2024ന്റെ അവസാനത്തോടെ തീയേറ്ററുകളിലെത്തിയ റൈഫിൾ ക്ലബ്ബ് മികച്ച അഭിപ്രായങ്ങൾ നേടി തീയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ എഴുത്തുകാരിലൊരാളായ ദിലീഷ് നായർ അഴിമുഖത്തോട് സംസാരിക്കുന്നു.
പ്രേക്ഷകർക്ക് സിനിമ ഇഷ്ടമായി എന്ന് പറയുന്നത് തന്നെ വലിയ സന്തോഷമാണ്. ഞങ്ങളുടെ അധ്വാനത്തിന് വളരെ നല്ലൊരു റിസൾട്ട് ആണ് കിട്ടിയിരിക്കുന്നത്. അതിൽ വളരെയധികം സന്തോഷമുണ്ട്. ഒരുപാട് കഥാപാത്രങ്ങൾ ഉൾപ്പെടുന്ന ഒരു സിനിമയാണിത്. എഴുതുമ്പോൾ ഒരുപക്ഷേ ഇതിൽ ഏറ്റവും ചാലഞ്ചിങ് ആയി തോന്നിയ കഥാപാത്രം അനുരാഗ് കശ്യപിന്റെയായിരിക്കും. കാരണം ആ കഥാപാത്രത്തെ വളരെ ശക്തമായി തന്നെ അവതരിപ്പിക്കണമല്ലോ. അത് സിനിമയിൽ വളരെ നന്നായി വർക്കായിട്ടുണ്ടെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
കഥയുടെ ഗതിയനുസരിച്ച് നോക്കുമ്പോൾ അനുരാഗ് കശ്യപ് അവതരിപ്പിച്ച കഥാപാത്രത്തെ വില്ലൻ ആയി മാത്രം കാണാനാവില്ല. അയാളുടെ പ്രവൃത്തികൾ ജസ്റ്റിഫൈഡാണ്. ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ തന്റെ രണ്ട് മക്കളേയും നഷ്ടപ്പെടുന്ന ഒരു അച്ഛന്റെ മാനസികാവസ്ഥ എങ്ങനെയായിരിക്കും. അയാൾ വൈലന്റാകും, മാനസിക വിഭ്രാന്തികൾ കാണിക്കും. അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.
തോക്കുകളല്ല, തോക്കുകൾ ഉപയോഗിക്കുന്നവരാണ് ഈ കഥയിലെ ഹീറോകൾ. തോക്ക് ഒരു ആയുധം മാത്രമാണ്. അത് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചാണ് സിനിമ പറയുന്നത്. സിനിമയുടെ പേര് തന്നെ റൈഫിൾ ക്ലബ്ബ് എന്നാണ്. ഇതിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ റൈഫിൾ ക്ലബ്ബിലെ അംഗങ്ങൾക്കെല്ലാം പ്രത്യേകമായൊരു ശരീര ഭാഷയുണ്ട്. അവർ പറയുന്ന വാക്കുകളും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ അവരുടെ ഡയലോഗുകളും അത്രക്ക് ശക്തമായിരിക്കണം.
നമ്മുടെ മിനിമം സാഹചര്യങ്ങൾ വെച്ച് റൈഫിൾ ക്ലബ്ബ് പോലൊരു കഥ പറയണമെങ്കിൽ ഏറ്റവും ഉചിതമായ പശ്ചാത്തലം വെസ്റ്റേൺ ഗഡ്സ് ആണ്. നമ്മുടെ കേരളത്തിന്റെ ഭാഗം മുഴുവനും വെസ്റ്റേൺ ഗഡ്സാണ്. കേരളത്തിൽ നടക്കുന്ന ഒരു കഥയായതുകൊണ്ട് തന്നെ സംവെയർ ഇൻ വെസ്റ്റേൺ ഗഡ്സ് എന്നൊരു ആശയം വരികയായിരുന്നു. അതുകൊണ്ടാണ് വെസ്റ്റേൺ ഗഡ്സ് തിരഞ്ഞെടുത്തത്.
സ്ത്രീകളുടെ കഥാപാത്രങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഒരു റൈഫിൾ ക്ലബ്ബിലേക്ക് വരുന്ന ഒരംഗം സ്വാഭാവികമായും ഷൂട്ട് ചെയ്യാൻ അറിയുന്നവരായിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഷൂട്ട് ചെയ്യാനറിയാം. ‘ഞാൻ ആണാണെന്ന് വിചിരിച്ചോ’, എന്ന് സിനിമയിൽ വാണി വിശ്വനാഥിന്റെ ഡയലോഗിന് അത് കൊണ്ടാണ് അത്രത്തോളം ഇംപാക്ട് ഉള്ളത്. ആ ഓർഗനൈസേഷൻ സ്ത്രീക്കും പുരുഷനും ഒരേ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ഇട്ടിയാനമെന്ന കഥാപാത്രമൊക്കെ അത്രയും ശക്തമായ കഥാപാത്രമായത് അതുകൊണ്ടാണ്. ഈ സിനിമയിൽ സ്ത്രീകളും പുരുഷന്മാരും കോമൺ ഫൈറ്റാണ് ചെയ്യുന്നത്.
2011ൽ പുറത്തിറങ്ങിയ സാൾട്ട് എൻ പെപ്പർ എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് നായർ തൻ്റെ തിരക്കഥാരചനയിൽ അരങ്ങേറ്റം കുറിച്ചത്. 2014ൽ റിലീസായ ടമാർ പടാർ ആണ് ദിലീഷ് നായർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം. പിന്നീട് ആഷിഖ് അബു ചിത്രമായ മായാനദിയുടേയും തിരക്കഥാകൃത്തായിരുന്നു. ശ്യാം പുഷ്‌കരനൊപ്പം ദിലീഷ് നായരും ചേർന്നാണ് മായാനദിയുടെ തിരക്കഥ എഴുതിയത്. Dileesh nair
Content Summary: An interview with Dileesh Nair, the writer of Rifle Club
s