വിഖ്യാത കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഇ.പി.ഉണ്ണി കഴിഞ്ഞ ദിവസം ‘ഗാന്ധിയും കാര്‍ട്ടൂണും’ എന്ന വിഷയത്തില്‍ എറണാകുളത്ത് നടത്തിയ ഒരു പ്രഭാഷണത്തില്‍ 1968 ഏപ്രില്‍ അഞ്ചിന് ഷിക്കാഗോ സണ്‍-റ്റൈംസില്‍ ബില്‍മൗള്‍ഡിന്‍ വരച്ച ഒരു കാര്‍ട്ടൂണിനെ കുറിച്ച് പറഞ്ഞിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനും പോരാളിയും ജനലക്ഷങ്ങളുടെ നേതാവുമായിരുന്ന ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ 1968 ഏപ്രില്‍ നാലിനാണ് വെടിയേറ്റ് കൊല്ലപ്പെടുന്നത്. ആ കൊലപാതക വാര്‍ത്തയ്ക്കൊപ്പം പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണില്‍ സ്വര്‍ഗ്ഗത്തിലെത്തുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ സ്വീകരിക്കുന്ന ഗാന്ധിയെ ആണ് വരച്ചിരിക്കുന്നത്. അതില്‍ ഗാന്ധിജി ഇങ്ങനെ പറയുന്നു- ‘കൊലപാതകികളെ കുറിച്ചുള്ള വിചിത്രകാര്യമെന്തെന്ന് അറിയുമോ ഡോ.കിങ്? അവരുടെ വിചാരം അവര്‍ നമ്മളെ വകവരുത്തി എന്നാണ്’.an art exhibition on Gandhi; we need a museum of peace
കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവേള
മരണത്തിന് ശേഷം ഏറ്റവും ദീര്‍ഘമായി ജീവിക്കുന്ന, മരണത്തിന് ശേഷം കൂടുതല്‍ പ്രസക്തരായ മഹാത്മാഗാന്ധിയുടേയും ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റേയും കാര്യത്തില്‍ ഏറ്റവും പ്രസക്തമായ പ്രഖ്യാപനമാണത്. കൊലപാതകികള്‍ക്കും ഭീകരവാദികള്‍ക്കും ഒരിക്കലും മനസ്സിലാകാത്ത കാര്യവുമാണത്.
ലോകത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളിലൊന്ന് നടന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനൊപ്പമായിരുന്നു. പുതുതായി രൂപപ്പെട്ട രണ്ട് രാജ്യങ്ങളിലേക്കും ചേക്കേറാന്‍ ഇരുഭാഗത്ത് നിന്നും മനുഷ്യര്‍ പാലായനം ചെയ്തു. അതിനൊപ്പം മനുഷ്യരക്തത്താല്‍ തെരുവുകള്‍ വഴുക്കി. പരസ്പരമുള്ള വെറുപ്പായിരുന്നു അക്കാലത്ത് മനുഷ്യരെ ബാധിച്ച വ്യാധി. ഇക്കാലത്ത്, 1946 ആഗസ്റ്റില്‍, എഴുപത്തിയാറ് വയസ് പ്രായമുണ്ടായിരുന്ന ഗാന്ധിജി സമാധാനത്തിന് വേണ്ടി സഞ്ചരിക്കാന്‍ ആരംഭിച്ചു. 1948 ജനുവരി മുപ്പതിന് ഹൈന്ദവ ഭീകരവാദികള്‍ അദ്ദേഹത്തെ വെടിവെച്ച് കൊല്ലുന്നത് വരെ 16,000 കിലോമീറ്ററിലധികമാണ് ഇന്ത്യയെ (പാകിസ്താനേയും) സമാധാനത്തിലെത്തിക്കാന്‍ വേണ്ടി ഗാന്ധിജി സഞ്ചരിച്ചത്. രണ്ട് തവണ ഹിംസയെ ചെറുക്കുന്നതിന് നിരാഹാര സത്യഗ്രഹം നടത്തി. പരസ്പരം കൊല്ലുന്ന മനുഷ്യര്‍ക്കിടയില്‍ അര്‍ദ്ധനഗ്‌നനായ ആ വയോധികന്‍ സമാധാനത്തിന്റെ വെളിച്ചമായി നിലകൊണ്ടു.
കലാപ്രദര്‍ശനം കാണുന്ന മുന്‍ മന്ത്രി എംഎ ബേബി
അന്ന് ഗാന്ധിജി ബംഗാളിലും ബീഹാറിലും പഞ്ചാബിലും ഡല്‍ഹിലും സഞ്ചരിച്ച വഴികളിലൂടെ കവി പി.എന്‍.ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫറായ സുധീഷ് എഴുവത്തും ചിത്രകാരനും ലളിതകലാ അക്കാദമി ചെയര്‍മാനുമായ മുരളീ ചീരോത്തും നടത്തിയ യാത്രകളില്‍ അവര്‍ ശേഖരിച്ച ചിത്രങ്ങളും ഫോട്ടോകളും ഡോക്യുമെന്റുകളും ചേര്‍ത്ത് ഗാന്ധിജിയുടെ അവസാന നാളുകളെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒരു കലാപ്രദര്‍ശനം എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ലളിത കലാ അക്കാദമി മ്യൂസിയത്തില്‍ നടന്നു. ഗാന്ധിജിയുടെ ഓര്‍മ്മകള്‍ക്കൊപ്പം ലോകത്തെവിടെയും സമാധാനത്തിന് വേണ്ടിയുള്ള തീക്ഷ്ണമായ പോരാട്ടങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഈ പ്രദര്‍ശനത്തിന് ‘യൂ ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മീ’ എന്നാണ് പേരിട്ടിരുന്നത്. രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിന് ആരംഭിച്ച ഒരു ചിത്ര, വീഡിയോ, കവിത പ്രദര്‍ശനവും അനുബന്ധ ചര്‍ച്ചകളും ഇന്ന് സമാപിക്കുമ്പോള്‍ ഫാഷിസത്തിനെതിരെ നിരന്തരം പോരാടാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒരു സമാധാനത്തിന്റെ മ്യൂസിയം ഓരോ നാടുകളിലും ആവശ്യമാണെന്ന വസ്തുത കൂടി കൂടുതല്‍ വ്യക്തമാവുകയാണ്.
9 എം.എം ബരേറ്റ തോക്ക്
പ്രദര്‍ശനത്തിന്റെ ആരംഭം ഗാന്ധിജിയുടെ മരണത്തിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച 9 എം.എം ബരേറ്റ എന്ന തോക്കിന്റേയും രക്തം പുരണ്ട ത്രിവര്‍ണ പതാകയുടേയും മാതൃകകള്‍ക്കിടയിലൂടെ ഗാന്ധിജിയുടെ അവസാന നാളുകളിലേക്ക് കടക്കുന്നു. ഫോട്ടോകള്‍, ഓര്‍മ്മകള്‍, കുറിപ്പുകള്‍, ഗാന്ധിയുടെ മരണത്തെ കുറിച്ചുള്ള കവിതകള്‍, പല ദേശങ്ങളിലെ മനുഷ്യരുടെ സ്മരണകള്‍ ഇതിലെല്ലാം കൂടി നമ്മള്‍ ഒരിക്കല്‍ കൂടി കടന്ന് പോകും. ഈ പ്രദര്‍ശനത്തില്‍ ഏറ്റവും വലിയ വീഡിയോ വാളില്‍ നാഥുറാം വിനായക് ഗോഡ്സെ എന്ന മുഖ്യപ്രതി ഗാന്ധിവധത്തിന്റെ വിചാരണ നടന്ന ഷിംല കോടതിയില്‍ എന്തുകൊണ്ട് ഗാന്ധിജിയെ വധിച്ചുവെന്ന് വിശദീകരിക്കുന്നത് നമുക്ക് കാണാം. നടനും നാടകപ്രവര്‍ത്തകനുമായ ഗോപാലനാണ് ആ ഭാഗം അവതരിപ്പിക്കുന്നത്. ഇന്ന് ഗോഡ്സെ വിചാരങ്ങള്‍ക്ക് ഗാന്ധിജിയേക്കാള്‍ ‘വലുപ്പം’ അനുവദിച്ച് കൊടുക്കുന്ന ഹിന്ദുത്വ കാലത്തിന്റെ പ്രതിരൂപമാണത്. സത്യഗ്രഹം കൊണ്ടും നിരാഹാരം കൊണ്ടും ചോരപ്പുഴകള്‍ക്ക് അണകെട്ടിയ മനുഷ്യനേക്കാള്‍ വെറുപ്പുകൊണ്ടും അക്രമം കൊണ്ടും ആ മനുഷ്യനെ അവസാനിപ്പിച്ച് കളയാം എന്ന് വിചാരിച്ച ഭീകരവാദികളുടെ ഉച്ചത്തില്‍ മുഴങ്ങുന്ന ന്യായീകരണങ്ങള്‍. പക്ഷേ അതിനിടയില്‍ ജീവിക്കുന്ന ഗാന്ധിജിയുടെ സാന്നിധ്യം ഭീതിജനകമായ ഒരു കാലത്ത് രക്ഷാവലയം പോലെ നമ്മളെ പൊതിയുന്നു.
എഴുത്തുകാരനും പ്രമുഖ ഗാന്ധിയനുമായ ഡോ.സുധീര്‍ചന്ദ്ര
ഈ പ്രദര്‍ശനത്തിന്റെ ഭാഗമായി ഡോ.സുധീര്‍ചന്ദ്രയുടെ പ്രഭാഷണം, ഗാന്ധിജിയെ കുറിച്ചുള്ള കവിതകളുടെ അവതരണം, ഗാന്ധിജിയും കാര്‍ട്ടൂണും എന്ന വിഷയത്തില്‍ ഇ.പി.ഉണ്ണിയുടെ പ്രഭാഷണം, ഗാന്ധിജിയും സാഹിത്യവും എന്ന എന്‍.എസ് മാധവന്റെ പ്രഭാഷണം, ബംഗ്ലാദേശില്‍ നിന്നടക്കം രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് എത്തിയവര്‍ പ്രൊഫ. എം.വി.നാരായണനുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ച എന്നിങ്ങനെ ഒട്ടേറെ അനുബന്ധ പരിപാടികളും ഉണ്ടായിരുന്നു.an art exhibition on Gandhi; we need a museum of peace
Content Summary: an art exhibition on Gandhi; we need a museum of peace