June 26, 2026 |
Share on

അമേരിക്ക അയഞ്ഞു; വെടി നിര്‍ത്തലിന് തയ്യാറായി യുക്രെയ്ന്‍

പുടിനെ അനുനയിപ്പിക്കാമെന്ന വിശ്വാസം പ്രകടിപ്പിച്ച് ട്രംപ്

റഷ്യയ്‌ക്കെതിരേ പ്രത്യാക്രമണം തുടങ്ങിയ യുക്രെയ്ന്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതം മൂളി. അമേരിക്ക തങ്ങളുടെ കാര്യത്തില്‍ അനുകൂലമായ ചില തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായതോടെയാണ് കീവ് ഒരു നീക്കുപോക്കിന് കൈകൊടുക്കുന്നത്. സൗദി അറേബ്യയില്‍ നടന്ന ഉന്നത തല ചര്‍ച്ചയില്‍ സൈനിക സഹായത്തിനും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന് യു എസ് പ്രഖ്യാപിച്ചതോടെയാണ് റഷ്യയുമായുള്ള യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുക്രെയ്ന്‍ സമ്മതം അറിയിച്ചത്.

യുക്രെയ്ന്‍ എടുത്ത തീരുമാനം പോലെ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തയ്യാറാകുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചത്. ക്രെംലിന്‍ അനുകൂലമായാണ് പ്രതികരിക്കുന്നതെങ്കില്‍, യുക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശം തുടങ്ങി മൂന്നു വര്‍ഷം കഴിയുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ വെടിനിര്‍ത്തല്‍ കരാറായിരിക്കും യാഥാര്‍ത്ഥ്യമാവുക.

ജിദ്ദയില്‍ യുഎസിന്റെയും യുക്രെയ്‌ന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് വെടിനിര്‍ത്തല്‍ തീരുമാനം അറിയിച്ചത്. ട്രംപും വോളോഡിമര്‍ സെലെന്‍സ്‌കിയും തമ്മിലുള്ള ഓവല്‍ ഓഫീസില്‍ ഉണ്ടായ തര്‍ക്കത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ കൂടിക്കണ്ട് ആശവഹമായൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. സെലന്‍സ്‌കി-ട്രംപ് ഏറ്റുമുട്ടലിന് പിന്നാലെയാണ് യുക്രെയ്‌നുള്ള സൈനിക സഹായം യു എസ് നിര്‍ത്തിവച്ചത്.

‘ഇതൊരു പൂര്‍ണമായ വെടിനിര്‍ത്തലാണ്,’ എന്നായിരുന്നു ജിദ്ദ ചര്‍ച്ചകള്‍ക്ക ശേഷം ചൊവ്വാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോള്‍ ട്രംപ് പറഞ്ഞത്. ‘യുക്രെയ്ന്‍ അതിന് സമ്മതിച്ചു. റഷ്യയും അതിന് സമ്മതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’; ട്രംപ് തന്റെ പ്രതീക്ഷ പങ്കുവച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ഈ കരാര്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് വരും ദിവസങ്ങളില്‍ മോസ്‌കോയില്‍ എത്തി പുടിനുമേല്‍ വെടിനിര്‍ത്തലിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

നിലവിലെ രൂപത്തില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ പുടിന്‍ തയ്യാറാകുമോ എന്നതിലാണ് സംശയം. ഈ ആഴ്ച അവസാനം പുടിനുമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറയുന്നുണ്ട്. വെള്ളിയാഴ്ച ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം നടന്നേക്കാമെന്ന് റഷ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇപ്പോഴും അശാന്തി അവസാനിച്ചിട്ടില്ലെന്നാണ് പുറത്തു വന്ന ചില വിവരങ്ങള്‍ വ്യക്തമാക്കുന്നത്. യുക്രെയ്നിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് ശേഷം, റഷ്യ കീവില്‍ വ്യോമാക്രമണം നടത്തിയെന്നാണ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞത്. റഷ്യന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ തങ്ങള്‍ വ്യോമ പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.  ukraine-agrees-to-30-day-ceasefire. US prepares to lift military aid restrictions

Content Summary; Ukraine agrees to 30 day ceasefire.

Leave a Reply

Your email address will not be published. Required fields are marked *

×