June 26, 2026 |
Share on

അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു; വധു പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ

വിവാഹനിശ്ചയം മുംബൈയില്‍ നടന്നു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനാകുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് താരത്തിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളായ സാനിയ ചന്ദോക്കുമായാണ് താരത്തിന്റെ വിവാഹം ഉറപ്പിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമാണ് അർജുൻ ടെണ്ടുൽക്കർ. 2020–21 സീസണിൽ മുംബൈയ്ക്കായി കളിച്ചാണ് കരിയർ ആരംഭിച്ചത്. പിന്നീട് ഗോവൻ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്സിയിൽ ഹരിയാനയ്‌ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുൻപ് ജൂനിയർ തലത്തിൽ മുംബൈയ്‌ക്കായി കളിച്ചിരുന്നു. ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചു. 2022–23 സീസണിലാണ് ഗോവയിലേക്ക് മാറിയത്. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് അരങ്ങേറ്റം ഗോവൻ ജഴ്സിയിലായിരുന്നു. ഇതുവരെ 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു. ഒരു സെഞ്ചറി ഉൾപ്പെടെ 532 റൺസും നേടി. ഒരു അഞ്ച് വിക്കറ്റ് നേട്ടവും രണ്ട് നാലു വിക്കറ്റ് നേട്ടവും ഉൾപ്പെടെ 37 വിക്കറ്റുകളും സ്വന്തമാക്കി. 17 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് ഒൻപത് ഇന്നിങ്സുകളിലായി 76 റൺസ് സ്വന്തമാക്കി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി അഞ്ച് മത്സരങ്ങൾ കളിച്ചു. 73 പന്തുകളിൽ എറിഞ്ഞ് മൂന്നു വിക്കറ്റും സ്വന്തമാക്കി.

ആരാണ് സാനിയ ചന്ദോക്ക്?

ഇന്ത്യയിലെ ഭക്ഷണ, ഹോസ്പിറ്റാലിറ്റി വ്യവസായത്തിൽ ആഴത്തിൽ വേരുകളുള്ള ഘായ് കുടുംബത്തിലെ അം​ഗമാണ് സാനിയ ചന്ദോക്ക്. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്‌ലിൻ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. ബ്രൂക്ലിൻ ക്രീമറിയുടെ ഉടമസ്ഥതയിലുള്ളതും ബാസ്കിൻ റോബിൻസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതുമായ ഗ്രാവിസ് ഗ്രൂപ്പും ഘായി കുടുംബത്തിന്റേതാണ്. ബ്രൂക്ലിൻ ക്രീമറിയുടെ വ്യക്തിഗത ആസ്തി ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലായെന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ബ്രൂക്ലിൻ ക്രീമറിയുടെ മാതൃ കമ്പനിയായ ഗ്രാവിസ് ഫുഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, 2023-24 സാമ്പത്തിക വർഷത്തിൽ 624 കോടി വരുമാനം ഉണ്ടാക്കിയിരുന്നതായാണ് റിപ്പോർട്ട്. കമ്പനിക്ക് 2.23 കോടി അംഗീകൃത മൂലധനവും 90,100 കോടി പെയ്ഡ് അപ് മൂലധനവുമുണ്ട്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ എൽഎൽപിയുടെ ഡയറക്ടറാണ് സാനിയ. 2022 ൽ ആരംഭിച്ച സംരംഭത്തിന് 0.10 മില്യൺ അംഗീകൃത മൂലധനമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഘായി കുടുംബത്തിന്റെ വലിയ ബ്രാൻഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറുതാണ്. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽസ് ഗ്രൂപ്പിന് കീഴിൽ മുംബൈയിൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടലും കുടുംബം നടത്തുന്നു. 2025 ഓഗസ്റ്റ് വരെ18.43 ബില്യൺ ഡോളർ മൂല്യമുള്ള ഒരു വ്യാപാര ബഹുരാഷ്ട്ര കമ്പനിയാണിത്.

Content Summary: Arjun Tendulkar is set to marry Saaniya Chandok, the granddaughter of Mumbai businessman Ravi Ghai.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×