താരങ്ങള്‍ മാത്രമല്ല, എംപിമാരും ആരാധകര്‍; സൈനിക വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ മാര്‍ക്കറ്റ്

2017ലും 2018ലും 36 എംപിമാർ സൈനിക വാഹനങ്ങൾ വാങ്ങാൻ അപേക്ഷിച്ചിരുന്നു

ഭൂട്ടാൻ സൈന്യത്തിന്റെ വാഹനങ്ങൾ കേരളത്തിലേക്ക് കടത്തിയയുമായി ബന്ധപ്പെട്ട് നടന്മാരായ ദുൽഖർ സൽമാൻ്റെയും പൃഥ്വിരാജിൻ്റെയും അമിത് ചക്കാലക്കലിൻറെയും വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പരിശോധന നടന്നതിന് പിന്നാലെ സൈനിക വാഹനങ്ങളെ കുറിച്ചാണ് എല്ലാവരും തിരയുന്നത്. 2019ൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പും ഇപ്പോൾ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. പഴയ സൈനിക വാഹനങ്ങൾ വാങ്ങുന്നതിൽ പാർലമെന്റ് അംഗങ്ങൾ അതീവ താല്പര്യം കാണിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു 2019 ജൂലൈ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പ്.

പഴയ മാരുതി ജിപ്സി, മഹീന്ദ്ര ജീപ്പുകൾ, എൻഫീൽഡ് ബുള്ളറ്റ്, ട്രക്കുകൾ തുടങ്ങി പഴയ സൈനിക വാഹനങ്ങൾ വാങ്ങുന്നതിൽ പാർലമെന്റ് അംഗങ്ങൾ മുന്നിലാണെന്നും 2017ലും 2018ലും 36 എംപിമാർ സൈനിക വാഹനങ്ങൾ വാങ്ങാൻ അപേക്ഷിച്ചിരുന്നതായും അന്നത്തെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

2017ലും 2018ലും 36 എംപിമാർ സൈനിക വാഹനങ്ങൾ വാങ്ങാൻ അപേക്ഷിച്ചിരുന്നതായും അപേക്ഷിച്ച എല്ലാ എംപിമാർക്കും വാഹനങ്ങൾ ലഭ്യമാക്കിയതായും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അന്ന് പറഞ്ഞു.
ഏതൊക്കെ എംപിമാരാണ് വാഹനങ്ങൾ വാങ്ങിയതെന്നോ ഏത് തരം വാഹനങ്ങളാണ് വാങ്ങിയതെന്നോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആവടിയിലെ ഓർഡിനൻസ് ഡിപ്പോയിൽ നിന്ന് 15 പേർക്കും മീററ്റിലെ വെഹിക്കിൾസ് സബ് ഡിപ്പോയിൽ നിന്ന് 11 പേർക്കും വാഹനങ്ങൾ ലഭിച്ചു. കൂടാതെ, ഛേവോകി, മുംബൈ, കിർക്കി, ജോധ്പൂർ, ഉധംപൂർ, പനാഗഡ് എന്നിവിടങ്ങളിലെ ഡിപ്പോകളിൽ നിന്നും വാഹനങ്ങൾ നൽകിയിരുന്നു.

സൈന്യത്തിന്റെ പഴയ വാഹനങ്ങൾ

ശമ്പളത്തിനും മറ്റ് അലവൻസുകൾക്കും പുറമെ എംപിമാർക്ക് മറ്റ് പല സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. അതിലൊന്നാണ് സൈന്യത്തിന്റെ പഴയ വാഹനങ്ങൾ വാങ്ങാനുള്ള അവസരം. ഇതിനായി എംപിമാർ നൽകുന്ന അപേക്ഷകൾ പ്രതിരോധ മന്ത്രാലയത്തിന് കൈമാറുകയും തുടർന്ന് സൈനിക ഡിപ്പോകളിൽ നിന്ന് വാഹനങ്ങൾ അനുവദിക്കുകയും ചെയ്യും. നിശ്ചിത ദൂരപരിധി കഴിഞ്ഞതോ പഴകിയതോ ആയ വാഹനങ്ങൾ സൈന്യം ഉപേക്ഷിക്കാറുണ്ട്. ഇത്തരം വാഹനങ്ങൾ പുതിയ വാഹനങ്ങൾക്ക് പകരമായി ഓർഡിനൻസ് ഡിപ്പോകളിൽ സൂക്ഷിക്കും. ഈ ഡിസ്പോസൽ വാഹനങ്ങൾ പിന്നീട് തുച്ഛമായ വിലയ്ക്ക് ലേലത്തിലൂടെ പഴയ സാധനങ്ങൾ ശേഖരിക്കുന്നവർക്ക് വിൽക്കാറുണ്ട്.

ഇന്ത്യയിലെ സാധാരണക്കാർക്ക് സൈനിക വാഹനങ്ങൾ വാങ്ങാമോ?

ഇന്ത്യയിലെ സാധാരണക്കാർക്ക് പഴയ സൈനിക വാഹനങ്ങൾ വാങ്ങാൻ സാധിക്കും. സൈന്യം കാലഹരണപ്പെട്ട വാഹനങ്ങൾ ലേലം ചെയ്യാറുണ്ട്. ഈ ലേലങ്ങളിൽ ആർക്കും പങ്കെടുത്ത് വാഹനങ്ങൾ വാങ്ങാൻ കഴിയും.

ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ

പ്രതിരോധ മന്ത്രാലയം, സൈന്യത്തിന്റെ വിവിധ യൂണിറ്റുകൾ, അല്ലെങ്കിൽ സർക്കാർ ഏജൻസികൾ എന്നിവ ലേലം ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ പരസ്യപ്പെടുത്താറുണ്ട്. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിശ്ചിത തുക അടച്ച് രജിസ്റ്റർ ചെയ്യണം. ലേലം തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധിക്കാനുള്ള അവസരവും ലഭിക്കുന്നു. ലേലത്തിൽ ഏറ്റവും ഉയർന്ന തുക വിളിക്കുന്നയാൾക്ക് വാഹനം സ്വന്തമാക്കാം. ലേലം ഉറപ്പിച്ച ശേഷം, വാഹനത്തിന്റെ പേപ്പർവർക്കുകൾ, അതായത് ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

സൈനിക വാഹനങ്ങൾ വാങ്ങുന്നത് ലേലത്തിലൂടെയായതിനാൽ, സാധാരണക്കാർക്ക് സാധാരണ വാഹനങ്ങൾ വാങ്ങുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഈ വാഹനങ്ങൾ പഴകിയതിനാൽ പലപ്പോഴും അറ്റകുറ്റപ്പണികൾ ആവശ്യമായി വരും. കൂടാതെ, ഇവ സാധാരണ ഉപയോഗത്തിന് അനുയോജ്യമാക്കാൻ ചില നിയമപരമായ മാറ്റങ്ങൾ വരുത്തേണ്ടതായും വരുമെന്നാണ് ലഭിക്കുന്ന വിവരം.

Content Summary: Army’s Disposal Vehicles: Military Vehicles Have a Huge Market in India. During 2017 and 2018 total number of 36 Members of Parliament had applied to purchase Army’s disposal vehicle

This post was last modified on September 24, 2025 2:00 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment