February 19, 2025 |

അംബേദ്കര്‍ രാഷ്ട്രീയത്തോട് ആത്മാര്‍ത്ഥതയുളളവര്‍ ആരുണ്ട്?

പ്രാതിനിധ്യരാഷ്ട്രീയം ഉറപ്പിക്കണമെങ്കില്‍ ജാതി സെന്‍സസ് നടക്കണം

ഡോ. ബിആര്‍ അംബേദ്കര്‍ മുന്നോട്ടുവച്ച ജനാധിപത്യ ചിന്തകളെ ഇടത്, വലത് രാഷ്ട്രീയ കക്ഷികളൊന്നും തന്നെ ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. ഇപ്പോള്‍ അംബേദ്കറെ പാര്‍ലമെന്റില്‍ അമിത് ഷാ അപമാനിച്ച ഈ സന്ദര്‍ഭത്തില്‍ വന്നിരിക്കുന്ന പ്രതികരണങ്ങളെ നമ്മള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഭരണഘടന കുന്തോം കുടചക്രവുമാണെന്ന് പറഞ്ഞ രാഷ്ട്രീയ കക്ഷികള്‍ നമുക്ക് മുന്നിലുണ്ട്. ഇതിനൊപ്പം തന്നെയാണ് അംബേദ്കര്‍ മുന്നോട്ടുവച്ച രാഷ്ട്രീയത്തെ ഇന്ത്യയുടെ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കള്‍ പോലും സ്വത്വ രാഷ്ട്രീയമായി അടയാളപ്പെടുത്തിയിരിക്കുന്നത്. സാമുദായിക രാഷ്ട്രീയമെന്ന് പറഞ്ഞാല്‍ ജനാധിപത്യ രാഷ്ട്രീയം തന്നെയാണ്. ഇന്ത്യയെ പോലെ വൈവിധ്യപൂര്‍ണമായ ഒരു സമൂഹത്തില്‍ പുറന്തള്ളപ്പെട്ട മുഴുവന്‍ ജനസമുദായങ്ങളെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് ഇന്ത്യയെ സംബന്ധിച്ച് ഡെമോക്രസി എന്ന് പറയുന്നത്. അതുകൊണ്ടാണ് ഒന്നാം വട്ടമേശ സമ്മേളനത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും (representation for all classes) വേണ്ടി അതായത് എല്ലാ മനുഷ്യര്‍ക്കും പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കണം എന്ന് ഡോ. ബിആര്‍ അംബേദ്കര്‍ ആവശ്യപ്പെട്ടത്. അതിനുവേണ്ടി സംവരണമെന്ന ആശയം അംബേദ്കര്‍ മുന്നോട്ടുവച്ചു. യഥാര്‍ത്ഥത്തില്‍ സംവരണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാനം പ്രാതിനിധ്യ രാഷ്ട്രീയമാണ്. പ്രാതിനിധ്യ രാഷ്ട്രീയം നടപ്പിലാക്കാനുള്ള ഒരു ഉപാധി മാത്രമാണ് സംവരണം. Ambedkar Who is sincere to politics?

ഇടത്, വലത് രാഷ്ട്രീയകക്ഷികളെ നോക്കിയാല്‍ മനസ്സിലാകുന്ന പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍, മുന്നോക്ക സംവരണം നടപ്പിലായി (EWS). കോണ്‍ഗ്രസും മറ്റെല്ലാ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളും മുന്നില്‍ നിന്നാണല്ലോ EWS സംവരണം പാസാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ EWS ന് വേണ്ടി വാദിച്ചതിലൂടെ അതിനുവേണ്ടി അനുകൂലമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ വോട്ട് ചെയ്തതിലൂടെ അംബേദ്കര്‍ രാഷ്ട്രീയത്തെ സമ്പൂര്‍ണമായി റദ്ദ് ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് കൂട്ടുനിന്നത്.

constitution

അതേസമയം, ഇപ്പോള്‍ അമിത് ഷായ്ക്ക് പാര്‍ലമെന്റില്‍ അംബേദ്കറിനെതിരെ സംസാരിക്കാനുള്ള അവസരം സൃഷ്ടിച്ചത് രാജ്യം ഭരിച്ച കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് മുന്നോട്ടുവച്ച (മൃദുഹിന്ദുത്വ രാഷ്ട്രീയം എന്നല്ല പറയേണ്ടത്) ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയ ഭരണം കൈയ്യാളാനുള്ള അവസരം ഉണ്ടാക്കിയത്. കൂടാതെ എന്തുകൊണ്ടാണ് അംബേദ്കര്‍ മുന്നോട്ടുവച്ച രാഷ്ട്രീയത്തെ കോണ്‍ഗ്രസിന് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ ഡോ. ബിആര്‍ അംബേദ്കര്‍ നിയമമന്ത്രി ആയിരുന്ന കാലം മുതല്‍ നമ്മള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. അന്ന് അംബേദ്കര്‍ ഹിന്ദു കോഡ് ബില്ല് കൊണ്ടുവന്നു. ആ ബില്ല് പാസാക്കാന്‍ പോലും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ല. പിന്നീട് പല പേരുകളിലായി നെഹ്റു അത് പാസാക്കി എടുത്തു. നെഹ്റു തന്നെ അടിസ്ഥാനപരമായി പ്രാതിനിധ്യ രാഷ്ട്രീയത്തിന് എതിരായിരുന്നു.

സംവരണം മെറിറ്റിനെ ഇല്ലാതാക്കുന്ന അഭിപ്രായമുള്ള ആളായിരുന്നു നെഹ്റു. ഈ വിഷയത്തില്‍ ഇവിടെ നെഹ്റുവിനെയും അംബേദ്കറിനെയും മുഖാമുഖം നിര്‍ത്തുകയല്ല. നെഹ്റുവും അംബേദ്കറുമൊക്കെ അടിസ്ഥാനപരമായി ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരാണെന്ന് നമുക്ക് അറിയാം. അത് നിലനില്‍ക്കെ തന്നെ ഇതിന്റെ സൂക്ഷ്മരാഷ്ട്രീയം നമ്മള്‍ പരിശോധിക്കാതെ പോകരുത്. അതായത് കോണ്‍ഗ്രസും ഇടത്, വലത് കക്ഷികളും എല്ലാം ചേര്‍ന്ന് അംബേദ്കറിന് എതിരായിട്ടുള്ള ഒരു രാഷ്ട്രീയ ചിന്താ പദ്ധതിയുടെ ഭാഗമായിരുന്നു. അതിന്റെ അനന്തര ഫലമായാണ് ഇന്ന് ഇന്ത്യ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിപ്പോയിരിക്കുന്നത്. അതിന്റെ ദുരന്തമാണ്, ഡോ. അംബേദ്കര്‍ പറഞ്ഞത് പോലെ ഹിന്ദു രാജ് ഒരു വാസ്തവമായാല്‍ അത് രാജ്യത്തിന് ഏറ്റവും വലിയ ആപത്തായിരിക്കുമെന്നത്. അപ്പോള്‍ അതിന് അരങ്ങ് സൃഷ്ടിച്ച് അത് വാര്‍ത്തെടുക്കാനുള്ള ഉപകരണം നല്‍കിയതിലൊക്കെ ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന് വലിയ പങ്കുണ്ട്. ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന സമയത്ത് സെന്‍സസ് നടന്നിരുന്നല്ലോ. എന്നിട്ട് എന്തുകൊണ്ട് അധികാരത്തില്‍ ഇരുന്ന സമയത്ത് അവര്‍ ആ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നില്ല? കര്‍ണാടകയില്‍ കോണ്‍ഗ്രസ് അല്ലേ ഭരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ജാതി സെന്‍സസിന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. അപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന അംബേദ്കര്‍ രാഷ്ട്രീയത്തെ സ്വാഭാവികമായും നമ്മള്‍ സംശയിക്കും. ഇതില്‍ നിന്നും കോണ്‍ഗ്രസ് അംബേദ്കര്‍ രാഷ്ട്രീയത്തെ എത്രമാത്രം ആത്മാര്‍ത്ഥതയോടെയാണ് കാണുന്നതെന്ന് ജനങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടിവരും.

കേരളത്തിലേക്ക് നോക്കിയാല്‍, അംബേദ്കറെ അപമാനിച്ച സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രക്ഷോഭമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. അപ്പോഴും നമ്മള്‍ പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. പ്രാതിനിധ്യ രാഷ്ട്രീയത്തിന് വേണ്ടിയാണ് ഡോ. ബിആര്‍ അംബേദ്കര്‍ നിലകൊണ്ടത്. കേരളത്തിലെ സര്‍വകലാശാലകള്‍ പരിശോധിച്ചാല്‍ എത്ര ദളിത് വൈസ് ചാന്‍സലര്‍മാരുണ്ട്. കേരളത്തിലെ ദേവസ്വം ബോര്‍ഡിന് കീഴിലെ കോളേജുകളിലും സ്‌കൂളുകളിലും 96 ശതമാനം തസ്തികകളിലും സവര്‍ണരാണ് ജോലി ചെയ്യുന്നത്. എന്തുകൊണ്ട് കേരളത്തിലെ പുരോഗമന സര്‍ക്കാരിന് അംബേദ്കര്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊണ്ട് ഒരു പ്രാതിനിധ്യ രാഷ്ട്രീയം, അതായത് ഇക്കാലമത്രയും പുറന്തള്ളപ്പെട്ട ദളിത്, ആദിവാസി, പിന്നോക്ക ജനതയ്ക്ക് ഈ തസ്തികകളില്‍ സംവരണം നടപ്പിലാക്കാന്‍ സാധിക്കുന്നില്ല? ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പൊതുമേഖലയില്‍ ഉള്ള ഏതാണ്ട് 50 ലധികം സ്ഥാപനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പ്രാതിനിധ്യമില്ലായെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം അംബേദ്കര്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ്.

census

കേരളത്തില്‍ ഗോത്രവര്‍ഗത്തില്‍ പെട്ടയാള്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന ക്രൂരമായ ആക്രമണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസം നേരിട്ടതിന്റെ കാരണം എന്താണ്? മറ്റൊരു വിഭാഗത്തിലുള്ള ആള്‍ക്ക് നേരെയായിരുന്നു ഇത്തരത്തിലൊരു ആക്രമണം നടന്നതെങ്കില്‍ എന്താകുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അപ്പോള്‍ ദളിതരും, ആദിവാസികളും പീഡിപ്പിക്കപ്പെടുമ്പോള്‍ മാത്രം ഉണ്ടാകുന്ന വ്യത്യസ്തമായ സമീപനം തെളിയിക്കുന്നത് അംബേദ്കര്‍ മുന്നോട്ടുവച്ച രാഷ്ട്രീയം ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഇടത്, വലത് രാഷ്ട്രീയ കക്ഷികള്‍ക്ക് സാധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

നമ്മുടെ ജനാധിപത്യ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ഒന്നാണ് പ്രാതിനിധ്യത്തിന്റെ നീതി. എന്നാല്‍ പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് നടിക്കുന്നവര്‍ ഇതിനെ ആക്ഷേപിക്കുന്നത് സ്വത്വരാഷ്ട്രീയം എന്ന പേരിലാണ്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ഈ ആക്ഷേപം ഉന്നയിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയാണെന്ന് മനസ്സിലാക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയാണ് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പ്രത്യേക പരിരക്ഷയും സംവരണാവകാശങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ ആ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച രാഷ്ട്രീയമാണ്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച രാഷ്ട്രീയത്തെയാണ് സ്വത്വരാഷ്ട്രീയം എന്ന് പറഞ്ഞ് ആക്രമിക്കുന്നത്. അതുകൊണ്ട് അംബേദ്കറിന്റെ ജനാധിപത്യ വ്യവസ്ഥയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്വത്വവാദം എന്ന ആക്ഷേപവാക്ക് അവസാനിപ്പിക്കാന്‍ തയ്യാറാകണം. അങ്ങനെ വിശാലമായ അര്‍ത്ഥത്തില്‍ അംബേദ്കറിന്റെ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ തയ്യാറാകണം.

സീതയെ പുറത്താക്കാന്‍ അതിനീച പദ്ധതി ആവിഷ്‌കരിച്ച ആളാണ് രാമനെന്ന് റിഡില്‍സ് ഓഫ് രാമ ആന്റ് കൃഷ്ണ എന്ന പ്രബന്ധത്തില്‍ എഴുതിയ ആളാണ് അംബേദ്കര്‍. പക്ഷേ, പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കള്‍ പോലും തയ്യാറാക്കുന്ന പ്രബന്ധത്തില്‍ രാമന്‍ ജഗദാനന്ദകാരകനാണെന്നും വിപ്ലവകാരിയാണെന്നും പുരോഗമനകാരിയാണെന്നുമൊക്കെ പ്രസംഗിച്ച് നടക്കുന്നവരാണ്. ഇവര്‍ക്ക് എങ്ങനെയാണ് അംബേദ്കര്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുക. ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ അംബേദ്കര്‍ പറഞ്ഞത് പോലെ ഇന്ത്യന്‍ രാഷ്ട്രീയമെന്നത് ഉപരി വസ്ത്രം മാത്രമാണെന്ന് മനസ്സിലാക്കാം. ആ നിരീക്ഷണം അടിസ്ഥാനമാക്കിയാല്‍ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയകക്ഷികളുടെ വക്താക്കള്‍ അംബേദ്കറിനെ പറ്റി ഇപ്പോള്‍ പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്നതില്‍ നമുക്ക് സംശയം തോന്നും. ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ പ്രാതിനിധ്യത്തിന്റെ ജനാധിപത്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ തയ്യാറാകണം. ജാതി സെന്‍സസിന്റെ രാഷ്ട്രീയം പറയാന്‍ തയ്യാറാകണം.

അഖിലേന്ത്യാ തലത്തില്‍ രാഹുല്‍ ഗാന്ധി ജാതി സെന്‍സസിന്റെ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രാതിനിധ്യരാഷ്ട്രീയം ഉറപ്പിക്കണമെങ്കില്‍ ജാതി സെന്‍സസ് നടക്കണം. പക്ഷേ കേരളത്തില്‍ കോണ്‍ഗ്രസിന്റെ എത്ര നേതാക്കന്മാര്‍ സാമുദായിക സെന്‍സസിനായി നിലകൊള്ളുന്നുണ്ട്. ഇതിലൂടെ തന്നെ ഇവര്‍ അംബേദ്കര്‍ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നില്ല എന്ന് വ്യക്തമാണ്. Ambedkar Who is sincere to politics?

Content Summary: Ambedkar Who is sincere to politics?

BR Ambedkar national politics kerala politics latest news amith shah congress cpm bjp 

ശ്യാം കുമാര്‍ ടി എസ്

ശ്യാം കുമാര്‍ ടി എസ്

അസി. പ്രൊഫസര്‍. എസ് എച്ച് കോളേജ്, കൊച്ചി

More Posts

×