June 07, 2026 |
Share on

അരിക്, ജാതീയതയുടെ മുഖത്തേറ്റ അപ്രതീക്ഷിത പ്രഹരം

അംബേദ്ക്കറേറ്റ് അവബോധത്തെ ബോധപൂര്‍വ്വമായിത്തന്നെ അരിക് എന്ന സിനിമ അരികുവത്കരിക്കുന്നുണ്ട്

ചെകിട്ടത്തിന് ഒരടി വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ട് തീയറ്ററില്‍ നിന്നിറങ്ങുന്നു എന്നതാണ് അരിക് എന്ന സിനിമയുടെ ക്ലൈമാക്‌സ്. ജാതി സംബന്ധിച്ച് ഒരാള്‍ സൂക്ഷിക്കുന്ന മനോഭാവമാണ് താന്‍ തല്ലുന്ന ആളാണോ തല്ല് കൊള്ളുന്ന ആളാണോ എന്ന് സ്വയം നിര്‍ണയിക്കുന്നത്.ariku movie; an unexpected blow to the face of casteism 

കോടതിയില്‍ പുതിയതായി നിയമനം കിട്ടിയ ജഡ്ജിയെ ‘രൂപം കണ്ടില്ലേ അത് മറ്റവരുടെ ആളാ’ എന്ന് പരസ്യമായി ജാതി പറയുന്ന ജാതിവെറിയനായ ഉദ്യോഗസ്ഥന്റെ മുഖത്തിനാണ് ആ അടി പൊട്ടുന്നത്. ഉദ്യോഗസ്ഥ രംഗങ്ങളില്‍ ദളിതര്‍ ഉന്നതാധികാരങ്ങളില്‍ എത്തുമ്പോള്‍ ജാതി വെറിയാല്‍ ‘കുരുപൊട്ടുന്നവരിലേക്കാണ് ഈ മുഖമടച്ചുള്ള പൊട്ടിക്കല്‍ ആഞ്ഞുകൊള്ളുന്നത്.

കേരളത്തില്‍ ഒട്ടും മാഞ്ഞുപോകാത്ത ജാതി വ്യവസ്ഥയോട് പൊരുതിയാണ് ദളിതരായ ദമ്പതികള്‍ മകളെ പഠിപ്പിച്ച് ജഡ്ജിയെന്ന പദവിയിലെത്തിക്കുന്നത്. ജഡ്ജിയായ മകളുടെ പദവിയെ കണ്ട് സാഫല്യമടയാന്‍ ചെല്ലുന്ന ദമ്പതികള്‍, കേസുകള്‍ക്ക് വിധി പറയുന്ന മകളെ തികഞ്ഞ അഭിമാനത്തോടെ നോക്കിനില്‍ക്കുന്നു. തുടര്‍ന്ന് കോടതിവളപ്പിലെ ചായക്കടയില്‍ ചായകുടിച്ച് നില്‍ക്കേ, കോടതിയിലേക്ക് ചായ വാങ്ങാന്‍ കീഴുദ്യോഗസ്ഥന്‍ വന്നെത്തുന്നത്. എങ്ങനെയുണ്ട് പുതിയ ജഡ്ജി എന്ന ചായക്കടക്കാരന്റെ ചോദ്യത്തിന് അഭിജാതരായ മുന്‍ ജഡ്ജിമാരുടെ പേരുകള്‍ ഉദ്ധരിച്ചിട്ട് അവര്‍ ഇരുന്ന കസേരയില്‍ ഇവര്‍ വന്നല്ലോ എന്ന് പരിതപിക്കുന്ന കോടതി ഉദ്യോഗസ്ഥന്റെ മുഖമടച്ചാണ് പുതിയ ജഡ്ജിയുടെ അമ്മ കടുപ്പത്തില്‍ ഒരു പൊട്ടിക്കല്‍ കൊടുക്കുന്നത്.

1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളരുന്ന കാലം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള മൂന്ന് ദളിത് തലമുറകളെയാണ് സിനിമ അവതരിപ്പിക്കുന്നത്. പാടത്തും പറമ്പിലും ജോലി നോക്കുന്നതോടൊപ്പം അഭിജാത തറവാടുകളിലെ ചത്ത ജന്തുക്കളെ എടുത്തുകൊണ്ടുപോകുന്ന ജാതിത്തൊഴിലും ചെയ്യുന്നതാണ് ഒന്നാം തലമുറയായ കോരന്‍ (സെന്തില്‍).

സര്‍വകലാശാല വിദ്യാഭ്യാസവും ജേണലിസവും ഒക്കെ കരസ്ഥമാക്കിയിട്ടും പാരലല്‍ കോളേജ് അധ്യാപകനായും വിജയിക്കാത്ത പത്രസ്ഥാപനങ്ങളിലും അച്ചടിശാലകളിലുമൊക്കെ ജോലി ചെയ്ത് ഒട്ടും നിറമില്ലാത്ത ജീവിതം നയിക്കുന്ന ശങ്കരനാണ് (ഇര്‍ഷാദ് അലി )രണ്ടാംതലമുറ.

വര്‍ത്തമാനകാല ജീവിതത്തിന്റെ എല്ലാത്തരം സ്വാതന്ത്ര്യങ്ങളിലൂടെയും കടന്നുപോകുമ്പോഴും പുതിയ കാലത്തിന്റെ ജാതിയെ കൃത്യമായി മനസ്സിലാക്കി, വിദ്യാഭ്യാസം മാത്രമാണ് ഏക രക്ഷാമാര്‍ഗ്ഗം എന്ന്‌ തിരിച്ചറിഞ്ഞ് കേരളത്തിന് പുറത്തുപോയിത്തന്നെ പഠിച്ച് ജഡ്ജി എന്ന പദവിയിലേക്കെത്തുന്ന സ്ത്രീയാണ് മൂന്നാം തലമുറ.

ഒന്നാം തലമുറയില്‍ പെട്ട അച്ചാച്ഛന്‍ മൂന്നാം തലമുറയിലെ മകളുമായി ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. അതിലെ മുഖ്യമായ കാര്യം പഴയ കാലത്ത് ജാതി വെറി കൊണ്ടുനടക്കുന്നവരെ കൃത്യമായി തിരിച്ചറിയാന്‍ കഴിയും എന്ന കാര്യമാണ്. എന്നാല്‍ പുതിയകാലത്ത് ജാതിവെറി സൂക്ഷിക്കുന്ന മുഴുവന്‍ മനുഷ്യരും അത് തന്ത്രപരമായി മറച്ചുവെച്ചു കൊണ്ടാണ് ഇടപെടുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ പഴയ കാലത്തെ അപേക്ഷിച്ച് പുതിയകാലം കൂടുതല്‍ സങ്കീര്‍ണമാണ് എന്ന് അച്ചാച്ഛന്‍ ചെറുമകളെ ഉപദേശിക്കുന്നുണ്ട്. നമ്മള്‍ പഠിച്ച് ഉന്നത പദവിയില്‍ എത്തുമ്പോള്‍ ഈ ജാതി വെറിയന്മാര്‍ സങ്കടപ്പെടും. നമ്മൾ തകർന്നു പോയാൽ ജാതി വെറിയന്മാർ സന്തോഷിക്കും. അവരെ സന്തോഷിപ്പിക്കണോ സങ്കടപ്പെടുത്തണോ എന്ന അച്ചച്ഛന്റെ ചോദ്യത്തിന്ന് ഉല്‍കൃഷ്ടമായ മറുപടിയാകാനാണ് ചെറുമകള്‍ അശ്രാന്ത പരിശ്രമത്താല്‍ ജഡ്ജി എന്ന പദവിയിലേക്ക് കുതിച്ചു കയറിയത്.

കോരന്റെ ഭാര്യ ഗര്‍ഭവതി ആയിരിക്കുമ്പോള്‍ തന്നെ ജനിക്കാന്‍ പോകുന്ന സന്താനത്തിന് അയാള്‍ പേരുകള്‍ നിശ്ചയിക്കുന്നുണ്ട്. ആണ്‍കുട്ടിയാണെങ്കില്‍ ശങ്കരന്‍ എന്നും പെണ്‍കുട്ടിയാണെങ്കില്‍ ഗൗരി എന്നും പേരിടണമെന്ന് തീരുമാനിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കീഴാളമായ അധിക ഭക്തിപ്രകടനമാണ്. മന്ത്രവാദത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഒരേസമയം ഭക്തിപുലര്‍ത്തുന്ന 60-കളിലെ ദളിത് കമ്മ്യൂണിസ്റ്റുകളുടെ സാധാരണ ജീവിതം സിനിമ ആവിഷ്‌കരിക്കുന്നുണ്ട്.

നാട്ടില്‍ ഉണ്ടാവുന്ന യാതൊരു പുരോഗതിയും കോരന്റെ രണ്ടു തലമുറകളെയും ഒരുതരത്തിലും പുരോഗതിയിലേക്ക് നയിക്കുന്നുമില്ല.ഇർഷാദ് അലി അഭിനയിക്കുന്ന ശങ്കരന്‍ എന്ന കഥാപാത്രം അവര്‍ണ്ണ ലിബറല്‍ കമ്മ്യൂണിസ്റ്റുകളുടെ കാല്പനികതയിലും പ്രണയത്തിലും സാധാരണമായി ജീവിക്കുന്നു. അപ്പനോടുള്ള അതിവൈകാരികത കൊണ്ട് നല്ല തൊഴിലോ നല്ല ജീവിതമോ തേടി പോകാന്‍ അയാള്‍ക്ക് കഴിയുന്നില്ല. മനസ്സിന് നിരക്കാത്ത ആശയങ്ങള്‍ പത്രത്തിന് വേണ്ടി എഴുതേണ്ടി വരുന്നതിന്റെ അസ്വസ്ഥതകളും ശങ്കരനില്‍ വ്യക്തമാണ്. നല്ല വീടില്ലാത്തതിലും നല്ല ജീവിതം ഇല്ലാത്തതിലും അയാള്‍ അസ്വസ്ഥനുമാണ്.

ariku movie

മലയാള കവിതയ്ക്ക് ഒരു കത്ത് എന്ന കവിതയില്‍ എസ് ജോസഫ് എഴുതുന്ന ദളിത് പുരുഷനും സവര്‍ണ്ണയായ സ്ത്രീയും തമ്മിലുള്ള ഒരു പ്രണയത്തിന്റെ ലോകമുണ്ട്. ചെളിവെള്ളത്തില്‍ കളിക്കാനും, മഴയില്‍ നനയാനുമുള്ള കൗതുകത്തില്‍ ഇറങ്ങിവരുന്ന സവര്‍ണ്ണ തറവാട്ടിലെ പെണ്‍കുട്ടി കള്‍ച്ചറല്‍ ഡിഫറന്‍സ് എന്ന് ജാതിയെ പരിഭാഷചെയ്ത് തിരിച്ചുപോപോകാനും സാധ്യത കൂടുതലാണ്. അത്തരത്തിലാണ് അയാള്‍ക്ക് അഭിജാത പെണ്‍കുട്ടിയോടുള്ള പ്രണയം
‘കല്ലേലിട്ടകലം പോലെയാവുന്നത്’.

ശങ്കരന്റെ മകള്‍ ശിഖ ലോ കോളേജിലെ നാടകത്തില്‍ തന്റെ റോള്‍ നിശ്ചയിക്കുന്നത് തന്റെ നിറം പരിഗണിച്ചു കൊണ്ടാണെന്ന് മനസ്സിലാക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഉപരിപഠനത്തിനായി അവള്‍ ലഖ്‌നോവില്‍ എത്തുമ്പോള്‍ അഭിജാതര്‍ക്ക് നല്ല ഹോസ്റ്റല്‍ മുറിയും ദളിതര്‍ക്ക് ഡോര്‍മെറ്ററിയും കൊടുക്കുന്നതിലെ ജാതിഹിംസ അവള്‍ തിരിച്ചറിയുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രത്യക്ഷമായ ജാതി മൂലമാണ് അവള്‍ ഇഷ്ടപ്പെട്ട യുവാവ് കൊല്ലപ്പെടുന്നതും.
സുഹൃത്ത് കൊല്ലപ്പെട്ട ട്രോമയില്‍ നിന്നും ഉയര്‍ച്ച നേടാന്‍ ആണ് അച്ചാച്ഛന്‍ ജാതി സംബന്ധിക്കുന്ന പഴയകാലവും പുതിയ കാലവും അനുഭവത്തിന്റെ വെളിച്ചത്തില്‍ പങ്കുവയ്ക്കുന്നത്. അരികുവല്‍ക്കരിക്കപ്പെട്ട ദലിത് നേര്‍ക്കാഴ്ചകള്‍ പ്രത്യക്ഷ വല്‍ക്കരിക്കാന്‍ സംവിധായകന്‍ നടത്തുന്ന ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ സിനിമയുടെ സംവിധാനത്തിലും സംഭാഷണങ്ങളിലും എല്ലാം വ്യക്തമാണ്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ആശ്രമത്തെ അംഗീകരിക്കുന്നു.

ഇക്കാര്യം നിലനില്‍ക്കെ തന്നെ ഇടതുപക്ഷ പൊതുബോധത്തിന് അപ്പുറത്തേക്ക് വളര്‍ന്ന ദളിത് രാഷ്ട്രീയത്തെ സംവിധായകന്‍ ഉള്‍ക്കൊള്ളുന്നില്ല. സത്യത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അപ്പുറവും ഇപ്പുറവും എന്ന കുറ്റിയില്‍ കുറുകിക്കിടന്ന് ഈ പ്രമേയം ചുറ്റിത്തിരിയുന്നത് വ്യക്തമാണ്. സമുദായത്തില്‍ നിന്നും വേര്‍തിരിച്ച് ഒറ്റ കുടുംബത്തെ മാത്രം ഫോക്കസ് ചെയ്യുന്നത് വഴി പാര്‍ട്ടിക്ക് അപ്പുറത്ത് നിലനില്‍ക്കുന്ന സമുദായവല്‍ക്കരണത്തെ സിനിമ നിരാകരിക്കുന്നു.
ശങ്കരന്‍ എന്ന കഥാപാത്രത്തെ നിസ്സംഗനായി കാണിക്കുമ്പോള്‍ ആ കാലഘട്ടത്തില്‍ കേരളത്തിലുണ്ടായിരുന്ന ദലിത് പ്രസ്ഥാനങ്ങളെയും ചിന്താ പദ്ധതികളെയും അവഗണിക്കുകയാണ് ചെയ്യുന്നത്.

കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കേരള ഹരിജന്‍ ഫെഡറേഷന്‍ ( KHSF) കെ അംബുജാക്ഷന്റെ നേതൃത്വത്തിലുള്ള കേരള ദളിത് പാന്തേഴ്‌സ് ( KDP), കെ കെ കൊച്ച്, കെ കെ എസ് ദാസ് തുടങ്ങിയവരുടെ മുന്‍കൈയില്‍ ഉണ്ടായ സീഡിയന്‍ പോലുള്ള പ്രസ്ഥാനങ്ങളെയും സിനിമ രാഷ്ട്രീയമായി മറച്ചുപിടിക്കുന്നുണ്ട്. കേരളത്തില്‍ ഉണ്ടായിവന്ന അംബേദ്ക്കറേറ്റ് അവബോധത്തെ ബോധപൂര്‍വ്വമായിത്തന്നെ അരിക് എന്ന സിനിമ അരികുവത്കരിക്കുന്നുണ്ട്.

‘നോര്‍ത്തിനെ അപേക്ഷിച്ച് ഇവിടെ ഭേദമല്ലേ ‘എന്ന, ഇടത് ലിബറല്‍ ജനപ്രിയ ഭാഷ്യം സിനിമ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. പാലാ അല്‍ഫോന്‍സാ കോളേജില്‍ ദളിതര്‍ക്കും അഭിജാതര്‍ക്കും രണ്ടുതരം ഹോസ്റ്റലുകള്‍ ഉണ്ടായിരുന്നത് സുനിത തോപ്പില്‍ ആത്മകഥാപരമായ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എറണാകുളം സെന്റ് തെരേസാസ് കോളേജിലും ദളിത് വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ ഹോസ്റ്റല്‍ അനുഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതെല്ലാം കേരളത്തില്‍ അനുഭവലോകം ആയിരിക്കെ ഇത്തരം അനുഭവങ്ങള്‍ തേടി ഉത്തര്‍പ്രദേശിലേക്ക് പോകുന്നതും “ഇത് കേരളമാണ് ”
എന്ന ഇടത് ജനപ്രിയ ഭാഷ്യത്തെ സാധൂകരിക്കാന്‍ തന്നെയാണ്.

കോട്ടയത്ത് നീനു എന്ന പെണ്‍കുട്ടിയെ പ്രണയിച്ച കെവിന്‍ കൊല്ലപ്പെട്ടത് ജാതീയത കൊണ്ട് തന്നെയാണ്. എന്നിട്ടും ഒരു കാമുകന്‍ കൊല്ലപ്പെടുന്ന രംഗം ആവശ്യമായി വന്നപ്പോള്‍ അരിക് എന്ന സിനിമ ഉത്തര്‍പ്രദേശിലേക്ക് ക്യാമറയുമായി പോയി എന്നിടത്തും ജാതിയില്ലാത്ത കേരളത്തെ കൃത്രിമമായി നിര്‍മ്മിക്കാനാണ് ബോധപൂര്‍വം ശ്രമിക്കുന്നത്.

മൂന്നാം തലമുറയിലെ മകള്‍ ജഡ്ജി ആയത് തീര്‍ച്ചയായും കേരളത്തില്‍ സാമുദായിക സംവരണം ഉള്ളതുകൊണ്ട് മാത്രമാണ് ‘സംവരണം ഇല്ലാത്ത ഒരു പോസ്റ്റിലും ദളിതര്‍ അത്തരം പദവിയിലേക്ക് വന്നിട്ടുമില്ല. അപ്പോള്‍ ഇന്ത്യയിലും കേരളത്തിലും ദളിതര്‍ക്കായി നടന്ന ഏറ്റവും വലിയ വിപ്ലവം ഡോ.ബി ആര്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച സാമുദായിക സംവരണം നടപ്പിലായത് തന്നെയാണ്. കോരന്‍ തന്റെ മകന് ഭക്ത്യാദരപൂര്‍വ്വം ഇ.എം.എസ് നമ്പൂതിരിപ്പാടിനെ ഓര്‍ത്ത്  ശങ്കരന്‍ എന്ന പേരിട്ടു. എന്നാല്‍ ഈ ഏലംകുളം മനക്കലെ ശങ്കരന്‍ നമ്പൂതിരിപ്പാട്.

സാമുദായിക സംവരണം സര്‍വീസിന്റെ എഷിഷന്‍സി കുറയ്ക്കും എന്ന് അദ്ദേഹം ചെയര്‍മാനായ ഭരണപരിഷ്‌കാര കമ്മറ്റി വഴി കേരളത്തില്‍ പ്രഖ്യാപിക്കുകയും, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ അത് ഉദ്‌ബോധിപ്പിക്കുകയും ചെയ്ത സമുദായിക സംവരണ വിരുദ്ധനുമാണ് എന്ന അപ്രിയ സത്യം സിനിമയില്‍ ആവിഷ്‌കരിച്ച മൂന്ന് തലമുറയും തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്.

കോരനും കോരന്റെ ആളുകളും കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഭൂപരിഷ്‌കരണം നടത്തിയപ്പോള്‍ കോരന്റെ ആളുകള്‍ക്ക് കിട്ടിയത് തുണ്ട് ഭൂമിയിലെ ജാതി കോളനികള്‍ മാത്രമാണെന്നും. അവര്‍ മാഗ്‌നാകാര്‍ട്ടയായി വാഴ്ത്തുന്ന വിദ്യാഭ്യാസ ബില്ല് ജാതിക്കോളനി സ്റ്റാഫ്‌റൂമുകള്‍ നിര്‍മ്മിച്ചപ്പോള്‍ ലക്ഷക്കണക്കിന് വരുന്ന അധ്യാപക അനധ്യാപക നിയമനങ്ങളില്‍ നിന്നും കോരന്റെ ആളുകള്‍ ബഹുദൂരം ആട്ടിപ്പായിക്കപ്പെട്ടു എന്ന കാര്യവും കോരന്റെ മൂന്നാം തലമുറ എങ്കിലും തിരിച്ചറിഞ്ഞതായി സിനിമ പറയുന്നില്ല.

ഒരു ജാതി പിള്ളേര് ഇഷ്ടാ എന്ന പ്രശാന്ത് ഈഴവന്‍ സംവിധാനം ചെയ്ത സിനിമ എസ്‌ക്ലൂഷന്‍ സംബന്ധിക്കുന്ന പുതിയ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. ഇഎംഎസ് ഭക്തിയുടെ പരിഹാസ്യതയെ പ്രശാന്ത് ഈഴവന്‍ വ്യക്തമാക്കുമ്പോള്‍, പഴയ ഇഎംഎസ് ഭക്തിയെ സ്ഥാപനവൽക്കരിക്കുകയാണ് അരിക് എന്ന സിനിമ ചെയ്യുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും പൊതുസമൂഹം സാമാന്യമായി ഉള്‍ക്കൊണ്ട ദളിത് എസ്‌ക്ലൂഷനെ കലാപരമായി ആവിഷ്‌കരിക്കുന്നതില്‍ സംവിധായകെന്റ ആത്മാര്‍ത്ഥത എടുത്തുപറയേണ്ടത് തന്നെയാണ്. സമൂഹ്യക്രമം എത്ര പുരോഗമിച്ചപ്പോഴുംഅരികുകൾ മാഞ്ഞു പോകാതെ അരികായിത്തന്നെ നിലനിൽക്കുന്നു എന്ന് പറയുന്നതില്‍ സിനിമ വിജയിക്കുന്നുണ്ട്. അരാഷ്ട്രീയവാദങ്ങള്‍ മാത്രം ഉയര്‍ത്തുന്ന സിനിമകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത് ഇത്തരമൊരു രാഷ്ട്രീയ സിനിമയെക്കുറിച്ച് ചിന്തിച്ച അരിക് സിനിമയുടെ ഭാഗമായ മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നു.ariku movie; an unexpected blow to the face of casteism 

Content Summary: ariku movie; an unexpected blow to the face of casteism

ഡോ. എ കെ വാസു

ഡോ. എ കെ വാസു

ഡോക്ടര്‍ എ കെ വാസു, എഴുത്തുകാരന്‍ അധ്യാപകന്‍. ദലിത് ഫോക്ലോര്‍ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കി. 'കറുപ്പ് അഴകാണെന്നു നീ വെറുതെ പറയരുത്' എന്ന പുസ്തകത്തിന്റെ രചയിതാവ്. ദളിത് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. എയ്ഡഡ് മേഖല റിസര്‍വേഷന്‍ സംബന്ധിച്ച കേസുകള്‍ നടത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ ബി എ മലയാളം, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ എം എ, കാര്യവട്ടം ക്യാമ്പസില്‍ എംഫില്‍, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പിഎച്ച്ഡി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×