ബംഗ്ലാദേശിലെ തുടരുന്ന സംഘര്‍ഷത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം കൂടുതല്‍ രൂക്ഷമാകുന്നു. ജഷോര്‍ ജില്ലയിലെ മണിരാംപൂരില്‍ ഹിന്ദു മതത്തില്‍പ്പെട്ട വ്യവസായി വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഏറ്റവും പുതിയ വാര്‍ത്ത. പ്രാദേശിക പത്രമായ ‘ദൈനിക് ബിഡി ഖബറി’ന്റെ ആക്ടിംഗ് എഡിറ്ററായ റാണാ പ്രതാപ് ബൈരാഗി എന്ന 45 കാരനാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5:45 ഓടെ കപാലിയ ബസാറിലായിരുന്നു സംഭവം.
വിദ്യാര്‍ത്ഥി നേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ കലാപത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഹിന്ദു മത വിശ്വാസിയാണ് റാണാ പ്രതാപ്.
കപാലിയ ബസാറില്‍ ഐസ് ഫാക്ടറി നടത്തിവരികയായിരുന്നു റാണാ പ്രതാപ്. വൈകുന്നേരം ബസാറിലെത്തിയ അക്രമികള്‍ ഇദ്ദേഹത്തെ പോയിന്റ് ബ്ലാങ്കില്‍ വച്ച് തലയ്ക്ക് വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. മൂന്ന് തവണ തലയ്ക്ക് വെടിയേറ്റതായും മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തതായും മണിരാംപൂര്‍ പോലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കേശബ്പൂര്‍ സ്വദേശിയായ തുഷാര്‍ കാന്തി ബൈരാഗിയുടെ മകനാണ് റാണാ പ്രതാപ്. നരൈലില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ രണ്ട് പോലീസ് സ്റ്റേഷനുകളിലായി നാല് കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും കേസുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബംഗ്ലാദേശിലെ നിലവിലെ അശാന്തിക്കിടെ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതാണിത്. ഇതിന് മുമ്പ് ഉണ്ടായ ചില നിഷ്ഠൂര സംഭവങ്ങള്‍ ഇവയാണ്;
ശരിയത്പൂര്‍ ജില്ലയില്‍ 45-കാരനായ ഖോകന്‍ ചന്ദ്ര ദാസിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം തീയിട്ട് കൊന്നു. സുരക്ഷാ ഡ്യൂട്ടിക്കിടെ ഫാക്ടറിക്കുള്ളില്‍ വച്ച് ബജേന്ദ്ര ബിശ്വാസ് എന്നയാള്‍ വെടിയേറ്റ് മരിച്ചു(അപകട മരണമാണെന്നും സൂചനയുണ്ട്). ഹോസൈന്‍ഡംഗ മേഖലയില്‍ ആള്‍ക്കൂട്ടം അമൃത് മണ്ഡല്‍ എന്ന യുവാവിനെ തല്ലിക്കൊന്നു.
കൊലപാതകങ്ങളുടെ പിന്നിലെ കൃത്യമായ കാരണങ്ങളോ പ്രതികളെയോ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ് എന്നാണ് ബംഗ്ലാദേശ് അധികൃതര്‍ പറയുന്നത്.
Content Summary; Anti-minority violence in Bangladesh; Hindu business man and news paper editor shot dead.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.