July 04, 2026 |

കൂടല്‍മാണിക്യത്തിലെ കഴകം: ‘ആശങ്കയില്ല, എല്ലാം പോസിറ്റീവായി കാണുന്നു’ ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അനുരാഗ്

ജാതിവിവേചനങ്ങള്‍ക്ക് മാറ്റം വരണമെന്നാണ് ആഗ്രഹമെന്നും അനുരാഗ്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരനെ നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ‘നിലവിലെ വിവാദങ്ങളില്‍ ആശങ്കയില്ലെന്നും പോസിറ്റീവായാണ് എല്ലാറ്റിനെയും കാണുന്നതെന്നും’ കഴക്കക്കാരനായി നിയമിതനായ കെഎസ് അനുരാഗ് അഴിമുഖത്തോട് പറഞ്ഞു. ‘ബുധനാഴ്ചയാണ് നിയമനകാര്യം അറിഞ്ഞത്. അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ വന്നാല്‍ ഉടനെ തന്നെ ജോലിയില്‍ പ്രവേശിക്കാനാണ് തീരുമാനമെന്നും കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവിവേചനങ്ങള്‍ക്ക് മാറ്റം വരണമെന്നാണ് ആഗ്രഹമെന്നും’ അനുരാഗ് കൂട്ടിച്ചേര്‍ത്തു.

സംവരണ തത്വപ്രകാരം ഈഴവ വിഭാഗത്തില്‍ മൂന്നാം റാങ്കുകാരനാണ് 23 കാരനായ ചേര്‍ത്തല സ്വദേശി അനുരാഗ്. നിയമനത്തിനുള്ള അഡൈ്വസ് മെമ്മോ കേരള ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡ് ഇന്നലെ തന്നെ കൂടല്‍മാണിക്യം ദേവസ്വത്തിന് അയച്ചിട്ടുണ്ട്.

അതേസമയം അനുരാഗിന് അഡ്‌വൈസ് മെമ്മോ അയച്ചതായി ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. കൂടല്‍മാണിക്യം ദേവസ്വമാണ് അഡൈ്വസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാല്‍ ദേവസ്വം ഭരണസമിതിയില്‍ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 24 നായിരുന്നു ഈഴവ യുവാവായ തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഐ ബാലു കഴക ജോലിക്കായി കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നിയമിതനായത്. എന്നാല്‍ നിയമനത്തിന് പിന്നാലെ ഏപ്രില്‍ രണ്ടിന് ദേവസ്വം ഓഫീസിലെത്തി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു.

ബാലു കഴകക്കാരനായി നിയമിതനായ ദിവസം മുതല്‍ ഓഫീസ് അസിസ്റ്റന്റ് ജോലിയിലേക്ക് മാറ്റിയ മാര്‍ച്ച് ഏഴ് വരെ തന്ത്രി കുടുംബങ്ങള്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകളില്‍ നിന്ന് തന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രം ഭരണസമിതി മാര്‍ച്ച് ഏഴിന് ചര്‍ച്ച നടത്തി ബാലുവിനെ ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു.

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രണ്ട് കഴകം തസ്തികയാണുണ്ടായിരുന്നത്. ഒന്ന് പാരമ്പര്യമായി തന്ത്രി നിര്‍ദേശിക്കുന്ന ആള്‍. മറ്റൊന്ന് ദേവസ്വം നിയമിക്കുന്ന ആളും. പാരമ്പര്യ തസ്തികയില്‍ ആളില്ലാതിരുന്നതിനാല്‍ 2020 മുതല്‍ താല്കാലികമായി ദിവസവേതനത്തിനാണ് കഴകം ജോലിക്കായി ആളെ നിയമിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ രണ്ട് തസ്തികകള്‍ ഒന്നാക്കി ഉത്തരവ് ഇറക്കുകയായിരുന്നു. തുടര്‍ന്നാണ് ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡ് കഴകം തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമനം നടത്തിയത്.anurag appointed to kazhakam job at koodalmanikyam temple 

Content Summary: anurag appointed to kazhakam job at koodalmanikyam temple

Leave a Reply

Your email address will not be published. Required fields are marked *

×