വംശനാശ ഭീഷണിയില്‍ ജീവികള്‍; മനുഷ്യന്റെ പങ്ക് എത്ര?

അമേരിക്കയിലിപ്പോള്‍ സഞ്ചാരി പ്രാവുകളുടെ എണ്ണം വട്ടപ്പൂജ്യമാണ്

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഗോള തലത്തില്‍ പുറത്തിറക്കുന്ന പട്ടികയാണ് ചെമ്പട്ടിക അഥവാ റെഡ്‌ലിസ്റ്റ്. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനായി രൂപം കൊണ്ട ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്ചുറല്‍ റിസോഴ്‌സ് (ഐ.യുസി.എന്‍) 1964 മുതല്‍ റെഡ്‌ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്. ജീവിവര്‍ഗങ്ങളുടെ വ്യാപ്തി, ജനസംഖ്യാ വലുപ്പം, ആവാസ വ്യവസ്ഥകള്‍, പരിസ്ഥിതി, ഉപയോഗം, വ്യാപാരം, ഭീഷണികള്‍, സംരക്ഷണ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ റെഡ്‌ലിസ്റ്റിലുണ്ട്.111 സര്‍ക്കാര്‍ ഏജന്‍സികള്‍, 800 ല്‍പരം സര്‍ക്കാരിതര സംഘടനകള്‍ 16,000 ല്‍ അധികം ശാസ്ത്രജ്ഞര്‍ തുടങ്ങിയ വിപുലമായ സംഘത്തിന്റെ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വംശനാശം നേരിടുന്ന ജീവജാലങ്ങളുടെ പട്ടിക തയാറാക്കുന്നത്. ഓരോ ജീവിയെയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടികയില്‍ തരംതിരിച്ചിട്ടുള്ളത്. വേണ്ടത്ര പഠനം നടക്കാത്ത ജീവിവര്‍ഗ്ഗങ്ങള്‍, വസ്തുതകള്‍ അവ്യക്തമായ സ്പീഷീസുകള്‍, ഒട്ടും ആശങ്കാജനകമല്ലാത്ത അവസ്ഥയിലുള്ള ജീവികള്‍, സംരക്ഷണം ആവശ്യമുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ സാധ്യതയുള്ള ജീവിവര്‍ഗ്ഗങ്ങള്‍, വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍, ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവ, ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിച്ച ജീവികള്‍, വംശനാശം സംഭവിച്ച ജീവികള്‍ എന്നിങ്ങനെയാണ് വര്‍ഗീകരണം.

ഡോഡോ പക്ഷി

പ്രകൃതിയില്‍ നിന്ന് പൂര്‍ണ്ണമായും വംശമറ്റ് പോയ ജീവികളാണ് വംശനാശം സംഭവിച്ച ജീവികള്‍ (Extinct). വംശത്തിലെ അവസാന ജീവിയും മരിക്കുകയോ സമയബന്ധിതമായ സര്‍വ്വേകളില്‍ ഒരംഗത്തെപ്പോലും കണ്ടെത്താനാവാതിരിക്കുകയും ചെയ്തവയാണിത്. ദിനോസറുകളും ഡോഡോ പക്ഷികളും ഈ ഗണത്തില്‍ പെടുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളാണ് critically endangered വിഭാഗത്തിലുള്ളത്. കരിമ്പന്‍ കാട്ടുകോഴി (ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്)യും വാക്വിറ്റയും ഇതില്‍ പെടുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ (അല്ലെങ്കില്‍ മൂന്ന് തലമുറകള്‍) ജനസംഖ്യ 50 മുതല്‍ 70 ശതമാനത്തിലധികം കുറയുന്നതിന്റെ ഫലമായി വംശനാശത്തിന്റെ വളരെ ഉയര്‍ന്ന സാധ്യതയുള്ള ജീവികളാണ് വംശനാശഭീഷണി നേരിടുന്ന ജീവികള്‍ (Endangered). പ്രകൃതിയുടെ സ്വഭാവമാറ്റമോ വേട്ടയാടലോ കാരണം എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ജീവികളാണിവ. ബംഗാള്‍ കടുവ, ഏഷ്യന്‍ സിംഹം, മഞ്ഞുപുള്ളിപ്പുലി എന്നിവ ഈ ഗണത്തില്‍ പെടുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ (അല്ലെങ്കില്‍ മൂന്ന് തലമുറകള്‍) 30 മുതല്‍ 50 ശതമാനത്തിലധികം ജനസംഖ്യ കുറയുന്നതിന്റെ ഫലമായി വംശനാശത്തിന് വളരെ ഉയര്‍ന്ന സാധ്യതയുള്ള ജീവിവര്‍ഗ്ഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിഭാഗമാണ് (Vulnerable). ഗംഗാറ്റിക് ഡോള്‍ഫിനുകള്‍, ഇന്ത്യന്‍ ആനകള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു. വംശനാശഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് അടുക്കുന്നതോ അല്ലെങ്കില്‍ സമീപഭാവിയില്‍ വംശനാശഭീഷണി നേരിടുന്നവയുടെ മാനദണ്ഡങ്ങള്‍ പാലിച്ചേക്കാവുന്നതോ ആയ ജീവിവര്‍ഗ്ഗങ്ങളെയാണ് (Near Threatened) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സ്വന്തം ആവാസവ്യവസ്ഥയില്‍ വംശനാശം സംഭവിക്കുകയും എന്നാല്‍ മറ്റ് എവിടെയെങ്കിലും ഇപ്പോഴും സംരക്ഷിക്കപ്പെടുകയോ നിലനില്‍ക്കുകയോ ചെയ്യുന്ന ജീവി സ്പീഷീസുകളെ (Extinct in wild)
എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വംശനാശ ഭീഷണിയുടെ സാധ്യത വിലയിരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത ജീവിവര്‍ഗ്ഗങ്ങളെ (Data Deficient) എന്ന പേരില്‍ പ്രത്യേകം വര്‍ഗീകരിച്ചിട്ടുണ്ട്. നിലവില്‍ വംശനാശ ഭീഷണി നേരിടാത്ത ജീവികളെ (Least concern) വിഭാഗത്തിലും ഈ മാനദണ്ഡങ്ങള്‍ പ്രകാരം വിലയിരുത്താത്ത ജീവികളെ (Not evaluated) എന്ന പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തില്‍ ജീവിവര്‍ഗങ്ങളുടെ വംശനാശം വ്യാപകമായി കൊണ്ടിരിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ IUCN റെഡ് ലിസ്റ്റില്‍ 1,69,420 ജീവികളുടെ വിവരങ്ങളുണ്ട്. ഇവയില്‍ 47,187 സ്പീഷീസുകള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഭൂമിയില്‍ കണ്ടെത്തിയ ജീവികളില്‍ 28 ശതമാനവും വംശനാശ ഭീഷണി നേരിടുന്നുണ്ട്. 41% ഉഭയജീവികളും 27% സസ്തനികളും 34% കോണിഫറുകളും 12% പക്ഷികളും 37% സ്രാവുകളും 44% പവിഴപ്പുറ്റുകളും 21% ഉരഗങ്ങളും 28% കവചജന്തുക്കള്‍ എന്നിവ അതില്‍ പെടുന്നു. വംശനാശത്തിന്റെ വക്കിലെത്തിയ നിരവധി ജീവികള്‍ വേറെയുമുണ്ട്. കീടനാശിനികളുടെയും നിയോനിക്കോട്ടിനുകളുടെയും ഉപയോഗം കാരണം തേനീച്ചകള്‍ വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ സസ്തനിയായ ജിറാഫും വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. 1985 ല്‍ 1,55,000 ജിറാഫുകളുണ്ടായിരുന്നെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കാരണം 2018 ആയപ്പോഴേക്ക് അത് 80,000 ആയി കുറഞ്ഞു. കടല്‍ മലിനീകരണം കാരണം കടലാമകള്‍ ചത്തൊടുങ്ങി വംശനാശത്തിന്റെ വക്കിലാണ്. അമിതമായ വിനോദസഞ്ചാരവും കാലാവസ്ഥാ വ്യതിയാനവും കാരണം അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ സ്പീഷീസായ എമ്പറര്‍ പെന്‍ഗ്വിന്‍ വംശനാശ ഭീഷണി നേരിടുന്നു.

ഇന്ത്യന്‍ സ്പീഷീസുകളും ചെമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബംഗാള്‍ കടുവ, ഏഷ്യാറ്റിക്ക് സിംഹം, ഇന്ത്യന്‍ ആന, ഇന്ത്യന്‍ പാങ്ങോളിന്‍, ഗംഗാറ്റിക്ക് ഡോള്‍ഫിന്‍, ചുവന്ന പാണ്ട എന്നി ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഹിമാലയന്‍ കുയില്‍, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്, ഇന്ത്യന്‍ കഴുകന്‍ എന്നിവ ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നവയാണ്. കടല്‍ പശുവും ഹിമപ്പുലിയും വംശനാശത്തിന് ഉയര്‍ന്ന സാധ്യതയുള്ളവയാണ്. കേരളത്തിലെ സ്പീഷീസുകളില്‍ സിംഹവാലന്‍ കുരങ്ങ്, നീലഗിരി താര്‍, പശ്ചിമഘട്ട മരം തവള, പാതാളത്തവള (പര്‍പ്പിള്‍ തവള) എന്നിവ വംശനാശ ഭീഷണി നേരിടുന്നവയാണ്. മലബാര്‍ സിവെറ്റ് (വെരുക്) ഉം കൊച്ചിന്‍ കാടാമ്പി ആമയും ഗുരുതരമായ വംശനാശഭീഷണി നേരിടുന്നുണ്ട്.

പര്‍പ്പിള്‍ തവള

ആവാസ വ്യവസ്ഥയിലെ മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റം, വികസന പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വേട്ടയാടല്‍, വന്യജീവിക്കടത്ത്, പ്ലാസ്റ്റിക്ക് ഉപയോഗം, കടല്‍ മലിനീകരണം, അനിയന്ത്രിത വേട്ടയാടല്‍ എന്നിങ്ങനെ നീളുന്നതാണ് വംശനാശത്തിന്റെ കാരണങ്ങള്‍.
നഗരവല്‍ക്കരണം, വ്യാവസായിക വികസനം എന്നിവക്ക് വേണ്ടി മനുഷ്യര്‍ കാടുകള്‍ വെട്ടിമാറ്റിയതോടെ ജീവികളുടെ ആവാസ വ്യവസ്ഥ നഷ്ടമായി.
ജലമലിനീകരണം, മണ്ണിലെ രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം, വായു മലിനീകരണം എന്നിവ കാരണം നദികളിലെ മത്സ്യങ്ങള്‍ വംശനാശഭീഷണിയിലാകുന്നു. സാമ്പത്തികവും മറ്റും നേട്ടങ്ങള്‍ക്കായി മനുഷ്യര്‍ കൊണ്ടുവന്ന അന്യജീവികള്‍ പ്രാദേശിക ജീവികളുടെ സ്ഥലവും ഭക്ഷണവും കയ്യടക്കി വംശനാശത്തിലേക്ക് തള്ളിവിടുന്നു. വംശനാശത്തിന്റെ പ്രധാന കാരണമായ കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുടെ അതിരുവിട്ട ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗത്തിന്റെ ഫലമാണ്. ജൈവസമ്പത്തിന്റെ ഇതുവരെയുള്ള നാശത്തിന്റെ പ്രധാന ഹേതുവായ മനുഷ്യന്‍ നിലനില്‍ക്കുന്ന ജീവജാലങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. അല്ലാത്ത പക്ഷം ഭൂമിയിലെ മനുഷ്യജീവിതം കൂടി ദുഷ്‌കരമാവും.

മനുഷ്യന്‍ കൊന്ന് തള്ളിയ സഞ്ചാരിപ്രാവുകള്‍

വടക്കേ അമേരിക്കയില്‍ വ്യാപകമായി കണ്ടിരുന്ന പ്രാവ് ഇനത്തില്‍പ്പെട്ട പക്ഷിയായിരുന്നു സഞ്ചാരി പ്രാവ് (Passenger Pigeon). വടക്കേ അമേരിക്കയിലെ പക്ഷികളുടെ എണ്ണത്തില്‍ നാല്പത് ശതമാനവും സഞ്ചാരിപ്രാവുകളായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ 500 കോടിയിലേറെ സഞ്ചാരിപ്രാവുകളുണ്ടായിരുന്ന വടക്കേ അമേരിക്കയിലിപ്പോള്‍ സഞ്ചാരി പ്രാവുകളുടെ എണ്ണം വട്ടപ്പൂജ്യമാണ്. ഭക്ഷണം തേടി കൂട്ടം കൂടി പറക്കുന്നതാണ് ഇവരുടെ രീതി. ഓരോ കൂട്ടത്തിലും ലക്ഷക്കണക്കിന് പ്രാവുകളുണ്ടാകും. ആകാശം മറച്ച് യാത്ര ചെയ്തിരുന്ന ഇവരെ പണ്ട് മുതലേ തദ്ദേശീയര്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ടായിരുന്നു. യൂറോപ്യന്മാരുടെ വരവോട് കൂടി വേട്ടയാടലിന്റെ വ്യാപ്തി വര്‍ധിക്കുകയും വൈകാതെ നാമാവശേഷമായി മാറുകയും ചെയ്തു. മാംസത്തിനും തൂവലിനും വേണ്ടിയായിരുന്നു കാര്യമായി ഇവരെ വേട്ടയാടിയിരുന്നത്. മാര്‍ക്കറ്റിലെ വില കുറഞ്ഞ മാംസവിഭവമായും ഭക്ഷണമേശയിലെ സ്ഥിരവിഭവമായും സഞ്ചാരി പ്രാവ് മാറി. വെടിവെച്ചും വലവെച്ചും അടിച്ചു കൊന്നും കല്ലെറിഞ്ഞും പക്ഷി വേട്ട തുടര്‍ന്നു. ഇളം പക്ഷിക്കാണ് സ്വാദും കൊഴുപ്പുമെന്ന് പ്രചരിച്ചതോടെ ആക്രമണം കാടുകളിലേക്ക് കൂടി നീങ്ങി.

സഞ്ചാരിപ്രാവ്

പ്രാവുകള്‍ എവിടെയുണ്ടെന്ന വിവരം വേട്ടക്കാരെ അറിയിക്കുവാന്‍ ടെലിഗ്രാഫ് സാങ്കേതിക വിദ്യപോലും അന്ന് ഉപയോഗിച്ചിരുന്നു. തോക്കുകള്‍ വന്നതോടെ വെടിവെച്ചിടലും വ്യാപകമായി. വേട്ടയാടലും പ്രജനനമില്ലായ്മയും ഒത്തുചേര്‍ന്നപ്പോള്‍ 500 കോടിയിലേറെയുണ്ടായിരുന്ന സഞ്ചാരിപ്രാവ് ഭൂമിയില്‍നിന്നു വൈകാതെ പൂര്‍ണമായും അപ്രത്യക്ഷമായി. 1880 ആകുമ്പോഴേക്ക് സഞ്ചാരി പ്രാവുകളുടെ ചെറുകൂട്ടങ്ങള്‍ മാത്രം ബാക്കിയാവുകയും 1902 ആയപ്പോഴേക്ക് വംശനാശവും സംഭവിച്ചു. 1914 സെപ്റ്റംബര്‍ 1 ന് സിന്‍സിനാറ്റി മൃഗശാലയിലെ മാര്‍ത്തയെന്ന സഞ്ചാരി പ്രാവും മരണമടഞ്ഞതോടെ മനുഷ്യന്റെ അമിതാസക്തിയുടെ പ്രതീകമായ അവസാന സഞ്ചാരി പ്രാവും ഇല്ലാതായി. കോടിക്കണക്കിന് വരുന്ന സഞ്ചാരി പ്രാവുകളെ ചെറിയ കാലത്തിനിടയിലാണ് മനുഷ്യര്‍ കൊന്നു തിന്നത്. ഇവയെ വെടിവെച്ചു കൊന്നു തള്ളുന്ന മത്സരങ്ങള്‍ വരെ അക്കാലത്തുണ്ടായിരുന്നു. പറന്നുവരുന്ന സഞ്ചാരിപ്രാവുകളില്‍ ഏറ്റവും കൂടുതല്‍ എണ്ണത്തിനെ ആകാശത്തു വെച്ച് വെടിവച്ചിടുന്നവര്‍ക്കാണ് സമ്മാനങ്ങള്‍. ഇങ്ങനെയുള്ള ഒരു മത്സരത്തില്‍ മാത്രം 15 ലക്ഷം സഞ്ചാരിപ്രാവുകളെ മത്സരാര്‍ത്ഥികള്‍ വെടിവച്ചിട്ടുവെന്ന് സയന്‍സ് ഡെയിലിയിലുണ്ട്. വിജയിയായ മത്സരാര്‍ത്ഥി അന്ന് ഒറ്റയ്ക്ക് കൊന്നുതള്ളിയത് 30,000 സഞ്ചാരിപ്രാവുകളെയായിരുന്നു!.

Content Summary: Animals facing the threat of extinction; what is the role of humans?

This post was last modified on October 26, 2025 1:42 pm

ഉവൈസ് നൂറാനി ഓമച്ചപ്പുഴ: സ്‌കോളര്‍
Leave a Comment