ഒരു ചെറിയ വിഭാഗം ആശാ പ്രവര്‍ത്തകരുടെ വളരെ സെക്‌റ്റേറിയനായ സമരം സ്‌കീം തൊഴിലാളികളുടെ പൊതുവായ ആവശ്യങ്ങളെ യൂണിയന്‍ സര്‍ക്കാരിന് വേണ്ടി അട്ടിമറിക്കുന്നതും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ യൂണിയന്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഫെഡറല്‍ വിരുദ്ധതയ്ക്ക് കുടപിടിക്കുന്നതുമാണ്. ദേശീയ ആരോഗ്യദൗത്യത്തിന്റെയടക്കം പല പദ്ധതികളുടെയും ഫണ്ടിങ് സംബന്ധിച്ച ഗൗരവമുള്ള പ്രശ്‌നങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.asha workers strike; behind central government politics
ഒരുകോടി തൊഴിലാളികളെ വഞ്ചിക്കുന്ന സമര നേതൃത്വം
ആശാ പ്രവര്‍ത്തകര്‍ ദേശീയ ആരോഗ്യ ദൗത്യം എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തൊഴിലാളികളല്ല, മറിച്ച് സന്നദ്ധ പ്രവര്‍ത്തകരാണ് എന്നതാണ് യൂണിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പറയുന്നത്. ഈ വിഭാഗം തൊഴിലാളികളെ മിനിമം വേജസ് നിയമം തുടങ്ങിയുള്ള തൊഴിലാളിക്ഷേമ നിയമങ്ങളുടെ പരിധിയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള കുതന്ത്രമാണ് ഈ സന്നദ്ധ പ്രവര്‍ത്തകര്‍ എന്ന വാദം.
ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത് മൂവായിരം രൂപ മാത്രമാണ്. അതിന്റെയും നാല്‍പ്പത് ശതമാനം സംസ്ഥാനമാണ് കൊടുക്കുന്നത്. ഇതു കൂടാതെ കേരളം ഏഴായിരം രൂപ അധികമായി കൊടുക്കുന്നു. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് 4,500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 2,250 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇതിന്റെയും 40 ശതമാനം സംസ്ഥാനങ്ങള്‍ നല്‍കുന്നതാണ്. കേരളം വര്‍ക്കര്‍മാര്‍ക്ക് 8,500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 6,750 രൂപയും അധികമായി നല്‍കുകയാണ്. സ്‌കൂള്‍ പാചകതൊഴിലാളികളുടെ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള വേതനം പ്രതിമാസം ആയിരം രൂപയാണ്. ഇതിന്റെ അറുപത് ശതമാനമായ 600 രൂപയാണ് പ്രതിമാസം യൂണിയന്‍ സര്‍ക്കാര്‍ നല്‍കുന്നത്. കേരളം 600 മുതല്‍ 675 രൂപ വരെയാണ് സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം കൊടുക്കുന്നത്. ഇങ്ങനെ യൂണിയന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്ക് വേണ്ടി വരുന്ന വേതന ചിലവിനത്തില്‍ സംസ്ഥാനം വലിയ ബാധ്യത വഹിക്കുന്നതാണ് സ്ഥിതി. സ്‌കീം വിഭാഗം തൊഴിലാളികള്‍ക്ക് യൂണിയന്‍ സര്‍ക്കാര്‍ നല്‍കേണ്ട തുച്ഛമായ പണം തന്നെ മാസങ്ങളും വര്‍ഷങ്ങളും കുടിശിക ഇടുന്നതാണ് യൂണിയന്‍ സര്‍ക്കാര്‍ രീതി.
ഈ പശ്ചാത്തലത്തിലാണ് ദേശീയ ഡിമാന്‍ഡ് ഉയര്‍ത്തിയുള്ള സ്‌കീംവിഭാഗം തൊഴിലാളികളുടെ പൊതുവായ പ്രക്ഷോഭം നടക്കുന്നത്. അവരെ തൊഴിലാളികളായി അംഗീകരിച്ച് തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക എന്നതാണ് ദേശീയ പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. ഈ ശരിയായ ആവശ്യത്തെ തകിടംമറിച്ച്, സ്‌കീം നടപ്പിലാക്കുന്ന യൂണിയന്‍ സര്‍ക്കാരിനെ രക്ഷപ്പെടുത്തുന്ന തരത്തിലുള്ള വിഭാഗീയ സമരമാണ് കേരളത്തില്‍ നടത്തുന്നത്.
ഫെഡറല്‍ വിരുദ്ധതയ്ക്ക് തുല്യം ചാര്‍ത്തുന്ന തലതിരിഞ്ഞ രാഷ്ട്രീയം
ഈ സെക്‌റ്റേറിയന്‍ സമരം ഒരു കോടി സ്‌കീം തൊഴിലാളികളുടെ ദേശീയ മുദ്രാവാക്യത്തെ അട്ടിമറിക്കുന്നു എന്ന് മാത്രമല്ല, ഫെഡറല്‍ നീതിയെ നിഷേധിച്ച് സംസ്ഥാനങ്ങളെ നിക്ഷിപ്ത രാഷ്ട്രീയ ഉന്നത്തോടെ കൈകാര്യം ചെയ്യുന്ന യൂണിയന്‍ സര്‍ക്കാര്‍ സമീപനങ്ങളെ എന്‍ഡോര്‍സ് ചെയ്യുകയും കൂടിയാണ് ചെയ്യുന്നത്. സ്‌കീം തൊഴിലാളികളുടെ വേതനം മാത്രമല്ല കുടിശികയിടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആകെ പണം തന്നെ പലതരം വളഞ്ഞ വഴികളിലൂടെ തടഞ്ഞു വെയ്ക്കുന്നതാണ് യൂണിയന്‍ സര്‍ക്കാര്‍ രീതി. നെല്ല് സംഭരണം, ദേശീയ ആരോഗ്യ ദൗത്യം, ദേശീയ വിദ്യാഭ്യാസ ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി പല കേന്ദ്ര-കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും പണം രാഷ്ട്രീയമായ ദുഷ്ടലാക്കോടെ പിടിച്ചുവെയ്ക്കുന്ന പ്രവണത നേരത്തെ തന്നെയുണ്ട്. ഇപ്പോള്‍ അത് കൂടുതല്‍ തീവ്രവും സങ്കീര്‍ണ്ണവുമായി മാറിയിട്ടുമുണ്ട്. ആശാ സമരത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ യൂണിയന്‍ സര്‍ക്കാര്‍ വിഹിതം സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നല്ലോ? യൂണിയന്‍ സര്‍ക്കാര്‍ വിഹിതം കുടിശികയാക്കുമ്പോഴും അതടക്കം കേരളം മുന്‍കൂറായി നല്‍കുന്നതാണ് ഇവിടത്തെ പതിവ്.
എന്നാല്‍ കേരളത്തിന് NHM വിഹിതം ഒന്നും നല്‍കാനില്ല എന്ന യൂണിയന്‍ സര്‍ക്കാര്‍ നിലപാടിനെ വെള്ളം തൊടാതെ വിഴുങ്ങുന്ന സമരനേതൃത്വത്തെയാണ് നാം കണ്ടത്. ഇപ്പോള്‍ ഒരു കാര്യം വ്യക്തമായിട്ടുണ്ട്. 2023-2024 സാമ്പത്തിക വര്‍ഷത്തെ പണമായിട്ടുള്ള ഗ്രാന്റ് ( Cash Grant) ഒരു പൈസ പോലും യൂണിയന്‍ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് അതിന്റെ കാരണം ഈ സമരനേതൃത്വത്തിന് വിഷയമാകാത്തത്? ഒരു സാമ്പത്തിക വര്‍ഷത്തെ യൂണിയന്‍ സര്‍ക്കാര്‍ വിഹിതം അപ്പാടെ നിഷേധിക്കപ്പെട്ടിട്ടും അതില്‍ ഈ സ്‌കീം പ്രവര്‍ത്തകര്‍ക്കുള്ള വിഹിതം സംസ്ഥാനം കൊടുക്കാതിരുന്നോ? കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ യൂണിയന്‍ വിഹിതം ഇങ്ങനെ നിഷേധിക്കപ്പെട്ടാല്‍ നിരന്തരം സംസ്ഥാനത്തിനെതിരെ സമരം ചെയ്തുകൊണ്ട് തങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ കഴിയും എന്ന ധാരണ എത്ര നിരുത്തരവാദപരമായ ട്രേഡ് യൂണിയന്‍ സമീപനമാണ്? സ്‌കീം തൊഴിലാളികളുടെ ദേശവ്യാപകമായ അവകാശ സമരത്തില്‍ നിന്നും യൂണിയന്‍ സര്‍ക്കാരിനെ രക്ഷിച്ചെടുക്കുക എന്ന വഞ്ചനാപരമായ വിഭാഗീയ നിലപാടാണ് സമരനേതൃത്വം സ്വീകരിക്കുന്നത്. അതില്‍ കരുവാക്കപ്പെടുകയാണ് ചെറിയ ഒരു വിഭാഗം ആശാ പ്രവര്‍ത്തകര്‍.
ആരുടെ ബ്രാന്‍ഡ്?
എന്ത് പറഞ്ഞാണ് യൂണിയന്‍ സര്‍ക്കാര്‍ 2023-2024 ലെ NHM വിഹിതം തടയുന്നത്? കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സൗരഭ് ജയ്ന്‍ IAS കേരള ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍. എന്‍. ഖോബ്രഗഡയ്ക്ക് 2024 ഒക്ടോബര്‍ 28 ന് അയച്ച കത്തില്‍ ഇതിനുള്ള ഉത്തരമുണ്ട്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 2023-2024 ലെ യൂണിയന്‍ സര്‍ക്കാര്‍ വിഹിതം നല്‍കണം എന്ന ആവശ്യത്തിനുള്ള മറുപടിയാണ് ഈ കത്ത്. ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ ബ്രാന്‍ഡിംഗ് നിബന്ധനകള്‍ പാലിച്ചില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ആ വര്‍ഷത്തെ പണം ലാപ്‌സായി. ഇനി തരാനാകില്ല. ഇതാണ് കത്തിന്റെ ഉള്ളടക്കം.അപ്പോള്‍ പണം തന്നു എന്നല്ല, ബ്രാന്‍ഡിംഗ് നിബന്ധനകള്‍ പാലിക്കാത്തതു കൊണ്ടു തന്നില്ല. അതു തരില്ല. ഇതല്ലേ വാദം? 2023-24 വര്‍ഷത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം കേരളത്തിന് ആകെ തരാനുണ്ടായിരുന്നത് 826.02 കോടി രൂപ. അതില്‍ 189.14 കോടി രൂപയുടെ സാധനങ്ങള്‍ തന്നു. പണമായി ഒന്നും തന്നില്ല. 636.88 കോടി രൂപ ഇപ്പോഴും തരാനുണ്ട്. ഒരു കൊല്ലം ഒരു പദ്ധതിയില്‍ ബ്രാന്‍ഡിംഗ് നിബന്ധനകളുടെ പേരില്‍ നിഷേധിക്കുന്ന തുകയുടെ വലുപ്പം ഇതാണ്.
നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും എല്ലാം ആയുഷ്മാന്‍ ആരോഗ്യ കേന്ദ്രം എന്നു പേരിടണം, എന്തോ നിറം അടിക്കണം എന്നൊക്കെയാണ് ഈ നിബന്ധനകള്‍. കേരളത്തിലെ മനുഷ്യര്‍ക്ക് തീരെ പരിചിതമല്ലാത്ത പേരും നിറവും ചാര്‍ത്തണം എന്നൊക്കെയുള്ള നിബന്ധനകള്‍ എന്തിനാണ് കൊണ്ടുവരുന്നത്? അതു ചെയ്തില്ലെങ്കില്‍ പണം നിഷേധിക്കുക. കേരളത്തിന്റെ വാര്‍ഷിക ആരോഗ്യ ബജറ്റ് 12,000 കോടി രൂപയാണ്. ഇങ്ങനെ എത്രയോ കാലം കൊണ്ട് കേരളം ആര്‍ജ്ജിച്ച നേട്ടമാണ് നമ്മുടെ സുസജ്ജമായ ആരോഗ്യ സുരക്ഷാ ശൃംഖല. നമ്മുടെ വാര്‍ഷിക ചെലവിന്റെ ഏഴു ശതമാനം പോലുമില്ലാത്ത ഒരു യൂണിയന്‍ വിഹിതം വെച്ച് അവര്‍ പറയുന്ന പേരും നിറവും ചാര്‍ത്തണം എന്നൊക്കെയുള്ള നിലപാട് ഫെഡറല്‍ അധികാര വിഭജനത്തിലുള്ള കടന്നുകയറ്റമാണ്.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ മാത്രമല്ല യൂണിയന്‍ സര്‍ക്കാര്‍ ഈ ബ്രാന്‍ഡിംഗ് നിബന്ധനകള്‍ കൊണ്ടുവരുന്നത്. പ്രധാനമന്ത്രി ആവാസ് യോജന (PMAY) പ്രകാരമുള്ള വീടുകളിലും ഇതു നിഷ്‌ക്കര്‍ഷിക്കുകയാണ്. വീടുകള്‍ വെയ്ക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. നഗര പ്രദേശങ്ങള്‍ക്കും ഗ്രാമ പ്രദേശങ്ങള്‍ക്കും രണ്ടു പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളം ലൈഫ് പദ്ധതിയില്‍ ഏതാണ്ട് അഞ്ചു ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുകയാണ്. ഒരു ലക്ഷത്തിലധികം വീടുകളുടെ നിര്‍മ്മാണം നടക്കുന്നു. ഗ്രാമങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഒരു വീടിന് അനുവദിക്കുന്ന പണം ( unit assistance) 1,20,000 രൂപയാണ്. ഇതിന്റെ 60 ശതമാനമായ 72,000 രൂപയാണ് യൂണിയന്‍ സര്‍ക്കാര്‍ വിഹിതം. ബാക്കി 48,000 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. കേരളം എല്ലാവര്‍ക്കും നാലുലക്ഷം രൂപയാണല്ലോ നല്‍കുന്നത്. അപ്പോള്‍ PMAY സഹായമുള്ള വീടുകളില്‍ പോലും 3,28,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നതാണ്. നഗരപ്രദേശത്ത് യൂണിയന്‍ സഹായം ഒന്നരലക്ഷം രൂപയാണ്. തുച്ഛമായ ഈ യൂണിയന്‍ വിഹിതം ലഭിക്കുന്ന വീടുകളുടെ എണ്ണം ആകെ ലൈഫ് വീടുകളുടെ 8-9 ശതമാനമേ വരൂ. ഇവിടെയും യൂണിയന്‍ സര്‍ക്കാര്‍ ബ്രാന്‍ഡിംഗ് നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. വീടുകളുടെ മുന്നില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള വീട് എന്നെഴുതി വെയ്ക്കണമത്രേ. തങ്ങളുടെ വാസസ്ഥലം എന്തോ ഔദാര്യം ലഭിച്ചതാണ് എന്ന തരത്തിലുള്ള ബോര്‍ഡ് വെയ്ക്കുന്നത് മനുഷ്യരുടെ ആത്മാഭിമാനത്തെ എങ്ങനെ ബാധിക്കും എന്നതൊന്നും ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നവര്‍ക്ക് പ്രശ്‌നമാകുന്നതേയില്ല.
ബ്രാന്‍ഡിങ് നിബന്ധനകളുടെ മറ്റൊരു ഉദാഹരണമാണ് PM-SHRI (PM schools for rising India). ഒരു ബ്ലോക്ക് പ്രദേശത്ത് രണ്ടു സ്‌കൂളുകള്‍ക്ക് വര്‍ഷത്തില്‍ ഒരു കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് ധനസഹായം നല്‍കുന്ന പദ്ധതിയാണ് PM-SHRI. ഈ സ്‌കൂളുകള്‍ PM-SHRI സ്‌കൂളുകള്‍ എന്നായിരിക്കും അറിയപ്പെടുക. മാത്രമല്ല, ഇവിടെ നിര്‍ബന്ധമായും യൂണിയന്‍ സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുകയും വേണം. സ്‌കൂളുകളെ മാത്രമല്ല, വിദ്യാഭ്യാസത്തെ ആകെ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി ഉപയോഗിച്ച് ബ്രാന്‍ഡ് ചെയ്യുന്ന ചിത്രമാണ് ഇതില്‍ കാണുന്നത്. ഒരു ബ്ലോക്കില്‍ രണ്ടു സ്‌കൂളുകള്‍ എന്നത് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ എണ്ണമായിരിക്കും. കേരളത്തിലെ ഒരു ബ്ലോക്കില്‍ ശരാശരി അഞ്ച് ഗ്രാമ പഞ്ചായത്തുകളും ഓരോ ഗ്രാമ പഞ്ചായത്തിലും ശരാശരി 5-6 സ്‌കൂളുകളും ഉണ്ട്.
കേരളം PM-SHRI പദ്ധതിയില്‍ ഒപ്പ് വെച്ചിട്ടില്ല. പക്ഷേ ഈ കാരണം പറഞ്ഞ് ദേശീയ വിദ്യാഭ്യാസ ദൗത്യത്തിന്റെ ഭാഗമായ സമഗ്ര ശിക്ഷാ കേരളയുടെ യൂണിയന്‍ വിഹിതം തടയുകയാണ് ചെയ്യുന്നത്. സമഗ്ര ശിക്ഷാ കേരളയില്‍ ജോലി ചെയ്യുന്നവരുടെ യൂണിയന്‍ വിഹിതം അടക്കമുള്ള വേതനം സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്. ഈ സ്ഥിതി തുടരുക പ്രായോഗികമായി സാധ്യമല്ല എന്ന യാഥാര്‍ഥ്യം മനസിലാക്കാതെയല്ല ഒരു പറ്റം പണ്ഡിതന്മാര്‍ ഇതൊക്കെ കേരളത്തിന് അങ്ങു കൊടുത്തുകൂടെ എന്ന പ്രചരണം നടത്തുന്നത്. ആശാസമര നേതൃത്വത്തെ പോലെ ഇക്കൂട്ടരും യൂണിയന്‍ സര്‍ക്കാരിന് ജാമ്യം എടുക്കാന്‍ ഇറങ്ങിയിരിക്കുന്നവരാണ്.
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫെഡറല്‍ വിരുദ്ധത
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫെഡറല്‍ വിരുദ്ധത സ്വതന്ത്ര ഇന്ത്യയില്‍ എല്ലാക്കാലവും ചര്‍ച്ചയായിട്ടുള്ള ഒരു പ്രശ്‌നമാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്നതാണല്ലോ ഭരണഘടനാ വ്യവസ്ഥ. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിശ്ചിതമായ അധികാരങ്ങള്‍ വ്യവസ്ഥ ചെയ്തുകൊണ്ടാണ് ഭരണഘടന ഫെഡറല്‍ ഘടനയെ ഉറപ്പിച്ചിട്ടുള്ളത്. ലിസ്റ്റ് സമ്പ്രദായം എല്ലാവര്‍ക്കും അറിയുന്ന ഒന്നാണ്. ആര്‍ട്ടിക്കിള്‍ 246 പ്രകാരമുള്ള ഏഴാം പട്ടികയിലെ മൂന്ന് ലിസ്റ്റുകള്‍ കേന്ദ്ര പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമ സഭകളുടെയും നിയമ നിര്‍മ്മാണ അധികാരമാണ് നിര്‍വ്വചിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എക്‌സിക്യൂട്ടീവ് അധികാരങ്ങളും ഈ ലിസ്റ്റുകളുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര പാര്‍ലമെന്റിന് നിയമനിര്‍മ്മാണ അധികാരമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന നിയമ സഭകള്‍ക്ക് നിയമ നിര്‍മ്മാണ അധികാരമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ് ഭരണഘടന എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ നല്‍കിയിട്ടുള്ളത് (Articles 73 and 162). ഈ വ്യവസ്ഥ ധനവിന്യാസ ചര്‍ച്ചകളില്‍ അതീവ പ്രസക്തമാണ്. ഈ വ്യവസ്ഥകള്‍ പ്രകാരം പ്രധാന നികുതി, വരുമാന സമാഹരണ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതേസമയം വിദ്യാഭ്യാസം, ആരോഗ്യം, വികസനം, ക്ഷേമം, ക്രമസമാധാനം തുടങ്ങി ചെലവേറെയും സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയിലും ഉത്തരവാദിത്തത്തിലുമാണ്. വിഭവ സ്രോതസും ചുമതലകളും തമ്മിലുള്ള ഈ അസന്തുലിതാവസ്ഥ സംബന്ധിച്ച് ഭരണഘടനാ ശില്‍പ്പികള്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ധനവിന്യാസം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ ഇത് വ്യക്തമാക്കുന്നതാണ്.
വിഭവസ്രോതസും ചുമതലകളും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ധനവിന്യാസം സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകള്‍ ശ്രമിക്കുന്നത്. ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്തെ 270, 275, 280 എന്നീ അര്‍ട്ടിക്കിളുകളാണ് ഇവിടെ പ്രസക്തമായ ഭരണഘടനാ വ്യവസ്ഥകള്‍. ആര്‍ട്ടിക്കിള്‍ 270 ആണ് നികുതി വിന്യാസം സംബന്ധിച്ച വ്യവസ്ഥ. ഇതിലെ പദപ്രയോഗം സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ‘കേന്ദ്രം പിരിക്കുന്നതും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി വിഭജിക്കുന്നതിനും'(levied and collected by the Government of India and shall be distributed between the Union and the States) എന്നതാണ് പ്രയോഗം. കേന്ദ്രം പിരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കും എന്നല്ല ഭരണഘടന പറയുന്നത്. ഈ പ്രയോഗം സാധൂകരിക്കുന്ന ക്രമീകരണമാണ് നികുതി, വിഭവ വിന്യാസത്തിനായി ഭരണഘടന ഏര്‍പ്പെടുത്തിയത്.
ആര്‍ട്ടിക്കിള്‍ 275 സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റ്-ഇന്‍-എയിഡ് സംബന്ധിച്ചാണ്. ഇതും കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നതല്ല. നികുതി, ധനവിന്യാസത്തിന് ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയത്തെയോ എജന്‍സിയെയോ ഭരണഘടന ചുമതലപ്പെടുത്തിയില്ല. ധനവിന്യാസം തീരുമാനിക്കുന്നതിന് സ്വതന്ത്ര ഭരണഘടനാ സംവിധാനമാണ് ആര്‍ട്ടിക്കിള്‍ 280 വ്യവസ്ഥ ചെയ്യുന്നത്. അയ്യഞ്ചുകൊല്ലം അധികാരകാലമുള്ള ധനകാര്യക്കമ്മീഷനാണ് ഈ ഭരണഘടനാ ചുമതല നിര്‍വ്വഹിക്കുന്നത്. നികുതി വിഭജനവും ആര്‍ട്ടിക്കിള്‍ 275 പ്രകാരമുള്ള ഗ്രാന്റ്-ഇന്‍-എയിഡും ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പ്രകാരമാണ് തീരുമാനിക്കുന്നത്. ധനകാര്യ കമ്മീഷനുകളെ കേന്ദ്രസര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയ ഉപകരണമാക്കി മാറ്റി എന്നതു മറ്റൊരു ചര്‍ച്ചയാണ്. എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങളും പ്രത്യയ ശാസ്ത്ര പരിഗണനകളുമല്ല ധനവിന്യാസത്തിന്റെ മാനദണ്ഡമായി ഭരണഘടന വ്യവസ്ഥ ചെയ്തത്. മറിച്ച്, ഫെഡറല്‍ ഘടനയില്‍ സംസ്ഥാനങ്ങളുടെ മുന്‍ഗണനകളും അധികാരവും എല്ലാം അംഗീകരിച്ച് കൊണ്ടുള്ള ക്രമീകരണമാണ് ഏറിയ കൂറും ഭരണഘടന വ്യവസ്ഥ ചെയ്തത്.
ആര്‍ട്ടിക്കിള്‍ 282 ഉം കേന്ദ്രാവിഷ്‌കൃത പദ്ധതികളും
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ അവയുടെ നിയമ നിര്‍മ്മാണ അധികാരങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നു നാം കണ്ടു. തങ്ങളുടെ നിയമനിര്‍മ്മാണ അധികാരത്തിനു പുറത്തുള്ള വിഷയങ്ങളില്‍ പദ്ധതികള്‍ നടത്താനും അതിനു പണം മുടക്കാനും ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടോ? ഉദാഹരണത്തിന് പൊതുജനാരോഗ്യം. Public health and sanitation; hospitals and dispensaries എന്നതു സംസ്ഥാന ലിസ്റ്റിലെ ഇനമാണ്. ഈ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ നടത്തുന്നതും പണം മുടക്കുന്നതും എങ്ങനെയാണ്? ഇവിടെയാണ് ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 282 കടന്നുവരുന്നത്. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിയമ നിര്‍മ്മാണ അധികാരത്തിന് പുറത്തുള്ള മേഖലകളിലും ഗ്രാന്റ് അനുവദിക്കാന്‍ അധികാരം നല്‍കുന്നത് ഈ വ്യവസ്ഥയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതുആവശ്യം (any public purpose) മുന്‍നിര്‍ത്തി ഏതു മേഖലയിലും ഗ്രാന്റ് അനുവദിക്കാം എന്നതാണ് ഈ വ്യവസ്ഥ. ഈ വകുപ്പാണ് പൊതു ജനാരോഗ്യം പോലുള്ള മേഖലകളില്‍ കേന്ദ്ര സര്‍ക്കാരിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുള്ള അധികാരം നല്‍കുന്നത്. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങളുടെ കാര്യം പറയേണ്ടതില്ല.
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. ആര്‍ട്ടിക്കിള്‍ 282 ആണോ ധനവിന്യാസത്തിനുള്ള പ്രധാന ഭരണഘടനാ വ്യവസ്ഥ? ഭരണഘടനയുടെ പന്ത്രണ്ടാം ഭാഗത്താണ് ധനവിന്യാസം സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നത് എന്നു പറഞ്ഞല്ലോ? ആര്‍ട്ടിക്കിള്‍ 282 ഉം ഇതേ ഭാഗത്തു തന്നെയാണ്. എന്നാല്‍ ഈ ആര്‍ട്ടിക്കിള്‍ Miscellaneous Financial Provisions എന്ന തലക്കെട്ടിനു കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നേരത്തെ പ്രതിപാദിച്ച നികുതി വിഭജനം, ഗ്രാന്റ്, ധനകാര്യ കമ്മീഷന്‍ തുടങ്ങിയവ Distribution of Revenues between the Union and the States എന്ന തലക്കെട്ടിനു കീഴിലാണ് ചേര്‍ത്തിരിക്കുന്നത്. ഈ വേര്‍തിരിവ് വിവിധ ഭരണഘടനാ വിദഗ്ധരും സമിതികളും ആഴത്തില്‍ വിശകലനം ചെയ്തിട്ടുണ്ട്. ഒന്‍പതാം ധനകാര്യ കമ്മീഷന്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ ഭാഗമായി പ്രമുഖ ഭരണഘടനാ വിദഗ്ധനായ അഡ്വ.കെ.കെ.വേണുഗോപാല്‍ രേഖപ്പെടുത്തിയ അഭിപ്രായം ശ്രദ്ധേയമാണ്. ആര്‍ട്ടിക്കിള്‍ 282 ഒരു അവശിഷ്ട അധികാരം ( residuary power) മാത്രമാണ്. ധനവിന്യാസത്തിനുള്ള പ്രധാന റൂട്ട് ധനക്കമ്മീഷന്‍ നിശ്ചയിക്കുന്ന ആര്‍ട്ടിക്കിള്‍ 270, 275 എന്നിവ വഴിയുള്ള ധനവിന്യാസമാണ് എന്നും അദ്ദേഹം രേഖപ്പെടുത്തി.
ആര്‍ട്ടിക്കിള്‍ 282 വഴിയുള്ള ധനവിന്യാസം കേന്ദ്ര സര്‍ക്കാറിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പ്രകാരം നടത്തുന്നതാണ്. ഈ റൂട്ടിന് പ്രാമുഖ്യം കൈവരിക എന്നതു സംസ്ഥാനങ്ങളുടെ ഫെഡറല്‍ അധികാരങ്ങള്‍ക്ക് മുകളില്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യങ്ങളെ അടിച്ചേല്‍പ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രത്തിന്റെ സാമന്തന്മാരാക്കി മാറ്റുന്നതുമാകും എന്നും പണ്ഡിതന്മാര്‍ പറഞ്ഞു വെച്ചു. ഈ വ്യവസ്ഥ പ്രകാരമാണ് പദ്ധതി (Plan) നടത്തിപ്പിനുള്ള സഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഇതായിരുന്നു ഈ വ്യവസ്ഥയുടെ പ്രസക്തി. പ്ലാനിംഗ് കമ്മീഷനും പ്ലാനും 2015 ല്‍ ഇല്ലാതായി. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ പരിഗണനകള്‍ വെച്ച് ധനവിന്യാസം നടത്തുന്നതിനുള്ള വഴിയായി ആര്‍ട്ടിക്കിള്‍ 282 പൂര്‍ണ്ണമായും മാറി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഇപ്പോഴത്തെ നടത്തിപ്പിലും ധനകൈമാറ്റത്തിലും പ്രധാനം രാഷ്ട്രീയ പരിഗണനകളായി മാറി.
കാവി രാഷ്ട്രീയത്തിന്റെ സേവകര്‍
യൂണിയന്‍ സര്‍ക്കാര്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്ര ശാഠ്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരു വെഹിക്കിളായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങളുടെ രാഷ്ട്രീയ ഇംഗിതത്തിനൊത്ത നിറവും പേരും ഇടണം എന്നൊക്കെ പറയുംവിധം സംഘപരിവാര്‍ രാഷ്ട്രീയം സംസ്ഥാനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഉപാധിയായി ഈ പദ്ധതികള്‍ മാറുന്നു. അപ്പോഴാണ് കേന്ദ്രം കാശ് തന്നാല്‍ അവര്‍ പറയുന്നത് കേള്‍ക്കണ്ടേ എന്നൊക്കെയുള്ള ‘നിഷ്‌ക്കളങ്ക സാധുത്വം’ എന്നു തോന്നിയേക്കാവുന്ന വര്‍ത്തമാനങ്ങള്‍ ഉയരുന്നത്. നമ്മുടെ സ്‌കൂളുകളുടേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും, എന്തിന് മനുഷ്യരുടെ വീടുകളുടെ പോലും ഉമ്മറത്ത് മന്ദിര്‍ എന്നെഴുതിയും അതിന്റെ നിറം ചാര്‍ത്തിയും സംഘപരിവാറിന് രാഷ്ട്രീയ കടന്നുകയറ്റം നടത്തുന്നതിനുള്ള ഒരു ഉപാധിയായി ഈ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഉപയോഗിക്കപ്പെടുകയാണ്. കേന്ദ്രം പറയുന്നത് കേട്ടുകൂടെ, ഇല്ലെങ്കില്‍ പണവും കിട്ടില്ല എന്ന അറുവഷളന്‍ രാഷ്ട്രീയമാണ് ചെറു വിഭാഗം ആശമാരുടെ സെക്‌റ്റേറിയന്‍ സമരപ്പന്തലില്‍ നിന്നും മുഴങ്ങുന്നത് എന്ന് കാണണം.
രാജ്യത്തെ ഒരു കോടി സ്‌കീം തൊഴിലാളികളുടെ ദേശീയസമരത്തെ സംഘപരിവാറിന് വേണ്ടി ഒറ്റുകൊടുക്കുന്ന, ഇന്ത്യന്‍ ഫെഡറല്‍ ഘടനയുടെ മേല്‍ സംഘപരിവാരത്തിന്റെ അമിതരാഷ്ട്രീയ കേന്ദ്രീകരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള, കേരളത്തെ കീഴ്‌പ്പെടുത്താനുള്ള ആര്‍എസ്എസ് അജണ്ടയ്ക്ക് അരു നില്‍ക്കുന്ന ഒന്നാണ് ഈ വിഭാഗീയ സമരം. അതു പരാജയപ്പെടേണ്ടത് അനിവാര്യമാണ്.asha workers strike; behind central government politics
Content Summary: asha workers strike; behind central government politics