June 26, 2026 |
Share on

പെറുവിൽ 4000 വർഷം പഴക്കമുള്ള 3D ചുമർചിത്രം കണ്ടെത്തി പുരാവസ്തു ഗവേഷകർ

മാച്ചു പിച്ചു, നസ്‌ക ലൈൻസ് തുടങ്ങിയ ലോകപ്രശസ്തമായ 100,000-ത്തിലധികം പുരാവസ്തു കേന്ദ്രങ്ങൾ ഇവിടെയുണ്ട്

പെറുവിൽ 4000 വർഷം പഴക്കമുള്ളതും വർണ്ണാഭമായതുമായ 3D ചുമർചിത്രം കണ്ടെത്തി പുരാവസ്തു ഗവേഷകർ. അമേരിക്കയിലെ ആദ്യകാല നാഗരികതകളെക്കുറിച്ചുള്ള പുരാവസ്തു ഗവേഷണ ധാരണകളെ മാറ്റിമറിക്കാൻ പോന്ന ഒരു നിർണായക കണ്ടെത്തലാണിത്.

പെറുവിലെ ലാ ലിബെർട്ടാഡ് മേഖലയിലെ ടാംഗൂഷെ താഴ്‌വരയിലുള്ള ഹുവാക്ക യോളണ്ട പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ഈ അസാധാരണമായ കണ്ടെത്തൽ. 3 മീറ്റർ വീതിയും 6 മീറ്റർ നീളവുമുള്ള ഈ ഭിത്തിചിത്രത്തിന്റെ കേന്ദ്രഭാഗം ചിറകുകൾ വിരിച്ച് നിൽക്കുന്ന ഒരു വലിയ പരുന്തിന്റെ ചിത്രമാണ്.

ഇതിന്റെ തലയിൽ ത്രിമാന വജ്രാകൃതിയിലുള്ള രൂപങ്ങൾ കാണാം. നീല, മഞ്ഞ, ചുവപ്പ്, കറുപ്പ് നിറങ്ങളിൽ വരച്ചിരിക്കുന്ന ചിത്രത്തിൽ ഉയർന്ന ശില്പകലയിലുള്ള രൂപങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

2000-1000 BC കാലഘട്ടത്തിലെ ഈ സങ്കീർണ്ണമായ ചിത്രങ്ങൾ, ആദ്യകാല നാഗരികതകളുടെ വിശ്വാസങ്ങളെയും സാമൂഹിക ഘടനകളെയും കുറിച്ച് പുതിയ വെളിച്ചം നൽകുന്നു. തെക്കേ അമേരിക്കൻ നാഗരികതകളുടെ ഉത്ഭവസ്ഥാനങ്ങളിലൊന്നായി പുരാതന പെറുവിനെ കണക്കാക്കുന്നു. മാച്ചു പിച്ചു, നസ്‌ക ലൈൻസ് തുടങ്ങിയ ലോകപ്രശസ്തമായ 100,000-ത്തിലധികം പുരാവസ്തു കേന്ദ്രങ്ങൾ ഇവിടെയുണ്ട്.

“ഈ ചുമർചിത്രങ്ങൾ പെറുവിലെ സാമൂഹിക ശ്രേണികളുടെ ഉദയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്,” ഹുവാക്ക യോളണ്ട സൈറ്റിലെ മുഖ്യ പുരാവസ്തു ഗവേഷകയായ അന സിസിലിയ മൗറിഷ്യോ പറഞ്ഞു. ഒരു ക്ഷേത്രത്തിനുള്ളിലെ മുറ്റത്തിന്റെ ഭാഗമാണ് ഈ ചിത്രം.

ചിറകുകളുള്ള മനുഷ്യരൂപങ്ങൾ, മീനുകൾ, മത്സ്യബന്ധനവലകൾ, പുരാണ രൂപങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയവ ഈ ചിത്രത്തിൽ കാണാം. ഇത് പ്രാചീന തീരദേശ നാഗരികതകളുടെ ലോകവീക്ഷണത്തെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങൾ നൽകുന്നു.

“കൃഷിയെയും കടലിനെയും ആശ്രയിച്ച് ജീവിച്ചിരുന്നവരായിരുന്നു ഇവർ. എന്നിട്ടും അവർക്കിടയിൽ സാമൂഹിക ശ്രേണിയുടെ ആദ്യ ലക്ഷണങ്ങൾ കാണാൻ സാധിക്കുന്നുണ്ട്,” മൗറിഷ്യോ കൂട്ടിച്ചേർത്തു.

ഈ സമൂഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ളവർ പുരോഹിതരോ പുരോഹിതകളോ ആയിരുന്നിരിക്കാം. അവർക്ക് ഔഷധസസ്യങ്ങളെക്കുറിച്ചും ജ്യോതിശാസ്ത്രത്തെക്കുറിച്ചും പ്രധാന വിവരങ്ങൾ അറിയാമായിരുന്നു. നക്ഷത്രങ്ങളെയും സൂര്യനെയും നിരീക്ഷിച്ച് കാലാവസ്ഥാ പ്രവചനം നടത്താനും അവർക്ക് കഴിഞ്ഞിരുന്നു.

“ഒരു തരത്തിൽ പറഞ്ഞാൽ അവർ ശാസ്ത്രജ്ഞരും ആത്മീയ നേതാക്കളുമായിരുന്നു,” മൗറിഷ്യോ പറഞ്ഞു. ചുമർചിത്രങ്ങളിലൊന്നിൽ മനുഷ്യൻ പക്ഷിയായി മാറുന്നതിന്റെ രൂപകൽപ്പന കാണാമെന്നും ഇത് ഒരു പുരോഹിതൻ മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷമുള്ള മാറ്റത്തെയാവാം പ്രതിനിധീകരിക്കുന്നതെന്നും അവർ വിശദീകരിച്ചു.

ഹുവാക്ക യോളണ്ടയിലെ പുരാവസ്തുകേന്ദ്രം ആൻഡീസിലെ പ്രശസ്തമായ ചാവീൻ ഡി ഹുവാന്റാർ എന്ന പുരാതന ആരാധനാസ്ഥലത്തേക്കാൾ പഴക്കമുള്ളതാകാമെന്ന് മൗറിഷ്യോ പറഞ്ഞു. രണ്ട് സ്ഥലങ്ങളും ആദ്യകാല നാഗരികതകളുടെ ആരംഭം കുറിച്ച കാലഘട്ടത്തിൽ നിന്നുള്ളതാണ്.

ചാവീൻ ഡി ഹുവാന്റാർ ക്ഷേത്ര സമുച്ചയത്തിലെ തുരങ്കങ്ങൾക്കുള്ളിൽ മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായി യുഎസ് പുരാവസ്തു ഗവേഷകനായ ജോൺ റിക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കാർഷിക വികസനം, നഗരവൽക്കരണം, മോഷണം എന്നിവ കാരണം ഹുവാക്ക യോളണ്ട സൈറ്റ് ഭീഷണി നേരിടുന്നുണ്ടെന്ന് മൗറിഷ്യോ പറയുന്നു. പെറുവിൻ്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്നും പ്രാദേശിക അധികാരികളിൽ നിന്നും ഈ സ്ഥലത്തിന് പൂർണ്ണമായ സംരക്ഷണം ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

content summary: Archaeologists in Peru discover 3D mural that could date back 4,000 years

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×