സിനിമ ഒരിക്കലും നൂറു ശതമാനം നിഷ്പക്ഷമായ മാധ്യമമല്ല. അതിന് എപ്പോഴും ഒരു പക്ഷമുണ്ടാകും; അത് അതിന്റെ സ്രഷ്ടാവിന്റെ പക്ഷമാണ്. എന്നാല്‍, ആ ഏകപക്ഷീയതയെ ചോദ്യം ചെയ്യാനും, അതിലെ രാഷ്ട്രീയത്തിന്റെ ശരിതെറ്റുകള്‍ സ്വയം വിലയിരുത്താനുമുള്ള സ്വാതന്ത്ര്യവും വിവേകവും പ്രേക്ഷകനുണ്ട് എന്നിടത്താണ് സിനിമ ഒരു സംവാദ മാധ്യമമായി മാറുന്നത്. ഒരു സിനിമ അവസാനിക്കുന്നത് തിയേറ്ററിലല്ല, അത് പ്രേക്ഷകന്റെ ചിന്തകളിലാണ്. അതുകൊണ്ട് സിനിമ പറഞ്ഞുപോകുന്ന ‘ശരി’യിലെ തെറ്റുകളും പക്ഷപാതിത്വങ്ങളും തിരിച്ചറിയാനും വിമര്‍ശിക്കാനും പ്രേക്ഷകന് സാധിക്കും.
ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ ചിത്രമായ ‘അനന്തന്‍കാട്’ ചര്‍ച്ചയാകുന്നത്. തിയേറ്റര്‍ കാഴ്ച അര്‍ഹിക്കുന്ന ഒരു ‘സിനിമാറ്റിക് എക്‌സലന്‍സ്’ തന്നെയാണ് ഈ സിനിമ. എങ്കിലും, പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായൊരു ടെംപ്ലേറ്റിലാണ് ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ പ്രവചനീയതയുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. എന്നാല്‍, ‘അനന്തന്‍കാട്’ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നത് അതിന്റെ രചയിതാവ് സിനിമയിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ‘രാഷ്ട്രീയ ശരികളുടെ’ ശരികേടുകളിലൂടെയായിരിക്കും.
തീര്‍ച്ചയായും ഈ സിനിമയുടെ ഏറ്റവും വലിയ യു.എസ്.പി മുരളി ഗോപി എന്ന എഴുത്തുകാരന്‍ തന്നെയാണ്; കാരണം അയാളുടെ എഴുത്തിന് കൃത്യമായ കാഴ്ചക്കാരുണ്ട്. തനതായ നിലപാടുകളുള്ള എഴുത്തുകാരന്‍ എന്നതാണ് മുരളിയുടെ അടയാളം. സ്വന്തമായി ഒരു പക്ഷമുള്ള എഴുത്തുകാരനാണെങ്കിലും അയാള്‍ ഒരിക്കലും ഒരു സാധാരണ പക്ഷപാതിയല്ലെന്നും, സ്വന്തം ചിന്തകളെ പ്രേക്ഷകരിലേക്ക് അടിച്ചേല്‍പ്പിക്കാതെ സമൂഹത്തില്‍ ആരോഗ്യകരമായ ഒരു സംവാദത്തിന് വഴിതുറന്നിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കാറുണ്ട്. എന്നാല്‍ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും, നിലപാടുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മുരളി ഗോപിയെ പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല. ദാന്തെ അലിഘിയേരി ചൂണ്ടിക്കാണിച്ചതുപോലെ, വലിയ ധാര്‍മ്മിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ നിഷ്പക്ഷത പാലിക്കുന്ന കപടത കാണിക്കാതെ, വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം ബഹുമാനമര്‍ഹിക്കുന്നുണ്ട്.
എന്നാല്‍ ‘അനന്തന്‍കാട്’ എന്ന സിനിമയിലും മുരളി ശക്തമായി പക്ഷം പിടിക്കുന്നുണ്ട്; അതിനോട് ജനാധിപത്യപരമായി വിയോജിപ്പ് ഉയര്‍ത്തേണ്ടതുമുണ്ട്. ‘എംപുരാന്‍’ എന്ന സിനിമയ്ക്ക് ശേഷമാണ് മുരളി ‘അനന്തന്‍കാട്’ കൊണ്ടുവരുന്നത്. ചലച്ചിത്രാനുഭവം എന്ന നിലയില്‍ ഒട്ടും സംതൃപ്തി തരാതിരുന്ന ‘എംപുരാന്‍’ അതിലെ രാഷ്ട്രീയം കൊണ്ടാണ് ചര്‍ച്ചയായത്. ‘ആരും ശരിയല്ല’ എന്ന അരാഷ്ട്രീയത നിറഞ്ഞതായിരുന്നു ‘ലൂസിഫറും’ അതിന്റെ തുടര്‍ച്ചയായ ‘എംപുരാനും’. അതുണ്ടാക്കിയ കോലാഹലങ്ങളില്‍ നിന്നും മൗനം പാലിച്ചകന്നു നിന്ന മുരളി, താന്‍ ചെയ്ത ആ രാഷ്ട്രീയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനെന്നവണ്ണമാണ് ‘അനന്തന്‍കാടില്‍’ രാഷ്ട്രീയം എഴുതി വച്ചിരിക്കുന്നത്. ‘ലൂസിഫര്‍’ പ്രപഞ്ചത്തിന്റെ ലാര്‍ജര്‍-ദാന്‍-ലൈഫ് ശൈലിയില്‍ നിന്ന് മാറി, തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ കുറച്ചുകൂടി യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്ന, വൈകാരികതയ്ക്ക് പ്രാധാന്യമുള്ള ഒരു ‘പാന്‍-ദ്രവീഡിയന്‍’ സിനിമയായിട്ടാണ് മുരളി ഇത് ഒരുക്കിയിരിക്കുന്നത്. എങ്കിലും ഇതിലെ രാഷ്ട്രീയം ജനാധിപത്യപരമായി വിചാരണ ചെയ്യപ്പെടേണ്ടതാണ്.
മലയാള സിനിമ പതിറ്റാണ്ടുകളായി സംസാരിച്ചിരുന്നത് പ്രധാനമായും രണ്ട് രാഷ്ട്രീയ ധാരകളെക്കുറിച്ചായിരുന്നു. മുരളി ഗോപി തന്റെ എഴുത്തിലൂടെ ഈ രണ്ട് പരമ്പരാഗത ധാരകളെയും ഒരുപോലെ വിചാരണ ചെയ്യുകയും അവ രണ്ടും കാലഹരണപ്പെട്ടതോ ജീര്‍ണ്ണിച്ചതോ ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ‘ഈ അടുത്ത കാലത്ത്’ എന്ന സിനിമയിലൂടെ കേരളത്തില്‍ ഒരു സാംസ്‌കാരിക ബദലിന്റെ ആവശ്യമുണ്ടെന്ന് സ്ഥാപിച്ച അയാള്‍, പിന്നീട് വന്ന ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും’ ‘ലൂസിഫറിലുമെല്ലാം’ ആ മൂന്നാം രാഷ്ട്രീയത്തിന് സാധ്യത കൂട്ടാന്‍ വേണ്ടി നിലവിലുള്ള രണ്ട് രാഷ്ട്രീയ സംവിധാനങ്ങളെയും അഴിമതിയും അക്രമവുമായി ചാപ്പകുത്തി. ജനങ്ങളില്‍ ഈ രണ്ട് രാഷ്ട്രീയധാരകളോടും അവമതിപ്പ് സൃഷ്ടിച്ചുകൊണ്ട്, അബ്രാം ഖുറേഷിയെപ്പോലെ വ്യവസ്ഥിതികള്‍ക്ക് പുറത്തുള്ള ഒരു ‘രക്ഷകന്റെ’ ആവശ്യകതയെ സ്ഥാപിക്കാനായിരുന്നു അവിടുത്തെ ശ്രമം.
‘ടിയാനില്‍’ ആള്‍ദൈവങ്ങളെ ചോദ്യം ചെയ്തതും, ‘എംപുരാനില്‍’ സംഘപരിവാര്‍ രാഷ്ട്രീയത്തെ സ്പര്‍ശിച്ചതും ചൂണ്ടിക്കാണിച്ച് മുരളി ഗോപി എല്ലാ വ്യവസ്ഥിതികളെയും ഒരേപോലെ എതിര്‍ക്കുന്ന നിഷ്പക്ഷനാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാല്‍, ആ വിമര്‍ശനങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് ഒരു ‘രാഷ്ട്രീയ പ്രതിരോധ കവചം’ തീര്‍ക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ്. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ വേരുകളെ അറുക്കാന്‍ ശ്രമിക്കുന്ന അതേ തീവ്രതയോടെയല്ല അദ്ദേഹം മറുപക്ഷത്തെ സമീപിക്കുന്നത്. നിലവിലുള്ള സംവിധാനങ്ങളെ എല്ലാം ഒരേപോലെ അഴിമതിക്കാരായി ചാപ്പകുത്തുമ്പോഴും, ആത്യന്തികമായി അദ്ദേഹം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പാരമ്പര്യവാദത്തില്‍ ഊന്നിയ ഒരു സാംസ്‌കാരിക രാഷ്ട്രീയമാണ്.
അതിന്റെ തുടര്‍ച്ച തന്നെയാണ് ‘അനന്തന്‍കാട്’ എന്ന സിനിമയിലും കാണുന്നത്. ചിത്രത്തിലെ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലെ സീന്‍ ഇതിനൊരു ഉദാഹരണമാണ്. ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ചുള്ള മാസ് ഡയലോഗിലൂടെ മുരളി ചെയ്യുന്നത് തന്റെ മുന്‍കാല സിനിമകളുടെ തുടര്‍ച്ച തന്നെയാണ്. ഒരു വശത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അധികാര പ്രയോഗങ്ങളെ അക്രമവത്കരിച്ചു വിമര്‍ശിക്കുമ്പോള്‍ തന്നെ, മറുവശത്ത് അത് ആചാരങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുക കൂടിയാണ്. ആ രംഗത്തിന് പിന്നാലെ, താന്‍ വിമര്‍ശിക്കുന്നത് കമ്മ്യൂണിസത്തെയല്ല അതിനെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതയെ ആണെന്ന മുരളിയുടെ ജാമ്യമെടുക്കല്‍ അതുകൊണ്ടുതന്നെ ഒരു വലിയ തമാശയായി മാറുന്നു.
‘ആരും ശരിയല്ല’ എന്നത് മുരളി ഗോപിയുടെ അടിസ്ഥാന നിലപാടെന്ന് ഉപരിപ്ലവമായി തോന്നാമെങ്കിലും, ‘ഇതാണ് ശരി’ അല്ലെങ്കില്‍ ‘ഇതാണ് തനിമ’ എന്ന തരത്തിലുള്ള ഒരു സാംസ്‌കാരിക യുക്തിയിലേക്ക് കാഴ്ച്ചക്കാരെ എത്തിക്കാനാണ് അയാള്‍ ശ്രമിക്കുന്നത് എന്നതാണ് സത്യം. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ മുതല്‍ ഇടത് രാഷ്ട്രീയത്തിന് മേല്‍ അക്രമത്തിന്റെ ലേബല്‍ ചാര്‍ത്തിക്കൊടുക്കുന്ന അതേ ‘ചാപ്പകുത്തല്‍’ രീതി തന്നെയാണ് ഇതിലും പിന്തുടരുന്നത്. സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷണത്തിനായി തങ്ങള്‍ ആരെയാണോ നെഞ്ചിലേറ്റാന്‍ ശ്രമിക്കുന്നത്, അവര്‍ തന്നെ വിശ്വാസലംഘകരുടെ പക്ഷം ചേര്‍ന്ന് ചതിക്കുന്നുവെന്ന് മുരളി പറഞ്ഞു വെയ്ക്കുന്നത് ഹൈന്ദവ രാഷ്ട്രീയത്തിന്റെ ‘ഹിന്ദു ഉണരൂ’ എന്ന സ്ലോഗന് പരോക്ഷമായി അടിവരയിടാനും അതിന് ബലം നല്‍കാനുമായിരിക്കാം.
വേട്ടയാടപ്പെടുന്ന മനുഷ്യരുടെ കഥ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന തത്വത്തിലൂന്നിയാണ് ‘അനന്തന്‍കാടി’ലെ രാഷ്ട്രീയത്തിനും മുരളി അടിത്തറ കെട്ടിയിരിക്കുന്നത്. ‘എന്റെ സുഹൃത്തുക്കളെ, നമ്മള്‍ തമ്മിലുള്ള വ്യത്യാസങ്ങളേക്കാള്‍ കൂടുതല്‍ നമ്മളിലുള്ള സാമ്യതകളാണ്’ എന്ന മായ ആഞ്ചലോയുടെ വചനം തന്നെയാണ് സിനിമയിലെ കഥാപാത്രങ്ങള്‍ക്കിടയിലുള്ള ബന്ധത്തിന്റെ സാരം. വേദനയ്ക്ക് ഒരൊറ്റ ഭാഷയേയുള്ളൂ എന്ന് ഈഴം തമിഴന്റെയും തിരുവനന്തപുരത്തെ ചേരിയിലെ മനുഷ്യന്റെയും ജീവിതങ്ങളിലൂടെ കാണിക്കാന്‍ ഇവിടെ ശ്രമമുണ്ട്. കമ്മ്യൂണിസം എന്നും മുന്നോട്ടുവെക്കുന്ന ഒരു ‘അന്താരാഷ്ട്രീയത’യുണ്ട്; ‘ലോകത്ത് എവിടെയെങ്കിലും നടക്കുന്ന അനീതിക്കെതിരെ നിങ്ങളുടെ രക്തം തിളയ്ക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്റെ സഖാവാണ്’ എന്ന് മുരളിക്കും എത്രയോ മുന്‍പേ പറഞ്ഞുപോയത് ചെഗുവേരയാണ്. ലോകത്തെവിടെയും പീഡിപ്പിക്കപ്പെടുന്നവരുടെ വിമോചനം ഒരുപോലെയാണെന്ന് കരുതുന്ന ആ പ്രത്യയശാസ്ത്രത്തെയും അതിനായ് നിലകൊള്ളുന്ന മനുഷ്യരെയുമാണ് സിനിമയില്‍ കാലഹരണപ്പെട്ട ആശയങ്ങള്‍ ചുമക്കുന്നവരായി പരിഹസിക്കുന്നത്.
പക്ഷേ, മുരളി സിനിമയില്‍ പരിഹസിക്കുന്ന ചുമരില്‍ കേറിയ ആ ‘അമ്മാച്ചന്മാര്‍’ എത്രയോ മുന്‍പ്, ഈ ലോകത്തോട് വിളിച്ചുപറഞ്ഞ അതേ വിമോചന രാഷ്ട്രീയമാണ് യഥാര്‍ത്ഥത്തില്‍ മുരളിക്ക് ഇങ്ങനെയൊരു സിനിമ എഴുതാനുള്ള പ്രത്യയശാസ്ത്ര അടിത്തറ നല്‍കിയത് എന്നത് മറക്കരുത്. ആ വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും മുന്‍പേ ഇവിടെയുണ്ടായിരുന്നുവെന്ന് മുരളി ഗരിമയോടെ വാഴ്ത്തുന്ന ആര്‍ഷസംസ്‌കാരത്തിന്റെ കുറിയും ചരടും കൊണ്ട് ഈ ലോകത്തിന് ഒരു ഗുണപരമായ മാറ്റവും ഉണ്ടായിട്ടില്ല; ഒരു സാധാരണക്കാരന്റെയും വേദന അത് മാറ്റിയിട്ടുമില്ല. അതുകൊണ്ട് വിമോചനത്തിന്റെ അന്താരാഷ്ട്രീയതയെ തള്ളിപ്പറഞ്ഞുകൊണ്ട്, ആര്‍ഷസംസ്‌കാരത്തിന്റെ പൊള്ളത്തരങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുരളിയുടെ പക്ഷപാത രാഷ്ട്രീയത്തിന്റെ മുരള്‍ച്ചയാണ് അനന്തന്‍കാടില്‍ നിന്നും കേള്‍ക്കുന്നത്..
Content Summary; A deep political analysis of Murali Gopy’s script in Ananthan kaad. Disagreements for Murali Gopy’s political stands.
This post was last modified on June 27, 2026 12:25 pm
Leave a Comment