ആശമാര്‍ക്ക് പണം നല്‍കേണ്ടത് കേന്ദ്രം തന്നെ; തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമം പൊളിച്ച് കേരളം

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള കേന്ദ്രത്തിന്റെ തന്ത്രം വിലപോയില്ല

സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുന്ന ആശ വര്‍ക്കര്‍മാരുടെ സമരം ഒരു മാസം പിന്നിടുമ്പോള്‍ ആശമാര്‍ക്ക് പണം നല്‍കേണ്ടത് കേന്ദ്രം തന്നെയാണെന്ന വസ്തുത വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ടെന്ന കേന്ദ്രമന്ത്രി ജെ.പി നദ്ദയുടെ പ്രതികരണവും അത് തെറ്റാണെന്നുള്ള സിപിഐ അംഗം പി. സന്തോഷ് കുമാറിന്റെ പരാമര്‍ശവും ആശമാരുടെ സമരത്തില്‍ തെറ്റിദ്ധാരണ പടര്‍ത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ആശ വര്‍ക്കര്‍മാരുടെ വേതനവുമായി ബന്ധപ്പെട്ട് സിപിഐ അംഗം പി. സന്തോഷ് കുമാര്‍ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. അതിന് മറുപടിയായി ആശാ വര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്ന് പ്രതികരിച്ച ജെ പി നദ്ദ, എന്‍ എച്ച് എം യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നുവെന്നും ആശ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കി. കേരളത്തിന് എല്ലാ കുടിശികയും നല്‍കിയിട്ടുണ്ട്. എന്നാല്‍ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ കേരളം നല്‍കിയിട്ടില്ല. കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും ജെപി നദ്ദ പറഞ്ഞു.

എന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള കേന്ദ്രത്തിന്റെ തന്ത്രം നടന്നില്ല. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക കണക്കുകള്‍ സഹിതം അറിയിച്ചു കൊണ്ടാണ് കേരളം ഇതിനെതിരെ പ്രതികരിച്ചത്. ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ രാജസ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ എം.പി കണക്കുകള്‍ നിരത്തി വ്യക്തമാക്കുകയായിരുന്നു. സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ളത് 600 കോടിയാണെന്നും കഴിഞ്ഞ വര്‍ഷം മാത്രം നല്‍കാനുള്ളത് 100 കോടിയാണെന്നും സന്തോഷ് കുമാര്‍ എം പി പറഞ്ഞു. സന്തോഷ് കുമാര്‍ എം പിയുടെ അഭിപ്രായത്തെ യോജിക്കുന്ന പ്രതികരണമാണ് വിഷയത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും നടത്തിയിരിക്കുന്നത്. ആശ വര്‍ക്കര്‍മാരുടെ സ്‌കീം വര്‍ക്കര്‍ എന്ന സ്റ്റാറ്റസ് മാറ്റാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ലയെന്ന ധ്വനിയാണ് ജെ പി നദ്ദയുടെ മറുപടിയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

ആശാ പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ മിഷന്റെ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഭാഗമായി നിയമിക്കപ്പെടുന്നവരാണ്. അവര്‍ ആരാണ്, അവരുടെ ജോലികള്‍ എന്തെല്ലാമാണ്, അവര്‍ക്കുള്ള പ്രതിഫലം എന്താണ്, അവരെ എങ്ങിനെയാണ് നിയമിക്കുന്നത്, അവര്‍ക്കുള്ള പരിശീലനം എന്താണ് എന്നെല്ലാം നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. എന്നാല്‍ ശമ്പളം ചോദിക്കുമ്പോള്‍ കൈമലര്‍ത്തുകയും മറ്റുള്ളവരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമാണ് നിലവില്‍ കേന്ദ്ര ചെയ്യുന്നത്. അതിനായി സമരം ചെയ്യുന്ന ആശമാരെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി കബളിപ്പിക്കുകയാണ്. വിഷയത്തിന്റെ ഗൗരവം തീരെ കണക്കിലെടുക്കാത്ത കേന്ദ്രം തെറ്റിദ്ധാരണകള്‍ പടച്ചു വിടാനും ശ്രമിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായിട്ട് കൂടി പ്രശ്‌നത്തില്‍ ഇത്രയും ദിവസമായിട്ടും ഒരു ഇടപെടലും കേന്ദ്രം നടത്തിയിട്ടില്ല. നിലവില്‍ 1,200 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം. സംസ്ഥാന സര്‍ക്കാര്‍ 7,000 രൂപ ഓണറേറിയം നല്‍കുന്ന സ്ഥാനത്താണ് കേന്ദ്രം ഇത്രയും തുച്ഛമായ തുക നല്‍കുന്നതെന്നതും വാസ്തവമാണ്.

Content Summary: asha worker’s strike; Centre should pay money,Kerala refutes attempt to spread misconception
kerala asha workers

This post was last modified on March 12, 2025 11:11 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment