വയലാറിന്റെ മരണശേഷം പുറത്തിറങ്ങിയ മലയാള നാട് വാരികയുടെ
1975 നവംബര്‍ 16 ലക്കത്തില്‍ വയലാറിനുള്ള ബാഷ്പാഞ്ജലിയായി
50 വര്‍ഷം മുന്‍പ്, യുവകവിയും ഗാനരചയിതാവായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതിയ കവിതയാണ്
‘ശില്പികളിലവിടുന്നു രാജശില്‍പ്പി,
ചക്രവത്തിമാരുടെ ചക്രവര്‍ത്തി”.
ഈ കവിതക്ക് ആമുഖമായി മങ്കൊമ്പ് എഴുതി:
‘കൂടപ്പിറപ്പ് എന്ന സിനിമയ്ക്കു വേണ്ടി ആദ്യമായി പാട്ടെഴുതാന്‍ പുറപ്പെട്ട പ്രിയപ്പെട്ട വയലാര്‍! അങ്ങ് കണ്ണീരിലാക്കിയത് തണല്‍ കൊതിച്ച എന്നെപ്പോലെയുള്ള കൂടപ്പിറപ്പുകളെയാണ്. എനിയ്ക്കു പിണക്കമില്ലെന്നു പറയാന്‍ ഓടിയെത്തിയപ്പോള്‍ അങ്ങ് എന്റെ ശബ്ദം കേള്‍ക്കാത്ത അവസ്ഥയിലായല്ലോ. ഞാന്‍ എന്ത് എഴുതാനാണ്? ആകെ ഒരു മരവിപ്പ്.’

ഈ കഴിഞ്ഞ മാര്‍ച്ചില്‍ അന്തരിച്ച ചമ്പക്കുളത്തുകാരനായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എന്ന ഗാനരചയിതാവിനെ മലയാളികള്‍ ഓര്‍ക്കാന്‍, ”ലക്ഷാര്‍ച്ചന കണ്ടു മയങ്ങുമ്പോഴൊരു ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു’ എന്ന ഒരൊറ്റ ഗാനം മതി.
1971 ല്‍ ‘വിമോചന സമരം’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലചിത്ര രംഗത്ത് മങ്കൊമ്പ് എത്തുന്നത്. പ്രശസ്തനായ ഹിന്ദി സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ ഈണം പകര്‍ന്ന എക മലയാള ചിത്രമായ ‘സുജാത'(1977)യിലെ ഗാനങ്ങള്‍ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്’. ‘അതിലെ യേശുദാസ് പാടിയ ‘താലിപ്പൂ പീലിപ്പൂ’, ‘കാളിദാസന്റെ കാവ്യഭാവനയില്‍’ തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ആശാ ഭോസ്‌ലെ പാടിയ ഏക മലയാളഗാനവും(‘സ്വയം വര ശുഭദിന മംഗളങ്ങള്‍)’ ഈ പടത്തില്‍ മങ്കൊമ്പ് എഴുതിയത് തന്നെ.
700 ലധികം മലയാള ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും തിരക്കഥ രചിച്ചു. 80 കള്‍ക്ക് ശേഷം അന്യഭാഷ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുന്നവരില്‍ പ്രമുഖനായി മാറി മങ്കൊമ്പ്. ബാഹുബലി, ആര്‍ആര്‍ആര്‍ പോലുള്ള ബ്രഹ്‌മാണ്ഡ ചിത്രങ്ങളും അവയിലെ ഗാനങ്ങളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ പ്രതിഭാധനനാണ് അദ്ദേഹം.
മങ്കൊമ്പ് സിനിമയുടെ ലോകത്തേക്ക് കടന്നുവരുന്നത് വയലാര്‍, പി.ഭാസ്‌കരന്‍, ഒ.എന്‍.വി. ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയവര്‍ അരങ്ങുവാണിരുന്ന തട്ടകത്തിലേക്കായിരുന്നു. ആ പ്രഗത്ഭര്‍ സജീവമായിരുന്ന ഒരു കാലത്ത് ഒരു പുതിയ ഗാനരചയിതാവിന് നിലയുറപ്പിക്കുക എളുപ്പമല്ല. പക്ഷേ, ഒരുപിടി ഗാനങ്ങളിലൂടെ മങ്കൊമ്പ് എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായത് വളരെ പെട്ടെന്നായിരുന്നു. ലക്ഷാര്‍ച്ചന കണ്ടു, കണ്ണാം പൊത്തിലേലേ, കാട്ടുകുറിഞ്ഞി ലേലേ, ആലില തോണിയില്‍, തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം പ്രശസ്തനായി. ‘ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍ ‘ എന്ന ഹിറ്റ് ഗാനത്തിലൂടെ പുതിയ തലമുറ മങ്കൊമ്പിനെ അറിയുന്നു.

മങ്കൊമ്പ് വയലാറിന്റെ വലിയൊരു ആരാധകനായിരുന്നു. സ്വാഭാവികമായും ചലച്ചിത്ര ഗാനങ്ങളെഴുന്നവരെല്ലാം വയലാറിനെപ്പോലെ എഴുതാന്‍ ആഗ്രഹിച്ചിരുന്നു. മങ്കൊമ്പ് പക്ഷേ, തന്റെ വേറിട്ട ശൈലി രൂപപ്പെടുത്തി മുന്നോട്ട് പോയി വിജയിച്ച ‘രണ്ടാം തലമുറയിലെ എറ്റവും പ്രശസ്തനായ ഗാനരചയിതാവായി.
50 വര്‍ഷം മുന്‍പ് മങ്കൊമ്പ് എഴുതിയ ഒരു ഭക്തി ഗാനം പിന്നിട് വൃശ്ചിക പുലരിയില്‍ മലയാളികള്‍ കേട്ട ഹൃദയത്തോട് ചേര്‍ത്ത ഗാനമായി. കെ. പി. ഉദയഭാനു ഈണമിട്ട യേശുദാസ് പാടിയ ആ ഗാനമാണ്;
‘ജീവപ്രപഞ്ചത്തിനാധാരമൂര്‍ത്തിയാം
ശ്രീധര്‍മ്മശാസ്താവേ…
നാളു തോറും അങ്ങയുടെ
ചേവടിയില്‍ പൂജ ചെയ്താ
നാമമന്ത്രോച്ചാരണത്തിനനുവദിക്കൂ.’