നാട്ടിന്‍ പുറത്തെ ഒരു പ്രൈമറി സ്‌കൂളിലേക്ക് പുതുതായി സ്ഥലം മാറി വന്ന ടീച്ചറുടെ മകളും ആ സ്‌കൂളില്‍ തന്നെ പഠിക്കാന്‍ ചേരുന്നു. ചെറിയ കുട്ടി. ക്ലാസില്‍ മുന്‍ ബഞ്ചിലിരിക്കുന്ന, നന്നായി പഠിക്കുന്ന, സ്മാര്‍ട്ടായ ശങ്കരന്‍ തന്റെ സുഹൃത്താകാന്‍ പറ്റിയ ആളാണ് എന്നവള്‍ക്കറിയാം. പുതുതായി ക്ലാസിലെത്തിയ അവളെ പാഠങ്ങളില്‍ സഹായിക്കാന്‍ മാഷും ശങ്കരനെ ഏല്‍പ്പിക്കുന്നുണ്ട്. അവളുടെ കുഞ്ഞിക്കണ്ണില്‍ ശങ്കരനോട് തോന്നുന്ന സ്നേഹാദരങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാകുന്നത് ക്ലാസില്‍ സ്‌റ്റൈപെന്റ് ലഭിക്കുന്ന കുട്ടികള്‍ അതുവാങ്ങാന്‍ ഓഫീസ് റൂമിലേയ്ക്ക് ചെല്ലാനായി പേര് വിളിക്കുമ്പോഴാണ്. ശങ്കരന്‍ സ്‌റ്റൈപന്റ് വാങ്ങുന്നുവെന്നറിയുമ്പോള്‍ ഒരു ചെറിയ കുട്ടിയുടെ ഉള്ളില്‍ പ്രകാശം അസ്തമിക്കുന്നത് എങ്ങനെയാണ്? എങ്ങനെയാണ് അവരുടെ സ്വയം മേല്‍ജാതിക്കാരായി കരുതുന്നവരുടെ വീടുകളില്‍ ജാതിബോധം അവര്‍ തിരിച്ചറിയാത്ത കൊടിയ ദുര്‍ഗന്ധമായി നിലകൊള്ളുന്നത്?arik movie; a film that delicately discusses injustice and discrimination
‘അരിക്’ എന്ന സിനിമയില്‍ വളരെ ചെറിയ കഥാപാത്രമായ ആ ഒരു ചെറിയ പെണ്‍കുട്ടിയുടെ മുഖത്തെ ഒരു ഭാവമാറ്റത്തില്‍ ആഴത്തിലുള്ള രാഷ്ട്രീയ ഉള്ളടക്കമുണ്ട്. അത് സിനിമയിലുടനീളം ഓരോ ഫ്രെയിമിലും വെളിച്ചവും ശബ്ദവും പോലെ സന്നിവേശിക്കപ്പെട്ട ഒന്നാണ്. അവസാനരംഗത്തില്‍ ജീവിതലക്ഷ്യങ്ങളിലൊന്ന് സാധിച്ച്, അഭിമാനത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ആ നേട്ടത്തെ അശ്ലീലമായ ഒരു ജാതി പരാമര്‍ശം കൊണ്ട് തച്ചുടയ്ക്കുന്ന ഒരുവനുണ്ട്. അവന്റെ മുഖത്ത് ആഞ്ഞടിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ”ചെകിട്ടത്തിന് ഒരടി വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ട് തീയറ്ററില്‍ നിന്നിറങ്ങുന്നു എന്നതാണ് അരിക് എന്ന സിനിമയുടെ ക്ലൈമാക്സ്. ജാതി സംബന്ധിച്ച് ഒരാള്‍ സൂക്ഷിക്കുന്ന മനോഭാവമാണ് താന്‍ തല്ലുന്ന ആളാണോ തല്ല് കൊള്ളുന്ന ആളാണോ എന്ന് സ്വയം നിര്‍ണയിക്കുന്നത്.”- എന്ന് ഇതേക്കുറിച്ച് ഡോ.എ.കെ വാസു എഴുതിയിരുന്നു. കെ.ജി ജോര്‍ജ്ജിന്റെ ‘ആദാമിന്റെ വാരിയെല്ലി’-ലെ വിഖ്യാതമായ ക്ലൈമാക്സ് സീനില്‍ സംവിധായകനേയും ക്യാമറയേയും എല്ലാം തള്ളിനീക്കി ഓടിപ്പോകുന്ന സ്ത്രീകളെ പോലെ, അണിയറയിലും കാണികളിലുമുള്ള സകല മനുഷ്യര്‍ക്കും വേദനിക്കുന്നുണ്ട്. തല്ല് കിട്ടിയതിന്റെ വേദനയും തല്ല് കൊടുത്തിട്ടും തീരാത്ത മനസിന്റെ മുറിവില്‍ നിന്നുണ്ടാകുന്ന വേദനയും. തല്ലുകൊടുത്ത സീതയോട് ശങ്കരന്‍ ചോദിക്കുന്നുണ്ട് ‘നിനക്ക് കൈ വേദനിച്ചോ’ എന്ന്. അതാണ് ചിത്രത്തിലെ അവസാന ഡയലോഗ്. അതിന് മറുപടിയായി സീതയുടെ മുഖത്തുണ്ടാകുന്ന പ്രതികരണമാണ്, ശങ്കരന്റെ കുട്ടിക്കാലത്ത് അവന്റെ ജാതി മനസിലാകുമ്പോള്‍ ഒരു ചെറിയ കുട്ടിക്കുണ്ടാകുന്ന മുഖഭാഗത്തിന്റെ മറുവശം.
‘എത്ര വരികള്‍ വേണം ഒരു കവിതയാകാന്‍, എത്ര മുറിവുകള്‍ വേണം ഒരു മനുഷ്യനാകാന്‍’- എന്ന് മേതില്‍ രാധാകൃഷ്ണന്റെ ഒരു കവിതയിലെ വരിയുണ്ട്. അതുപോലെയാണ് ശങ്കരന്റെ ജീവിതം. സ്വന്തം വിഷമങ്ങളും ജീവിതോല്‍ക്കര്‍ഷകള്‍ക്കേറ്റ ക്ഷീണവും മറച്ച് വച്ചും ചിരിച്ചും എല്ലാം ലളിതവത്കരിച്ചും ജീവിക്കുന്ന ശങ്കരന്‍. ശങ്കരന്‍ രണ്ടാം തലമുറയാണ്. ഒന്നാം തലമുറയിലെ കോരനും മൂന്നാം തലമുറയിലെ ശിഖയുമാണ് സിനിമയില്‍ പ്രധാനം. പക്ഷേ മുറിവുകള്‍ കൂടുതലും ഏല്‍ക്കുന്നത് ശങ്കരനാണ്. ഈയെമ്മസിന്റെ പേരില്‍ നിന്നാണ് ശങ്കരന് ആ പേര് കോരന്‍ നല്‍കുന്നത്. കമ്യൂണിസ്റ്റിന്റെ പേരായാണ് കോരന്‍ അത് നല്‍കിയത് എങ്കിലും നമ്പൂതിരിയുടെ പേരായി ശങ്കരന് അത് ചുമക്കേണ്ടി വന്നുവെന്നതാണ് കേരള സമൂഹത്തിലുണ്ടായ മാറ്റം.
ഒന്നാം തലമുറയിലെ കോരന്‍ കുറച്ച് കൂടി ലളിതമായിട്ടായിരുന്നു ജീവിതത്തെ കണ്ടത്. അതയാള്‍ പറയുന്നുമുണ്ട്. ഭാര്യ തങ്കം നേരത്തേ പോയതൊഴിച്ചാല്‍ വലിയ ഏനക്കേടൊന്നും തട്ടിയിട്ടില്ലാത്ത ജീവിതം. കാരണം ജാതികൊണ്ടും തീണ്ടല്‍കൊണ്ടും തൊട്ടുകൂടായ്മ കൊണ്ടും അടിമത്തം കൊണ്ടും വലഞ്ഞൊരു ലോകത്ത് ചെറിയ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജീവിതം ആരംഭിച്ച ആളാണ് കോരന്‍. അതുകൊണ്ടാണ് കോരന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രധാനമായത്. കുറച്ച് കൂടി മെച്ചപ്പെട്ട ലോകത്തെ കുറിച്ച് അദ്ദേഹം ആലോചിച്ച് കാണില്ലായിരിക്കും. പാര്‍ട്ടിയുടെ പിളര്‍പ്പും നക്സലേറ്റുകളുടെ വളര്‍ച്ചയുമൊക്കെ നേതാക്കള്‍ക്കൊപ്പം കോരന്റേയും തലവേദനയായി എന്ന് മാത്രം. പക്ഷേ തന്റെ ചെറുപ്പത്തേക്കാള്‍ ലോകം മെച്ചപ്പെട്ടുവെന്നും മേല്‍ജാതിക്കാരെന്ന് സ്വയം കരുതുന്നവര്‍ക്ക് മുന്നില്‍ അന്തസോടെയും അഭിമാനത്തോടെയും ജീവിക്കാമെന്നും കോരന് മനസിലായി. അതിനപ്പുറം സമൂഹത്തിലെ തുല്യനീതിയെന്ന ആശയത്തെ കുറിച്ചുള്ള വിചാരം കോരനുണ്ടായില്ല എന്ന് മാത്രമല്ല, അത് കോരന് മനസിലാക്കി കൊടുക്കുന്ന തരത്തില്‍ രാഷ്ട്രീയത്തിന് വളര്‍ച്ച വരണമെന്ന് ആരും ആഗ്രഹിച്ചതുമില്ല.
പക്ഷേ, ശങ്കരന്റെ കാലമെത്തുമ്പോഴേയ്ക്കും ലോകം കുറേക്കൂടി വിശാലമായി. പുരോഗതിയിലേക്ക് പോകേണ്ട ലോകം പുറകോട്ട് പോയി. പുരോഗമന വേഷമിട്ട് പഴയ അയിത്തം നാവുകൊണ്ടും പ്രവര്‍ത്തികൊണ്ടും തീണ്ടലും തൊടീലും നടപ്പാക്കി. അവകാശം ഔദാര്യമാണെന്ന് അവര്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. ഓരോ വഴിത്തിരിവുകളും മുറിവേറ്റാണ് ശങ്കരന്‍ വളരുന്നത്. പ്രൈമറി ക്ലാസ് സ്‌റ്റൈപന്റ് വാങ്ങാന്‍ ടീച്ചര്‍ പേരുവിളിച്ചപ്പോള്‍ പിണങ്ങിയ കൂട്ടുകാരി മുതലിങ്ങോട്ട് പാവപ്പെട്ടവരുടെ വീടും പുഴയും മഴയും കണ്ട് കാല്പനികത ഇളകിയവരൊക്കെ വന്ന് മുറിവേല്‍പ്പിച്ച് പോയി. പ്രേമമായും കൂട്ടായും എല്ലാം. ഒറ്റയ്ക്കായി പോയ അപ്പന്‍ കോരനെ വിട്ട് പട്ടണങ്ങളിലേക്ക് ജോലി തേടി പോകാനും പറ്റിയില്ല. അപ്പനെ വിട്ട് പോകാനുള്ള ശങ്കരന്റെ മനസില്ലായ്മയാണ് പുതിയ രാഷ്ട്രീയ കൂട്ടായ്മകളിലേയ്ക്ക് പോകാനും അയാളെ തടയുന്നത്. അച്ഛന്റെ വിശ്വാസങ്ങളോട് നൂറ് ശതമാനം പിന്തുണയുണ്ടായിട്ടൊന്നുമല്ല, പക്ഷേ ആ ധാരയില്‍ നിന്ന് മാറി നടക്കാന്‍ അയാള്‍ പ്രയാസപ്പെട്ടു. സവര്‍ണ സ്ത്രീയുടെ കാല്പനിക ഭ്രമങ്ങളെ പ്രണയമായി അയാള്‍ തെറ്റിദ്ധരിക്കുന്നത് അങ്ങനെയാണ്. മുഖ്യധാര എന്ന് പഞ്ചമി അയാളെ രാഷ്ട്രീയമായി പരിഹരിക്കുന്നതും അതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ആ ജീവിതം അയാളെ കൂടുതല്‍ വേദനിപ്പിച്ചു. ജോലിയോ സ്വന്തം നിലപാടുകളോ അയാള്‍ക്ക് യാതൊരു സന്തോഷം നല്‍കിയില്ല. ബസില്‍ കുശലം പറയാനെത്തിയ ആളുടെ ജാതിവെറി നിശബ്ദം സഹിച്ചിരിക്കുന്നത് പോലെ അയാള്‍ സഹിച്ചും പൊറുത്തും ജീവിച്ചു.
ശങ്കരന്റേയും സീതയുടേയും മകള്‍ നിയമം പഠിക്കുന്ന ശിഖയുടെ കാലമെത്തുമ്പോഴേക്കും കാലം പിന്നേയും മാറി. ഒന്നാം തലമുറയിലെ വിദ്യാസമ്പന്നയല്ല ശിഖ. അതുകൊണ്ട് തന്നെ പരിഹാസങ്ങളും അവഗണനകളും ക്ഷമിക്കാന്‍ അവള്‍ക്ക് കഴിയുകയുമില്ല. ക്ഷമയുടെ വഴി മാത്രം അറിയാവുന്ന ശങ്കരന്‍ നിസഹായനാകുമ്പോഴാണ് കോരന്‍ മണ്ണിനോടും പ്രകൃതിയോടും പണിയെടുത്ത് ജീവിച്ച, പ്രത്യക്ഷമായ ജാതി അവഹേളനങ്ങളൊക്കെ സഹിച്ച തലമുറയില്‍ നിന്ന് വെളിച്ചം വീശുന്നത്. -‘മണ്ണാന്‍ മജിസ്ട്രേറ്റായ മാതിരി’ എന്നല്ലേ അവരുടെ പരിഹാസം. അപ്പോ പിന്നെ മജിസ്ട്രേറ്റ് ആവുക തന്നെ വേണം- എന്ന യുക്തി. ജീവിതത്തിന് ലക്ഷ്യമായി. ദിശാബോധവും. കേരളത്തിന് പുറത്തേക്കും അവളുടെ അനുഭവങ്ങളും കണ്‍മുമ്പിലറിയുന്ന അനീതിയുടെ ലോകവും വ്യാപിക്കുന്നു. അഥവാ കോരന്റെ ഗ്രാമം, ശങ്കരന്റെ കേരളം, ശിഖയുടെ ഇന്ത്യ എന്നിങ്ങനെ തലമുറകളില്‍ വികസിച്ച് വരുന്ന ലോകവീക്ഷണത്തിലും പല വേഷങ്ങളിലും രൂപത്തിലും ആവര്‍ത്തിക്കുന്ന അനീതികളും.
മൂന്ന് കാലങ്ങളിലെ കോരനായി അതിമനോഹരമായ പ്രകടനം നടത്തുന്ന സെന്തില്‍ കൃഷ്ണയെ പ്രത്യേകം പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാകില്ല. പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ നിന്ന് വലിയ മുറിവുമായി തിരിച്ചെത്തിയിരിക്കുന്ന കൊച്ചുമകള്‍ ശിഖയോട് മോണോലോഗിലൂടെ എന്ന മട്ടില്‍ സംസാരിച്ച് കൊണ്ട് ബീഡിവലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കോരന്‍. അയാളുടെ വായിന്റെ കോണിലൂടെ ഒലിച്ചിറങ്ങുന്ന ഉമിനീര്‍. കഫകെട്ട് നിറഞ്ഞ ശബ്ദം. ഇടയ്ക്കിടെ മറവിയില്‍ ഉഴറിപ്പോകുന്ന കണ്ണുകള്‍. എങ്കിലും തന്റെ ലോകത്തെ കൊച്ചുമകള്‍ക്ക് മുന്നില്‍ പരാവര്‍ത്തനം ചെയ്യുന്നുണ്ട് കോരന്‍. എന്തൊരു മനോഹരമായ, നാടകീയമായ, ഫ്രെയിമുകളും ഡയലോഗ് ഡെലിവറിയും സീക്വന്‍സും. മനീഷ് മാധവന്റെ സിനിമോറ്റോഗ്രാഫി ഈ സിനിമയ്ക്ക് നല്‍കുന്ന പിന്തുണ ചെറുതല്ല. വിവിധ ദേശങ്ങളും ലൊക്കേഷനുകളും ബജറ്റ് പരിമിതിക്കിടയിലും പകര്‍ത്തിയെടുക്കുമ്പോള്‍ ഫ്രെയിമുകളില്‍ രാഷ്ട്രീയവും സിനിമയും കൃത്യമാണ്.
കോരന്റെ തങ്കയായി വരുന്ന സവിത സാവിത്രി മുതല്‍ റേഷന്‍ കടക്കാരനായുള്ള ഫേവര്‍ ഫ്രാന്‍സിസും മലയാളം ടീച്ചറായുള്ള അര്‍ച്ചന പത്മിനിയും വരെയുള്ള പരിചയക്കാര്‍ ധാരാളമുണ്ട്. റോളുകളില്‍ കൃത്യമായി ചേരുന്നവര്‍. ശങ്കരന്റെ ജീവിതത്തിന്റെ മുറിവുകളും സഹനങ്ങളും നിസഹായതകളും എല്ലാം ചേരുന്ന ആര്‍ദ്രതയാണ് ഇര്‍ഷാദിന്റെ പ്രകടനത്തിനുള്ളത്. കാല്പനികനാണ്. പ്രേമത്തില്‍ വീണുപോകുന്നവനാണ്. കമ്പോള നിലവാരത്തിന്റെ ശബ്ദത്തിലും കാമുകിയെ തിരയുന്നവനാണ്. പക്ഷേ തിരിച്ചടികളാണ് ജീവിതത്തില്‍ ലഭിച്ചിട്ടുള്ളത്. അപ്പന്‍ കോരനോടും കൂട്ടുകാരി സീതയോടും സുഹൃത്ത് ഡിക്രൂസിനോടും പിന്നെ മകള്‍ ശിഖയുമല്ലാതെ അധികം പേരൊന്നുമായും അയാള്‍ക്ക് സഖ്യമില്ല. ഇടക്കാലത്ത് കവിതയെഴുതുന്ന സതിയോടുള്ള പ്രണയത്തില്‍ പരവശനായപ്പോള്‍ പഞ്ചമിയുടെ കത്തുന്ന രാഷ്ട്രീയത്തെ കാണാതെ പോയിട്ടുണ്ട്. ലോകത്തെല്ലാം നിസാരവും കച്ചവടവുമായ ചങ്ങാതി ഡിക്രൂസിന്റെ ലളിത വിശദീകരണങ്ങളിലാണ് അയാളുടെ സൗഖ്യം. റോണി ഡേവിഡ് അത്യുജ്ജ്വലമാക്കി മാറ്റിയിട്ടുണ്ട് ഡിക്രൂസിനെ എന്നു കൂടി പറയണം.
ധന്യ അനന്യയാണ് ശിഖയുടെ വേഷം ചെയ്യുന്നത്. അനായാസമായും വൃത്തിയായും തികച്ചും യുക്തിഭദ്രമായും ശിഖയെ അവതരിപ്പിക്കുന്നത്. കോളേജ് കുട്ടിയില്‍ നിന്ന് മജിസ്ട്രേറ്റ് കസേരയില്‍ വരെ എളുപ്പത്തില്‍ എത്തുന്ന കൃത്യത. സിനിമയിലെ മറ്റൊരു ശക്തമായ കഥാപാത്രം നിശബ്ദയാണ്. സിനി പ്രദീപ് അവതരിപ്പിക്കുന്ന സീത. കോരന്റേയും മകന്‍ ശങ്കരന്റേയും കഥയ്ക്കിടയിലെ നിശബ്ദയാക്കപ്പെട്ട സീത. മകള്‍ ശിഖയും അച്ഛനും അപ്പാപ്പനും ചേര്‍ന്നുള്ള ലോകത്തിന്റെ തുടര്‍ച്ചയാണ്. പക്ഷേ അവളുടെ ഉള്ളില്‍ കത്തുന്ന തീ നമുക്ക് കാണാം. രണ്ട് ചായ, അതിലൊന്ന് കടുപ്പത്തില്‍ എന്ന് പറയുമ്പോള്‍ കടക്കാരന്‍ സ്വഭാവികമായും ശങ്കരന് നേരെ നീട്ടുന്ന കടുപ്പത്തിലുള്ള ചായ വാങ്ങുന്നത് സീതയാണ്. അവള്‍ക്കാണ് അത് വേണ്ടത്. അരുകാക്കപ്പെട്ട ആണുങ്ങള്‍ സഹിച്ചതിന്റെ ഇരട്ടി സഹിച്ചവരാണ് പെണ്ണുങ്ങള്‍ എന്ന് തന്റെ തീക്ഷ്ണനോട്ടത്തില്‍ പറഞ്ഞുകൊണ്ടാണ് സീത ക്യാമറയിലേക്ക് അവസാനം നടന്നടുക്കുന്നത്. ഇതപ്പോള്‍ കോരന്റേയും ശങ്കരന്റേയും ശിഖയുടെയും കഥ മാത്രമല്ല. സീതയുടേയും തങ്കയുടേയും പഞ്ചമിയുടേതും മറ്റ് പല പെണ്ണുങ്ങളുടേത് കൂടിയാണ്.
രാഷ്ട്രീയ സിനിമയെന്നത് മുദ്രവാക്യം വിളിയല്ല. രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളേയും പരിപാടികളേയും പരസ്പരമുള്ള മത്സരത്തിന്റേയും കഥപറച്ചിലല്ല. അത് സമൂഹവും മനുഷ്യരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെ സൂക്ഷ്മമായി മനസിലാക്കലും അനീതിയേയും വിവേചനങ്ങളേയും തിരിച്ചറിയലുമാണ്. അതില്‍ അരിക് വിജയിച്ചിരിക്കുന്നുവെന്നല്ല, മലയാളത്തിലിന്നേ വരെയുണ്ടായിട്ടുള്ള സിനിമകളില്‍ പ്രധാനപ്പെട്ട ഒന്നായി നിലനില്‍ക്കുകയും ചെയ്യുന്നു. സംവിധായകനും എഴുത്തുകാരനുമായ വി.എസ്.സനോജിന്റെ കയ്യടക്കമാണ് ഇവിടെ ഏറ്റവും പ്രധാനമായി വരുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും വികസിപ്പിക്കുന്നതും കെ.എസ്.ഡി.എഫ്.സി പോലൊരു സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ ഇങ്ങനെ ഒരു രാഷ്ട്രീയപ്രമേയം അവതരിപ്പിക്കുന്നതും മറ്റൊരു തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അരിക് നാം ഇനിയും ചര്‍ച്ച ചെയ്യുന്ന സിനിമയായിരിക്കും.arik movie; a film that delicately discusses injustice and discrimination
Content Summary: ariku movie; a film that delicately discusses injustice and discrimination