‘അമ്മ’ യും ‘പിഴച്ച’ മക്കളും: കലഹം മൂത്ത ഭവനം

പണ്ടത്തെ സിനിമാ മാസികകളിലെ ഗോസിപ്പു പംക്തികളെ കടത്തി വെട്ടുന്ന പ്രസ്‌താവനകളും വെളിപ്പെടുത്തലുകളും കൊണ്ട് കലങ്ങിയ താര സംഘടന താരസംഘട്ടനങ്ങളിലേക്ക് നീങ്ങുകയാണ്

പ്രശസ്തിക്കോ, സമ്പത്തിനോ ആൾബലത്തിനോ ഒരു കുറവും ഇല്ലാത്ത അമ്മയെന്ന സിനിമാ തറവാടിന് സുകൃതക്ഷയം ബാധിച്ചിരിക്കുന്നു. ചലച്ചിത്ര സംഘടനയെ ശിഥിലമാക്കുന്ന പ്രവർത്തികളാണ് കലഹം മൂത്ത സിനിമാ തറവാട്ടിൽ ഇപ്പോൾ നടക്കുന്നത്. സിനിമാക്കഥകളെ വെല്ലുന്ന കഥകളാണ് ചലച്ചിത്ര നടന്മാരുടെ സംഘടനയായ അമ്മയിൽ ഇപ്പോൾ ദിവസവും നടക്കുന്നത്. 90 -കളിലെ മലയാള ടിവി സീരിയലുകളിലെ കുനിഷ്ടും കുന്നായ്മയും, അമ്മായിയമ്മ – മരുമകൾ, ചക്കളത്തി പോരാട്ടങ്ങൾ നിത്യവും കണ്ട പ്രേക്ഷർ ഇപ്പോൾ കാണുന്നത് ‘അമ്മ’ സംഘടനയെന്ന മെഗാ സീരിയലിലെ വിചിത്ര സംഭവങ്ങളാണ്. സീരിയലുകളിലെ കഥകളെ പോലെ, വാക്‌പ്പോരും ആരോപണ പ്രത്യാരോപണങ്ങളും മൂർച്ഛിച്ച് അമ്മയെന്ന സംഘടനയിലെ വിഴുപ്പലക്കലാണ് പ്രേക്ഷകർ ഇപ്പോൾ കാണുന്ന ഹിറ്റ്. പണ്ടത്തെ സിനിമാ മാസികകളിലെ ഗോസിപ്പു പംക്തികളെ കടത്തി വെട്ടുന്ന പ്രസ്‌താവനകളും വെളിപ്പെടുത്തലുകളും കൊണ്ട് കലങ്ങിയ താര സംഘടന താരസംഘട്ടനങ്ങളിലേക്ക് നീങ്ങുകയാണ്. അങ്ങേയറ്റം അപഹാസ്യമായ ഇത്തരം റീലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

പരസ്പരം ചെളി വാരിയെറിയുന്ന നടികളാണ് ഇപ്പോൾ സംഘടനയിലെ താരങ്ങൾ, രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പണം വാങ്ങി കഴിഞ്ഞ നിയമ സഭാ ഇലക്ഷനിൽ സ്ഥാനാർത്ഥികളായി ചില നടികളെ ഒപ്പിച്ച് കൊടുത്തു എന്ന് അമ്മ പ്രസിഡൻ്റിനെതിരെ വരെ ആരോപണം ഉയർന്നു. പ്രസിഡൻ്റ് രാജിവെച്ചു. ജനറൽ സെക്രട്ടറിയായിരുന്ന യുവനടി രാജിവെച്ചു. കാരണം വംശീയ അധിക്ഷേം. ഒരു ചോട്ടാ നടൻ അവരെ മോശമായി അഭിസംബോധന ചെയ്തു. നടി പോലീസിൽ പരാതി നൽകി. സംഭവം കോടതിയിലെത്തി. ഒരു നടി മാധ്യമങ്ങളുടെ ക്യാമറയെ നോക്കി മറ്റൊരു അംഗമായ നടിയെ കുറിച്ച് സീരിയൽ ഡയലോഗ് പോലെ പറയുന്നു- ’ആ പേര് പോലും പറയാൻ എനിക്കറപ്പാണ്’. ആറു മാസം മുൻപ് ആധികാരത്തിൽ വന്ന സംഘടനയുടെ ആദ്യത്തെ വനിതാ പ്രസിഡൻ്റ് രാജിവെച്ച് ചാനൽ ക്യാമറക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കാനാവാതെ തപ്പിത്തടയുന്നു. ഇന്ത്യൻ ചലചിത്ര രംഗത്തെ ഏറ്റവും വലിയ ചലച്ചിത്ര കൂട്ടായ്മയുടെ സ്വാധീനവും ശക്തിയും ഗതകാല സ്മരണകളായി മാറുകയാണ്. രൂക്ഷമായ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സജീവമായി ഇടപെടേണ്ട പ്രബലരായ സൂപ്പർതാരങ്ങളൊന്നും തന്നെ ഈ രംഗത്തില്ല. അതിനുള്ള ഒരു പരിഹാരവും നിർദ്ദേശിക്കാതെ അവർ മാറിനിൽക്കുകയാണ്.

മലയാള ചലച്ചിത്ര സംഘടന വെറും കടലാസ് സംഘടനയാണെന്ന് ആദ്യംതുറന്നടിച്ചത് ഒരു നടൻ തന്നെയായിരുന്നു. അരനൂറ്റാണ്ട് മുൻപ് നിർമ്മാല്യം എന്ന ചിത്രത്തിലെ അഭിനയത്തിന് ആദ്യത്തെ ഭരത് പുരസ്ക്കാരം നേടിയ അനുഗ്രഹീത നടനും ആരെയും വകവെയ്ക്കാത്ത ധിക്കാരിയുമായ ബഹുമുഖ പ്രതിഭയുമായ പി.ജെ. ആൻ്റണിയായിരുന്നു അന്നത്തെ സിനിമാസംഘടനാ നേതാക്കളുടെ മുഖത്ത് നോക്കി അത് പറഞ്ഞത്. അന്ന് മദ്രാസായിരുന്നു മലയാള സിനിമയുടെ ഈറ്റില്ലം. ഇന്ത്യയിലെ മികച്ച അഭിനേതാവായി പുരസ്കാരം നേടിയ പി.ജെ ആൻ്റണിയെ ആദരിക്കാൻ ചലച്ചിത്ര സംഘടനക്ക് തോന്നി. അന്നത്തെ ചലച്ചിത്രകലാകാരന്മാരുടെ ഏക സംഘടനയായ ചലച്ചിത്ര പരിഷത്തിലെ അംഗങ്ങൾ നേരിട്ട് വന്ന് ആൻ്റണിയോട് വിവരം പറഞ്ഞു. അന്ന് ഭരത് അവാർഡിന് സമ്മാന തുക ഉണ്ടായിരുന്നില്ല; ശിൽപ്പവും സർട്ടിഫിക്കറ്റുമേയുള്ളൂ. അതിനാൽ 25,000 രൂപ നൽകി ആദരിക്കാനായിരുന്നു പരിഷത്തിന്റെ തീരുമാനം. അര നൂറ്റാണ്ട് മുൻപുള്ള ഇരുപത്തിഅയ്യായിരം! ആന്റണി പറഞ്ഞു, “എനിക്ക് നിങ്ങളുടെ സൗജന്യമൊന്നും വേണ്ട. ഞാൻ അഭിനയിച്ച വകയിൽ കിട്ടാനുള്ള കാശ് നിർമ്മാതാവിൻ്റെ പക്കൽ നിന്ന് വാങ്ങിച്ച് തന്നാൽ മതി”. വ്യക്തികളായ നിർമ്മാതാക്കൾ തരാനുള്ള കാശിന്റെ കാര്യത്തിൽ സംഘടനക്ക് എന്ത് ചെയ്യാൻ പറ്റും എന്നായിരുന്നു ഭാരവാഹികളുടെ മറുപടി. “ഒരു കലാകാരന് കിട്ടേണ്ട കാശ് വാങ്ങി കൊടുക്കാൻ കഴിയില്ലെങ്കിൽ, പിന്നെന്തിനാണീ പരിഷത്തും പരിഷകളുമൊക്കെ?”- ആന്റണി പൊട്ടിത്തെറിച്ചു. ഏറെ നിർബന്ധിച്ചിട്ടും ആദരം ഏറ്റുവാങ്ങാൻ ആന്റണി തയാറായില്ല.

പി.ജെ. ആൻ്റണി

തങ്ങളുടെ നേട്ടങ്ങൾക്കായി ഏതാനും പേരുടെ കയ്യിലെ സംഘടനയായി മാറിയതൊഴിച്ചാൽ പരിഷത്ത് നടന്മാരുടെ ക്ഷേമത്തിനായി കാര്യമായി ഒന്നും ചെയ്യാത്ത സംഘടനയായി മാറി. അതേ വർഷം തന്നെ വിജയശ്രീയെന്ന മലയാള താരസുന്ദരി സിനിമാരംഗത്തെ ഞെട്ടിച്ചു കൊണ്ട് ആത്മഹത്യ ചെയ്തു. ആ മരണത്തിൻ്റെ പിന്നിലെ ദുരൂഹതകൾ നീക്കാൻ സംഘടന അന്ന് ഒരു ശ്രമവും നടത്തിയില്ല. കുറ്റവാളികളെ പിടികൂടണമെന്ന പ്രമേയം പാസ്സാക്കാനായി മദ്രാസിൽ സ്വാധീനമുള്ള നിർമ്മാതാക്കളും സംവിധായകരും അന്ന് അനങ്ങിയില്ല. പിന്നീട് ഉർവ്വശി അവാർഡ് നേടിയ നടി ശോഭ മരിച്ചപ്പോഴും സംഘടന അനങ്ങിയില്ല.

പ്രശസ്ത നടി കെ. പി. എ. സി. ലളിതയുടെ ആത്മകഥ, ‘കഥ തുടരും‘ 2010 -ൽ, പുറത്ത് വന്നപ്പോൾ. ‘അറിയപ്പെടാത്ത അടൂർ ഭാസി’ -യെന്ന അദ്ധ്യായത്തിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച് നിരന്തരം വേട്ടയാടിയ പ്രശസ്ത നടൻ അടൂർ ഭാസിയെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ലക്ഷ്യം നേടാൻ കഴിയാതെ വന്നപ്പോൾ തൻ്റെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കാൻ അടൂർഭാസി ശ്രമിച്ചെന്ന് ലളിത വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. സിനിമയിലെ നല്ല ഫലിതക്കാരനായ അടൂർ ഭാസിയുടെ ഒട്ടും തമാശയല്ലാത്ത കാര്യങ്ങളാണ് അതിൽ പറയുന്നത്. തന്നെ ദുരുദ്ദേശത്തോടെ സമീപിച്ച നടനെ എതിർക്കാനോ വിലക്കാനോ ഒരാളും അവരുടെ സഹായത്തിനെത്തിയില്ല. കെ. പി. എ. സി ലളിത ചലച്ചിത്രപരിഷത്തിൻ്റെ അന്നത്തെ പ്രസിഡൻ്റായ ചലച്ചിത്ര നടൻ കെ. പി. ഉമ്മറിന് അടൂർ ഭാസി അപമര്യാദയായി പെരുമാറിയെന്ന പരാതി കൊടുത്തപ്പോൾ കെ. പി ഉമ്മർ ലളിതയോട് പറഞ്ഞു- “നിനക്ക് നാണമാവില്ലെ? ഇങ്ങനെയൊക്കെ ഒരാളെ കുറിച്ച് ആക്ഷേപിച്ചെഴുതാൻ… അങ്ങേരാര്? നീയാര്? നിന്നെ അങ്ങേർക്ക് ഇവിടെ നിന്ന് പറത്താൻ കഴിയും”. ഇതൊക്കെയായിരുന്നു അന്നത്തെ പരിഷത്ത് ചലച്ചിത്ര സംഘടനയുടെ ചെയ്തികൾ. 1994 -ൽ ഷൂട്ടിങ് സെറ്റില്‍ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോള്‍ തനിക്ക് നിര്‍മ്മാതാവില്‍ നിന്നുണ്ടായ ദുരനുഭവം നടൻ സുരേഷ് ഗോപി സുഹൃത്തുക്കളായ സഹപ്രവർത്തകരോട് പങ്കുവച്ചു. “നമുക്ക് സംഘടനയുണ്ടെങ്കിൽ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ പറ്റും”- അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി നടന്മാർക്ക് ഒരു കൂട്ടായ്മ വേണമെന്ന നിർദേശം മുന്നോട്ട് വെക്കുകയും ചെയ്തു.

കെ.പി.എ.സി.ലളിത, കെ.പി. ഉമ്മർ, അടൂർ ഭാസി

അങ്ങനെയാണ് മൂന്ന് പതിറ്റാണ്ട് മുൻപ് ‘അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്’ അഥവാ ‘അമ്മ’ രൂപം കൊണ്ടത്. 1994 മെയ് 31 -ന് തിരുവനന്തപുരം പഞ്ചായത്ത് ഹാളിലാണ് മുതിര്‍ന്ന നടനായിരുന്ന തിക്കുറിശ്ശി സുകുമാരന്‍ നായരുടെ അധ്യക്ഷതയിൽ ‘അമ്മ’യുടെ ആദ്യ യോഗം നടക്കുന്നത്. അന്ന് എണ്‍പതോളം താരങ്ങള്‍ പങ്കെടുത്ത ആ കൂട്ടായ്മ 32 വർഷം കഴിഞ്ഞപ്പാൾ 500 ലധികം അംഗങ്ങളുള്ള, പ്രബലമായ സംഘടനയായി മാറി. എറണാകുളത്ത് സ്വന്തമായി കെട്ടിടം, സ്റ്റേജ് ഷോകൾ വഴി വൻ സാമ്പത്തിക നേട്ടം. ചുരുക്കത്തിൽ മലയാള സിനിമ നിയന്ത്രിക്കുന്ന ഒരു സംവിധാനമായി ‘അമ്മ’.

സംഘടനയില്‍ ആദ്യ അംഗമായത് നടനും ഇപ്പോൾ സംഘടനയിൽ അംഗവുല്ലാത്ത തൃശൂർ എം.പി. സുരേഷ് ഗോപിയാണ്. കെ.ബി. ഗണേഷ് കുമാർ, മണിയൻ രാജു എന്നവരായിരുന്നു ആദ്യകാലത്തെ മറ്റു രണ്ട് അംഗങ്ങൾ. മൂവരും 10000 രൂപ വീതം ഇട്ടു സ്വരൂപിച്ച 30000 രൂപയായായിരുന്നു അമ്മ സംഘടനയുടെ പ്രാഥമിക മൂലധനം. തുടര്‍ന്നാണ് തിക്കുറിശ്ശിയുടെ അധ്യക്ഷതയില്‍ 1994 മെയ് 31 -ന് സംഘടനയുടെ തുടക്കമായി ആദ്യ സമ്മേളനം ചേര്‍ന്നത്. ആദ്യ പ്രസിഡന്റായി എം. ജി. സോമനും ജനറല്‍ സെക്രട്ടറിയായി ടി. പി. മാധവനും തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു വൈസ്പ്രസിഡന്റുമാര്‍.

അമ്മ സംഘടനയുടെ അപ്രമാദിത്വത്തെ ആദ്യം ചോദ്യം ചെയ്തത് ധിക്കാരി എന്നറിയപ്പെട്ട നടൻ സുകുമാരനായിരുന്നു. ഒരു സൂപ്പർ താരം സെറ്റിൽ വരുമ്പോൾ എഴുന്നേറ്റ് നിന്നില്ലെങ്കിൽ ചില തിക്താനുഭവമുണ്ടാവും എന്നൊരു അലിഖിത നിയമം അന്ന് മലയാള ചലച്ചിത്ര രംഗത്തുണ്ടായിരുന്നു. എന്നാൽ സുകുമാരൻ അതിന് തയ്യാറായില്ല, ‘അത് പള്ളിയിൽ പറഞ്ഞാ മതി’ എന്ന് ഇത് പറഞ്ഞ ആളുടെ മുഖത്ത് നോക്കി സുകുമാരൻ പറഞ്ഞു. ഇങ്ങനെയുള്ള സുകുമാരൻ AMMA രൂപംകൊണ്ടതിനു ശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിനെതിരേ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്‌തു. AMMA -യുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കെതിരേയായിരുന്നു ഒരു വക്കീൽ കൂടിയായ സുകുമാരൻ്റെ ഹർജി. കാര്യങ്ങൾ തനിക്ക് ശരിയല്ലെന്ന് തോന്നിയാൽ ഏത് സംഘടനയായാലും അതിനെതിരേ പോരാടാൻ സുകുമാരന് ഒരു മടിയുമില്ലായിരുന്നു. ഈ കേസ് കൊടുത്തതിൻ്റെ പേരിൽ AMMA സംഘടന സുകുമാരന് ഒരു അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. ‘AMMA’ -യിലെ അംഗങ്ങൾ ആരുംതന്നെ സുകുമാരൻ അഭിനയിക്കുന്ന ഒരു സിനിമയിലും സഹകരിക്കരുതെന്ന രഹസ്യ അജണ്ട അങ്ങനെ നിലവിൽ വന്നു. അപ്പോഴാണ് ബോക്സർ (1995) എന്ന ബൈജു കൊട്ടാരക്കരയുടെ ചിത്രം ഷൂട്ടിങ് തുടങ്ങുന്നത്. പടത്തിലെ നായകൻ ബാബു ആൻ്റണിയാണെങ്കിലും മറ്റൊരു പ്രധാന വേഷം സുകുമാരന്റേതാണ്. ഷൂട്ടിംഗിന് തൊട്ടുമുൻപ് പടത്തിൻ്റെ തിരകഥാകൃത്തായ കലൂർ ഡെന്നീസിനെ ഫോണിൽ വിളിച്ച് സുകുമാരൻ പറഞ്ഞു “ഞാൻ ബോക്‌സറിൽ അഭിനയിക്കാൻ വന്നാൽ നിങ്ങൾക്കത് വളരെ ബുദ്ധിമുട്ടാകും. അതുകൊണ്ട് നിങ്ങൾ മറ്റാരെയെങ്കിലും നോക്കുന്നതാണ് നല്ലത്…” കലൂർ ഡെന്നീസ് പറഞ്ഞു “ഹേയ്… അത് ശരിയാവില്ല. ഇത് സുകുമാരൻതന്നെ ചെയ്യേണ്ട വേഷമാണ്. അതിൽ ഒരു മാറ്റവുമില്ല. പിന്നെ നിങ്ങൾക്കിതിൽ അഭിനയിക്കുന്നതുകൊണ്ട് മറ്റെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട”. “ഹെയ് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. നിങ്ങളുടെ പ്രോജക്ടിന് പ്രശ്നമൊന്നുമുണ്ടാകാതിരിക്കാൻ വേണ്ടി പറഞ്ഞതാ…” -സുകുമാരൻ പറഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ ഷൂട്ടിങ് ആരംഭിച്ചു. ഇതറിഞ്ഞ ‘AMMA’ യുടെ ഭാരവാഹികൾ ചിത്രത്തിലെ പല നടന്മാരെയും ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാൻ തുടങ്ങി. ഷൂട്ടിങ് തുടങ്ങി രണ്ടാം ദിവസം ‘AMMA’ -യുടെ ഭാരവാഹിയായ നടൻ കെ. ബി. ഗണേഷ് കുമാർ ഡെന്നീസിനെ കാണാൻ വന്ന് സുകുമാരനെ പടത്തിൽ അഭിനയിപ്പിക്കരുതെന്ന് പറഞ്ഞു. ഡെന്നീസ് അത് കേട്ടിട്ട് മൈൻഡ് പോലും ചെയ്യാതെ ഗണേശനെ തിരിച്ചയച്ചു (ഗണേശൻ്റെ ആദ്യ ചിത്രമായ ഇരകൾ നിർമ്മിച്ചത് നടൻ സുകുമാരനാണ്. സിനിമയിൽ പ്രത്യുപകാരം ഇങ്ങനെയൊക്കെയാണ്). ഒടുവിൽ പ്രശ്‌നപരിഹാരത്തിനായി ടെക്നീഷ്യൻ സംഘടന മാക്ട മുന്നോട്ടുവന്നു എറണാകുളം ലോട്ടസ് ക്ലബ്ബിൽ അനുരഞ്ജന ചർച്ച നടന്നു. മാക്ട പ്രതിനിധികളായി സെന്നീസ്, ജോഷി, ഫാസിൽ, സിദ്ദീഖ്, കമൽ, ജോൺ പോൾ, സിബി അലയിൽ, എസ്.എസ്. സ്വാമി, ഹരികുമാർ തുടങ്ങിയവരും ‘AMMA’ -യ്ക്ക് വേണ്ടി മമ്മൂട്ടി, മോഹൻലാൽ, മധു, സോമൻ, ഗണേശൻ തുടങ്ങിയവരുമെത്തി. വൈകീട്ട് ഏഴു മണിക്കായിരുന്നു സമയം നിശ്ചയിച്ചിരുന്നത്.

ആരോടും ചിരപരിചിതം കാണിക്കാതെ വന്ന സുകുമാരനോട് ‘AMMA’ -യ്ക്കെതിരേ കേസ് കൊടുക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുകുമാരൻ മനോഹരമായ ഇംഗ്ലിഷിൽ കാരണം വിവരിച്ചു. സുകുമാരൻ്റെ വാദഗതികളോട് ”അമ്മ’ -യുടെ പ്രതിനിധികൾക്ക് ഒട്ടും യോജിക്കാനായില്ല. അമ്മയെതിരേ കേസ് കൊടുത്തതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സുകുമാരൻ പറ്റില്ല എന്ന് തറപ്പിച്ച് പറഞ്ഞു. ഒരു ഒത്തു തീർപ്പിനും തയ്യാറാവാതെ സുകുമാരൻ ഇറങ്ങിപ്പോയി. സുകുമാരൻ്റെ ഈ കടുത്ത നിലപാടിനോട് ‘AMMA’ യുടെ പ്രതിനിധികൾക്ക് വല്ലാത്ത അമർഷവും ദേഷ്യവുമാണുണ്ടായത്. അവസാനം സംഘടനയിലെ ഏറ്റവും മുതിർന്ന നടൻ മധു ഇടപെട്ടാണ് അമ്മ-സുകുമാരൻ പ്രശ്‌നം രമ്യതയിലാക്കിയത്. വിലക്കും ഉപരോധവുമൊക്കെ അന്ന് തീർന്നെങ്കിലും പലരുടെയും മനസ്സിൽ സുകുമാരനോടുള്ള പക കെട്ടടങ്ങാതെ ചാരം മൂടിക്കിടന്നിരുന്നു. സുകുമാരന് പല അവസരങ്ങളും നഷ്ടപ്പെടാൻ തുടങ്ങി.

കലൂർ ഡെന്നീസ്സ് തൻ്റെ ഓർമ്മക്കുറിപ്പായ ‘നിറഭേദങ്ങൾ’ (2022) -ളിൽ സുകുമാരൻ തന്നോട് പറഞ്ഞത് എഴുതി- “സിനിമയിൽ വ്യക്തിത്വമുള്ളവർ വളരെ കുറവാണ് ഡെന്നീസ്, അതുണ്ടെന്ന് പറയുന്നവരാകട്ടെ പലരും പൊയ്‌മുഖമണിഞ്ഞവരുമാണ്. എനിക്കിങ്ങനെയൊരു പ്രതിസന്ധി വന്നപ്പോഴാണ് യഥാർഥ സുഹൃത്തുക്കൾ ആരാണെന്ന് എനിക്ക് മനസ്സിലായത്. എന്നാലും ആരുടെ മുന്നിലും ഞാൻ തോറ്റുകൊടുക്കില്ല. മറ്റുള്ള വരുടെ മുന്നിൽ മുട്ടുകുത്തി ജീവിക്കുന്നതിലും ഭേദം നിവർന്നു നിന്നു മരിക്കുന്നതല്ലേ നല്ലത്.” സംഘടനകളായ അമ്മയും ഫെഫ്കയുമായി പിന്നീട് ഏറ്റുമുട്ടിയത് ജഗതി ശ്രീകുമാറായിരുന്നു. ജഗതി ശ്രീകുമാർ സൂപ്പർസ്റ്റാറുകളെ വിമർശിക്കുന്ന ഒരു ഇന്റർവ്യൂ വാരികയിൽ അടിച്ച് വന്നു. അമ്മ സംഘടന ജഗതി മാപ്പു പറയുകയും അത് പത്രങ്ങളിൽ സ്വന്തം പണം മുടക്കി പരസ്യമായി പ്രസിദ്ധീകരിക്കുകയും വേണമെന്ന് വിധിച്ചു. ജഗതി അതിന് വഴങ്ങിയില്ല.

ഇതിലും ഗൗരവമായിരുന്നു മലയാളത്തിൻ്റെ മഹാനടൻ തിലകനുമായിട്ടുള്ള അമ്മയുടെ ഏറ്റുമുട്ടൽ. സിനിമാ സംഘടനയുടെ പൊള്ളത്തരങ്ങൾ ആദ്യം വിമർശിച്ച നടൻ പി.ജെ ആൻ്റണിയുടെ ശിഷ്യനും സഹപ്രവർത്തകനുമായ തിലകനും തൻ്റെ ഗുരുവിൻ്റെ നിലപാട് സ്വീകരിച്ചു. ഒരു അഭിമുഖത്തിൽ സ്റ്റാർ മാഫിയയും മെഗാഷോ തട്ടിപ്പും തുടങ്ങിയ സിനിമാ രംഗത്തെ ചില ദുഷിച്ച പ്രവണതകളെ വിമർശിച്ച് തിലകൻ തുറന്നടിച്ചു. “സൂപ്പർതാരങ്ങളോടൊപ്പമുള്ള ഉപഗ്രഹങ്ങൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ ഗുരുതരമാണ്. ഭൂമാഫിയ പോലെ സ്റ്റാർ മാഫിയയുടെ വക്താക്കളാണ് ഇക്കൂട്ടർ. മേലനങ്ങി പണിയെടുക്കാതെ വായ്ക്കകത്തെ നാവുകൊണ്ട് പണമുണ്ടാക്കുന്ന വിരുതന്മാർ. ഏഷണിയിലൂടെയും പരദൂഷണത്തിലൂടെയും സൂപ്പർതാരത്തിൻ്റെ തിരിച്ചറിയലുകൾ ഇല്ലാതാക്കുന്ന കൂട്ടർ. സൂപ്പർതാരങ്ങളുടെ ഡേറ്റ് ശരിയാക്കിക്കൊടുത്ത് കമ്മീഷൻ വാങ്ങിക്കും. സിനിമയുടെ പിന്നാമ്പുറത്ത് നിന്നിരുന്ന അധോലോക മാഫിയ ഇന്ന് മുന്നാമ്പുറത്തേക്ക് എത്തിയിരിക്കയാണ്. അത് അപകടകരമാണ്.” -തിലകൻ പറഞ്ഞു.

നടൻ തിലകൻ അമ്മയുടെ വിലക്കിനെതിരെ പത്ര സമ്മേളനം നടത്തുന്നു

തിലകൻ്റെ ദീർഘവീക്ഷണം പിന്നീട് ഏറെക്കുറെ ശരിയായി എന്ന് കാര്യങ്ങൾ വിശകലനം ചെയ്താൽ മനസ്സിലാകും. സിനിമയിൽ ജാതി കാർഡ് കളിച്ച് തന്നെ ഒഴിവാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് തിലകൻ പരസ്യമായി ആരോപിച്ചതോടെ അമ്മ സംഘടന നടനെതിരെ നടപടിക്കൊരുങ്ങി. അമ്മയുടെ യോഗത്തിൽ തിലകനെ വിളിച്ചു വരുത്തി. തന്നെ പുറത്താക്കാൻ നേരത്തെ തീരുമാനിച്ചതാണെന്നും ഇത് വെറും പ്രഹസനമാണെന്നും തിലകൻ ആരോപിച്ചു. ഒരു നടൻ തിലകനോട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ വരെ പറഞ്ഞു. അതേകുറിച്ച് തിലകൻ പറഞ്ഞത് ഇങ്ങനെ- “ഞാൻ എഴുന്നേറ്റു. ബാഗ് ഡ്രൈവറെ വിളിച്ച് കൊടുത്തിട്ടു തിരിച്ചു ചെന്ന് ഇത്രയും കൂടി പറഞ്ഞു: ‘കഴിഞ്ഞ 54 വർഷത്തെ അഭിനയജീവിതത്തിൽ ഇതുപോലെ മോശമായ ഒരു സന്ദർഭം എനിക്കു നേരിടേണ്ടിവന്നിട്ടില്ല. ഞാൻ പോകുന്നു. ഇനി നമ്മളൊക്കെ തമ്മിൽ കണ്ടുമുട്ടിയെന്നുതന്നെ വരില്ല.'”

വിലക്ക് മൂലം ക്രിസ്റ്റ്യൻ ബ്രദേഴ്‌സ്, ഡാം 999 എന്നീ പടങ്ങളിൽ നിന്ന് തിലകൻ ഒഴിവാക്കപ്പെട്ടു. എന്നാൽ ഇതേ കാലയളവിൽ രഞ്ജിത്തിൻ്റെ ‘ഇന്ത്യൻ റുപ്പി’ -യിൽ ഒരു മികച്ച വേഷം ചെയ്തു. അതിനെ വിലക്കാൻ ആരും ശ്രമിച്ചില്ല. കാരണം സംവിധായകൻ എന്ന നിലയിൽ രഞ്ജിത്തിൻ്റെ വിലയും നിലയും അറിയാവുന്നതിനാലാകാം ആരും ചോദ്യം ചെയ്തില്ല. താടിയുള്ള അപ്പനേ പേടിയുള്ളൂ. ഇതിൽ നിന്ന് സംഘടനയുടെ നിലപാട് വളരെ ദുർബലമാണെന്ന് തെളിഞ്ഞു. മുതിർന്ന സംവിധായകനായ ഹരിഹരൻ്റെ നഖക്ഷതങ്ങൾക്കു ശേഷം രണ്ട് പടങ്ങളിൽ ഒഴികെ എല്ലാറ്റിലും തിലകൻ ഉണ്ട്. ഹരിഹരൻ്റ പുതിയ പടത്തിൽ തിലകനെ ഒഴിവാക്കാനായി ആരോ കാൾഷീറ്റ് ഇല്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. തിലകൻ ഈ പടത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് നേരിട്ട് പറഞ്ഞതായി ഹരിഹരനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

അമ്മയുടെ യോഗത്തിൽ തിലകൻ

തിലകനോടുള്ള അനീതിയിൽ അമർഷം പൂണ്ട് സാക്ഷാൽ സുകുമാർ അഴിക്കോട് രംഗത്ത് വന്നു. സംഘടനക്കെതിരെയും ജനറൽ സെക്രട്ടറിയായ സൂപ്പർ താരം മോഹൻ ലാലിനെതിരെയും അഴീക്കോട് ആഞ്ഞടിച്ചു. ഒടുവിൽ അത് വ്യക്തിപരമായ അധിക്ഷേപത്തിലേക്ക് നീങ്ങി. അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹൻലാലും. “ഇയാളുടെ വിഗ് ഒരു മുഖം മൂടിയാണ്. ആരെങ്കിലും അത് വലിച്ചാൽ ഇയാൾ വെറും കങ്കാളമാണ് അസ്ഥി പഞ്ജരം’’ -അഴിക്കോട് മാധ്യമങ്ങൾക്കു മുന്നിൽ സൂപ്പർതാരത്തെ തുറന്നു വിമർശിച്ചു.

അപ്പോഴത്തെ അമ്മയുടെ പ്രസിഡൻ്റ് നടൻ ഇന്നസെൻ്റിനും അഴിക്കോട് കണക്കിന് കൊടുത്തു “ഇന്നസെൻ്റ് ഓഫ്. എന്നതിന് ഒരു വിവരവും ഇല്ലാത്തവൻ എന്നൊരു അർത്ഥം കൂടി ഉണ്ട്. ഡിക്ഷണറി നോക്കിയാൽ അറിയാം. ആ പേര് ഇത്ര അന്വർത്ഥമാക്കിയ ഒരു കലാകാരനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.” -അഴീക്കോട് പറഞ്ഞു. കലാകാരന്മാരും ചെയ്യാത്ത അധമമായ രാജ്യ ദ്രോഹമാണ് ഇവർ ചെയ്തിരിക്കുന്നത്. തിലകനെ വിലക്കിയതിനെ പരാമർശിച്ച് അഴിക്കോട് പറഞ്ഞു. ‘AMMA’-തിലകൻ വിവാദവും അഴീക്കോട്-മോഹൻലാൽ വാക്ക്ശരങ്ങളും വാർത്തകളിൽ നിറഞ്ഞാടി . സിനിമാ ലോകത്തെ രോഗം മാറാൻ ബാൻഡേജ് പറ്റില്ലെന്നും. ശസ്ത്രക്രിയ വേണ്ടി വരുമെന്നും അഴിക്കോട് പറഞ്ഞു. ധൈര്യത്തോടെ പോരാട്ടം തുടർന്നോളൂ എന്നായിരുന്നു തിലകനോട് അഴീക്കോടിൻ്റെ ഉപദേശം. വർഷങ്ങൾക്കു ശേഷം മകനായ ഷമ്മി തിലകനെയും ഇതേ അച്ചടക്ക ലഘനം പറഞ്ഞ് അമ്മ വിലക്കുകയുണ്ടായി.

തിലകൻ സുകുമാർ അഴീക്കോടിൻ്റെ വീട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ

ഒരു നടിക്കെതിരെ ആദ്യമായി അമ്മ നടപടിയെടുക്കാൻ തുടങ്ങിയത് ഏറെ അപഹാസ്യമായി അവസാനിച്ചു. അന്നത്തെ ഏറെ പ്രചാരമുള്ള സിനിമാ പ്രസിദ്ധീകരണമായ സിനിമാ മംഗളത്തിൽ പഴയകാല ചലച്ചിത്ര നടിയും അറിയപ്പെടുന്ന ഡബിംഗ് ആർട്ടിസ്റ്റുമായ കോട്ടയം ശാന്തയുടെ അനുഭവങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു സംഘടന ഇടഞ്ഞത്. മദ്രാസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി കഴിഞ്ഞിരുന്ന കോട്ടയം ശാന്തയുമായുള്ള ഒരു ഇൻ്റർവ്യൂ ഇംഗ്ലീഷ് സിനിമാ പ്രസിദ്ധീകരണമായ ‘സ്റ്റാർ ഡസ്റ്റിൽ’ വന്നത് ഈ സമയത്താണ്. അതിൽ അവർ അനുഭവങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. അഭിനയമോഹവുമായി മദ്രാസ്സിലെത്തിയ കോട്ടയം ശാന്തയെ അക്കാലത്ത് അവിടെയുണ്ടായിരുന്ന നടന്മാരും സംവിധായകരുമൊക്കെ ആയിരുന്നവർ പല വിധത്തിൽ പീഡിപ്പിച്ച അനുഭവങ്ങൾ ആത്മകഥയിൽ അവർ തുറന്നു പറഞ്ഞ് വായനക്കാരെ ഞെട്ടിച്ചു. അക്കാലത്തെ നായികമാരും അല്ലാത്തവരുമായ എല്ലാ നടികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലനിൽപ്പിന്റെ പ്രശ്‌നമായതുകൊണ്ട് അതൊന്നും തുറന്നു പറഞ്ഞിരുന്നില്ല. അവരിൽ നിന്നും വ്യത്യസ്‌തമായി കോളേജ് വിദ്യാഭ്യാസം ലഭിച്ചിരുന്നതുകൊണ്ടാവണം, കോട്ടയം ശാന്തയ്ക്ക് എല്ലാം പറയാനുള്ള ധൈര്യം ലഭിച്ചത്.

കോട്ടയം ശാന്ത

മലയാള സിനിമയിലെ താരാധിപത്യത്തിനെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ സിനിമാ പത്രപ്രവര്‍ത്തകനായിരുന്നു സിനിമാ മംഗളത്തിൻ്റെ എഡിറ്ററായ മധുവൈപ്പന. അന്ന് താന്‍ എഡിറ്ററായ നാനാ വാരികയിലുടെ മേക്കപ്പില്ലാത്ത പല സത്യങ്ങളും അയാള്‍ പുറത്ത് കൊണ്ടുവന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ മലയാള സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെ കോടമ്പാക്കത്തിരുന്ന് അയാള്‍ താരങ്ങളേയും സിനിമാരംഗത്തെ നേരും നെറികേടും വിചാരണ ചെയ്തിരുന്നു. 1997 -ല്‍ താന്‍ എഡിറ്ററായ സിനിമാ മംഗളത്തില്‍ കോട്ടയം ശാന്തയുടെ ആത്മകഥ അടുത്ത ലക്കം മുതല്‍ ആരംഭിക്കുകയാണ് എന്നൊരു ഒരു പരസ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു. ‘അഗ്‌നിപഥങ്ങളിലൂടെ’ എന്ന കോട്ടയം ശാന്തയുടെ ആത്മകഥ സിനിമാ മംഗളത്തില്‍ ആരംഭിച്ചതോടെ മലയാള സിനിമാ രംഗം ഞെട്ടി വിറച്ചു. മദ്രാസിലെ സിനിമാ രംഗത്തെ കറുത്ത പുള്ളിക്കുത്തുകള്‍ വ്യക്തമായി പേര് സഹിതം ശാന്ത വ്യക്തമാക്കിയപ്പോള്‍ മരിച്ചതും ജീവിച്ചിരിക്കുന്നതുമായ മലയാള സിനിമയിലെ പല താര വിഗ്രഹങ്ങളും ഉടയാന്‍ തുടങ്ങി. ആക്ഷന്‍ ഹിറോയെന്ന് അറിയപ്പെട്ട ജയന്റെ മറ്റൊരു മുഖമൊക്കെ അതിലൂടെ അനാവൃതമായപ്പോള്‍ വാരികയില്‍ തെറിക്കത്തുകള്‍ വരാന്‍ തുടങ്ങി. ആത്മകഥ നിർത്തണമെന്നാവശ്യപ്പെട്ട് മദ്രാസിലെ സിനിമാ ലോകത്ത് നിന്ന് തനിക്ക് നേരിട്ട തിക്താനുഭവങള്‍ തുറന്നെഴുതിയപ്പോള്‍ കൊള്ളേണ്ടവര്‍ക്ക് അത് കൊണ്ടു എന്ന് ശരിവെയ്ക്കുന്ന സംഭവങ്ങളാണ് പിന്നെ നടന്നത്. പരമ്പര നിര്‍ത്തിയില്ലെങ്കില്‍ അംഗത്വം റദ്ദാക്കുമെന്നും, പെന്‍ഷന്‍ കൊടുക്കുന്നത് നിര്‍ത്തും എന്നും ഭീഷണിപ്പെടുത്തിയ ‘AMMA’ സംഘടനയുടെ പ്രസിഡന്റ് നടന്‍ മധു ഒപ്പിട്ട നോട്ടീസ് കോട്ടയം ശാന്തക്ക് കിട്ടി. ഒരു രണ്ടാം നിര നടിയും, ഒരു ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ ശാന്ത എഴുതിയ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ പോലും സഹിക്കാനുള്ള സഹിഷ്ണുത പോലും ഇല്ലാത്ത സിനിമാ സംഘടനയാണ് ‘AMMA’ എന്ന് ഇതില്‍ നിന്ന് വ്യക്തമായി. സംഭവങ്ങള്‍ സത്യമായതിനാലാണല്ലോ അവര്‍ ഭീഷണി മുഴക്കിയത്. അത് സംഘടന വെറും കടലാസ് പുലികളാണെന്ന് തെളിയിച്ചു.

സിനിമാ മംഗളം എഡിറ്ററായിരുന്ന മധു വൈയ്പ്പന

സ്വന്തം സംഘടനയുടെ അംഗങ്ങളെ കുറിച്ച് സാമാന്യ വിവരം പോലും ‘AMMA’ എന്ന താരസംഘടനക്കില്ലെന്ന് വ്യക്തമായി പരിഹസിച്ച്
കോട്ടയം ശാന്ത മറുപടി നല്‍കി: “ഞാന്‍ അമ്മയിലെ മെമ്പറല്ല. പിന്നെ എങ്ങനെ മെമ്പര്‍ഷിപ്പ് റദ്ദാക്കും? അമ്മയുടെ പെന്‍ഷനും കിട്ടുന്നില്ല. എന്റെ അനുഭവങ്ങള്‍ എഴുതാന്‍ എനിക്ക് അവകാശമുണ്ട്. വേണെമെങ്കില്‍ അമ്മയുടെ ഭാരവാഹികളെ അതില്‍ നിന്ന് ഒഴിവാക്കാം.” അതോടെ സിനിമാ മംഗളത്തില്‍ സിനിമാക്കാരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി മധു വൈപ്പന എഡിറ്റോറിയലിലൂടെ ശക്തമായി വിമര്‍ശിച്ചു. ‘രാഷ്ട്രീയക്കാരടക്കമുള്ള സമൂഹത്തിലെ ‘എല്ലാവരെയും സിനിമാക്കാര്‍ക്ക് നീചന്മാരായി ചിത്രീകരിക്കാം, വിമര്‍ശിക്കാം, പരിഹസിക്കാം. എന്നാല്‍ സിനിമാക്കാര്‍ക്കും ഈ വിമര്‍ശനം ബാധകമാണ്. അവരെ കുറിച്ച് ഒരു ആത്മകഥയില്‍ എഴുതാന്‍ പറ്റില്ലെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരം ? എഡിറ്റോറിയല്‍ ചോദിച്ചു.

എഴുത്തുകാര്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കുകയല്ല വേണ്ടത്. അംഗങ്ങളെ മാന്യരാക്കാന്‍ കഴിയാത്ത സംഘടനകള്‍ക്ക് അതിലെ അംഗങ്ങള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവരെ സ്മാര്‍ത്ത വിചാരം ചെയ്യാന്‍ ധാര്‍മ്മികമായ അവകാശം പോലുമില്ല. ഇത്രയുമായപ്പോള്‍ ‘AMMA’ -യുടെ അന്നത്തെ വൈസ് പ്രസിഡന്റ് രാജന്‍.പി. ദേവ് നേരിട്ട്, എഡിറ്ററെക്കണ്ട് ഇത് തുടര്‍ന്നാല്‍ സംഘടന ഇടപ്പെടും എന്ന് മുന്നറിയിപ്പ് നല്‍കി. പക്ഷേ, എഡിറ്റര്‍ വഴങ്ങിയില്ല. മാനഹാനിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. പക്ഷേ, സംഘടനക്ക് മാനഹാനിയില്ല അതിനാല്‍ കോടതിയില്‍ പോകാനാവില്ല. അതിനാല്‍ വിരട്ട് വേണ്ടായെന്ന് മധു വൈപ്പന മറുപടി നല്‍കി.

അടൂര്‍ പങ്കജമെന്ന പഴയ കാല നടിയുടെ അത്മകഥ സിനിമാ മംഗളത്തില്‍ വരുന്നത്. നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ പെന്‍ഷന്‍ നിര്‍ത്തുമെന്നും അമ്മ സംഘടന പ്രസിഡന്റായ നടന്‍ പങ്കജത്തെ വിരട്ടി. ഉടനെ വൈപ്പന ‘AMMA’ സംഘടനയെ വിമര്‍ശിച്ച് ‘അഭിനവ ക്വിക്‌സോട്ടുകള്‍ ‘ എന്ന് പരിഹസിച്ച് എഡിറ്റോറിയല്‍ എഴുതി. ‘താരസംഘടനയുടെ തലപ്പത്ത് പുതിയതായി എത്തിയ ചിലര്‍ അവരുടെ സ്ഥാനോഹരണം വിളംബരം ചെയ്യാന്‍ നിസ്വരും നിരുപ്രദ്രകാരികളുമായ ചിലരുടെ നേരെ വാളോങ്ങുന്നതു കാണുമ്പോള്‍ ഡോണ്‍ ക്വിക്‌സോട്ടിനെയാണ് ഓര്‍മ്മ വരുന്നത്. മണ്ടന്‍ വേഷങ്ങളില്‍ അഭിനയിക്കുന്ന ഒരാളെയേ അവര്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കണ്ടുള്ളൂ. ഒരു നടി സത്യസന്ധമായി തന്റെ അനുഭവങ്ങള്‍ പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?’ അതോടെ അമ്മ സംഘടനയും വാരികയെ പരോക്ഷമായി ബഹിഷ്‌കരിക്കാനാരംഭിച്ചു. സമൂഹ്യ മാധ്യമങ്ങൾ ഇല്ലാത്ത കാലമായതിനാൽ സംഘടനക്ക് പറ്റിയ ക്ഷീണം സിനിമാ പ്രസിദ്ധീകരണങ്ങളിൽ മാത്രം ഒതുങ്ങി നിന്നു.

അമ്മ നിയമാവലി

കാലം മാറിയിട്ടും സംഘടനയുടെ സ്വഭാവം മാറിയില്ല. അത് ഉറപ്പിച്ച സംഭവമായിരുന്നു. സർവ്വശക്തനായ നടൻ ദിലീപ് – അതിജീവത സംഭവം. നടിയെ ആക്രമിച്ച കേസില്‍ വിചാരണത്തടവനുഭവിച്ച ദീലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതും തുടര്‍ന്ന് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യമാവുകയായിരുന്നു. ദിലീപ് അനുകൂല പക്ഷവും എതിര്‍ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറര്‍ ജഗദീഷിന്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നു. 2018 -ല്‍ സിദ്ദിഖിന്റെ ചില ഇടപെടലുകളായിരുന്നു പ്രതിസന്ധി തുടങ്ങി വച്ചത്. സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ നിലപാടുകളെ തള്ളിപ്പറഞ്ഞ് സെക്രട്ടറി സിദ്ദീഖ് കെ.പി.എ.സി ലളിതയ്‌ക്കൊപ്പം പത്ര സമ്മേളനം നടത്തിയതിനെതിരെയാണ് വാട്‌സാപ് ഗ്രൂപ്പില്‍ ഇരുവരുടെയും പ്രതികരണം. അന്തിമതീരുമാനം പറയേണ്ട അമ്മ പ്രസിഡന്റ് മോഹന്‍ലാൽ പ്രതികരിച്ചില്ല.

ഒടുവിൽ മോഹന്‍ലാല്‍ ഇടപെട്ട് സംയമനം പാലിക്കാൻ ഇരുപക്ഷത്തുള്ളവരോടും നിര്‍ദേശിച്ചപ്പോള്‍ ആ വിഷയം തീര്‍ന്നു. ഇതിനിടെ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ ഉണ്ടായി. ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് ‘AMMA’ കാട്ടിയ വിവേചനവും ചര്‍ച്ചയായിയിരുന്നു. ഈ സാഹചര്യത്തിലാണ് തിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യവുമായി മകന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്. പക്ഷെ തിലകന്റെ കാര്യത്തില്‍ തീരുമാനമായില്ല. പ്രതിസന്ധികളില്‍ പ്രമുഖതാരങ്ങളുടെ ഇടപെടല്‍ അമ്മസംഘടനയെ സംരക്ഷിച്ചു നിര്‍ത്തിയെങ്കിലും ദിലീപ് വിഷയത്തിന് പിന്നാലെ അമ്മയില്‍ നിന്നും മാറി നടികള്‍ ചേര്‍ന്ന് ഡബ്ല്യൂ.സി.സി രൂപീകരിച്ചതും സിനിമാ മേഖലയിലെ സ്ത്രീ വിഷയങ്ങള്‍ പഠിക്കാന്‍ ജസ്റ്റീസ് ഹേമ കമ്മീഷനെ നിയമിച്ചതുമൊക്കെ ‘AMMA’ -യെന്ന സംഘടനയെ കൂടുതല്‍ ചോദ്യം ചെയ്യപ്പെടലിന് ഇടയാക്കി. 2018 മെയിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയമിക്കുന്നത്. ജസ്റ്റിസ് ഹേമക്കൊപ്പം കെ. ബി വത്സല കുമാരി, നടി ശാരദ എന്നിവരായിരുന്നു അംഗങ്ങള്‍. ഇന്ത്യയിൽ ആദ്യമായായിരുന്നു ഒരു സര്‍ക്കാര്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നത്.

ഒന്നരവര്‍ഷത്തിന് ശേഷം 2019 ഡിസംബര്‍ 31 -ന് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചലച്ചിത്രമേഖലയില്‍ ലിംഗസമത്വം മുന്‍നിര്‍ത്തി വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഇത്. പിന്നീട് അഞ്ച് വര്‍ഷത്തോളം സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ തടഞ്ഞു വെച്ചെങ്കിലും സമ്മര്‍ദ്ദമേറിയതോടെ ഒടുവിൽ പുറത്തുവിട്ടു. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമയിലെ പവര്‍ഗ്രൂപ്പ് പരാമര്‍ശവും തങ്ങള്‍ നേരിടുന്ന പലവിധ പീഡനങ്ങളെക്കുറിച്ച് നടിമാരുടെ വെളിപ്പെടുത്തല്‍ അമ്മ സംഘടനയെ പിടിച്ചുലച്ചു. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നടൻ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ സംഘടന പതറി. കൂടുതല്‍ പേര്‍ക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിൽ വിഷയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മോഹന്‍ലാലും പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘AMMA’ -യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി നൽകുകയായിരുന്നു. അന്ന് പൊതു ജനങ്ങളുടെ മുന്നിൽ അപഹാസ്യരായതോടെ സംഘടനയുടെ അധപതനവും ആരംഭിച്ചു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെയുണ്ടായ വിവാദങ്ങങ്ങളുമായി ബന്ധപ്പെട്ട് 2024- ൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി സ്ഥാനമൊഴിയാൻ നിർബന്ധിതമായതിനെത്തുടർന്ന്, മേനോൻ നയിക്കുന്ന 17 അംഗ എക്‌സിക്യൂട്ടീവ് ബോഡി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരമേറ്റിരുന്നു. അമ്മയിലെ മുൻ ജോയിന്റ് സെക്രട്ടറി നടി സഹഅഭിനേതാക്കളായ 2 പേർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും സംഘടനയുടെ പ്രസിഡന്റിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്ന് അവകാശപ്പെടുകയും ചെയ്തതിന് ശേഷം, വിവാദത്തെക്കുറിച്ച് പ്രതികരിച്ച് പ്രസിഡൻ്റ് രംഗത്തെത്തി. തന്നെ ചിലർ ഒതുക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ട്, അസോസിയേഷനിലെ ചിലർക്ക് നേതൃസ്ഥാനങ്ങളിലുള്ള സ്ത്രീകളുമായി പ്രശ്‌നങ്ങളുണ്ടെന്ന് നടി ചൂണ്ടിക്കാട്ടി.

മലയാള സിനിമാ മേഖലയിലെ സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചുള്ള 2024 -ലെ ഹേമ കമ്മിറ്റി റിപ്പോർട്ട്, അതിലെ അംഗങ്ങൾക്കെതിരെ നിരവധി ലൈംഗിക ദുരുപയോഗ ആരോപണങ്ങൾ, നടൻ- അതിജീവിത ഉൾപ്പെട്ട കേസ്, ദൃശ്യം യുവനടിയുടെ ആരോപണങ്ങൾ എന്നിവ സമീപകാല വിവാദങ്ങൾ ശക്തമായതോടെ അമ്മയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ മറ്റ് ഭാരവാഹികൾക്കൊപ്പം രാജിവച്ചു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേത്വാ മേനോൻ, അമ്മയിലെ അംഗത്വവും രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പക്ഷേ, ഔദ്യോഗികമായി ഇവർ പേപ്പറിൽ രാജി എഴുതിക്കൊടുത്തിട്ടില്ല എന്നാണ് സംഘടനയിലെ ചിലർ പറയുന്നത്. അതാണ് ഇപ്പാഴത്തെ പുതിയ പ്രതിസന്ധി.

അംഗങ്ങളുടെ വർദ്ധിച്ചുവരുന്ന പ്രതിഷേധത്തിനിടയിലും സംഘടനയുടെ സ്പോൺസർഷിപ്പുകൾ സ്വീകരിക്കുന്നത് അമ്മ പ്രസിഡൻ്റ് ന്യായീകരിച്ചു, ഒരു ചാരിറ്റബിൾ സ്ഥാപനമെന്ന നിലയിൽ, സ്പോൺസർമാരുടെ മതപരമോ രാഷ്ട്രീയമോ ആയ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അമ്മ സംഘടനക്ക് സംഭാവനകൾ നിരസിക്കാൻ കഴിയില്ലെന്നും അസോസിയേഷന്റെ പ്രാഥമിക ശ്രദ്ധ അഭിനേതാക്കളുടെ ക്ഷേമമാണെന്നും അവർ പറയുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, വൈസ് പ്രസിഡൻ്റുമാരായ ജയൻ ആർ, ലക്ഷ്മിപ്രിയ്യ, ട്രഷറർ ഉണ്ണി ശിവപാൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, വിനു മോഹൻ, കൈലാഷ്, ടിനി ടോം, ജോയ് മാത്യു, റോണി ഡേവിഡ് രാജ്, സിജോ, റോണി ഡേവിഡ് രാജ്, സിജോ എന്നിവർ കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചവരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന അമ്മയുടെ കുടുംബസമ്മേളനത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പിനായി ഒരു ക്ഷേത്ര ട്രസ്റ്റുമായി 75 ലക്ഷം രൂപയുടെ കരാറിൽ ഒപ്പുവെച്ചതിന്റെ വിശദാംശങ്ങൾ ഈയിടെ പുറത്തുവന്നത് കൂടുതൽ വിവാദങ്ങൾക്ക് തിരികൊളുത്തി. വിവാദ ഇടനിലക്കാരനായ ട്രസ്റ്റിന്റെ ചെയർമാനും അമ്മ ജനറൽ സെക്രട്ടറിയും കരാറിൽ ഒപ്പുവച്ചവരിൽ പെടുന്നു. അതേസമയം, മറ്റൊരു നടൻ നൽകിയ പരാതിയുടെ പേരിൽ മൂന്ന് മണിക്കൂർ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരു നടനേയും, കേസിൽ ഉൾപ്പെട്ട വനിതാ സബ് ഇൻസ്‌പെക്ടറിനുമെതിരെ നിയമനടപടി സ്വീകരിക്കാൻ യുവനടി കോടതിയിലെത്തി. നിലവിലെ കമ്മിറ്റിയിൽ നിന്ന് നീതി ലഭിക്കുമെന്ന് തനിക്ക് വിശ്വാസമില്ലായിരുന്നു, മാധ്യമ സമ്മർദ്ദത്തെ തുടർന്നാണ് സംഘടന ഇപ്പോൾ നടപടിയെടുത്തതെന്ന് യുവനടി മാധ്യമങ്ങളോട് പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ രംഗത്തെത്തി. “സാധ്യമായ ഒരേയൊരു പരിഹാരം” മുഴുവൻ കമ്മിറ്റിയെയും പിരിച്ചുവിടലാണെന്നും തുടർന്ന് പുതിയ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. അമ്മ സംഘടന സമൂഹത്തിന് മുന്നിൽ അംഗങ്ങളെ അപമാനിക്കുന്ന ഒരു സ്ഥാപനമായി മാറിയിരിക്കുന്നുവെന്ന് അവർ തുറന്നടിച്ചു.

നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനത്തിൽ, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയില്ലെന്ന് മറ്റൊരു നടിയും അമ്മ അംഗവുമായ മാലാ പാർവതി ആരോപിച്ചു. അധികാരത്തിലെത്തി മൂന്ന് മാസത്തിനുള്ളിൽ മുൻ കമ്മിറ്റിയുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ അവതരിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ നിലവിലെ കമ്മിറ്റി പരാജയപ്പെട്ടതിനാൽ കഴിഞ്ഞ രണ്ട് വർഷത്തെ അക്കൗണ്ടുകളിൽ വ്യക്തതയില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഒരു നടനും ഒരു വിഭാഗം അംഗങ്ങളും ചേർന്ന് തന്നെ സ്വഭാവഹത്യയ്ക്ക് വിധേയയാക്കുകയും വർഗ്ഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച യുവനടി അതിൽ ഉറച്ച് നിൽകുകയാണ്. പകരം വന്ന ഇടക്കാല അഡ്ഹോക്ക് കമ്മറ്റിയംഗങ്ങൾ എം. എൽ. എ നടൻ്റെ നേതൃത്വത്തിൽ ഈ പ്രശ്‌നം കോടതിയിൽ പോകാതെ ഒത്തു തീർപ്പിലെത്തിക്കാൻ കിണഞ്ഞ് ശ്രമിച്ചെങ്കിലും യുവനടി വഴങ്ങിയില്ല.

തന്റെ രാജിക്ക് കാരണം ഈ നടൻ ആണെന്ന് അവകാശപ്പെട്ട യുവനടി തനിക്കെതിരെ വർഗ്ഗീയമായി അധിക്ഷേപിക്കുന്ന പദം നടൻ ഉപയോഗിച്ചുവെന്ന് ആരോപിച്ചു. നടൻ തന്നോട് പരസ്യമായി മാപ്പ് പറയണമെന്നിൽ കുറഞ്ഞ യാതൊരു ഒത്തു തീർപ്പിനും താൻ തയ്യാറല്ല എന്ന് യുവനടി പ്രഖ്യാപിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് കോടതി പറഞ്ഞതോടെ നടനും പുതിയ ഭരണം കയ്യാളാനെത്തിയ അഡ്ഹോക്ക് കമ്മറ്റിക്കാരും വെട്ടിലായി. അമ്മ സംഘടനയിൽ ഇപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങളോ മുൻ നിര നടന്മാരോ ആരും തന്നെ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല. പ്രധാന താരങ്ങൾ ചുരുക്കം ചില പരിപാടികളിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. പലരും അതിൽ നിന്ന് വിട്ടുനിൽക്കുന്നു. ഒ.ടി ടി പ്ലാറ്റ്ഫോം വന്നതോടെ സിനിമാ റിലീസിംഗ് സ്വഭാവം തന്നെ മാറി. പുതിയ സംവിധായകർ, പുതിയ എഴുത്തുകാർ അവരൊക്കെ സംഘടനയുമായി ബന്ധമില്ലാത്തവരാണ്. സംഘടനയുടെ പിൻബലമില്ലാതെ അവരൊക്കെ ചലച്ചിത്രങ്ങൾ എടുത്ത് വിജയം കണ്ടെത്തിയതോടെ മലയാളത്തിലെ താരാധിപത്യം തകർന്നു. സംഘടനയുടെയോ ഒരു കോക്കസിൻ്റെയോ പിൻബലത്തോടെ കാര്യങ്ങൾ ചെയ്യാനോ സിനിമയിലെ പഴയ ഒതുക്കൽ പ്രക്രിയ നടത്താനോ സാധ്യമല്ലാതായി. അമ്മയുടെ മെഗാ ഷോകളൊക്കെ പഴയ പോലെ പ്രിയ്യപ്പെട്ടല്ലാതായി. ഫാൻസ് സംഘടനക്കുള്ള ആവേശമൊഴിച്ചാൽ ഇപ്പോൾ സെൽഫിയെടുക്കാൻ മാത്രമുള്ള താൽപ്പര്യം മാത്രമായി താരസങ്കൽപ്പം. താരങ്ങൾക്ക് ആകാശത്തിൽ നിന്ന് ഭൂമിയിലെക്ക് ഇറങ്ങി വരേണ്ട കാലത്തിലാണ് ഇപ്പോൾ മലയാള സിനിമ. സൂപ്പർ താരങ്ങൾക്ക് അമ്മ സംഘടന കൊണ്ട് പഴയ കാലത്തെപോലെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. അതിനാൽ അവർക്ക് അതിൽ വലിയ താൽപ്പര്യമോ, അതിൽ റോളോ ഇല്ല.

എങ്കിലും അമ്മ എന്നത് വെറുമൊരു സംഘടനക്കപ്പുറം ഒരു സാമൂഹിക പ്രസ്ഥാനം കൂടിയാണ്. പ്രായാധിക്യം കാരണം സിനിമ വിടുകയോ അവസരങ്ങൾ ഇല്ലാതാകുകയോ ചെയ്ത പഴയ കാലത്തെ നിരവധി അഭിനേതാക്കൾ ഇപ്പോൾ അഭിനയിക്കാൻ കഴിയാതെ വീട്ടിലിരിപ്പുണ്ട്. അവർക്കൊക്കെ ഈ സംഘടന ഒരു അത്താണിയാണ്. 60 വയസ്സിനുശേഷം ആരോഗ്യ ഇൻഷുറൻസ്, സർക്കാർ പെൻഷൻ എന്നിവയുൾപ്പെടെ എല്ലാത്തരം സാമ്പത്തിക സഹായങ്ങളും ഈ ഈ സംഘടന നൽകുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അഭിനേതാക്കള്‍ക്കും കലാകാരന്‍മാര്‍ക്കും സഹായമായി ഇക്കാലത്തിനിടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അമ്മ നടത്തിയിട്ടുണ്ട്.
1995 -ല്‍ നടന്ന അമ്മയുടെ ആദ്യ സ്റ്റേജ് ഷോ വഴി ഫണ്ട് ശേഖരിച്ച് അത് ഉപയോഗിച്ച് മുതിര്‍ന്ന കലാകാരന്‍മാര്‍ക്ക് ആദരമായുള്ള കൈനീട്ടം പദ്ധതി ആരംഭിച്ചു . 5000 രൂപയാണിപ്പോള്‍ കൈനീട്ടം. അംഗങ്ങള്‍ക്കെല്ലാം 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യം 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിന് സംഭാവന ചെയ്ത ‘AMMA’ പിന്നീട് ഗള്‍ഫില്‍ നടത്തിയ സ്റ്റേജ് ഷോയിലൂടെ 5 കോടിയും സമാഹരിച്ചു സർക്കാരിന് നല്‍കി. സുനാമി, ലാത്തൂര്‍ ഭൂകമ്പം, കാര്‍ഗില്‍ യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടും സംഘടന സഹായധനം സ്വരൂപിച്ചു നല്‍കിയിട്ടുണ്ട്. അമ്മവീട് പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്കായി 5 വീടുകളും അക്ഷര വീട് പദ്ധതിയിലൂടെ അവശ കലാ-കായിക താരങ്ങള്‍ക്ക് 8 വീടുകളും നിര്‍മ്മിച്ചു കൈമാറി. ഇപ്പോൾ നടക്കുന്ന പ്രതിസന്ധിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ അവതാളത്തിലായാൽ ഏറ്റവും അധികം ബാധിക്കുന്നത് ഇവരെയാണ്. ഇതുവരെ സംഘടനയിൽ കടന്നുവരാത്ത ജാതി-വർഗീയ പരാമർശവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഏതായാലും നല്ല ലക്ഷണങ്ങളല്ല.

അമ്മക്ക് വേണ്ടി നിർമ്മിച്ച പടം

ഒരു പ്രതിസന്ധിയില്‍ നിന്ന് രൂപം കൊണ്ട സംഘടനയെന്ന ചരിത്രം ആവര്‍ത്തിച്ചാല്‍ ഒരു പുനര്‍ജന്മവും നല്ലൊരു നാളെയും സംഘടനയ്ക്ക് ഉണ്ടാകുമെന്ന് വിശ്വസിക്കാം. മുൻപ് വാതു കെട്ട് വിവാദത്തില്‍ പെട്ട് നില്‍ക്കക്കള്ളിയില്ലാതായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രക്ഷിക്കാന്‍ അന്നത്തെ യുവരക്തമായ സൗരവ് ഗാംഗൂലി മുന്നിട്ടിറങ്ങിയ പോലെ മലയാള സിനിമയേയും അമ്മ സംഘടനയെയും രക്ഷിക്കാൻ ഒരു രക്ഷകൻ മുന്നോട്ട് വരും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. 2008 -ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ ട്വന്റി:20 എന്ന സിനിമ നിർമ്മിച്ച് സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ മുഴുവൻ മലയാള ചലച്ചിത്ര കലാകാരന്മാരേയും ഒന്നിപ്പിച്ച് സാമ്പത്തികമായി അവശതയനുഭവിക്കുന്ന ചലച്ചിത്ര കലാകാരന്മാരെ സഹായിക്കുന്നതിനായി അമ്മയുടെ ധനസമാഹരണം നടത്തി. മലയാളത്തിലെ മിക്ക അഭിനേതാക്കളും പൂർണ്ണമായും സൗജന്യമായി പ്രവർത്തിച്ച് ആ സിനിമ വൻ വിജയമാക്കിയ ചരിത്രം അവർക്കുണ്ട്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ അത്ഭുതമാണ് നടൻ ദിലീപ് അമ്മയ്ക്ക് വേണ്ടി നിർമ്മിച്ച, ജോഷി സംവിധാനം ആ സിനിമ ഉണ്ടായ ചരിത്രം. അത്തരമൊരു അത്ഭുതം ഇനി സംഭവിച്ചാലേ, അമ്മയുടെ മുടിയനായ പുത്രൻമാർക്ക് സംഘടനയിൽ ഇനിയൊരു തിരിച്ചു വരവുള്ളൂ.

Content Summary: The article traces the rise and decline of the Malayalam film actors’ association AMMA, highlighting decades of internal conflicts, controversies, power struggles, and recent scandals while emphasizing the need for reform to protect both the organization and the welfare of veteran artists.

This post was last modified on July 4, 2026 5:59 pm

അമർനാഥ്‌:
Related Post
Leave a Comment