UPDATES

അര്‍ജുന് വേണ്ടി ഇനി ഇറങ്ങുന്നത് ഉഡുപ്പിയുടെ ജലമനുഷ്യനും സംഘവും

ഏത് അടിയൊഴിക്കിലും നദിയുടെ അടിത്തട്ടിലെത്തുന്നവന്‍,
ഇതുവരെ കണ്ടെത്തിയത് 200 മൃതദേഹങ്ങള്‍

                       

ഞങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരല്ല, മറിച്ച് ലോകം ഒന്നാണെന്ന ഹൃദയവുമായി ജീവിക്കുന്നവരാണ്- അര്‍ജുന് വേണ്ടി ഗംഗാവലി നദിയുടെ അടിത്തട്ടിലേക്ക് ഇറങ്ങാന്‍ പോവുന്ന ഈശ്വര്‍ മാപ്പെയുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ പറഞ്ഞിരിക്കുന്ന വാക്കുകളാണിത്. അര്‍ജുന് വേണ്ടിയുള്ള പ്രിയപ്പെട്ടവരുടെ കാത്തിരിപ്പിന്റെ അവസാന പിടിവള്ളിയാണ് ഈ മുങ്ങല്‍ വിദഗ്ധനും സംഘവും. ഈശ്വര്‍ മാപ്പെയില്‍ വിശ്വാസം അര്‍പ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന് ഈ മല്‍സ്യതൊഴിലാളി തന്റെ ജീവിതം വെള്ളത്തില്‍ മുങ്ങി പോയവരെ രക്ഷിക്കുന്നതിനായി മാറ്റിവച്ചിട്ട് രണ്ട് പതിറ്റാണ്ടായി എന്നതാണ്. ഇതിനിടെ 20 ഓളം പേരുടെ ജീവന്‍ രക്ഷിച്ചു. നദിയിലെ എല്ലാ അടിയൊഴിക്കിനെയും അതിജീവിച്ച് അടിത്തട്ടില്‍ കുടങ്ങി പോയ 200 ഓളം പേരെ പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി കാണാന്‍ മുങ്ങിയെടുത്തു. സഹായം തേടി ഏത് പാതിരാത്രിയാണെങ്കിലും വരുന്ന ഫോണ്‍ കോളുകള്‍ തട്ടികളഞ്ഞിട്ടില്ലെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു. arjun search operation: Eshwar Malpe.

ഓക്സിജന്‍ കിറ്റ് ഇല്ലാതെ രക്ഷാപ്രവര്‍ത്തനം

തീരദേശത്ത് ജനിച്ച് വളര്‍ന്ന ഈശ്വര്‍ 2021 വരെ ഓക്സിജന്‍ കിറ്റ് ഇല്ലാതെയാണ് നദിയില്‍ കുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നത്. വെള്ളത്തിനടിയില്‍ മൂന്ന് മിനിറ്റ് വരെ ശ്വാസം പിടിച്ച് നിര്‍ത്താനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഉഡുപ്പിയില്‍ വര്‍ഷത്തില്‍ നിരവധി തവണ നദി കരകവിഞ്ഞൊഴുകിയുള്ള അപകടങ്ങളുണ്ടാവാറുണ്ട്. അപ്പോഴെല്ലാം ഈശ്വറിന്റെ സഹായം ഉഡുപ്പി ജനത കണ്ടിട്ടുണ്ട്. ലൈഫ് ഗാര്‍ഡുകള്‍ കുറവായതിനാല്‍, ജലാശയങ്ങളില്‍ കാണാതായ ആളുകളെ കണ്ടെത്താന്‍ പോലീസ് പോലും അദ്ദേഹത്തിന്റെ സഹായമാണ് തേടാറ്.

ലോക്ക്ഡൗണ്‍ കാലത്ത് സാമ്പത്തിക പരാധീനത മൂലം ഹോട്ടല്‍ ഉടമ മണിപ്പുര-ഉദ്യാവരയ്ക്ക് സമീപം നദിയില്‍ ചാടി. പുലര്‍ച്ചെ 3 മണിയോടെയാണ് ഈശ്വറിന് ഫോണ്‍ സന്ദേശം ലഭിക്കുന്നത്. നല്ല ഇരുട്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ ശ്രദ്ധ കൊണ്ട് മാത്രം കല്ലുകള്‍ക്കിടയില്‍ കുടങ്ങിയ ഹോട്ടല്‍ ഉടമയെ കണ്ടെത്തി രക്ഷിച്ച് കരയ്‌ക്കെത്തിച്ചത് ഈശ്വറാണെന്ന്
മാല്‍പേ ഇന്‍സ്‌പെക്ടറായ ശക്തി വേലു പറയുന്നു. 10 വര്‍ഷം മുമ്പ്, പരീക്ഷയില്‍ തോറ്റതോടെ ജീവിതം അവസാനിപ്പിക്കാന്‍ കടലില്‍ ചാടിയ എസ്എസ്എല്‍സിക്കാരിയെ ഈശ്വര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന്, ഗംഗാവല്ലി, കാര്‍വാര്‍, തടാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ആളുകള്‍ സഹായം തേടുന്നത് ഈശ്വറിനോടാണ്. മാല്‍പെ സൊസൈറ്റി സംഭാവന ചെയ്ത രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകളും എട്ടംഗ സംഘവുമാണ് ഇതിനെല്ലാം തുണയായി ഈശ്വറിനൊപ്പമുള്ളത്.

പണത്തിന് വേണ്ടിയല്ല

പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള സാഹസിക രക്ഷപ്പെടുത്തലുകളെ കുറിച്ച് ഈശ്വര്‍ പറഞ്ഞിട്ടുള്ളത്, ഇതൊന്നും പണത്തിന് വേണ്ടിയല്ലെന്നാണ്. എനിക്ക് ദൈവം അങ്ങനെയൊരു കഴിവ് തന്നു, ഞാനത് ഉപയോഗിക്കുന്നു. ഒരിക്കലും പണം വാങ്ങാറില്ല, മക്കളുടെ ചികില്‍സയ്ക്ക് പോലും ബുദ്ധിമുട്ടിയിട്ടുണ്ട്. പക്ഷെ രക്ഷാ പ്രവര്‍ത്തനത്തിന് പണം വാങ്ങില്ല. മൂന്ന് മക്കളാണ് ഈശ്വറിനുള്ളത്. മൂന്ന് പേരും വികലാംഗരാണ്. നടക്കാന്‍ സാധിക്കാത്ത മക്കളില്‍ ഒരാള്‍ക്കെങ്കിലും അതിനുള്ള കഴിവ് ദൈവം നല്‍കണമെന്ന പ്രാര്‍ത്ഥനമാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറയുന്നു.

അതേസമയം നിലവില്‍ അര്‍ജുന്റെ ലോറിയുള്ളത് കരയില്‍ നിന്നും 132 മീറ്റര്‍ അകലെയാണ്. അതേസമയം ഡ്രോണ്‍ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. നാല് സിഗ്‌നലുകള്‍ ആകെ കണ്ടെത്തി. മനുഷ്യ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഷിരൂരില്‍ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്.

arjun search operation: Eshwar Malpe

 

English Summary: Arjun search operation: Eshwar Malpe and team joins

Share on

മറ്റുവാര്‍ത്തകള്‍