June 04, 2026 |
Share on

അനുകൂല സാഹചര്യത്തില്‍ നിങ്ങളെല്ലാം അക്രമികളാകും; മരീന അബ്രാമോവിക് അത് തെളിയിച്ചത് ഇങ്ങനെയാണ്

6 മണിക്കൂര്‍ ഒറ്റയ്ക്ക് നിന്ന കലാകാരിയുടെ ശരീരത്തില്‍ കാണികള്‍ ചെയ്തത്

‘അവതരണകലയുടെ അമ്മ’ എന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്. 40 വര്‍ഷങ്ങള്‍ നീളുന്ന കലാജീവിതത്തിനിടയില്‍ പ്രകോപനപരമായ നിരവധി ഇന്റര്‍ ആക്ടീവ് ഇന്‍സ്റ്റലേഷന്‍സ് അവര്‍ ചെയ്തു. മിക്കപ്പോഴും സ്വന്തം ശരീരത്തെ ഒരു വസ്തുവായി സങ്കല്‍പിച്ചുകൊണ്ടുള്ള കലാപക്രടനങ്ങളായിരുന്നു ഈ യൂഗോസ്ലാവിയന്‍ കലാകാരി അവതരിപ്പിച്ചത്. പക്ഷെ മരീന അബ്രാമോവികിന്റെ ഒരു കലാപ്രകടനം 32 വര്‍ഷങ്ങള്‍ക്ക് ശേഷവും കലാസ്‌നേഹികളുടെ മനസില്‍ പച്ചയായി നില്‍ക്കുന്നു. 1974ല്‍, നേപ്പിള്‍സിലെ സ്റ്റുഡിയോ മോറയില്‍ ആറ് മണിക്കൂര്‍ നീണ്ടു നിന്ന ‘റിഥം ഒ’ എന്ന കാലപ്രകടനമായിരുന്നു അത്. അവിടെയും സ്വന്തം ശരീരത്തെ തന്നെയായിരുന്നു മരീന ആവിഷ്‌കാരത്തിനുള്ള ഉപാധിയാക്കി മാറ്റിയത്. ആറ് മണിക്കൂര്‍ അനങ്ങാതെ ഒറ്റ നില്‍പ്പ് നില്‍ക്കുകയായിരുന്നു അവര്‍. കാണികള്‍ക്കായി 72 വസ്തുക്കള്‍ സമീപമുള്ള മേശപ്പുറത്ത് ഒരുക്കിയിരുന്നു. അതില്‍ നിന്നും അവര്‍ക്ക് ഇഷ്ടമുള്ള വസ്തുവെടുത്ത് മരീനയുടെ ശരീരത്തില്‍ അവര്‍ക്ക് താല്‍പര്യമുള്ള എന്തും ചെയ്യാമായിരുന്നു.

മുറിയുടെ നടുക്ക് ഒരു നോട്ടീസ് ബോര്‍ഡിനടുത്ത് മരീന നിന്നു. മൂന്ന് നിര്‍ദ്ദേശങ്ങളായിരുന്നു ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇവയായിരുന്നു നിര്‍ദ്ദേശങ്ങള്‍.

1. മേശപ്പുറത്തുള്ള 72 വസ്തുക്കളില്‍ ഇഷ്ടമുള്ളതെടുത്ത് എന്റെ ദേഹത്ത് ആഗ്രഹിക്കുന്നതെന്തും ചെയ്യാം.
2. ഞാനൊരു വസ്തുവാണ്.
3. ഈ സമയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു.

സമയപരിധി: ആറ് മണിക്കൂര്‍ (രാത്രി എട്ട് മുതല്‍ വെളുപ്പിലെ രണ്ട് വരെ)

മേശപ്പുറത്തുണ്ടായിരുന്ന 72 വസ്തുക്കളില്‍ ‘ആനന്ദത്തിനുള്ള വസ്തുക്കളും’ ‘നശീകരണത്തിനുള്ള വസ്തുക്കളും’ ഉണ്ടായിരുന്നു. അപകടമില്ലാത്ത വസ്തുക്കളില്‍ തൂവലുകളും പൂക്കളുമുണ്ടായിരുന്നു. അപകടകരമായ വസ്തുക്കളില്‍ കത്തിയും റേസറും നിറതോക്കുമുണ്ടായിരുന്നു. അടുത്ത ആറുമണിക്കൂറില്‍ സംഭവിച്ചതൊക്കെയും ഭീതിജനകമായിരുന്നു.

‘തുടക്കം സൗമ്യമായിരുന്നു. ഒരാള്‍ അവരെ തിരിച്ചുനിറുത്തി. ഒരാള്‍ അവരുടെ കൈകള്‍ വായുവിലേക്ക് ഉയര്‍ത്തി. ഒരാള്‍ അവരെ സ്‌നേഹപൂര്‍വം സ്പര്‍ശിച്ചു,’ എന്ന് മരീനയുടെ പ്രകടനത്തിന് സാക്ഷ്യം വഹിച്ച കലാനിരൂപകന്‍ തോമസ് മാക്കെവില്ലി രേഖപ്പെടുത്തുന്നു.
അദ്ദേഹം ഇങ്ങനെ തുടരുന്നു: ‘മൂന്നാം മണിക്കൂര്‍ ആയപ്പോഴേക്കും അവരുടെ വസ്ത്രമെല്ലാം റേസര്‍ ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റപ്പെട്ടിരുന്നു. നാലാം മണിക്കുറില്‍ ബ്ലേഡ് അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാനാരംഭിച്ചു. അവരുടെ ശരീരത്തില്‍ ചില ലൈംഗീക ആക്രമണങ്ങള്‍ നടന്നു. അവരെ ബലാത്സംഗം ചെയ്താലോ കൊല്ലാന്‍ ശ്രമിച്ചാലോ പോലും എതിര്‍ക്കാത്ത വിധത്തില്‍ നിശ്ചയദാര്‍ഢ്യം അവരില്‍ പ്രകടമായിരുന്നു.’

എന്നാല്‍ ഈ അനുഭവത്തെ മരീന രേഖപ്പെടുത്തുന്നത് വ്യത്യസ്തമായ രീതിയിലാണ്. ‘ഞാന്‍ ബലാത്സംഗം ചെയ്യപ്പെടുമെന്ന് തോന്നി. എന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ മുറിച്ചു നീക്കപ്പെട്ടിരുന്നു. റോസിന്റ മുള്ളുകൊണ്ട് അവര്‍ എന്റെ വയറ്റില്‍ കുത്തി. എന്റെ തലയിലേക്ക് തോക്ക് ഉന്നംവെച്ചു.’

പക്ഷെ ആറ് മണിക്കൂറിന് ശേഷം മരീന ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നപ്പോള്‍ അവരുടെ മുഖത്ത് നോക്കാന്‍ ധൈര്യമുളള ആരും അക്കൂട്ടത്തിലുണ്ടായിരുന്നില്ല. താനുമായി എന്തെങ്കിലും തരത്തിലുള്ള വാഗ്വാദത്തിന് ആളുകള്‍ തയ്യാറല്ലെന്ന് മരീനയ്ക്ക് മനസിലായി. അവര്‍ ചെയ്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ വിലയിരുത്താനോ അവരാരും തയ്യാറായിരുന്നില്ല. അവരെ വേദിനിപ്പിച്ചതിലൂടെ തങ്ങള്‍ ആസ്വദിച്ചതൊക്കെ മറന്നുകളയാനായിരുന്നു കാണികള്‍ക്ക് താല്‍പര്യം.

മനുഷ്യത്വത്തെ കുറിച്ചുള്ള ചില ഭീകര യാഥാര്‍ത്ഥ്യങ്ങളാണ് ഈ കലാപ്രകടനം പുറത്തുകൊണ്ടുവരുന്നതെന്ന് മരീന അബ്രാമോവിക് ചൂണ്ടിക്കാട്ടുന്നു. അനുകൂലമായ സാഹചര്യങ്ങളില്‍ ഒരു വ്യക്തിക്ക് എത്രവേഗം നിങ്ങളെ മുറിപ്പെടുത്താന്‍ സാധിക്കും എന്ന് ഇത് തെളിയിക്കുന്നു എന്നാണ് അവരുടെ വിലയിരുത്തല്‍. എതിര്‍ക്കാത്ത, സ്വയം സംരക്ഷിക്കാത്ത ഒരാളെ അപമാനിക്കാന്‍ എത്ര എളുപ്പമാണെന്ന് ഇത് കാണിച്ചുതരുന്നു.

ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ‘സാധാരണക്കാരായ’ ഭൂരിപക്ഷം ആളുകളും യഥാര്‍ത്ഥത്തില്‍ അക്രമകാരികളാകുമെന്ന പാഠമാണ് ഈ പ്രകടനത്തിലൂടെ വെളിപ്പെടുന്നതെന്നും മരീന അബ്രാമോവിക് വിശദീകരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×