June 04, 2026 |
Share on

ഓപ്പൺ എഐയിൽ മസ്കിന് ദുരുദ്ദേശം, നിരന്തരം ഉപദ്രവിക്കുന്നു

നിയമയുദ്ധത്തിൽ മസ്കിനെതിരെ ഓൾട്ട്മാൻ

ശതകോടീശ്വരനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്കും ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാനും തമ്മിലുള്ള നിയമയുദ്ധം തീവ്രമായി തുടരുന്നു. ഇലോൺ മസ്ക് തങ്ങളെ ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സാം ഓൾട്ട്മാൻ മസ്കിനെതിരെ കേസ് നൽകിയിരിക്കുന്നതാണ് ഇരുവരും തമ്മിലുള്ള നിയമയുദ്ധവുമായി ബന്ധപ്പെട്ട് അവസാനം പുറത്തുവന്ന റിപ്പോർട്ട്. ബുധനാഴ്ച നടന്ന കോടതി ഫയലിങ്ങിലായിരുന്നു മസ്കിനെതിരെ ഓൾട്ട്മാൻ കേസ് നൽകിയത്.

നിയമവിരുദ്ധവും അന്യായവുമായ നടപടികളിൽ നിന്ന് മസ്കിനെ തടയണമെന്ന് ഫെഡറൽ ജഡ്ജിയോട് ഓപ്പൺ എഐ അഭിഭാഷകർ അഭിപ്രായപ്പെടുകയും ചെയ്തു.

ഓപ്പൺ എഐക്ക് എന്തിനെയും പ്രതിരോധിക്കാൻ കഴിയും. എന്നാൽ മസ്കിന്റെ പ്രവർത്തനങ്ങൾ കമ്പനിക്ക് നഷ്ടമുണ്ടാക്കി. മസ്ക് നടത്തുന്ന പ്രചാരണം തുടരുകയാണെങ്കിൽ കമ്പനിക്ക് വലിയ ഭീഷണികൾ നേരിടേണ്ടി വരും. ഫലപ്രദമായി പ്രവർത്തിക്കാനുള്ള ഓപ്പൺ എഐയുടെ കഴിവിനെ അത് ബാധിക്കുമെന്നും പൊതുതാൽപര്യത്തെ വ്രണപ്പെടുത്തുമെന്നും മസ്കിനെതിരെയുള്ള പരാതിയിൽ ഓപ്പൺ എഐ ഉന്നയിച്ചു. കാലിഫോണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയിലാണ് കേസ് നടക്കുന്നത്.

സോഷ്യൽ മീഡിയ ആക്രമങ്ങൾ, കള്ള പ്രചാരണങ്ങൾ, ഓപ്പൺ എഐയുടെ ആസ്തികൾക്കായുള്ള വ്യജ ബിഡ് തുടങ്ങിയവയിലൂടെ കമ്പനിയെ ഉപദ്രവിക്കാനാണ് മസ്ക് ശ്രമിക്കുന്നതെന്നും ഓപ്പൺ എഐ ആരോപിച്ചു.

ഓപ്പൺ എഐ നോൺ പ്രൊഫിറ്റ് സ്ഥാപനമെന്നതിൽ നിന്ന് ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ഘടനയിലേക്ക് മാറുകയാണെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ കമ്പനിക്കെതിരെയും സാം ആൾട്ട്മാനെതിരെയും കേസ് ഫയൽ ചെയ്തിരുന്നു. 2015ൽ ഓപ്പൺ എഐ തുടങ്ങുമ്പോഴുള്ള കരാർ വ്യവസ്ഥകൾ ഓൾട്ട്മാനും കമ്പനിയും ലംഘിച്ചുവെന്നാണ് മസ്കിന്റെ വാദം.

അതേസമയം, ഓപ്പൺ എഐയുടെ പരാതിയിൽ മസ്കിന്റെ അഭിഭാഷകരും പ്രതികരണം അറിയിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം 97. 4 ബില്ല്യൺ ഡോളർ ഏറ്റെടുക്കൽ ഓഫറിനെക്കുറിച്ച് ചർച്ച നടന്നതായി മസ്കിന്റെ അഭിഭാഷകർ അറിയിച്ചു. എന്നാൽ ഈ വാദത്തെ ഓപ്പൺ എഐ നിയമസംഘം നിരസിക്കുകയാണ് ചെയ്തത്.

ഓപ്പൺ എഐയുടെ ബോർഡ് 97.4 ബില്യൺ ഡോളറിന്റെ ഓഫർ ശരിയായി പരിഗണിച്ചിരുന്നെങ്കിൽ, അതിന്റെ ഗൗരവം എത്രത്തോളമാണെന്ന് അവർ മനസ്സിലാക്കുമായിരുന്നുവെന്ന് മസ്‌കിന്റെ അഭിഭാഷകൻ മാർക്ക് ടോബറോഫ് പറഞ്ഞതായി റോയിട്ടേഴ്‌സിന് റിപ്പോർട്ട് ചെയ്തു.

സ്വന്തം നേട്ടത്തിനായി മുൻനിര എഐ കണ്ടുപിടുത്തങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുമുള്ള ദുരുദ്ദേശ്യ ശ്രമങ്ങളാണ് മസ്ക് നടത്തുന്നതെന്നും മസ്കിന്റെ നിരന്തര ആക്രമണങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുന്നുവെന്ന് ഓപ്പൺ എഐ തിരിച്ചടിച്ചു.

2015ൽ ഓപ്പൺ എഐയിൽ മസ്ക് സഹസ്ഥാപകനായി എത്തിയിരുന്നെങ്കിലും പിന്നീട് ഇത് ഉപേക്ഷിച്ച് സ്വന്തമായി എ.ഐ കമ്പനി രൂപീകരിക്കുകയായിരുന്നു. പിന്നാലെ, ഓപ്പൺ എഐയുടെ വിമർശനകനായി മാറുകയും ചെയ്തു.

Content Summary: Altman vs. Musk: Open AI Accuses Elon Musk of Malicious Intent in Ongoing Legal Battle
Open AI Elon Musk 

Leave a Reply

Your email address will not be published. Required fields are marked *

×