമാനത്തിന്റെ ഏറ്റവും വലിയ കുഴപ്പം അതിനു തെളിവുകള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. അതിനായി അദ്ദേഹം സമര്‍പ്പിച്ച വസ്തുതകള്‍ ഒന്നും തന്നെ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചില്ല. തീര്‍ത്തും വിഡ്ഢിത്തമെന്നവര്‍ വിധിയെഴുതി.

വേഗെനര്‍ പറഞ്ഞത് ഭൂഖണ്ഡങ്ങള്‍ കാലക്രമേണ അകന്നത് ഭൂമിയുടെ തിരിച്ചില്‍ സൃഷ്ടിക്കുന്ന അപകേന്ദ്രബലം കാരണമായിരിക്കാം എന്നായിരുന്നു. അല്ലെങ്കില്‍, അതേതെങ്കിലും ബഹിരാകാശസ്വാധീനത്താല്‍ ഭൂമിയുടെ അച്ചുതണ്ടിനു ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ചലനം അഥവാ പുരസ്സരണവും, അതു മൂലമുള്ള ദിശാവ്യതിയാനം അഥവാ അക്ഷഭ്രംശവും ഒക്കെയാവണം ഇതിനു പിന്നിലെന്നുമായിരുന്നു. അതൊന്നും കൃത്യമായി വിശദീകരിക്കാന്‍ വേഗെനറിനു കഴിഞ്ഞതുമില്ല. എന്തായാലും ശാസ്ത്രസമൂഹം ആ അനുമാനത്തെ ചവറ്റുകൊട്ടയിലിട്ടു.

ഗ്രീന്‍ലാന്റില്‍ നിന്നു തിരിച്ചുവന്ന വേഗെനര്‍ തന്റെ അനുമാനം തെളിയിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ കടല്‍ത്തട്ട് വലിഞ്ഞു തുറന്നുകൊണ്ടിരിക്കുകയാണെന്നും, ഭൂമിക്കുള്ളിലെ ഖരാവസ്ഥയിലല്ലാത്ത താരതമ്യേന ദ്രാവകമായ ചുടുവസ്തുക്കള്‍ക്കായി അതു വഴിതുറന്നുകൊണ്ടിരിക്കുകയാണെന്നും വേഗെനര്‍ വിശ്വസിച്ചു. അടുത്ത ഏതാനും വര്‍ഷങ്ങളിലായി ഇരുഭൂഖണ്ഡങ്ങളിലായി വേര്‍പെട്ടുകിടക്കുന്ന കൂടുതല്‍ ജീവികളെക്കുറിച്ച് മനസ്സിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1915-ല്‍ പുതുതെളിവുകളുമായി തന്റെ ഉര്‍കോണ്ടിനന്റ് അഥവാ ആദിഭൂഖണ്ഡം എന്ന സിദ്ധാന്തം വീണ്ടും പരിഷ്‌കരിച്ചു. ഭൂഖണ്ഡങ്ങളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം എന്നതായിരുന്നു പുതിയ പ്രബന്ധം. വീണ്ടും കൂടുതല്‍ തെളിവുകള്‍ക്കായി അദ്ദേഹം അലഞ്ഞു. കിട്ടിയതെല്ലാം വെച്ച് ആ പഠനവും പ്രബന്ധവും പരിഷ്‌കരിച്ചുകൊണ്ടുമിരുന്നു. മരിക്കുന്നതുവരെ അതു തുടരുകയും ചെയ്തു.

പാറകള്‍, പര്‍വ്വതങ്ങള്‍, ഫോസിലുകള്‍, ഹിമരൂപീകരണങ്ങള്‍ എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയായിരുന്നു വേഗെനറിന്റെ സിദ്ധാന്തം. ഉദാഹരണത്തിന്, പുരാതന ശുദ്ധജല ഉരഗമായ മീസോസോറസിന്റേയും മറ്റൊരു ഉരഗമായ സൈനോനാത്തസിന്റേയും അവശിഷ്ടങ്ങള്‍ ആഫ്രിക്കയിലേയും തെക്കനമേരിക്കയിലേയും കടല്‍ത്തീരത്ത് ഒരേപോലെ കണ്ടെത്താനായി. അതുപോലെ ലിസ്‌ട്രോസോറസ് എന്ന ഉരഗത്തിനെ കണ്ടെത്തിയതാകട്ടെ ആഫ്രിക്കയുടെ കിഴക്കന്‍ തീരങ്ങളിലും ഇന്ത്യയിലും അന്റാര്‍ട്ടിക്കയിലുമായും. കരയില്‍ കാണുന്ന ഈ ജീവികള്‍ ഒരിക്കലും സമുദ്രം നീന്തിക്കടക്കാനിടയില്ല എന്നും, അതിനാല്‍ ഈ ഭൂഖണ്ഡങ്ങള്‍ ഒരുമിച്ചായിരിക്കണം ഒരു കാലത്തെന്നും വേഗെനര്‍ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച മറ്റൊന്ന് ഇന്നത്തെ തെക്കന്‍ ഭൂഖണ്ഡങ്ങളിലും ഇന്ത്യയിലും മാത്രമായി കണ്ടുകിട്ടിയ ഗ്ലോസ്സോപ്‌റ്റെരിസ് എന്ന പന്നല്‍ച്ചെടിയുടെ ഫോസിലുകളായിരുന്നു. ഉഷ്ണമേഖലയില്‍ വളരുന്ന ചില സസ്യങ്ങളുടെ ഫോസിലുകള്‍ ആര്‍ക്ടിക് മേഖലയില്‍ നിന്നു കിട്ടിയതും തന്റെ സിദ്ധാന്തത്തിന്റെ തെളിവായി അദ്ദേഹം കാണിച്ചു. വടക്കേ അമേരിക്കയിലെ അപ്പലേച്ചിയന്‍ മലനിരകള്‍ സ്‌കോട്‌ലാന്റിലെ കാലിഡോണിയന്‍ മലകളുമായി ഭൂശാസ്ത്രപരമായി ചേരുന്നതാണെന്നും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍ സമുദ്രങ്ങളില്‍ ആഴം കുറഞ്ഞവയ്ക്ക് പ്രായം കുറവായിരിക്കുമെന്നായിരുന്നു.

നിര്‍ഭാഗ്യമെന്നു പറയട്ടെ, 1930-ല്‍ വളരെ ദാരുണമായ അന്ത്യം അദ്ദേഹത്തിനു നേരിടേണ്ടി വന്നു. ഗ്രീന്‍ലാന്റിലെ പതിവു പരീക്ഷണങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു അത്. ഹിമപാളികള്‍ക്കു നടുവില്‍ ഒറ്റപ്പെട്ട്, അതിജീവനം പോലും സാധ്യമല്ലാത്ത സാഹചര്യത്തില്‍ കുടുങ്ങിപ്പോയാണ് അദ്ദേഹം മരണപ്പെടുന്നത്. ഒരു വര്‍ഷത്തിനു ശേഷം 1931 മെയ് 12-ന് അദ്ദേഹത്തിന്റെ മഞ്ഞിലുറഞ്ഞ മൃതശരീരം കണ്ടെത്താനായി.

ആല്‍ഫ്രഡ് വേഗെനറുടെ വിപ്ലവകരമായ ആശയങ്ങള്‍ അന്നത്തെ മിക്കവാറും ശാസ്ത്രജ്ഞന്‍മാര്‍ക്കും രുചിച്ചതേയില്ല. ഭൂഖണ്ഡചലനം എന്ന സിദ്ധാന്തത്തെ എതിര്‍ക്കുന്നതിനായി മാത്രം അക്കാലത്ത് അമേരിക്കയില്‍ ഒരു സമ്മേളനം നടന്നു എന്നതാലോചിച്ചാല്‍ മനസ്സിലാക്കാം എത്ര മാത്രം എതിര്‍പ്പ് വേഗെനറുടെ അനുമാനങ്ങളോടുണ്ടായിരുന്നു എന്നത്. ഫ്രാന്‍സ് കൊസ്മറ്റ് എന്ന ഭൂശാസ്ത്രജ്ഞന്‍ പറഞ്ഞത് അങ്ങനെ ഉഴുതുമറിക്കാന്‍ പറ്റുന്നതൊന്നുമല്ല കടല്‍ത്തട്ട് എന്നാണ്. കാഠിന്യം കൂടുതലാണവിടം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഷിക്കാഗോയിലെ റോളിന്‍ ചേമ്പര്‍ലിന്‍ കുറച്ചുകൂടി പരിഹാസത്തോടെ ഇങ്ങനെ പറഞ്ഞു: ‘നമ്മുടെ ഭൂഗോളത്തിലെ സ്വാതന്ത്ര്യമാണ് ഇത്രയ്ക്കും ലക്കും ലഗാനുമില്ലാത്ത അനുമാനങ്ങളുമായി വരാന്‍ വേഗെനറിനെയൊക്കെ അനുവദിക്കുന്നത്’.

തന്റെ അനുമാനങ്ങള്‍ പ്രകാരമുള്ള ഭൂഖണ്ഡചലനം എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി വിശദീകരിക്കാനാവാഞ്ഞതിനാല്‍ മരിക്കുന്നതു വരേയും അദ്ദേഹം ഒരു പരിഹാസ്യകഥാപാത്രമായി തുടര്‍ന്നു. ഒറ്റപ്പെട്ട പിന്തുണകള്‍ കിട്ടിയതാകട്ടെ ബ്രിട്ടനിലെ ആര്‍തര്‍ ഹോംസ്, ദക്ഷിണാഫ്രിക്കയിലെ അലക്‌സാണ്ടര്‍ ദൂ റ്റ്വാ എന്നിവരില്‍നിന്നു മാത്രവും.

ഒടുവില്‍, 1950-ലാണ് ഭൂമിയുടെ ബാഹ്യവല്കത്തെക്കുറിച്ചുള്ള ആദ്യപഠനങ്ങള്‍ കടല്‍ത്തട്ടില്‍ നടക്കുന്നത്. തുടക്കത്തില്‍ തന്നെ ഭൂപാളികള്‍ നീങ്ങുന്നുണ്ട് എന്നതിനു തെളിവുകള്‍ ലഭ്യമായി. 1960-കളായപ്പോഴേക്കും ഭൂപാളികളെക്കുറിച്ച് ശാസ്ത്രത്തിന് കൃത്യമായ ധാരണയുമായി. കടല്‍ത്തട്ടിന്റെ സോനാര്‍ മാപ്പിംഗ് പഠനങ്ങളാണ് ഇതിനു വഴിത്തിരിവിട്ടത്. കടല്‍ത്തട്ടില്‍ നിന്നു ശേഖരിച്ച അവസാദപരിശോധനകള്‍ മറ്റൊരു തെളിവായി. പിന്നെയായിരുന്ന കാന്തികപഠനങ്ങള്‍. സമുദ്രത്തിനടിയില്‍ കാന്തികമേഖലയിലെ വൃതിയാനങ്ങള്‍ കൃത്യമായി ഭൂഖണ്ഡചലനങ്ങളെ സൂചിപ്പിച്ചു. ഭൂമി പരിണമിച്ചു വരുന്നതിനനുസരിച്ചുണ്ടാവുന്ന കാന്തിക വ്യതിയാനങ്ങളുടെ പഠനമാണ് പുരാകാന്തികശാസ്ത്രം. വലിയ അറിവുകളാണ് നമുക്കതു പകര്‍ന്നു തന്നത്. ഭൂമിയുടെ ദ്രവാവസ്ഥയിലുള്ള മാഗ്മ അല്ലെങ്കില്‍ ലാവയുടെ കാന്തികത ഭൂമിയുടെ കാന്തികധ്രുവങ്ങളുമായി അണിചേര്‍ന്നായിരിക്കും. മാഗ്മ ഉറച്ചു പാറയായാലും അതിനെ കാന്തികമായി പഠിക്കുന്നതിലൂടെ അതിന്റെ ദ്രവാവസ്ഥയിലുള്ള കാന്തികതയുടെ ദിശ മനസ്സിലാക്കാന്‍ സാധിക്കും. ഇതാണ് പുരാകാന്തികപഠനം കൊണ്ടുദ്ദേശിക്കുന്നത്. ഇതിലൂടെ ഭൂമിയുടെ കാന്തികമണ്ഡലം എങ്ങനെയൊക്കെ കഴിഞ്ഞ കാലങ്ങളില്‍ മാറിക്കൊണ്ടിരുന്നു എന്നു മനസ്സിലാക്കാനാവും. അങ്ങനെ പുരാതന ഭൂഖണ്ഡചലനവും നിര്‍ണ്ണയിച്ചെടുക്കാനാവും. കാന്തികബലാബലങ്ങള്‍ തന്നെയാണ് അതിന്റെ അടിസ്ഥാനവും.

വേഗെനര്‍ പറഞ്ഞത് സത്യമായിരുന്നുവെന്ന് മനസ്സിലാവുകയായിരുന്നു. അദ്ദേഹം ഉര്‍കോണ്ടിനന്റ് എന്നു വിളിച്ച ആദിഭൂഖണ്ഡത്തെ ഇന്നു നമ്മള്‍ ഗ്രീക്കുപദമായ പാന്‍ജിയ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു. അര്‍ത്ഥമാകട്ടെ സര്‍വ്വഭൂഖണ്ഡം എന്നും. ഇന്നു നമുക്കറിയാം പാന്‍ജിയ നിലനിന്നിരുന്നത് 24 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണെന്ന്. അന്നു പാന്തെലസ്സ എന്ന ഒരൊറ്റ സമുദ്രമേ ഉണ്ടായിരുന്നുള്ളൂ. 20 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മഹാഭൂഖണ്ഡം പിളര്‍ന്നു മാറാന്‍ തുടങ്ങി. അതു പിന്നെ ലൊറേഷ്യയും ഗോണ്ട്വാനയും ആയി പിരിഞ്ഞു. അവ അകന്നു നീങ്ങുന്നതിനനുസരിച്ച് പുതിയ സമുദ്രങ്ങളും പുതിയ വന്‍കരകളും സൃഷ്ടിക്കപ്പെട്ടു. പാന്‍ജിയയ്ക്കു മുമ്പുമുണ്ടായിരുന്നിരുന്നു വ്യത്യസ്തമായ വമ്പന്‍ ഭൂഖണ്ഡങ്ങള്‍. 60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന പാനോട്ടിയ, നൂറുകോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന റൊഡീനിയ എന്നിവയെല്ലാം ആ വിസ്മയഭൂഖണ്ഡസാധ്യതകളെ കുറിക്കുന്നു.

ഭൂഖണ്ഡങ്ങള്‍ ഇന്നും അകലുക തന്നേയാണ്. ചിലത് അടുക്കുകയും. പരസ്പരം ഇടിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഭൂപാളികളുമുണ്ട്. ഇന്ത്യയും ഏഷ്യയും തമ്മിലുള്ള തുടര്‍ച്ചയായ ഇടിയില്‍ ഇന്നും ഹിമാലയം മുകളിലോട്ടുയര്‍ന്നു കൊണ്ടേയിരിക്കുന്നു. വടക്കനമേരിക്കയും യുറേഷ്യയും വര്‍ഷംതോറും രണ്ടര സെന്റിമീറ്റര്‍ അകലുന്നു. ആഫ്രിക്ക വൈകാതെ രണ്ടു ഭൂഖണ്ഡങ്ങളായി പിളരുമെന്നും നമുക്കറിയാം.

എങ്കിലും, നൂറുകൊല്ലങ്ങള്‍ക്കു മുമ്പ് ഭൂഖണ്ഡചലനങ്ങളെ ആദ്യമായി മനസ്സിലാക്കിയ, അതിനെക്കുറിച്ച് സംസാരിച്ച ആല്‍ഫ്രഡ് വേഗെനര്‍ പക്ഷെ, മരിക്കുന്നതുവരേയും അംഗീകരിക്കപ്പെടാതെ പോയത് ഒരു ദുഃഖമായി അവശേഷിക്കുന്നു.

ഡോ ഹരികൃഷ്ണൻ കെ.ബി

ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.

More Posts

ഡോ ഹരികൃഷ്ണൻ കെ.ബി: ഡോ ഹരികൃഷ്ണൻ കെ.ബി , അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ൽ യൂറോളജിസ്റ്റ്. പ്രശസ്ത എഴുത്തുകാരനും ക്വിസ് മാസ്റ്ററും യാത്രികനും. മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ്.
Leave a Comment